പുരാതനമായ നിലയ്ക്കല്‍ ദൈവാലയവും അവിടുത്തെ വിശ്വാസികളും 1400-മാണ്ടിന്‍റെ ആരംഭത്തില്‍ കിഴക്കുള്ള പാണ്ടിദേശത്തുനിന്നു നിരന്തരം ആക്രമണത്തിനു വിധേയമായിരുന്നു. നിലയ്ക്കല്‍നിവാസികള്‍ ആക്രമണങ്ങള്‍ ഭയന്നു ചെങ്ങന്നൂര്‍, കടമ്പനാട്, കാഞ്ഞിരപ്പള്ളി, അരുവിത്തുറ എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു.

പഴയപള്ളി
ഇങ്ങനെ കുടിയേറിയവരില്‍ നിലയ്ക്കല്‍പ്പള്ളി കൈക്കാരനായിരുന്ന വലിയവീട്ടില്‍ തൊമ്മി അപ്പൂപ്പനും മറ്റേതാനും ആളുകളും കാഞ്ഞിരപ്പള്ളിയിലുള്ള പഴൂര്‍ത്തടം എന്ന സ്ഥലത്തുവന്നു താമസിച്ചു. ഇവരുടെ പിന്‍ഗാമികളില്‍ ചിലര്‍ ഗണപതിയാര്‍ കോവിലിനടുത്തുള്ള മങ്കാശേരിപ്പറമ്പില്‍ താമസമാക്കി. 1449 മേയ് മാസത്തില്‍ രാജകല്പനപ്രകാരം പള്ളി വയ്ക്കുന്നതിനു സ്ഥലം കിട്ടി. ഏറെത്താമസിയാതെ അഞ്ചാം തലമുറ തൊമ്മി അപ്പൂപ്പന്‍ മരമുപയോഗിച്ചു പള്ളി പണിയിപ്പിച്ചു. പള്ളി പണിത് ഉടനെതന്നെ മരമുപയോഗിച്ചു പള്ളിമുറിയും പണികഴിപ്പിച്ചു. അന്നു സുറിയാനി മെത്രാനായിരുന്ന മാര്‍ യൗസേപ്പിന്‍റെ കല്പനപ്രകാരം 1449 സെപ്തംബര്‍ 8 നു ഇവിടെ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. മാതാവിന്‍റെ പിറവിത്തിരുനാള്‍ ആഘോ ഷിക്കുകയും ചെയ്തു. താമസിയാതെ ഇത് ഇടവകയായി ഉയര്‍ത്തി. പഴയപള്ളി ഇടവകയ്ക്ക് ഒരു ചെറിയ സെമിത്തേരി യുണ്ടായിരുന്നു. എങ്കിലും മുന്‍കാലങ്ങളില്‍ പള്ളിപ്പരിസരങ്ങളില്‍ വിശ്വാസികളെ സംസ്കരിച്ചിരുന്നു. വസന്തയുള്ള കാലങ്ങ ളില്‍ വീട്ടുപടിക്കലും സംസ്കാരങ്ങള്‍ നടത്തിയിരുന്നു.

അക്കരപ്പള്ളിയും പഴയപള്ളിയും
തെക്കുംകൂര്‍ രാജാവിന്‍റെ കാഞ്ഞിരപ്പള്ളിയിലുള്ള താമസസ്ഥലത്തിനു അക്കരെയാണ് മാതാവിന്‍റെ നാമത്തിലുള്ള ദൈവാലയം സ്ഥാപിതമായത്. അങ്ങനെ അക്കരയമ്മയുടെ ദൈവാലയം അക്കരപ്പള്ളി എന്നറിയപ്പെട്ടിരിക്കാം. പിന്നീടു പുത്തന്‍പള്ളി പണിത പ്പോള്‍ പഴയപള്ളിയായി.

ആദ്യത്തെ പഴയപള്ളി മൂന്നു തവണ പൊളിച്ചു പണിതിട്ടുണ്ട്. 1879 ല്‍ പുല്ലുമേഞ്ഞ മേല്‍ക്കൂരയായിരുന്നുവത്രേ. 1949 ല്‍ പഴയപള്ളിയുടെ 500-ാം വര്‍ഷ ജൂബിലിയും 1999 ല്‍ 550-ാം വര്‍ഷ ജൂബിലിയും ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി പഴയപള്ളി ഇന്നു രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയവും ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളുടെയും പ്രാര്‍ഥനാലയവും മരിയന്‍ തീര്‍ഥാടന കേന്ദ്രവുമാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ തറവാട് ഈ ചെറിയ ഇടവകയാണെന്നു പറയാം.