ഏലമല കാടുകള്‍ വനഭൂമി ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ഏലമല കാടുകളില്‍ വനം വകുപ്പിന്റെ അവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കുകയും ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. പതിറ്റാണ്ടുകളായി കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്തുനിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്‍കാല വീഴ്ചകളുടെ പേരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോള്‍ സംരക്ഷണം വരുത്തുവാന്‍ സംസ്ഥാന സര്‍ക്കാരിനാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കര്‍ഷക ജനതക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും കുടിയേറ്റ ജനതയെ സംരക്ഷിക്കുന്നതിനുള്ള ന്യായമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമവിജ്ഞാപനം വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രവാസി പ്രേഷിതത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഫാ.മാത്യു പുതുമന, റവ.ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഫാ.ജോസഫ് വെള്ളമറ്റം, വികാരി ജനറാളും ചാന്‍സിലറുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രൊക്കുറേറ്റര്‍ റവ. ഫാ. ഫിലിപ്പ് തടത്തില്‍, ഡോ ജൂബി മാത്യു, സോമിമോള്‍ സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി രൂപത പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനത്തിന്റെ ഉദ്ഘാടനം മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കുന്നു. വികാരി ജനറാള്‍മാരായ ഫാ.ജോസഫ് വെള്ളമറ്റം, റവ.ഡോ കുര്യന്‍ താമരശ്ശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു എന്നിവര്‍ സമീപം