ശാന്തിപ്പാലം യാഥാർത്ഥ്യമാക്കിയ ജഡ്ജിമാർക്ക് അനുമോദനം
മ്ലാമല : ഫാത്തിമ ഹൈസ്കൂൾ ലീഗൽ സർവീസസ് ക്ലബ്ബിന്റെ വാർഷിക സമ്മേളനത്തിൽ ശാന്തിപ്പാലവും നൂറടിപ്പാലവും യാഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ന്യായാധിപന്മാർക്ക് വിദ്യാർത്ഥികൾ അനുമോദനങ്ങൾ അർപ്പിച്ചു. മ്ലാമല ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ വച്ച് സെപ്റ്റംബർ 16 തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 2018,19 വർഷങ്ങളിലായി പ്രളയം താറുമാറാക്കിയ പാലങ്ങളുടെ പുനർനിർമ്മാണത്തിനായി കുട്ടികൾ ഹൈക്കോടതിക്ക് എഴുതിയ കത്തുകളുടെ അടിസ്ഥാനത്തിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ശ്രീ.മണികുമാറിന്റെ ഉത്തരവ് പ്രകാരം കേരള ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ഇപ്പോൾ തലശ്ശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജായ ശ്രീ നിസാർ അഹമ്മദ് കെ.റ്റി. കുട്ടികൾക്കുവേണ്ടി കേസ് നടത്തി പാലം പണി പൂർത്തിയാക്കാൻ നടപടി കൈക്കൊള്ളുകയും ചെയ്തതിനു കുട്ടികൾ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചത്. 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനം എന്ന് ജഡ്ജ് ശ്രീ.നിസാർ അഹമ്മദ് കുട്ടികളോട് പറഞ്ഞു.കുട്ടികൾക്കുവേണ്ടി നിലകൊണ്ട അന്നത്തെ ഡി എൽ എസ് എ സെക്രട്ടറി ശ്രീ.ദിനേശ് എം പിള്ളയ്ക്കും കുട്ടികൾ ആദരവർപ്പിച്ചു.
മനുഷ്യസ്നേഹികൾ ജഡ്ജിമാരാകുമ്പോൾ നിയമസംവിധാനം വിജയകരമാകുമെന്ന് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. പീരുമേട് എം എൽ എ ശ്രീ.വാഴൂർ സോമൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ്, ഡി എൽ എസ് എ സെക്രട്ടറി ശ്രീ അരവിന്ദ് ബി ഇടയോടി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശാന്തിപ്പാലം നിർമ്മാണത്തിന് വിവിധഘട്ടങ്ങളിൽ മുൻകൈയെടുത്ത മുൻ സ്കൂൾ മാനേജർമാരായ ഫാ. മാത്യു ചെറുതാനിക്കൽ, ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ എന്നിവർക്കും കുട്ടികൾ അഭിനന്ദനങ്ങൾ അറിയിച്ചു.