Upputhara St. Mary Forane

Upputhara – 685 505

04869 – 244222

Vicar: Rev. Fr. Dominic Kanjirathinal

Cell: 808 623 7763, 854 737 1798

dominickanjirathinal@yahoo.com

Click here to go to the Church

ഉപ്പുതറയിലെ പുതിയാത്തുകണ്ടത്ത് ഒരു കുളമുണ്ടായിരുന്നു. ഈ കുളത്തിലെ ജലത്തിന് ഉപ്പുരസമായിരുന്നു. ഇതില്‍ നിന്നാകാം ഉപ്പുതറ എന്ന പേര് ഉല്‍ഭവിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 60 കിലോമീറ്റര്‍ കിഴക്കായി ഗിരിശൃംഖത്തില്‍ ഉപ്പുതറ പള്ളി സ്ഥിതി ചെയ്യുന്നു.
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റകേന്ദ്രമാണിത്. തിടനാട്ടുകാരായ പുതിയാത്ത്, വാലുമ്മേല്‍, കാണക്കാലില്‍, പാറപ്പുറത്ത് കുടുംബക്കാര്‍ 1918 ല്‍ ഉപ്പുതറയിലെത്തി. ഈ പ്രദേശം തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷുകാര്‍ക്കു തേയിലത്തോട്ടത്തിനായി വിട്ടുകൊടുത്തതായിരുന്നു. അവര്‍ കൃഷി ചെയ്യാതെ വെറുതെ ഇട്ടിരുന്ന പ്രദേശങ്ങളെല്ലാം കര്‍ഷകര്‍ സ്വന്തമാക്കി. കാട്ടുമൃഗങ്ങളെയും മലമ്പനിയെയുമൊക്കെ പേടിച്ച് കുറേ കുടുംബങ്ങള്‍ തിരികെപ്പോയി. ഒട്ടേറെ കുടുംബങ്ങള്‍ ഇവയോടു മല്ലിട്ടു നാമാവശേഷമായി. ചിലര്‍ അതിജീവിച്ചു.
ദുരിതപൂര്‍ണമായിരുന്നു ഇക്കാലത്തെ ഹൈറേഞ്ചുവാസം. ജീവിതസൗകര്യങ്ങളൊന്നുമില്ല. ഗതാഗത ആശയവിനിമയസൗകര്യങ്ങള്‍ തീരെ പരിമിതം. നാട്ടുവൈദ്യന്മാരോ എസ്റ്റേറ്റിലെ ഡോക്ടര്‍മാരോ മാത്രമായിരുന്നു ചികിത്സയ്ക്കാശ്രയം.

യൂദാ തദേവൂസ് കപ്പേള
കുടിയേറ്റക്കാരിലധികവും സുറിയാനി കത്തോലിക്കരായിരുന്നു. ആരാധനയ്ക്കായി സി. എസ്. ഐ. ക്കാരുടെ പ്രാര്‍ഥനാലയം മാത്രമേ ഉണ്ടായിരുന്നുള്ളു. ദൈവജനത്തെ ഒന്നിച്ചുകൂട്ടിയത് ഓണംകുളത്ത് ബ. ജോസഫച്ചനാണ്. അച്ചന്‍ 1928 നവംബര്‍ 28 ന് ഉപ്പുതറയിലെത്തി. മരച്ചുവട്ടിലെ ഷെഡ്ഡില്‍, കാട്ടുകമ്പുകൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. വിശ്വാസികള്‍ പിന്നീടിവിടെ ഷെഡ്ഡുണ്ടാക്കി വേദപാഠശാല എന്ന പേരു കൊടുത്തു. ഇവിടെയാണ് വി. യൂദാ തദേവൂസ് കപ്പേള നിര്‍മിച്ചിരിക്കുന്നത്. ഉപ്പുതറ ഇടവകപ്പള്ളിയുടെ ആരംഭം ഇവിടെയാണ്. 1931 മുതല്‍ ഓണംകുളത്ത് ബ. ജോസഫച്ചന്‍ ഇവിടെ ബലിയര്‍പ്പിച്ചിരുന്നു.

ദൈവാലയാരംഭം
ഓണംകുളത്ത് ബ. ജോസഫച്ചന്‍ കുര്‍ബാന അര്‍പ്പിച്ചുവെന്നു പറയപ്പെടുന്ന ഒരു പാറ ഇടുക്കി ജലവൈദ്യുതപദ്ധതിക്കുശേഷം വെള്ളത്തിനടിയിലായി. കുര്‍ബാന അര്‍പ്പിച്ച കാര്യം അതില്‍ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ടത്രേ.
1920 കളില്‍ പട്ടയമുള്ള സ്ഥലത്തുമാത്രമേ ദൈവാലയം പണിയാന്‍ അനുമതിയുണ്ടായിരുന്നുള്ളു. അതിന്‍പ്രകാരം 1929 ല്‍ എളൂപ്പാറ ശ്രീ ജോസഫ് ഓണംകുളത്ത് ബ. ജോസഫച്ചന്‍റെ പേര്‍ക്കു പള്ളി സ്ഥാപിച്ചു തിരുക്കര്‍മാദികള്‍ നടത്തുന്നതിന് 50 സെന്‍റ് പട്ടയഭൂമി ദാനം ചെയ്തു. ഓണംകുളത്ത് ബ. ജോസഫച്ചന്‍ പ്രസ്തുത വസ്തു പള്ളി പണിയുന്നതിനുവേണ്ടി 1935 ല്‍ ആദ്യവികാരിയായിരുന്ന പാണ്ടിയാംമാക്കല്‍ ബ. കുര്യച്ചന്‍റെ പേര്‍ക്കു ദാനമായി എഴുതിക്കൊടുത്തു. മാര്‍ ജയിംസ് കാളാശേരി പിതാവ് പുതിയ പള്ളിക്ക് 1936 ഏപ്രില്‍ 15 നു തറക്കല്ലിട്ടു. പള്ളിപണിക്കുള്ള അനുവാദം 1936 മേയ് 7 നു ഗവണ്‍മെന്‍റില്‍നിന്നു കിട്ടി. സാമ്പത്തികപരാധീനതമൂലം പള്ളിപണിക്കുള്ള തുകയില്‍ അധികപങ്കും നല്കിയത് വികാരി ജനറാള്‍ ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ ജേക്കബ് കല്ലറയ്ക്കലാണ്. വി. ഫിലോമിനയുടെ നാമത്തിലുള്ള പള്ളി മാര്‍ ജയിംസ് കാളാശേരി 1941 മേയ് 4 നു വെഞ്ചരിച്ചു.
ഇപ്പോഴത്തെ ദൈവാലയത്തിന് 1981 മേയ് 28 നു മാര്‍ ജോസഫ് പവ്വത്തില്‍ ശിലാസ്ഥാപനം നടത്തി. 1982 ഓഗസ്റ്റ് 15 നു പള്ളിപ്പുറത്തുശ്ശേരില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ ബൃഹത്തായ പള്ളി ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയായി. മാര്‍ ജോസഫ് പവ്വത്തില്‍ പള്ളി കൂദാശ ചെയ്തു.

ഫൊറോനാപ്പള്ളി
ഉപ്പുതറപ്പള്ളി പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തില്‍ 1961 ഓഗസ്റ്റ് 15 നു പുനപ്രതിഷ്ഠിച്ച് ഹൈറേഞ്ചിലെ ആദ്യ ഫൊറോനാപ്പള്ളിയായി ഉയര്‍ത്തി.
ഹൈറേഞ്ചിലെ ഭൂരിപക്ഷം ഇടവകകളും ഈ ഫൊറോനായുടെ കീഴിലായിരുന്നു. കട്ടപ്പന, കാഞ്ചിയാര്‍, കല്‍ത്തൊട്ടി, മേരികുളം, കൊച്ചുതോവാള, മ്ലാമല, ചിന്നാര്‍, മരിയഗിരി, പുളിങ്കട്ട, ചെമ്മണ്ണ്, ആലംപള്ളി എന്നീ ഇടവകകള്‍ ഉപ്പുതറയില്‍ നിന്നു പിരിഞ്ഞു രൂപം കൊണ്ടവയാണ്. ഇപ്പോള്‍ ഉപ്പുതറ ഫൊറോനായില്‍ ഒന്‍പതു പള്ളികളാണുള്ളത്. ഉപ്പുതറ ഫൊറോനാപ്പള്ളിയെ 1999 ല്‍ രൂപതയിലെ മരിയന്‍ തീര്‍ഥാടനകേന്ദ്രമാക്കി ഉയര്‍ത്തി.

സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വൈദികന്മാര്‍
ജോസഫ് ഓണംകുളത്ത്(1928-35), കുര്യാച്ചന്‍ പാണ്ടിയാംമാക്കല്‍ (1935 -37), കുര്യാച്ചന്‍ കാപ്പില്‍ (1937 – 40), കുര്യാച്ചന്‍ കച്ചിറമറ്റത്തില്‍ (1940-45), മത്തായി വെള്ളാപ്പാട്ട് (1945-50), തോമസ് പാറയില്‍ (1950-63), ജോസഫ് കുരീക്കാട്ട് (1963-66), മത്തായി വലിയപറമ്പില്‍ (1966-71), സെബാസ്റ്റ്യന്‍ ആറുപറയില്‍ (1971-80), തോമസ് പള്ളിപ്പുറത്തുശേരി (1980-84), ജോസഫ് മടുക്കക്കുഴി (1984-86), ജോസഫ് ചെരുവില്‍ (1986-92), ജോണ്‍ വെട്ടുവയലില്‍ (1992-98), മാത്യു പനച്ചിക്കല്‍ (1998 -).

അസ്തേന്തിമാര്‍
ചാണ്ടി വയലുങ്കല്‍ (1953-55), ജയിംസ് വെട്ടിക്കല്‍ (1955-56), ജോര്‍ജ് പരുവനാനി (1956-58), ജോസഫ് തൂങ്കുഴി (1958-59), മാത്യു ഇല്ലിക്കല്‍ (1959-61), എമ്മാനുവേല്‍ മങ്കന്താനം (1961-62), വര്‍ഗീസ് പുത്തന്‍പുര (1962-64), അബ്രാഹം വടാന (1964 – 65), ജോസഫ് എരുതനാട്ട് (1965 – 67), ജോണ്‍ കുഴിമണ്ണില്‍ (1967 – 70), ജോണ്‍ കാരുവേലില്‍ (1970 – 73), ജോസ് കല്ലുകളം (1973 – 77), ഫിലിപ്പ് കണിയാംപറമ്പില്‍ സി. എം. ഐ. (1977- 78), ജയിംസ് പട്ടരുകളം സി. എം. ഐ. (1978- 79), ജോണ്‍ കച്ചിറമറ്റം സി. എം. ഐ. (1979- 81), ഫിലിപ്പ് തീമ്പലങ്ങാട്ട് (1981 – 83), മാത്യു ജെ. പ്ലാക്കാട്ട് എം. എസ്. റ്റി. (1983 – 84), പോള്‍ മൂങ്ങാത്തോട്ടം (1984 – 86), അലക്സ് തൊടുകയില്‍ (1986 – 87), തോമസ് മുണ്ടാട്ട് (1987 – 88), ജേക്കബ് പുറ്റനാനി (1988 – 89), തോമസ് വളയത്തില്‍ (1989 – 90), ജോസഫ് വില്ലന്താനം (1990 – 91), തോമസ് പാലയ്ക്കല്‍ (1991 – 92), അബ്രാഹം പുളിക്കല്‍ (1992 – 93), ജോസഫ് ചിറയ്ക്കല്‍ (1993 – 95), തോമസ് മറ്റമുണ്ടയില്‍ (1995 – 98), വര്‍ഗീസ് കരിന്തകരയ്ല്‍ (1998 – 2000), തോമസ് നല്ലൂര്‍കാലായില്‍പ്പറമ്പില്‍ (2000 -).

പള്ളിമുറി
ആറുപറയില്‍ ബ. സെബാസ്റ്റ്യ നച്ചന്‍റെ കാലത്തു മാര്‍ ആന്‍റണി പടിയറ 1974 ഏപ്രില്‍ 21 ന് പള്ളിമുറിക്കു കല്ലിട്ടു. മാര്‍ ജോസഫ് പവ്വത്തില്‍ 1977 മേയ് 16 നു വെഞ്ചരിച്ചു.

സ്കൂള്‍
ഓണംകുളത്തു ബ. ജോസഫ ച്ചന്‍റെ കാലത്ത് 1930 – 31 ല്‍ പ്രൈമറി സ്കൂളും പാറേല്‍ ബ. തോമസച്ചന്‍റെ കാലത്ത് 1954 ല്‍ യു. പി. സ്കൂളും 1957 ല്‍ ഹൈസ്കൂളും ആരംഭിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന്‍റെ പണി പനച്ചിക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് 1998 ഓഗസ്റ്റ് 15 ന് ആരംഭിച്ച് 2000 ഓഗസ്റ്റ് 1 ന് ആദ്യബാച്ചിനു പ്രവേശനം നല്കി. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ആരാധനമഠം
ആരാധനമഠത്തിന്‍റെ ഭവനം 1960 ഓഗസ്റ്റ് 15 നു സ്ഥാപിതമായി. വിദ്യാഭ്യാസരംഗത്തും അജപാലനമേഖലകളിലും ഇവര്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്നു.

കുരിശുപള്ളികള്‍
ആറുപറയില്‍ ബ. സെബാസ്റ്റ്യ നച്ചന്‍റെ കാലത്തു പൊരികണ്ണി കുരിശുപള്ളിയും (1975), ചെരുവില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് ഒമ്പതേക്കറി ലുള്ള കുരിശുപള്ളിയും (1988) സ്ഥാപിതമായി. ഉപ്പുതറയിലുള്ള വി. യൂദാ തദേവൂസ് കപ്പേളയും (1951), താന്നിമൂട്ടിലുള്ള ക്രിസ്തു രാജ് കപ്പേളയു (1959)മാണ് ഇതര കുരിശുപള്ളികള്‍.

കുടുംബങ്ങള്‍
21 കുടുംബക്കൂട്ടായ്മകള്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. 588 കുടുംബങ്ങളിലായി 2681 കത്തോലിക്കരുമുണ്ട്. ഇടവകാതിര്‍ത്തി ക്കുള്ളിലെ ഇതര ഭവനങ്ങള്‍: ലത്തീന്‍- 80, യാക്കോബായ- 28, സി.എസ്.ഐ.- 86, പ്രോട്ടസ്റ്റന്‍റ്- 25, ഹിന്ദക്കള്‍- 684, മുസ്ലീങ്ങള്‍- 32.

ദൈവവിളി
ഉപ്പുതറയില്‍നിന്ന് ഏഴു വൈദികന്മാരും 22 സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ സഭാശുശ്രൂഷ ചെയ്യുന്നു. മൂന്നു വൈദികാര്‍ഥികളും പത്തു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.

ആശുപത്രി
ഇടവകാംഗങ്ങളായ തേനമ്മാക്കല്‍ ശ്രീ തൊമ്മിച്ചേട്ടനും ഇടിഞ്ഞപുഴ ശ്രീ കൊച്ചൂട്ടിച്ചേട്ടനും സംഭാവന ചെയ്ത സ്ഥലത്താണ് ഹൈറേഞ്ചിലെ അരനൂ റ്റാണ്ടു പിന്നിട്ട പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥാപിതമായത്. ഇന്നും അനേകര്‍ക്കാശ്രയമാണ് ഈ ചികിത്സാലയം.
ഉപ്പുതറയുടെ വികസനത്തിലെ പ്രധാന നാഴികക്കല്ലാണ് പെരിയാറിനു കുറുകെയുള്ള ഉപ്പുതറപ്പാലം. കട്ടപ്പന-കുട്ടിക്കാനം റോഡിനേയും ഉപ്പുതറയേയും ബന്ധിപ്പിക്കുന്ന പാലം ഗതാഗതസൗകര്യം വര്‍ധിപ്പിച്ച് വികസനത്തിന് ആക്കം കൂട്ടി. ആറുപറയില്‍ ബ. സെബാസ്റ്റ്യനച്ചനും ശ്രീ കെ. എ. എബ്രാഹം കടുകമ്മാക്കലുമാണ് ഇതിന്‍റെ പ്രധാന ശില്പികള്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നാടിന്‍റെ സാംസ്കാരിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശമാണെങ്കിലും ഉള്‍നാടന്‍ പ്രദേശമായതിനാല്‍ കാര്യമായ വ്യാവസായിക വളര്‍ച്ചയും വികസനങ്ങളും ഇവിടെ ഉണ്ടായിട്ടില്ല. എങ്കിലും അദ്ധ്വാനശീലരായ കര്‍ഷകരുടെ ഈ നാട് നാണ്യവിള കളുടെ പറുദീസയാണ്.