Third Camp St. Joseph

Balagram – 685 552

04868 – 236422

Vicar: Rev. Fr. Varghese Maniambra

Cell: 944 706 4800,   974 786 3737

vu2maniambra@gmail.com

ദേവികുളം, പീരുമേട് കോളനൈസേഷന്‍ പദ്ധതി പ്രകാരം കല്ലാര്‍ പട്ടംകോളനിയില്‍ 1957 ല്‍ കുടിയിരുത്തപ്പെട്ടവരാണ് തേര്‍ഡ് ക്യാമ്പുകാര്‍. ഗവണ്‍മെന്‍റ്   ഇവര്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും ആരാധനാലയസ്ഥാപനങ്ങള്‍ക്കായി ഒരേക്കര്‍ സ്ഥലം വീതവും അനുവദിച്ചു. ഇങ്ങനെ ലഭിച്ച സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.

ദേശനാമം
കുടിയേറ്റകാലത്ത് ജനങ്ങള്‍ വന്യമൃഗങ്ങളില്‍ നിന്നു രക്ഷപ്പെടുന്നതിനായി കിടങ്ങുകളുണ്ടാക്കുകയും (Trench) സര്‍ക്കാര്‍വക ഷെഡുകളില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്നു. അങ്ങനെ കല്ലാറിന് ഏറ്റവും തെക്കുള്ള ട്രെഞ്ച് (څതെക്കേട്രെഞ്ച്چ) എന്ന് ആദ്യകാലത്ത് ഇതറിയപ്പെട്ടു. څമൂന്നാമതായി ക്യാമ്പു ചെയ്ത സ്ഥലംچ എന്ന അടിസ്ഥാനത്തില്‍ ഇപ്പോഴിതു څതേര്‍ഡ് ക്യാമ്പ് چ എന്നറിയപ്പെടുന്നു.

ദൈവാലയസ്ഥാപനം
ബ. അക്വീലാസ് സി. എം. ഐ. അച്ചന്‍റെ നേതൃത്വത്തിലാണു പള്ളി സ്ഥാപിച്ചത്. പുല്ലുമേഞ്ഞ ഷെഡില്‍ 1957 ഏപ്രില്‍ 27 ന് അച്ചന്‍ ദിവ്യബലിയര്‍പ്പിച്ചു. തേര്‍ഡ് ക്യാമ്പിനടുത്ത പള്ളി മുണ്ടിയെരുമപ്പള്ളിയായിരുന്നതിനാല്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്ന ബ. അച്ചന്മാരാണ് ഇവിടുത്തെ അജപാലനകാര്യങ്ങള്‍ ആദ്യകാലത്തു നിര്‍വഹിച്ചിരുന്നത്. പിന്നീട് പീലിയാനിക്കല്‍ ബ. തോമസച്ചന്‍ മുതല്‍ രാമക്കല്‍മേട്ടില്‍നിന്നായിരുന്നു വൈദികന്മാരെത്തിയിരുന്നത്.
ഓണംകുളത്ത് ബ. ഗ്രിഗറിയച്ചന്‍റെ സാരഥ്യത്തില്‍ 1968 മാര്‍ച്ചില്‍ പുതിയ പള്ളിപണിയാരംഭിച്ചു. ഇടവകയില്‍ നിന്നു സംഭാവന സ്വീകരിച്ചു പണി പൂര്‍ത്തിയാക്കി. ഇതേ വര്‍ഷംതന്നെ മാര്‍ മാത്യു കാവുകാട്ട് പള്ളി വെഞ്ചരിച്ചു. 1983 മാര്‍ച്ച് 19 ന് ഇത് ഇടവകയായി. പ്രഥമവികാരി ആലപ്പാട്ടുകുന്നേല്‍ ബ. ജോസഫച്ചനായിരുന്നു. സ്ഥിരമായി താമസിച്ചു ശുശ്രൂഷ തുടങ്ങിയ വികാരി പഴേപറമ്പില്‍ ബ. ജസ്റ്റിനച്ചനാണ്.

പള്ളിമുറി
പള്ളിമുറി പഴേപറമ്പില്‍ ബ. ജസ്റ്റിനച്ചന്‍റെ കാലത്ത് 1991 – 93 ല്‍ നിര്‍മിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1993 നവംബര്‍ 6 നു വെഞ്ചരിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
അക്വീലാസ് സി. എം. ഐ. (1959 – 60), ഹൊണോരിയൂസ് സി. എം. ഐ. (1960 – 61), ജേക്കബ് കാട്ടൂര്‍ (1961 – 65), സഖറിയാസ് വാച്ചാപറമ്പില്‍ (1965), ഗ്രിഗറി ഓണംകുളം (1965 – 72), അബ്രാഹം മുപ്പറത്തറ (1972 – 75), തോമസ് പുതിയിടം (1975), തോമസ് പീലിയാനിക്കല്‍ (1975 – 79), ജോസഫ് ആലപ്പാട്ടുകുന്നേല്‍ (1979- 86), മാത്യു വാഴപ്പനാടിയില്‍ (1986- 89), മാത്യു അറയ്ക്കപ്പറമ്പില്‍ (1989 – 90), ജസ്റ്റിന്‍ പഴേപറമ്പില്‍ (1990 – 95), ജോസഫ് ചിറയ്ക്കല്‍ (1995 – 96), അഗസ്റ്റിന്‍ നെല്ലരിയില്‍ (1996 – 97), പയസ് തെക്കേവയലില്‍ (1997 – ).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, തോമസ് പിണമറുകില്‍ (1963 – 65), ജോണ്‍ മാടപ്പാട്ട്, ഉലഹന്നാന്‍ തെക്കേല്‍, ജോസ് കൊട്ടാരം, ജോസ് തെക്കേല്‍ (1969 – 71), ഡോമിനിക്ക് വെട്ടിക്കാട്ട് (1967 – 68), ജോസഫ് മേപ്രത്ത്, ആന്‍റണി കൊച്ചാങ്കല്‍ (1971 – 73), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1973 – 74), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1974), പോള്‍ അരഞ്ഞാണിയില്‍.

കുരിശുപള്ളി
തേര്‍ഡ്ക്യാമ്പ് കിഴക്കേക്കവല കുരിശുപള്ളി അമ്പാട്ടുപറമ്പില്‍ ശ്രീ ലൂക്കോസ് നല്കിയ അഞ്ചു സെന്‍റ് സ്ഥലത്ത് ഓണംകുളത്ത് ബ. ഗ്രിഗറി യച്ചന്‍റെ കാലത്തു പണിത് 1973 മേയ് 12 ന് വെഞ്ചരിച്ചു. സെന്‍റ് തോമസ് മൗണ്ടില്‍ ബ. അക്വീലാസച്ചന്‍ 1958 ഏപ്രില്‍ 4 ന് കുരിശു സ്ഥാപിച്ചു. പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ കാലത്ത് ഇവിടെ കപ്പേള പണിതു. നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ കുരിശിന്‍റെ വഴിയും വി. കുര്‍ബാനയും നടത്താറുണ്ട്. ഇതു ഹൈറേഞ്ചിലെ പ്രധാന തീര്‍ഥാടനകേന്ദ്രമാണ്.

സ്ഥാപനങ്ങള്‍
മഠം : ചാരിറ്റി സന്യാസിനീ സമൂഹം പള്ളിവക കെട്ടിടത്തില്‍ 1992 ജനുവരി 23 ന് മഠം ആരംഭിച്ചു. പുതിയ ഭവനത്തിലേക്ക് 1994 നവംബര്‍ 19 ന് മാറിത്താമസിച്ചു. മഠത്തിന് 50 സെന്‍റ് സ്ഥലം പള്ളിയില്‍നിന്നു ദാനം ചെയ്തിട്ടുണ്ട്.
സ്കൂള്‍ : പഴേപറമ്പില്‍ ബ. ജസ്റ്റിനച്ചന്‍റെ നേതൃത്വത്തില്‍ പ്രൈമറി സ്കൂള്‍ 1994 ജൂണില്‍ ആരംഭിച്ചു. ഇതോടു ചേര്‍ന്ന് ചാരിറ്റി സിസ്റ്റേഴ്സ് നടത്തുന്ന നഴ്സറി സ്കൂളുമുണ്ട്.
താലൂക്ക് ആയുര്‍വേദാശുപത്രി ബ. ആലപ്പാട്ടുകുന്നേലച്ചന്‍റെ കാലത്ത് പള്ളിവക കെട്ടിടത്തില്‍ ആരംഭിച്ചു. പിന്നീട് പുതിയ കെട്ടിടത്തിലേക്കു മാറി. വായനശാലയും ടൈപ്പ്റൈറ്റിംഗ് കേന്ദ്രവുമാണ് ഇതരസ്ഥാപനങ്ങള്‍.

സ്ഥലവിവരം
പള്ളിക്ക് രണ്ടേക്കര്‍ 13 സെന്‍റ് സ്ഥലം തറവില അടച്ച് പട്ടയം കിട്ടിയതായുണ്ട്. 1971 ല്‍ 200 രൂപയ്ക്ക് 51 സെന്‍റും 1973 ല്‍ 19,00 രൂപയ്ക്ക് രണ്ടേക്കര്‍ 72 സെന്‍റും സ്ഥലം വാങ്ങി. 1971 ല്‍ കുരിശുപള്ളി പണിക്കും നടത്തിപ്പിനുമായി അമ്പാട്ടുപറമ്പില്‍ ശ്രീ ലൂക്കോസ് 20 സെന്‍റ് സ്ഥലം ദാനമായി നല്കി.

വികസനപ്രവര്‍ത്തനങ്ങള്‍
പള്ളിക്ക് ഇപ്പോഴുള്ള കുരുമുളകു തോട്ടം വച്ചുപിടിപ്പിച്ചത് ബ. ഓണംകുളത്ത് ബ. ഗ്രിഗറിയച്ചന്‍റെയും മുപ്പറത്തറ ബ. അബ്രാഹം അച്ചന്‍റെയും കാലത്താണ്. 1975 കാലഘട്ടത്തില്‍ തൂക്കുപാലം – കൂട്ടാര്‍ – കമ്പംമെട്ട് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പീലിയാനിക്കല്‍ ബ. തോമസച്ചന്‍ നേതൃത്വമേകി. ആലപ്പാട്ടുകുന്നേല്‍ ബ. ജോസഫച്ചന്‍റെ ശ്രമഫലമായി 1985 ല്‍ പാരിഷ്ഹാള്‍ നിര്‍മിച്ചു. ബ. ഓണംകുളത്തച്ചന്‍റെ പരിശ്രമത്താല്‍ രണ്ടു വാടകക്കെട്ടിടങ്ങളും പണി കഴിപ്പിച്ചു. 1995 – 96 ല്‍ ചിറയ്ക്കല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തിലാരംഭിച്ച് നെല്ലരിയില്‍ ബ. അഗസ്റ്റിനച്ചന്‍ പൂര്‍ത്തിയാക്കിയതാണ് പള്ളിക്കു മുമ്പിലുള്ള മനോഹരമായ കുരിശടിയും നടയും മറ്റും. 1997 ജനുവരി 18 ന് ഇതു വെഞ്ചരിച്ചു. തെക്കേവയലില്‍ ബ. പയസച്ചന്‍റെ കാലത്തു സിമിത്തേരിയില്‍ 20 കല്ലറകള്‍ പണിതു. പള്ളിയിലേക്കുള്ള റോഡു കല്ലു പാകി.

കുടുംബം, ദൈവവിളി
എട്ടു കുടുംബക്കൂട്ടായ്മകളിലായി ഇവിടെ 108 കുടുംബങ്ങളും 508 കത്തോലിക്കരുമുണ്ട്. രണ്ടു സന്യാസിനികള്‍ ചാരിറ്റി സമൂഹത്തില്‍ സേവനമനുഷ്ഠിക്കുന്നു. രണ്ടു വൈദികാര്‍ത്ഥികളും ഒരു സന്യാസ സഹോദരനുമുണ്ട്.

ഇതര കുടുംബങ്ങള്‍
ലത്തീന്‍ – 8, മലങ്കര – 33, ക്നാനായ – 9, യാക്കോബായ – 10, പ്രോട്ടസ്റ്റന്‍റ് – 29, സി.എസ്.ഐ. – 10, ഹിന്ദുക്കള്‍ – 705, മുസ്ലീങ്ങള്‍ – 160.

മാതൃദീപ്തി, യുവദീപ്തി, മിഷന്‍ലീഗ് എന്നീ ഭക്തസംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
കോളണിയില്‍ ജീവിതം പച്ചപിടിച്ചു വരവേ څഗ്രേറ്റര്‍ ഇടുക്കിچ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉല്പാദനത്തിനുള്ള ഒരു സപ്പോര്‍ട്ട് ഡാം കല്ലാര്‍ നദിക്കു കുറുകെ നിര്‍മിക്കു ന്നതിനു ഗവണ്‍മെന്‍റു തീരുമാനിച്ചു. ഇതുമൂലം ഒട്ടേറെ കുടുംബങ്ങള്‍ കുടിയിറക്കു ഭീഷണി നേരിട്ടു. ഇതിനെതിരേ 1966 ല്‍ നടന്ന ബഹുജനമുന്നേറ്റം പ്രാദേശിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ്.