Rajagiri Christu Raj

Mathaipara – 685 505

04869 – 240030

Vicar: Rev. Fr. Sebastian Panachickal

Cell: 9349 343 799

seb.panachi@gmail.com

Click here to go to the Church

പാലക്കാവ്, മുത്തന്‍പടി, കോതപാറ, വളകോടു സ്ഥലങ്ങളുള്‍പ്പെട്ട പ്രദേശത്തിനു ‘രാജഗിരി ‘ എന്ന പേരു നല്കിയത് കോതമംഗലം മെത്രാന്‍ മാര്‍ മാത്യു പോത്തനാംമൂഴിയാണ്. ഗിരിനിരകള്‍ കൊണ്ടു സമൃദ്ധമായ ഈ പ്രദേശത്തിനു രാജഗിരി എന്ന പേര് അന്വര്‍ഥമാണ്. പില്‍ക്കാലത്തുണ്ടായ ഇടുക്കി ജലാശയം ഈ ഗ്രാമത്തെ കോതമംഗലത്തിന്‍റെ ഇതരഭാഗങ്ങളില്‍ നിന്നു വേര്‍തിരിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് 65 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടം പുല്‍മേടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഉള്‍നാടന്‍ കര്‍ഷകഗ്രാമമാണ്.

ഇടവകസ്ഥാപനം
ഇവിടെ കുടില്‍കെട്ടി കൃഷിയിറക്കി ജനവാസം ആരംഭിക്കുന്നത് 1940 കളുടെ അന്ത്യത്തിലാണ്. ആത്മീയാനുഷ്ഠാനങ്ങള്‍ക്കായി ഇവര്‍ വനത്തിലൂടെ നടന്ന് കാഞ്ചിയാര്‍, ഉപ്പുതറ, പുളിങ്കട്ട പള്ളികളില്‍ പോയിരുന്നു. 1956 – 57 ല്‍ സീറോ മലങ്കരപ്പള്ളി സ്ഥാപിതമായി. വിശ്വാസികളുടെ ആത്മീയതീക്ഷ്ണത കണക്കിലെടുത്ത് ഉപ്പുതറ വികാരിയായിരുന്ന പാറയില്‍ ബ. തോമസച്ചന്‍ കദളിക്കാട്ടില്‍ ശ്രീ കൊച്ചേട്ടന്‍റെ ഭവനത്തില്‍ ബലിയര്‍പ്പിച്ചു. പക്ഷേ, ഇതു കോതമംഗലം രൂപതയില്‍പ്പെട്ട പ്രദേശമായിരുന്നതിനാല്‍ തുടര്‍ന്നു ബലിയര്‍പ്പിക്കാനായില്ല. കദളിക്കാട്ടില്‍ ശ്രീ കൊച്ച്, കാരിക്കകുന്നേല്‍ ശ്രീ തോമസ് ചാക്കോ, കൊടിയം പ്ലാക്കല്‍ ശ്രീ കുര്യന്‍, മംഗലത്തില്‍ ശ്രീ വര്‍ക്കി എന്നിവരുടെ പരിശ്രമഫലമായി കോതമംഗലം രൂപതയില്‍പ്പെട്ട കാഞ്ചിയാര്‍ ലൂര്‍ദുമാതാ പള്ളി വികാരി ബ. ജോസഫ് പുല്ലനച്ചന്‍ ഇവിടെയെത്തി ദൈവാലയത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അന്വേഷണം നടത്തി. തത്ഫലമായി, കോതമംഗലം മെത്രാന്‍ മാര്‍ മാത്യു പോത്തനാമൂഴി 1963 ഡിസംബര്‍ 10 നു ഇത് ഇടവകയായി പ്രഖ്യാപിച്ചു. അന്നേ ദിവസം ബ. ജോസഫ് പുല്ലനച്ചന്‍ ഏനാനി ക്കല്‍ ശ്രീ വര്‍ക്കിയുടെ ഭവനത്തില്‍ ദിവ്യബലി യര്‍പ്പിച്ചു.
വിശ്വാസികള്‍ 445 രൂപ പിരിച്ചെടുത്ത് കപ്പലുമാക്കല്‍ ശ്രീ കുട്ടപ്പായി, പാറയില്‍ ശ്രീ അപ്പച്ചന്‍ എന്നിവരുടെ സ്ഥലം പള്ളിക്കായി വാങ്ങി ഷെഡ്ഡു കെട്ടി. ഏനാനിക്കല്‍ ശ്രീ വര്‍ക്കി 25 സെന്‍റ് സ്ഥലം പള്ളിക്കു ദാനം ചെയ്തു. ബ. ജോസഫ് പുല്ലനച്ചന്‍ കാഞ്ചിയാറ്റില്‍ നിന്ന് മാസത്തിലൊരിക്കല്‍ വന്നു താല്ക്കാലിക ഷെഡ്ഡില്‍ ബലിയര്‍പ്പിച്ചു പോന്നു.
തുടര്‍ന്ന് കാഞ്ചിയാര്‍പ്പള്ളി വികാരിമാരായി എത്തിയ ബഹുമാനപ്പെട്ട തെക്കേക്കര തോമസച്ചനും (1964 – 67) പാറേല്‍ ജോസഫച്ചനും (1967- 68) കൊച്ചുപുരയ്ക്കല്‍ ജോസഫച്ചനും (1969 – 70) ഊരാളിക്കുന്നേല്‍ വര്‍ഗീസച്ചനും (1970- 71) കടുകമ്മാക്കല്‍ ജോസഫച്ചനും (1971- 72) ഇവിടെ ശുശ്രൂഷ ചെയ്തു. ബ. കടുകമ്മാക്കലച്ചന്‍റെ ശ്രമഫലമായി ഫാ. മനേത്തൂസ് സി.എം.ഐ.യെ രാജഗിരി പള്ളിക്കു സ്ഥിരം വികാരിയായി ലഭിച്ചു. ഇക്കാലത്ത് ഏനാനിക്കല്‍ ശ്രീ വര്‍ക്കി യുടെ കെട്ടിടം 3500 രൂപയ്ക്കു വാങ്ങുകയും അതു പൊളിച്ചു പണിതു പള്ളിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തു. കൂര്‍ക്കക്കാലായില്‍ ബ. ജോസ് ആന്‍റണിയച്ചന്‍ 1976 ല്‍ വികാരിയായി നിയമിതനായി.

കാഞ്ഞിരപ്പള്ളി രൂപതയിലേക്ക്
കാഞ്ഞിരപ്പള്ളി രൂപത രൂപം കൊണ്ടപ്പോള്‍ രാജഗിരിപ്പള്ളി കോത മംഗലം രൂപതയില്‍ നിന്നു മാറ്റി പുതിയ രൂപതയുടെ ഭാഗമാക്കി. കുന്നപ്പള്ളില്‍ ബ. ഫിലിപ്പച്ചന്‍ 1979 മാര്‍ച്ച് 1 നു താല്ക്കാലിക വികാരിയായി എത്തി. 1980 ജനുവരി 20 നു രാജഗിരിപ്പള്ളി ഔദ്യോഗികമായി കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കൈമാറിയതോടെ കുന്നപ്പള്ളില്‍ ബ. ഫിലിപ്പച്ചന്‍ സ്ഥിരം വികാരിയായി.

നവീനദൈവാലയം
ഇടവകസ്ഥാപനത്തിന്‍റെ രജത ജൂബിലി അവസരമായ 1988 ഡിസംബറില്‍ പനച്ചിക്കല്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ നവീന ദൈവാലയത്തെ ക്കുറിച്ചുള്ള പ്രാരംഭ ആലോചനകള്‍ നടന്നു. അന്നത്തെ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം പുതിയ പള്ളിക്കു യോജിച്ചതല്ലാഞ്ഞതുകൊണ്ട് മണ്ണാറാത്തുകാരുടെ പുരയിടം 1989 ല്‍ വിലയ്ക്കു വാങ്ങി പ്രാരംഭ പണികളാരംഭിച്ചു. പള്ളിയുടെ ശിലാസ്ഥാപനം 1989 ഒക്ടോബര്‍ 1 ന് മാര്‍ മാത്യു വട്ടക്കുഴി നിര്‍വഹിച്ചു. പനച്ചിക്കല്‍ ബ.മാത്യു അച്ചന്‍റെയും ഇടവകക്കാരുടെയും കഠിനാധ്വാനം കൊണ്ട് മനോഹരമായ പള്ളി മൂന്നു വര്‍ഷത്തിനുള്ളില്‍ പണിതുയര്‍ത്തി. നവീനദൈവാലയ ത്തിന്‍റെ കൂദാശ 1991 ഡിസംബര്‍ 10 നു അഭിവന്ദ്യ മാത്യു വട്ടക്കുഴി പിതാവ് നിര്‍വഹിച്ചു.

പള്ളിമുറി
സങ്കീര്‍ത്തിയുടെ മുകള്‍നിലയി ലുള്ള മുറി വികാരിയച്ചനു താമസി ക്കാനുള്ള മുറിയായി ഉപയോഗിച്ചു പോരുന്നു.

സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വികാരിമാര്‍
ഫിലിപ്പ് കുന്നപ്പള്ളി (1979 – 88), മാത്യു പനച്ചിക്കല്‍ (1988 – 93), ജോസഫ് വെള്ളമറ്റം (1993 – 95), മാത്യു പാണ്ടന്മനാല്‍ (1995 – 2000), ജോസ് മണ്ണൂക്കുളം (2000 – 2001), തോമസ് തുരുത്തിപ്പള്ളി (2001 – ).

സ്ഥാപനങ്ങള്‍
കര്‍മലീത്താ മഠം 1990 മാര്‍ച്ച് 26 നു സ്ഥാപിതമായി. 1988 ല്‍ പനച്ചിക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു എല്‍. പി. സ്കൂള്‍ ആരംഭിച്ചു. മാതൃശിശുസംരക്ഷണ കേന്ദ്രം, വനിതാവികസനസമിതി, നഴ്സറി സ്കൂള്‍, ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവയാണ് ഇടവകാതിര്‍ത്തിക്കുള്ളിലെ പ്രധാന സ്ഥാപനങ്ങള്‍.

വികസനപ്രവര്‍ത്തനങ്ങള്‍
പാരീഷ്ഹാളിന്‍റെ നിര്‍മാണത്തില്‍ പ്രധാന പങ്കു വഹിച്ചത് കുന്നപ്പള്ളില്‍ ബ. ഫിലിപ്പച്ചനായിരുന്നു. വളകോടു കുരിശുപള്ളിയുടെ പണി കൂര്‍ക്കക്കാലാ യില്‍ ബ. ജോസ് ആന്‍റണി അച്ചന്‍റെ കാലത്താരംഭിച്ച് കുന്നപ്പള്ളില്‍ ബ. ഫിലിപ്പച്ചന്‍റെ കാലത്തു പൂര്‍ത്തീകരിച്ചു. രാജഗിരിയിലെ പ്രധാനപ്പെട്ട റോഡുകള്‍ നിര്‍മിക്കുന്നതില്‍ കുന്നപ്പള്ളില്‍ ബ. ഫിലിപ്പച്ചന്‍ വളരെ വലിയ പങ്കു വഹിച്ചു. സിമിത്തേരി നിര്‍മാണം വെള്ളമറ്റത്തില്‍ ബ. ജോസച്ചന്‍റെ കാലത്ത് ആരംഭിച്ച് പാണ്ടന്മനാല്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ 1995 ല്‍ പൂര്‍ത്തീകരിച്ചു. ഇക്കാലത്താണ് പള്ളിയുടെ മുന്‍വശത്തെ ഗ്രോട്ടോയും പള്ളിയുടെ ഗെയ്റ്റും കുഴല്‍കിണറും നിര്‍മിച്ചത്.
എം.ഡി.എസ്., പി.ഡി.എസ്., വികാസ് യൂണിറ്റുകള്‍ എന്നിവ നാടിന്‍റെ സാമൂഹിക സാംസ്കാരിക വികസന ത്തിനു സഹായിക്കുന്നു.

കുടുംബങ്ങള്‍
പതിനഞ്ചു കുടുംബക്കൂട്ടായ്മകള്‍ ഇവിടെയുണ്ട്. 243 കുടുംബങ്ങളിലായി 1052 കത്തോലിക്കരും. ഇടവകയുടെ പരിധിക്കുള്ളിലെ ഭവനങ്ങള്‍ : മലങ്കര – 62, സി.എസ്.ഐ.-90 , ഹൈന്ദവര്‍ – 599 , മുസ്ലീം – 2.

ദൈവവിളി
ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങ ളിലായി പതിമൂന്നു സന്യാസിനികള്‍ ദൈവജനശുശ്രൂഷ ചെയ്യുന്നു. രണ്ടു വൈദികാര്‍ഥികളും മൂന്നു സന്യാ സാര്‍ഥിനികളും പരിശീലനം നടത്തുന്നു.
തികച്ചും ഗ്രാമീണപ്രദേശമായ രാജഗിരിയുടെ വികസനത്തില്‍ ഇടവക അതുല്യമായ പങ്കു വഹിച്ചിട്ടുണ്ട്. റോഡുനിര്‍മാണം, വൈദ്യുതീകരണം, ഭവനനിര്‍മാണം എന്നീ ജനോപകാര പ്രദമായ പദ്ധതികള്‍ ബ. വികാരിയച്ച ന്മാരുടെയും സന്യാസിനികളുടെയും നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്താല്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഇടവകയ്ക്കു കഴിഞ്ഞിട്ടുണ്ട്.