Purakkayam St. Joseph

Kanayankavayal – 685 532

04869 – 288075

Vicar: Rev. Fr. George Kochuparampil

Cell: 9744 8247 85

Click here to go to the Church

ക്രൈസ്തവ കുടുംബങ്ങള്‍ 1938 മുതലാണ് കരിമ്പനാല്‍ കുടുംബക്കാരുടെ സ്ഥലം വാങ്ങി പുറക്കയത്തു താമസമാരംഭിച്ചത്. പേഴത്തുംമൂട്ടില്‍, നൂറോമ്മാക്കല്‍, കുത്തുകല്ലുങ്കല്‍, കാലാപ്പറമ്പില്‍, തെരുവംകുന്നേല്‍, പൂതക്കുഴി, കൊടിത്തോട്ടത്തില്‍ തുടങ്ങിയ കുടുംബങ്ങളാണ് ആദ്യകാലത്തു കുടിയേറിയത്. വന്യമൃഗങ്ങളെ പേടിച്ച് ഏറുമാടങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. 1946 മുതല്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസം തുടങ്ങി. പെരുവന്താനം ഇടവകയിലായിരുന്നു ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. കണയങ്കവയലില്‍ 1946 ല്‍ കുരിശുപള്ളി സ്ഥാപിച്ചതോടെ ആത്മീയാവശ്യങ്ങള്‍ അവിടെയെത്തി നിര്‍വഹിച്ചു പോന്നു.

ദൈവാലയം
പുറക്കയത്തു സ്കൂള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ 1956 ല്‍ നൂറോമ്മാക്കല്‍ ശ്രീ കുഞ്ഞൂഞ്ഞിന്‍റെ നേതൃത്വത്തില്‍ ഒരു കെട്ടിടം പണിതെങ്കിലും അതു യാഥാര്‍ഥ്യമായില്ല. പ്രസ്തുത സ്കൂള്‍ക്കെട്ടിടം 1961 മാര്‍ച്ച് 19 നു വി.യൗസേപ്പിന്‍റെ നാമത്തിലുള്ള കുരിശുപള്ളിയാക്കി. അന്നുതന്നെ കണയങ്കവയല്‍പള്ളി വികാരി പുല്ലുകാട്ട് ബ. എബ്രാഹമച്ചന്‍ ഇവിടെ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നു മാസത്തിലൊരിക്കല്‍ ഇവിടെ ബലിയര്‍പ്പിച്ചിരുന്നു. 1962 ല്‍ കണയങ്കവയല്‍ വികാരി ആര്യമണ്ണില്‍ ബ. തോമസച്ചന്‍റെ സേവനകാലം മുതല്‍ മാസത്തില്‍ രണ്ടു തവണ ഇവിടെ ദിവ്യബലിയര്‍പ്പിക്കപ്പെട്ടുപോന്നു. 1991 ഫെബ്രുവരി 17 ന് പുറക്കയം ഇടവകയായി ഉയര്‍ത്തപ്പെട്ടു. കണയങ്കവയല്‍ പള്ളി വികാരി പനച്ചിക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍ പ്രഥമ വികാരിയായി നിയമിതനായി. തുടര്‍ന്നു 1997 വരെ കണയങ്കവയല്‍ വികാരി മുണ്ടാട്ട് ബ. തോമസച്ചന്‍ പുറക്കയം പള്ളിയുടെ ചാര്‍ജു വഹിച്ചു. 1997 ല്‍ യാത്രാസൗകര്യം പരിഗണിച്ച് ചെറുവള്ളിക്കുളം പള്ളിവികാരിയെ ഈ പള്ളിയുടെ ചുമതല ഏല്‍പ്പിച്ചു. ഇതുവരെ പള്ളിമുറി പണികഴിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല.
1991 ഫെബ്രുവരി 24 നു പ്രഥമ പൊതുയോഗം കൂടി. ആദ്യകൈക്കാരന്മാരായി ശ്രീ ജോസഫ് തട്ടാംപറമ്പില്‍, ശ്രീ തോമസ് തെക്കയില്‍ എന്നിവരും കണക്കനായി ശ്രീ സെബാസ്റ്റ്യന്‍ കുത്തുകല്ലുങ്കലും തെരഞ്ഞെടുക്കപ്പെട്ടു. സിമിത്തേരി
പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ 1989-90 ല്‍ സിമിത്തേരി നിര്‍മിച്ചു. 1990 ഡിസംബറില്‍ മാര്‍ മാത്യു വട്ടക്കുഴി അതു വെഞ്ചരിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (1991-93), തോമസ് മുണ്ടാട്ട് (1993-97), സെബാസ്റ്റ്യന്‍ പെരുനിലം (1997- ).
വികസനം
ജനപങ്കാളിത്തത്തോടെ 1952 ല്‍ നഴ്സറി സ്കൂള്‍ ആരംഭിച്ചു. പ്രൈമറി സ്കൂള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ കെട്ടിടം പണിതെങ്കിലും ലഭിക്കാതെ വന്നപ്പോള്‍ നാലാം ക്ലാസ്സുവരെ പഠിപ്പിക്കുന്നതിനായി മുണ്ടക്കയം സ്വദേശി ആനിത്തോട്ടത്തില്‍ ശ്രീ തൊമ്മിസ്സാറിനെ ചുമതലപ്പെടുത്തി. 1977 ല്‍ ജനപങ്കാളിത്തത്തോടെ പുറക്കയത്തിന്‍റെ മധ്യഭാഗം വരെയും 1995 ല്‍ കിഴക്കേ അതിര്‍ത്തിവരെയും റോഡു നിര്‍മിച്ചു ഗതാഗതസൗകര്യമുണ്ടാക്കി.
കരിമ്പനാല്‍ ശ്രീ ഇട്ടിയവിരാ തൊമ്മന്‍ 1958 ല്‍ പുറക്കയം സ്കൂളിനുവേണ്ടി കണയങ്കവയല്‍ പള്ളിക്കു ദാനം നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലം 1994 ല്‍ ഇടവകയ്ക്കു കിട്ടി. 1980 ല്‍ 48 സെന്‍റും 1991 ല്‍ രണ്ട് ഏക്കര്‍ 70 സെന്‍റും സ്ഥലം വാങ്ങി.

സ്ഥിതിവിവരം
നാലു കുടുംബക്കൂട്ടായ്മകളും 43 കുടുംബങ്ങളിലായി 253 കത്തോലിക്കരുമുണ്ട്. രണ്ടു ഹൈന്ദവ കുടുംബങ്ങളും ഇടവകപരിധിയിലുണ്ട്. ഇടവകയില്‍നിന്ന് ആറു സന്യാസിനികള്‍ ശുശ്രൂഷ ചെയ്യുന്നു. സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം വിവിധ ശുശ്രൂഷകള്‍ ചെയ്തു വരുന്നു.
പുറക്കയം തീരെ ചെറിയൊരു ഉള്‍നാടന്‍ ഗ്രാമമാണ്. വന്‍മലകളുടെയും റിസര്‍വ് വനത്തിന്‍റെയും മധ്യത്തില്‍ ഒതുങ്ങിക്കഴിയുന്നു ജനങ്ങള്‍. ചെറുവള്ളിക്കുളം കൂടി മുറിഞ്ഞപുഴയെത്തുന്ന അഞ്ചര കിലോമീറ്റര്‍ കഷ്ടിച്ചു ഗതാഗതയോഗ്യമായ റോഡാണ് ഏകബാഹ്യലോകബന്ധി. എങ്കിലും അടുത്ത പ്രദേശങ്ങളില്‍ ഏറ്റവും ഫലപുഷ്ടിയുള്ള മണ്ണ് ഇവിടുത്തേതാണ്. കൃഷി ആദായകരമല്ലാതെ വന്നാല്‍ സത്യസന്ധമായ മറ്റൊരു ഉപജീവനമാര്‍ഗം ഇവിടുത്തുകാര്‍ക്ക് ഇല്ലാതെയാകും.