Punchavayal St. Sebastian

Punchavayal – 686 513

04828 – 278839

Vicar: Rev. Fr. Mathew Puthenparampil

Cell: 944 713 2322

mpthen75@gmail.com

Click here to go to the Church

മൂന്നുവശങ്ങളും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഉള്‍നാടന്‍ ഗ്രാമമാണു പുഞ്ചവയല്‍. മുണ്ടക്കയത്തുനിന്ന് ആറു കിലോമീറ്റര്‍ തെക്കുകിഴക്കായും എരുമേലിയില്‍ നിന്ന് ആറു കിലോമീറ്റര്‍ വടക്കുകിഴക്കായും ഇത് സ്ഥിതിചെയ്യുന്നു. മുന്‍പിവിടെ ധാരാളം നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നു. പാടങ്ങളെ വയലുകളെന്നും കൃഷിയെ പുഞ്ചക്കൃഷിയെന്നും പറയാറുണ്ട്. ഇവ രണ്ടും ചേര്‍ന്നാണ് ഈ പ്രദേശത്തിനു څപുഞ്ചവയല്‍چ എന്ന പേരു ലഭിച്ചത്.

ദൈവാലയസ്ഥാപനം
കാനനപാതകള്‍ മാത്രമുണ്ടായിരുന്ന ഇവിടെ 1950 വരെ മലയരയന്മാര്‍, ഉള്ളാടന്‍മാര്‍ തുടങ്ങിയ ഗിരിവര്‍ഗക്കാരാണു താമസിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യത്തുണ്ടായ ഭക്ഷ്യക്ഷാമം കണക്കിലെടുത്ത് 1954-55 ല്‍ ഇവിടം കൃഷി ചെയ്യാന്‍ പാട്ടത്തിനു നല്‍കി. നീരാക്കല്‍ ശ്രീ നിക്ലാവോസ് സര്‍ക്കാരില്‍നിന്നു ലേലം പിടിച്ച് കര്‍ഷകര്‍ക്കു സ്ഥലം പാട്ടത്തിനു നല്‍കുകയും കാലാന്തരത്തില്‍ അതു കര്‍ഷകരുടെ സ്വന്തമാവുകയും ചെയ്തു. 1960-65 ല്‍ വിശ്വാസികളായ അനേകം കുടിയേറ്റ കര്‍ഷകര്‍ ഇവിടെ മണ്ണു തേടിയെത്തി. 1965 ല്‍ 35 വീട്ടുകാര്‍ ചേര്‍ന്നു പിരിവെടുത്ത് പുഞ്ചവയല്‍ ചതുപ്പില്‍ പുതുപ്പറമ്പില്‍ ശ്രീ മാത്യു മാത്തന്‍റെ 40 സെന്‍റ് സ്ഥലം വിലയ്ക്കും 10 സെന്‍റ് സ്ഥലം സംഭാവനയായും വാങ്ങി പള്ളി പണിയുന്നതിനു തീരുമാനിച്ചു. കണ്ണിമല പഴയപള്ളിയുടെ ഉരുപ്പടികള്‍ വില കൂടാതെ കിട്ടി. അങ്ങനെ 1965 ഡിസംബര്‍ 10 നു കണ്ണിമലപ്പള്ളി വികാരി അദ്ദേഹം താല്ക്കാലികമായി പണിത ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. പുത്തന്‍പുരയ്ക്കല്‍ ബ. ജോസഫച്ചന്‍ സ്ഥലം മാറിയശേഷം തോട്ടുപുറത്തു ബ. ജോസഫച്ചനാണ് പള്ളിപണി പൂര്‍ത്തീകരിച്ചത്.
ഒലക്കപ്പാടി ബ. ജോര്‍ജച്ചന്‍റെ കാലത്ത് മാര്‍ ആന്‍റണി പടിയറ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എല്ലാ പ്രദേശങ്ങള്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് പള്ളി സ്ഥാപിക്കുന്നതിന് അനുവാദം കൊടുത്തു. അങ്ങനെ പുഞ്ചവയല്‍ ചതുപ്പിലുള്ള സ്ഥലം വിറ്റു കിട്ടിയ 7000 രൂപയും സംഭാവനത്തുകയും ചേര്‍ത്ത് ഇപ്പോള്‍ പള്ളിയിരിക്കുന്ന രണ്ടരയേക്കര്‍ സ്ഥലം വാങ്ങി. ഇവിടെയുണ്ടായിരുന്ന വീടിനോടു ചേര്‍ത്ത് ഓലഷെഡ്ഡ് കെട്ടി 1975 ജൂലൈ അഞ്ചുമുതല്‍ കുര്‍ബാനയര്‍പ്പിക്കാന്‍ തുടങ്ങി. താമസിയാതെ പുതിയ പള്ളിയുടെ പണികള്‍ ആരംഭിച്ചു. 1978 ജനുവരി 3 നു മാര്‍ ജോസഫ് പവ്വത്തില്‍ പള്ളി കൂദാശ ചെയ്തു.

നവീന ദൈവാലയം
കുമ്പുകാട്ട് ബ.തോമസച്ചന്‍റെ കാലത്തു പള്ളി പുതുക്കിപ്പണിയാന്‍ ആലോചന നടത്തി പ്രാരംഭപണികളാരംഭിച്ചു. പിന്നീടെത്തിയ പരിന്തിരിക്കല്‍ ബ. വര്‍ഗീസച്ചന്‍ പള്ളി നിര്‍മാണത്തിനു നേതൃത്വം നല്‍കി. 1997 ജൂണ്‍ എട്ടിനു മാര്‍ മാത്യു വട്ടക്കുഴി നവീന ദൈവാലയത്തിനു തറക്കല്ലിട്ടു. അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ദൈവാലയനിര്‍മാണം ദൈവജനത്തിന്‍റെ പരിശ്രമത്തില്‍ പശ്ചാത്തലത്തില്‍ മൂന്നര വര്‍ഷം കൊണ്ടു പൂര്‍ത്തീകരിച്ച് 2000 ഒക്ടോബര്‍ 1 നു മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു. കേരളീയ മാതൃകയില്‍ കൊത്തിയ കരിങ്കല്ലില്‍ മാത്രം പണിത നവീന ദൈവാലയം ജനങ്ങളുടെ കൂട്ടായ സഹകരണത്തിന്‍റെയും അകമഴിഞ്ഞ സംഭാവനയുടെയും പരിന്തിരിക്കല്‍ ബ. വര്‍ഗീസച്ചന്‍റെ സംഘാടകപാടവത്തിന്‍റെയും ഫലമാണ്.
1975 ജൂണ്‍ മുപ്പതിന് പള്ളിക്കുവേണ്ടി വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന വീട് പള്ളിമുറിയായി ഉപയോഗിച്ചു തുടങ്ങി. പിന്നീട് പാലാക്കുന്നേല്‍ ജോസഫച്ചന്‍റെയും നെടിയകാലാപ്പറമ്പില്‍ ബ. ആന്‍റണിയച്ചന്‍റെയും കാലഘട്ടത്തില്‍ ഇതു പുതുക്കിപ്പണിതു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോസഫ് പുത്തന്‍പുരയ്ക്കല്‍ (1965-67), ജോസഫ് തോട്ടുപുറത്ത് (1967-71), ജേക്കബ് അയ്മനംകുഴിയില്‍ (1972), ജോസഫ് ആലുംമൂട്ടില്‍ (1972-73), തോമസ് പിണമറുകില്‍ (1973-74), ജോസഫ് ചക്കാലയ്ക്കല്‍ (1974), ജോസഫ് ഒലക്കപ്പാടി (1974-79), ജോസഫ് പാലാക്കുന്നേല്‍ (1979 – 82 ഒക്ടോബര്‍), ജോണ്‍ വെട്ടുവയലില്‍ (1982), ജോണ്‍ കാരുവേലില്‍ (1982), അക്വിനാസ് വാത്തിക്കുളം സി. എസ്. റ്റി. (1982-84), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1984-87), ജേക്കബ് ആലുങ്കല്‍ (1987-89), തോമസ് കുമ്പുക്കാട്ട് (1989-95), വര്‍ഗീസ് പരിന്തിരിക്കല്‍ (1995- ).

സ്ഥാപനങ്ങള്‍
പാലാക്കുന്നേല്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1979 ല്‍ പ്രതിഭാ നഴ്സറി സ്കൂളും പ്രൈമറി സ്കൂളും റബര്‍ മാറ്റുകള്‍ നിര്‍മിക്കുന്ന പ്രിയാസ് റബര്‍ഫാക്ടറിയും സ്ഥാപിതമായി.
ക്ലാരിസ്റ്റ് സഭയുടെ മഠം 1979 ഡിസംബറില്‍ സ്ഥാപിക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയുടെ ഉപകേന്ദ്രം ജനുവരിയില്‍ ഇവിടെ ആരംഭിച്ചു.

സ്ഥിതിവിവരം
23 കൂട്ടായ്മകളിലായി 365 കുടുംബങ്ങളിലായി 1830 കത്തോലിക്കര്‍ ഇവിടെയുണ്ട്. 644 ഹൈന്ദവഭവനങ്ങളും 98 മുസ്ലീംകുടുംബങ്ങളും ഇതരസഭാ സമൂഹത്തില്‍പ്പെട്ട ധാരാളം ക്രൈസ്തവഭവനങ്ങളുമുണ്ട്. നാലു വൈദികന്മാരും ഒരു സന്യാസസഹോദരനും 12 സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. എട്ടു വൈദികാര്‍ഥികളും നാലു സന്യാസാര്‍ഥിനികളുമുണ്ട്. വിവിധ ഭക്തസംഘടനകള്‍ ഇടവകയില്‍ സജീവമാണ്.
ആദിവാസി ഭൂമി സംബന്ധിച്ച നിയമങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ ഈ പ്രദേശത്തെ കര്‍ഷകര്‍ക്കു പലപ്പോഴും ഭീഷണി ആയിട്ടുണ്ട്. കര്‍ഷകരുടെ അവകാശസംരക്ഷണത്തിന് ഇടവകവികാരിമാരുടെ ധീരമായ നേതൃത്വം സഹായകമായിട്ടുണ്ട്.