Peruvanthanam St. Joseph Forane

Peruvanthanam – 685 532

04869 – 280095

Vicar: Rev. Fr. Thomas Nalloorkalayiparampil

Cell: 944 613 6262

Click here to go to the Church

പെരുവന്താനത്തെ ഫലപുഷ്ടമായ മണ്ണില്‍ 1929 ഓടെ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തു. പള്ളി സ്ഥാപിക്കുന്നതിനു മുന്‍പ് ഇവിടം വെളിച്ചിയാനി ഇടവകയുടെ ഭാഗമായിരുന്നു. അടുത്തുള്ള മുണ്ടക്കയം ലത്തീന്‍ പള്ളിയിലും വിശ്വാസികള്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നു.

ഇടവകസ്ഥാപനം
പെരുവന്താനത്തുള്ളവരുടെ യാത്രാക്ലേശം മനസ്സിലാക്കി വെളിച്ചിയാനിപ്പള്ളി വികാരി കാപ്പില്‍ ബ. കൊച്ചുകുര്യാക്കോസച്ചനും ശ്രീ കെ. സി. അബ്രാഹം കൊണ്ടൂപ്പറമ്പിലും 1929 ല്‍ പള്ളി സ്ഥാപനത്തിനു മുന്‍കയ്യെടുത്തു. ഇപ്പോള്‍ പള്ളിയിരിക്കുന്നിടത്തു നിര്‍മിച്ച താല്ക്കാലിക ഷെഡ്ഡ് 1929 ല്‍ മാര്‍ ജയിംസ് കാളാശേരി വെഞ്ചരിച്ചു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചയും കാപ്പില്‍ ബ. കൊച്ചുകുര്യാക്കോസച്ചന്‍ ഇവിടെയെത്തി ദിവ്യബലിയര്‍പ്പിച്ചു. 1930 ല്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു. പ്രഥമ വികാരി കാപ്പില്‍ ബ. കൊച്ചുകുര്യാക്കോസച്ചനായിരുന്നു. അമലഗിരി, അഴങ്ങാട്, തെക്കേമല, പാലൂര്‍ക്കാവ്, മുറിഞ്ഞപുഴ, കണയങ്കവയല്‍, നിര്‍മലഗിരി, കോരുത്തോട് തുടങ്ങിയ കരകളിലുള്ളവരും ഇവിടെയെത്തിയാണ് അക്കാലത്തു ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നത്.

ദൈവാലയനിര്‍മാണം
പള്ളിപണിക്കുള്ള സര്‍ക്കാര്‍ അനുമതി 1935 മാര്‍ച്ച് 3 ന് ലഭിച്ചു. മാര്‍ച്ച് 24 ന് പള്ളിക്കു തറക്കല്ലിട്ടു. തുടര്‍ന്നു വികാരിമാരായിരുന്ന കോടിക്കുളത്തു ബ. മാണിയച്ചനും പുത്തന്‍പറമ്പില്‍ ബ. ഗീവര്‍ഗീസച്ചനും പള്ളിപണിക്കു നേതൃത്വം കൊടുത്തു. പതിമൂന്നു കൊല്ലംകൊണ്ടു പണി പൂര്‍ത്തിയാക്കി. പുത്തന്‍പറമ്പില്‍ ബ. വര്‍ഗീസച്ചന്‍റെ കാലത്ത് 1948 മേയ് 22 ന് പള്ളി കൂദാശ ചെയ്തു.
പള്ളിപണിക്ക് ഇടവകക്കാരുടെ പിരിവും ശ്രമദാനവുമുണ്ടായി. കള്ളിവയലില്‍ ശ്രീ ചാക്കോ എബ്രാഹം ചെലവിന്‍റെ നല്ലൊരു പങ്കു വഹിച്ചു. പള്ളിക്ക് അഞ്ചേക്കര്‍ സ്ഥലം അദ്ദേഹം ദാനം ചെയ്തു.

പള്ളിമുറി
പള്ളിമുറി 1934 – 35 ല്‍ കാപ്പില്‍ ബ. കൊച്ചുകുര്യാക്കോസച്ചന്‍റെ കാലത്തു പൂര്‍ത്തിയാക്കി. കള്ളിവയലില്‍ ശ്രീ ചാക്കോ എബ്രാഹം ധനസഹായം നല്കി ജനപങ്കാളിത്തത്തോടെയാണ് ഇതു നിര്‍മിച്ചത്.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
കൊച്ചുകുര്യാക്കോസ് കാപ്പില്‍ (1929 – 37), മാണി കോടിക്കുളത്ത് (1937 – 43), ഗീവര്‍ഗീസ് പുത്തന്‍പറമ്പില്‍ (1943 – 54), ജോസഫ് ഇല്ലിക്കല്‍ (1955 – 59), ജേക്കബ് കാഞ്ഞിരത്തിനാല്‍ (1959 – 63), ജോര്‍ജ് പൊന്നെടത്തുകല്ലേല്‍ (1963 – 64), ലൂക്കാ കുന്നത്ത് (1964 – 71), സഖറിയാസ് ചൂരക്കാട്ട് (1971 – 78), ജേക്കബ് മുയ്യപ്പള്ളി (1978 – 81), അലക്സാണ്ടര്‍ വയലുങ്കല്‍ (1981 – 91), അബ്രാഹം കടിയക്കുഴി (1991 – 96), തോമസ് പുത്തന്‍പുരയ്ക്കല്‍ (1996), മാത്യു ചെരിപുറം (1996 – 99), തോമസ് മുണ്ടാട്ട് (1999 -).
ബഹുമാനപ്പെട്ട അസ്തേന്തിമാര്‍ : ജോസഫ് കുരീക്കാട്ട് (1936 – 37), ജോര്‍ജ് പെരിഞ്ചേരിമണ്ണില്‍ (1959 – 60), സഖറിയാസ് ചൂരക്കാട്ട് (1960 – 62), പോള്‍ വാഴപ്പനാടി (1962- 63), സെബാസ്റ്റ്യന്‍ വെള്ളാരംപറമ്പില്‍ (1963- 64).

ക്ലാരമഠം
1955 ല്‍ ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍റെ കാലത്ത് ക്ലാരമഠം സ്ഥാപിതമായി. പള്ളിയില്‍നിന്ന് ഒന്നരയേക്കര്‍ സ്ഥലം ഇതിനായി ദാനം ചെയ്തു. ധനസഹായം നല്കി മഠം പണി നടത്തിയത് ആദ്യകൈക്കാരനായ വടക്കേല്‍ ശ്രീ വര്‍ക്കിയാണ്.
സ്കൂളുകള്‍ : 1954 ല്‍ മിഡില്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനു തീരുമാന മെടുത്തെങ്കിലും അതു നടപ്പായില്ല. 1974 ല്‍ ചൂരക്കാട്ട് ബ. സഖറിയാസച്ചന്‍റെ കാലത്ത് യു.പി.സ്കൂള്‍ സ്ഥാപിതമായി. 1963- 64 ല്‍ പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ ഹൈ സ്കൂള്‍ ആരംഭിച്ചു. 1964 ല്‍ കുന്നത്ത് ബ. ലൂക്കാച്ചന്‍റെ പരിശ്രമഫലമായി ഹൈസ്കൂള്‍ കെട്ടിടം പണിതു. ഹൈസ്കൂളിന്‍റെ ആദ്യകാലത്തെ പ്രഥമാധ്യാപകര്‍ ആലുങ്കല്‍ ബ. മാത്യു അച്ചനും നെടുന്തകിടി ബ. അബ്രാഹം അച്ചനുമായിരുന്നു.
പ്ലസ് ടൂവിനുള്ള അനുമതി 2000 ഓഗസ്റ്റില്‍ മുണ്ടാട്ട് ബ. തോമസച്ചന്‍റെ കാലത്തു ലഭിച്ചതോടെ അതിനുള്ള കെട്ടിടംപണി നടത്തി ക്ലാസുകള്‍ ആരംഭിച്ചു.

ഇതരസ്ഥാപനങ്ങള്‍
ക്ലാരമഠംവകയായി നടത്തുന്ന ബാലികാഭവന്‍, ഗവണ്‍മെന്‍റ് യു. പി. സ്കൂള്‍, ഗവണ്‍മെന്‍റ് ഹോസ്പിറ്റല്‍, പഞ്ചായത്ത് ഓഫീസ്, പോസ്റ്റോഫീസ്, വില്ലേജാഫീസ്, സഹകരണബാങ്ക് എന്നിവയാണു പ്രധാന സ്ഥാപനങ്ങള്‍. പഞ്ചായത്തുവായനശാലയും ആനചാരി പബ്ലിക് ലൈബ്രറിയും നാടിന്‍റെ സാംസ്കാരികവികസനത്തിനു വഴിതെളിക്കുന്നു.

കുരിശുപള്ളി
1988 ഏപ്രില്‍ 16 ന് വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍ ആനചാരി കുരിശുപള്ളി പണിയിപ്പിച്ചു. ഇതിനുള്ള പത്തു സെന്‍റു സ്ഥലം ദാനംചെയ്തത് ശ്രീ ആന്‍റണി കാരിക്കക്കുന്നേലും ധനസഹായം നല്കിയത് ഡോ. കെ. റ്റി. ജോണ്‍ കോഴിമലയുമാണ്.

വികസനപ്രവര്‍ത്തനങ്ങള്‍
വയലുങ്കല്‍ ബ. അലക്സാ ണ്ടറച്ചന്‍ വികാരിയായിരിക്കുമ്പോഴാണ് ആനചാരി – പെരുവന്താനം റോഡും നെടിയോരം പ്രദേശത്തെ റോഡും ഗതാഗതയോഗ്യമാക്കിയത്. പള്ളിവക സ്റ്റേഡിയവും ബ. അലക്സാണ്ടറച്ചന്‍റെ ശ്രമഫലമാണ്. പൊതുക്കല്ലറകള്‍ ബ. കടിയക്കുഴിയച്ചന്‍റെ കാലത്തു പണിതു.

കുടുംബങ്ങള്‍, ദൈവവിളി
16 കുടുംബക്കൂട്ടായ്മകളിലായി 196 കുടുംബങ്ങളും 962 കത്തോലിക്കരും ഇവിടെയുണ്ട്. ബ. സെബാസ്റ്റ്യന്‍ ആയിലൂക്കുന്നേല്‍, ജോര്‍ജ് ചിറ്റടിയില്‍, മാത്യു വടക്കേല്‍, അലക്സാണ്ടര്‍ പവ്വത്ത്, ഫിലിപ്പ് കാഞ്ഞിരക്കാട്ട് എന്നിവരാണ് ഇവിടെനിന്നുള്ള വൈദികന്മാര്‍. 14 സന്യാസിനികള്‍ തിരുസഭാ സേവനത്തില്‍ ഏര്‍പ്പെട്ടി രിക്കുന്നു. രണ്ട് വൈദികസന്യാസാ ര്‍ഥികള്‍ പരിശീലനം നടത്തുന്നു.

ഇതരഭവനങ്ങള്‍ : യാക്കോബായ -2, സി.എസ്. ഐ.- 7, ഹൈന്ദവര്‍ – 152, മുസ്ലീങ്ങള്‍ – 52.

കുടിയേറ്റ മുന്നേറ്റചരിത്രം
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയുടെ മധ്യത്തില്‍ വ്യാപകമായി സംഭവിച്ച കുടിയേറ്റ മുന്നേറ്റത്തിന്‍റെ ചരിത്രമാണ് പെരുവന്താനത്തിനുള്ളത്. പൊതുവേ ദുര്‍ഘടമലഞ്ചെരിവുകളായി ഇന്നും കാണപ്പെടുന്ന ഈ സഹ്യന്‍റെ മലമടക്കുകള്‍ സ്വന്തമാക്കിയിരുന്ന വന്‍കിടജന്മിമാരുടെയും രാജവംശക്കാരുടെയും പക്കല്‍ നിന്ന് അധ്വാനശീലരായ നസ്രാണിപ്രമുഖര്‍ ഉടമസ്ഥാവകാശം തീറുവാങ്ങി. മണ്ണില്‍ പണിയെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് അവര്‍ ഇതു വീതം വച്ചു. അങ്ങനെ ഭക്ഷ്യവിഭവങ്ങളും നാണ്യവിളകളും ഉല്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ ഉണ്ടായി. ഒരു പങ്ക് പണി ചെയ്തവര്‍ക്കും മറുപങ്ക് ഉടമസ്ഥനുമായിരുന്നു. അനേകം ചെറുകര്‍ഷകര്‍ ഭൂവുടമകളായി. അവര്‍ സ്വന്തം ഭൂമിയില്‍ സ്ഥിരവാസികളായി. എങ്കിലും സാമ്പത്തികമേഖലയുടെ ചുക്കാന്‍ ഭൂഉടമകളുടെ കൈകളിലായിരുന്നു. കള്ളിവയല്‍ കുടുംബത്തിന്‍റെ സ്വാധീനമാണ് പെരുവന്താനത്തു മുഖ്യമായും ഉണ്ടായിരുന്നത്. ഇവിടുത്തെ പള്ളിയും ഇതരസ്ഥാപനങ്ങളും അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു.