Paloorkavu – 685 532

04869 – 286722

Vicar: Rev. Fr. Joseph Kunnathupurayidom

Cell: 9495 1113 55

Click here to go to the Church

ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന പാലൂര്‍ക്കാവില്‍ പണ്ടുകാലത്ത് അമ്പലവും കാവും ഉണ്ടായിരുന്നു. ഈ കാവിലേയ്ക്കാണ് ഇവിടുത്തെ തോടിനു കുറുകെയുള്ള പാലം ചെന്നെത്തിയിരുന്നത.് കാലാന്തരത്തില്‍ ഇവിടം څപാലൂര്‍ക്കാവ് چ എന്ന് അറിയപ്പെടാന്‍ തുടങ്ങി.

ഇടവകസ്ഥാപനം
1921 നും 1925 നും ഇടയ്ക്കാണ് ഈ പ്രദേശത്തു ക്രൈസ്തവ കുടിയേറ്റം നടന്നത്. തദ്ദേശവാസികളായ വിശ്വാസികള്‍ 1934 ല്‍ വെളിച്ചിയാനിപ്പള്ളി വികാരികുരിശുംമൂട്ടില്‍ ബ. ചാണ്ടി അച്ചനെ കൊണ്ടുവന്ന് ഒരു മരക്കുരിശു വെഞ്ചരിച്ച് ചൂരപ്പൊയ്കയില്‍ക്കാരുടെ പുരയിടത്തില്‍ സ്ഥാപിച്ചു. 1939 ല്‍ വട്ടവത്തുകുന്നേല്‍ ശ്രീ ഔസേപ്പ് സംഭാവന ചെയ്ത റോഡരികിലുള്ള സ്ഥലത്തേയ്ക്കു പ്രസ്തുത കുരിശു മാറ്റി സ്ഥാപിച്ചു. ഒട്ടലാങ്കല്‍ ശ്രീ ദേവസ്യാ, വട്ടവത്തുകുന്നേല്‍ ശ്രീ ലൂക്കാ എന്നിവരുടെ ശ്രമഫലമായി കുരിശു സ്ഥാപിച്ച സ്ഥലത്ത് പ്രാര്‍ഥനാലയവും കളരിയും സ്ഥാപിച്ചു. വട്ടവത്തുകുന്നേല്‍ ശ്രീ ലൂക്കായുടെ പരിശ്രമത്തില്‍ ഓലമേഞ്ഞ പ്രാര്‍ഥനാലയം കുരിശാകൃതിയിലുള്ള കപ്പേളയാക്കി. പെരുവന്താനം പള്ളി വികാരി പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചനാണ് കപ്പേളയില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചത്. അന്നു മുതല്‍ ഇതു പെരുവന്താനം പള്ളിയുടെ കുരിശുപള്ളിയായി പരിഗണിച്ചു പോന്നു. 1960 ജനുവരി 1 നാണ് ഇടവകയായി ഉയര്‍ത്തപ്പെട്ടത്.

പള്ളിമുറി, പള്ളി, സിമിത്തേരി
ദൈവാലയത്തിനുവേണ്ടി സ്ഥലം വാങ്ങിച്ചതും സാമാന്യം വിശാലമായ പള്ളിമുറി പണിയിച്ചതും ആലുമ്മൂട്ടില്‍ ബ. ജോസച്ചന്‍റെ കാലത്താണ്. കരിപ്പാശേരില്‍ ബ. ഗീവര്‍ഗീസച്ചന്‍ സണ്‍ഡേ സ്കൂളിനു വേണ്ടി ഹാള്‍ നിര്‍മിച്ചു. 1972 മുതല്‍ ഈ ഹാളാണു തിരുക്കര്‍മങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. നവീന ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം 1978 ഏപ്രില്‍ 15 ന് മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. പതിനെട്ടുവര്‍ഷത്തോളം ഇവിടെ വികാരിയായി സേവനമനുഷ്ഠിച്ച ആയില ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ ഒട്ടേറെ നിര്‍മാണങ്ങള്‍ ഇവിടെ നടന്നു. പാറപൊട്ടിച്ച് താഴ്ത്തി അടിനിലയില്‍ സിമിത്തേരി, രണ്ടാം നിലയിലെ ദൈവാലയം, വിശാലമായ ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, മേല്‍പ്പുരയോടുകൂടിയ സ്റ്റേജ് എന്നിവ അദ്ദേഹത്തിന്‍റെ ഭാവനയിലും അധ്വാനത്തിലും രൂപംകൊണ്ടവയാണ്. സാമ്പത്തിക പരാധീനതകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കുറച്ചതു കാരണം ദൈവാലയത്തിന്‍റെ പണി 1991 ലാണ് പൂര്‍ത്തീകരിച്ചത്. ഫെബ്രുവരി 15 ന് മാര്‍ മാത്യു വട്ടക്കുഴി പള്ളി കൂദാശ ചെയ്തു. പള്ളിയുടെ മദ്ബഹാ പുതുമന ബ. എബ്രാഹമച്ചന്‍ ഭാരതീയ രീതിയില്‍ പുതുക്കിപ്പണിയിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
തോമസ് കുടകശേരി (1960-66), ജോര്‍ജ് പരുവനാനി (1966-67), ജോസഫ് ആലുംമൂട്ടില്‍ (1967- 70), ഗ്രിഗരി കരിപ്പാശേരി (1970- 72), തോമസ് ആയില (1973-91), എബ്രാഹം പുതുമന (1991- 99), പോള്‍ മൂങ്ങാത്തോട്ടം (1999 – ).

സ്ഥലവിശദാംശങ്ങള്‍
1959 ല്‍ ഒരേക്കര്‍ 52 സെന്‍റും പിന്നീട് 48 സെന്‍റും 1967 ല്‍ ഒരേക്കറും 1968 ല്‍ ഒരേക്കറിലധികവും 1969 ല്‍ 80 സെന്‍റും 1982 ല്‍ 4 സെന്‍റും പള്ളിക്കുവേണ്ടി വാങ്ങിച്ചിട്ടുണ്ട്.
കുരിശടികള്‍ : പാലൂര്‍ക്കാവു കവലയിലുള്ള സ്ഥലവും കുരിശടിയും 1985 ല്‍ കുഴിയാംപ്ലാവില്‍ ശ്രീ മത്തായിയുടെ സംഭാവന കൊണ്ടു നിര്‍മിച്ചതാണ്. കൂടാതെ കാരിവരയില്‍ സെന്‍റ് സെബാസ്റ്റ്യന്‍റെ നാമത്തില്‍ കുരിശടിയുണ്ട്.

സ്ഥാപനങ്ങള്‍
കര്‍മലീത്താ മഠം 1978 ല്‍ സ്ഥാപിതമായി. പെരുവന്താനം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ ഇവിടുത്തെ ശാഖ 1994 ല്‍ പള്ളിവക കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പള്ളിവക സന്ദേശ് ലൈബ്രറിയും പഞ്ചായത്തുവക നവകേരളവായനശാലയും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ഥിതിവിവരം
14 കുടുംബക്കൂട്ടായ്മകളിലായി 177 കുടുംബങ്ങളില്‍ 861 കത്തോലിക്കരുണ്ട്. ഒന്‍പതു വൈദികന്മാരും 15 സന്യാസിനികളും സഭാശുശ്രൂഷ ചെയ്യുന്നു. നാലു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളുമുണ്ട്.

സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, യുവദീപ്തി, മിഷന്‍ലീഗ്, സമീക്ഷാ യൂത്ത് ക്ലബ്ബ് എന്നീ സഖ്യങ്ങള്‍ ഇടവകയ്ക്കു സേവനങ്ങള്‍ ചെയ്തുവരുന്നു.

ജനകീയമുന്നേറ്റം
ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നതും വളരെക്കാലമായി സമരപരിപാടികള്‍ നടത്തിയിട്ടും സാധിക്കാതിരുന്നതുമായ ഒന്നാണ് ടീ ആര്‍ ടീ എസ്റ്റേറ്റിലൂടെയുള്ള 35-ാം മൈല്‍-പാലൂര്‍ക്കാവ്-തെക്കേമല റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകിട്ടുക എന്ന ആവശ്യം. പുതുമന ബ. എബ്രാഹമച്ചന്‍റെ നേതൃത്വത്തിലുള്ള ധീരമായ ജനകീയമുന്നേറ്റം ജനാഭിലാഷത്തെ സാഫല്യത്തിലെത്തിച്ചു. 1999 മേയ് മൂന്നിന് സര്‍ക്കാര്‍ ഈ റോഡ് ഏറ്റെടുത്തു ഗതാഗതയോഗ്യമാക്കിത്തന്നു. ജനശക്തിയെ നേരാംവണ്ണം സംഘടിപ്പിച്ച് നാടിന്‍റെ പുരോഗതിക്കു കാരണമാക്കിയ കത്തോലിക്കാ വൈദികനേതൃത്വത്തിന് നല്ലൊരു ഉദാഹരണമാണ് ഈ റോഡ്. ആത്മാര്‍ത്ഥയുള്ള രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്‍റെ സഹായത്തിനുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.