Palapra Vimala Matha

Vengathanam – 686 512

04828 – 270001

Vicar: Rev. Fr. Martin Palakudy

Cell: 974 707 6732

Click here to go to the Church

പാലപ്ര പ്രദേശത്തു കുടിയേറ്റമാരംഭിച്ചത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലാണ്. ഈ പ്രദേശം പുല്ലോംപിള്ള ജന്മിമാരുടെ മേല്‍നോട്ടത്തില്‍ പാലപ്ര ഭഗവതി ദേവസ്വത്തിന്‍റേതായിരുന്നു. ദേവസ്വം വക 3500 ഏക്കറോളം വരുന്ന ഭൂമി ദേഹണ്ഡത്തിനു വാങ്ങിയവരും തീറാധാരപ്പടി വാങ്ങിയവരുമാണ് ഭൂരിപക്ഷം കുടിയേറ്റക്കാരും.
പാലപ്രയിലെ പഴുമല (‘പവിഴമല’) പ്രദേശത്താണ് കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിനാരംഭം. 15-ാം നൂറ്റാണ്ടില്‍ നിലയ്ക്കലില്‍ നിന്നു വന്ന ക്രിസ്ത്യാനികള്‍ ആദ്യമായി താമസമാക്കിയത് പഴുമലയിലാണ്.

ദൈവാലയസ്ഥാപനം
ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് വിശ്വാസികള്‍ വെളിച്ചിയാനിഇടവകയുടെ ഭാഗമായിരുന്നു. പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന്‍ വെളിച്ചിയാനിപ്പള്ളി വികാരിയായിരിക്കെ 1993 ലാണ് പാലപ്രയില്‍ പള്ളി സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്.
പൂവത്തുങ്കല്‍ ശ്രീ പി. സി. മാത്യു വാഗ്ദാനം ചെയ്ത 98 സെന്‍റു സ്ഥലം അദ്ദേഹത്തിന്‍റെ കുടുംബാവകാശിയായ പൂവത്തുങ്കല്‍ ശ്രീ ജോയി 1991 ല്‍ പള്ളിക്കു ദാനം ചെയ്തു. പരേതനായ ശ്രീ പി. സി. മാത്യുവിന്‍റെ ഓര്‍മയ്ക്കായി നിര്‍മിച്ച പാരിഷ്ഹാളില്‍ പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന്‍ ആദ്യദിവ്യബലിയര്‍പ്പിച്ചു. പള്ളി പണിയുന്നതുവരെ ഇവിടെയാണു ബലിയര്‍പ്പിച്ചിരുന്നത്. മാര്‍ മാത്യു വട്ടക്കുഴി 1993 ഫെബ്രുവരി 13 നു പള്ളിക്കു തറക്കല്ലിട്ടു. പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന്‍ തുടങ്ങിവച്ച പള്ളിപണി തുടര്‍ന്നു വികാരിയാ യെത്തിയ ഈറ്റോലില്‍ ബ. തോമസച്ചന്‍ പൂര്‍ത്തീകരിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1998 മേയ് 23 നു ദൈവാലയം കൂദാശ ചെയ്തു. 1998 ഓഗസ്റ്റ് 15 ന് ഇടവകയായി. 175 കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. പ്രഥമവികാരി ഈറ്റോലില്‍ ബ. തോമസച്ചനായിരുന്നു. ആത്മീയകാര്യങ്ങള്‍ക്കായി ഇലഞ്ഞിപ്പുറത്തു ബ. ജയിംസച്ചനെ പിതാവു നിയമിച്ചു.

പള്ളിമുറി
പള്ളിമുറി പണിയുന്നതിനുവേണ്ടി പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന്‍ പള്ളിസ്ഥലത്തോടു ചേര്‍ന്നു 20 സെന്‍റു സ്ഥലം വിലയ്ക്കു വാങ്ങി. പ്രസ്തുത സ്ഥലത്ത് ഈറ്റോലില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ച പള്ളിമുറി 1998 ഡിസംബര്‍ 25 ന് അച്ചന്‍ തന്നെ വെഞ്ചരിച്ചു.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
തോമസ് ഈറ്റോലില്‍ (1998), ജയിംസ് ഇലഞ്ഞിപ്പുറം (1998), ജോസഫ് ഒട്ടലാങ്കല്‍ (1999 ഫെബ്രു.-മേയ്), അബ്രാഹം പുതുമന (1999 മേയ്- ).

സിമിത്തേരി
പുതുമന ബ. അബ്രാഹം അച്ചന്‍റെ കാലത്ത് കല്ലറകളുടെ പണി പൂര്‍ത്തീ കരിച്ച് സമീപത്തായി കപ്പേള നിര്‍മിച്ചു. 2000 ഒക്ടോബര്‍ 29 ന് മാര്‍ മാത്യു വട്ടക്കുഴി കല്ലറ ആശീര്‍വദിച്ചു. തദവസരത്തില്‍ ചാന്ദാ രൂപതാ ബിഷപ് മാര്‍ വിജയാനന്ദ് നെടുമ്പുറം സന്നിഹിതനായിരുന്നു. വെളിച്ചിയാനിപ്പള്ളി സിമിത്തേരിയില്‍ സംസ്കരിച്ചിരുന്ന ഇരുപത്തഞ്ചോളം ഇടവകാംഗങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ അന്ന് പുതിയ സിമിത്തേരിയില്‍ ആഘോഷപൂര്‍വം കൊണ്ടുവന്നു സംസ്കരിച്ചു.

മഠം
മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്ളവര്‍ സന്യാസിനീസമൂഹത്തിന്‍റെ മഠം 1998 മാര്‍ച്ചില്‍ സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ നഴ്സറി സ്കൂളും തയ്യല്‍ പരിശീലനകേന്ദ്രവും നടത്തിവരുന്നു. ഇവര്‍ തുടങ്ങാ നിരിക്കുന്ന ക്യാന്‍സര്‍ ശുശ്രൂഷാഭ വനത്തിന്‍റെ തറക്കല്ലിടീല്‍ 2000 ഒക്ടോബര്‍ 29 ന് മാര്‍ മാത്യു വട്ടക്കുഴി നിര്‍വഹിച്ചു.
വില്ലന്‍ചിറ ഭാഗത്ത് കട്ടയ്ക്കല്‍ കുടുംബം സംഭാവന ചെയ്ത അഞ്ചു സെന്‍റ് സ്ഥലത്ത് 1999 ലെ ദുഃഖവെള്ളിയാഴ്ച കുരിശു സ്ഥാപിച്ചു.

കുടുംബം, ദൈവവിളി
പന്ത്രണ്ടു കുടുംബക്കൂട്ടായ്മ കളിലായി 196 കുടുംബങ്ങളും 927 കത്തോലിക്കരുമുണ്ട്. നാലു വൈദിക ന്മാരും നാലു സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. അഞ്ചു വൈദികാര്‍ഥികളും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നടത്തുന്നു.

സംഘടനകള്‍
മാതൃദീപ്തി, പിതൃവേദി, യുവദീപ്തി, മിഷന്‍ലീഗ്, തിരുബാല സഖ്യം, അള്‍ത്താര ബാലസഖ്യം, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി എന്നീ സംഘടനകള്‍ ഇവിടെ സജീവമാണ്.
1994 മുതല്‍ പാലപ്ര ഭാഗത്തും 2000 മുതല്‍ പാലപ്ര വിമലഗിരി ഭാഗത്തും എം. ഡി. എസിന്‍റെ മില്‍ക്കു സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.