Koovappally – 686 518

04828 – 202205

Vicar: Rev. Fr. Joy Nirappil CMI

Click here to go to the Church

പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണനും പ്രേഷിതപ്രവര്‍ത്തകനുമായിരുന്ന നേര്യംപറമ്പില്‍ ബ. വില്യം സി. എം. ഐ. 1950 കളുടെ ആരംഭത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ കര്‍മലീത്താസഭയുടെ ആശ്രമം സ്ഥാപിക്കുന്നതു സംബന്ധിച്ച് ശ്രീ കെ. വി. തോമസ് കൊല്ലംകുളവുമായി ചര്‍ച്ച നടത്തി. അതനുസരിച്ച് ശ്രീ കെ. വി.തോമസ് പത്തേക്കര്‍ സ്ഥലം സി. എം. ഐ. സഭയ്ക്കു ദാനംചെയ്തു. അങ്ങനെ 1954 ല്‍ പാലമ്പ്രയില്‍ സി.എം. ഐ. ആശ്രമം സ്ഥാപിതമായി. താമസിയാതെ പ്രൈമറി സ്കൂള്‍ കെട്ടിടവും ചാപ്പലും പണികഴിപ്പിച്ചു. കീക്കിരിക്കാട്ട് ബ. അര്‍നോള്‍ഡ് സി. എം. ഐ. ആയിരുന്നു പ്രഥമ സുപ്പീരിയര്‍. പിന്നീട് സി. എം. ഐ. വൈദികന്മാരായ ബ. പൗലോസ്, പിണമറുകില്‍ ബ. ബനഡിക്ട്, തുരുത്തുമാലില്‍ ബ. വെന്‍സെന്‍സ്ലാവൂസ് എന്നിവര്‍ 1965 വരെ പള്ളിക്കാര്യങ്ങള്‍ നടത്തിപ്പോന്നു.
യാത്രാസൗകര്യം കൂടുതലുള്ള 26 – ാം മൈലിലേക്ക് ആശ്രമം മാറ്റിപ്പണിയണമെന്ന ആവശ്യം 1965 ല്‍ ഉയര്‍ന്നുവന്നെങ്കിലും അന്നത്തെ സാഹചര്യത്തില്‍ ഇടവകയും ഹൈസ്കൂള്‍പോലുള്ള സ്ഥാപനങ്ങളും നടത്തിക്കൊണ്ടു പോകുക എളുപ്പമല്ലാത്തതിനാല്‍ അത്തരമൊരു ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന്, സഭാധികാരികള്‍ പ്ലാത്തോട്ടത്തില്‍ ബ. വലേരിയനച്ചനെ ദൈവാലയവും വൈദികമന്ദിരവും പണിയുന്നതിനു ചുമതലയേല്‍പ്പിച്ച് ഇവിടുത്തെ സുപ്പീരിയറായി നിയമിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ അദ്ദേഹം പള്ളിയുടെയും ആശ്രമത്തിന്‍റെയും പണി പൂര്‍ത്തീകരിച്ചു. 1985 വരെ സി.എം. ഐ. വൈദികന്മാരായ ബ. ഫാബിയന്‍ കുന്നത്തുപുരയിടം, ബ. സേവ്യര്‍, ബ. റാള്‍ഫ്, കരിക്കംപള്ളില്‍ ബ. തോമസ് മൂര്‍, കടൂക്കുന്നേല്‍ ബ. ജോസ്, കളപ്പുരയ്ക്കല്‍ ബ. സഖറിയാസ് എന്നിവര്‍ സുപ്പീരിയര്‍മാരായി സേവനമനുഷ്ഠിച്ചു.
ആശ്രമദൈവാലയം ഇടവകയാക്കി ഉയര്‍ത്തുന്നതിനുള്ള അപേക്ഷ മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിനും പ്രൊവിന്‍ഷ്യാളച്ചനും 1985 ഓഗസ്റ്റ് 25 നു സമര്‍പ്പിച്ചു. സഭയുടെ ദൈവാലയം ഇടവകയുടെ ആവശ്യത്തിന് വിട്ടുതരുന്ന സമ്മതപത്രം പ്രൊവിന്‍ഷ്യാള്‍ ഐക്കര ഏറ്റം ബ. തോമസച്ചന്‍ അഭിവന്ദ്യപിതാവിനു നല്‍കി. 1986 ജനുവരി 13 ന് പാലമ്പ്ര ഇടവക സ്ഥാപിതമായി. പ്രഥമവികാരി കളപ്പുര ബ. സഖറിയാസച്ചനായിരുന്നു. ഇടവകയുടെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റര്‍ ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ മാത്യു വട്ടക്കുഴി 1986 ജനുവരി 26 ന് നിര്‍വഹിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
സഖറിയാസ് കളപ്പുരയ്ക്കല്‍ (1986 – 87), സേവ്യര്‍ കിഴക്കേമാലില്‍ (1987 – 93), ജോസഫ് മഞ്ഞനാനിയില്‍ (1993 – 96), സഖറിയാസ് കളപ്പുരയ്ക്കല്‍(1996 – 99), ജോയി നിരപ്പില്‍ (1999 -).

സ്ഥാപനങ്ങള്‍
1955 ല്‍ അസംപ്ഷന്‍ എല്‍. പി. സ്കൂളും 1975 ല്‍ യു. പി. സ്കൂളും 1982 ല്‍ ഹൈസ്കൂളും സ്ഥാപിതമായി. 1955ല്‍ കര്‍മലീത്താ മഠവും 1973 ല്‍ ഡി.എസ്. റ്റി. മഠവും 1994 ല്‍ ഹോളി ക്രോസ് മഠവും സ്ഥാപിക്കപ്പെട്ടു. ഡി. എസ്. റ്റി. മഠത്തിനുള്ള അഞ്ചരയേക്കര്‍ സ്ഥലവും ഭവനവും ശ്രീ ആഗസ്തി ശ്രാമ്പിക്കല്‍ ദാനം ചെയ്തതാണ്. ഡി. എസ്. റ്റി.,
സി. എം. സി. എന്നിവരുടെ വകയായി ഓരോ നഴ്സറി സ്കൂളും ഹോളിക്രോസുകാരുടെ വകയായി സാങ്കേതിക വിദ്യാഭ്യാസസ്ഥാപനവും ഹോസ്റ്റലും രൂപതയുടെ വകയായി മാര്‍തോമാ ബാലികാഭവനവും ദീപ്തി ലൈബ്രറിയും ഇടവകയിലെ പ്രധാന സ്ഥാപനങ്ങളാണ്.

കുരിശുപള്ളികള്‍
ശ്രീ തോമസ് കൊല്ലംകുളം ദാനം ചെയ്ത സ്ഥലത്ത് ശ്രീ മാത്യു നരിതൂക്കില്‍ പണിതീര്‍ത്ത പാലമ്പ്ര കുരിശുപള്ളി മഞ്ഞനാനിയില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1996 ല്‍ വെഞ്ചരിച്ചു. കുളപ്പുറം ഒന്നാം മൈല്‍ കുരിശുപള്ളി കളപ്പുരയ്ക്കല്‍ ബ. സഖറിയാസച്ചന്‍റെ കാലത്ത് പണിതീര്‍ത്ത് 1999 ജൂണ്‍ 6 ന് ആശീര്‍വദിച്ചു. ശ്രീ അലക്സാണ്ടര്‍ തോമസ് ആനത്താനം ഇതിനുള്ള സ്ഥലം ദാനം ചെയ്യുകയും കുരിശുപള്ളി പണികഴിപ്പിക്കുകയും ചെയ്തു. സിമിത്തേരി നിര്‍മിക്കുന്നതിന് 15 സെന്‍റ് സ്ഥലം കൊല്ലംകുളം തോംസണ്‍ ഏജന്‍സീസ് 1985 ല്‍ ദാനം ചെയ്തു.

സ്ഥിതിവിവരം
ആറു കുടുംബക്കൂട്ടായ്മകളിലായി 1000 ത്തോളം കത്തോലിക്കരും 185 കുടുംബങ്ങളും ഇവിടെയുണ്ട്. ഇതര ഭവനങ്ങള്‍: ഹൈന്ദവര്‍ – 72, മുസ്ലീങ്ങള്‍ – 31.
ആറു വൈദികന്മാരും രണ്ടു സന്യാസികളും 27 സന്യാസിനികളും ദൈവജന ശുശ്രൂഷ ചെയ്യുന്നു. മൂന്നു സന്യാസാര്‍ഥികളും മൂന്നു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.
മിഷന്‍ ലീഗ്, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, യുവദീപ്തി, പിതൃവേദി, ലീജിയന്‍ ഓഫ് മേരി എന്നീ ഭക്ത സഖ്യങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ആശ്രമസ്ഥാപനത്തിനു മുന്‍കയ്യെ ടുത്ത നേര്യംപറമ്പില്‍ ബ. വില്യമച്ചനും ദൈവാലയ സ്ഥാപനത്തിനു സ്ഥലം നല്‍കിയ ശ്രീ കെ. വി. തോമസ് കൊല്ലംകുളവും ഇടവകയുടെ ആദരണീയരായ ശില്പികളാണ്.