Elampally – 686 503
04828 – 221658
Vicar: Rev. Fr. John Vettuvayalil
Cell: 9496 2217 21
vettuvayaliljoh@gmail.com
ഇളമ്പള്ളിയുടെ ചില പ്രദേശങ്ങളും നെയ്യാട്ടുശേരിയും തിരുവാര്പ്പുദേവസ്വംവക ഭൂമിയായിരുന്നു. ദേവസ്വത്തിലെ ഏഴ് ഊരായ്മകളില്‍ ഒന്നായിരുന്നു څഎലമ്പലക്കാട്ടു മനچ. ഈ മനക്കാരാണ് പ്രസ്തുതസ്ഥലം ഉപയോഗിച്ചുപോന്നത്. പക്ഷേ മേല്‍പ്പറഞ്ഞ ബ്രാഹ്മണകുടുംബക്കാര്‍ കാലാന്തരത്തില്‍ സ്ഥലം വിടുകയും നെയ്യാട്ടുശേരിയുടെ പ്രമാണങ്ങള്‍ തിരുവാര്‍പ്പു ദേവസ്വത്തില്‍ ഏല്പിക്കുകയും ചെയ്തു. ദേവസ്വംകാര്‍ സ്ഥലത്തെ നായര്ഭവനമായ മഠത്തില്കുടുംബക്കാരെ 600 ഏക്കര്‍ വരുന്ന ഈ ചേരിക്കല്‍ അനുഭവിച്ചുകൊള്ളാന്‍ അനുവദിച്ചു. മക്കനാന്തോടിനും പൈക്കല്ലിത്തോടിനുമിടയില് വെങ്ങലാത്തുകവല മുതല്‍ പനംപുന്നവരെയുള്ള സ്ഥലവും തൊട്ടടുത്ത കുറച്ചു സ്ഥലങ്ങളുമായിരുന്നു ഈ ചേരിക്കല്‍. പ്രതിഫലമായി 12 ഇടങ്ങഴി വീതം കൊള്ളുന്ന മൂന്നു കുടം നെയ്യും 301 കദളിപ്പഴവും മൂന്നു കെട്ടു വാകയും ദേവസ്വത്തിനു നല്‍കണമെന്നു വ്യവസ്ഥ ചെയ്തു. അങ്ങനെ തിരുവാര്‍പ്പുക്ഷേത്രത്തില്‍ നെയ്യൂട്ടുന്നതിനുവേണ്ടി വിട്ടുകൊടുത്ത ചേരിക്കല്പ്രദേശം څനെയ്യൂട്ടുശേരിچ എന്നും പിന്നീടു څനെയ്യാട്ടുശേരിچ എന്നും പേരിലും അറിയപ്പെട്ടു.
എ. ഡി. 1650 ല്‍ ഇളമ്പള്ളിക്ഷേത്രത്തിലേക്ക് എണ്ണതൊടാന് (ശുദ്ധീകരണത്തിന്) തിരുവാര്‍പ്പില്‍ നിന്ന് ഒരു നസ്രാണിക്കുടുംബത്തെ മഠംകാര് കൊണ്ടുവന്നു താമസിപ്പിച്ചു. കാലാന്തരത്തില്‍ ഇവിടെ ക്രൈസ്തവസമൂഹം രൂപംകൊണ്ടത്രേ. കുടിയേറ്റകാലഘട്ടത്തില്‍ നെഗ്രിറ്റോ വര്‍ഗത്തില്‍പെട്ട വേട്ടവര്‍, ഉള്ളാടര്‍, അരയര്‍ എന്നിവരായിരുന്നു ഇവിടുത്തെ ആദിവാസികള്‍.
കോട്ടയം – കുമളി റോഡില്‍ 18 – ാം മൈലില്‍ നിന്നു രണ്ടു കിലോമീറ്റര്‍ വടക്ക് തോപ്പില്‍പ്പടി, തച്ചപ്പുഴ താന്നിമൂടു റോഡു സൈഡിലാണു നെയ്യാട്ടുശേരിപ്പള്ളി.
ഇടവകസ്ഥാപന ചരിത്രം
ഇന്നത്തെ നെയ്യാട്ടുശേരി പ്രദേശങ്ങള്‍ ആനിക്കാട് ഇടവകയിലെ 12 വാര്‍ഡുകളിലൊന്നായ കരിമ്പോഴി വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്നു. ഇവിടുത്തെ څബേസ്പൂര്ഖാനക്കൂട്ടംچ ചേര്‍ന്നപ്പോള്‍ ആനിക്കാടുപള്ളിയിലെ തിരുനാള്‍ പ്രദക്ഷിണം മറ്റു വാര്‍ഡുകളെക്കാള്‍ മോടിയാക്കണം എന്ന അഭിപ്രായമുണ്ടായി. പ്രദക്ഷിണത്തിനുവേണ്ടി അധികം പണം ചെലവാക്കാതെ അതു സ്വരൂപിച്ച് ഇപ്പോള്‍ പന്തലിടുന്ന കാവുങ്കല്മുക്കില്ത്തന്നെ കുരിശോ, കപ്പേളയോ സ്ഥാപിക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നിര്‍ദിഷ്ടസ്ഥലം ലഭിക്കാതെ വന്നതിനാല്‍ ചെങ്ങളം ഇടവകക്കാരായ മുണ്ടാട്ടുചുണ്ടയില്‍ കുടുംബക്കാരോട് നെയ്യാട്ടുശേരിയിലുള്ള അവരുടെ സ്ഥലത്തില്‍നിന്നു കുറെ ഈ ആവശ്യത്തിനു ലഭിക്കുമോ എന്ന് ആരാഞ്ഞു. അവര്‍ രണ്ടേക്കര്‍ സ്ഥലം ദാനമായും അവരുടെ സഹോദരിയുടെ വക അരയേക്കര്‍ സ്ഥലം വിലയ്ക്കും നല്‍കാമെന്നു സമ്മതിച്ചു. പക്ഷേ, കുരിശടിയല്ല അല്പം വലിയ പള്ളി പണിയണമെന്നു വ്യവസ്ഥയും വച്ചു. തുടര്‍ന്ന് ആനിക്കാടുപള്ളി വികാരിയായിരുന്ന ആലുങ്കല്‍ ബ. ജോസഫച്ചന്റെ നേതൃത്വത്തില്‍ പള്ളി പണിയാനുള്ള ശ്രമമാരംഭിച്ചു.
ആദ്യം പള്ളിമുറിയാണു പണിതത്. പള്ളിപണി തുടങ്ങിയപ്പോഴേക്കും പള്ളിമുറിയുടെ പണികള്‍ പൂര്‍ത്തിയാക്കി. 1954 ഓഗസ്റ്റ് 15 ന് ആലുങ്കല്‍ ബ.ജോസഫച്ചന് ദൈവാലയത്തിനു തറക്കല്ലിട്ടു. ആനിക്കാട്, ചെങ്ങളം, ഇളങ്ങുളം, ചെങ്കല്‍ എന്നീ ഇടവകാതിര്ത്തികളില്പ്പെട്ടവരെ ചേര്‍ത്ത് 1955 സെപ്റ്റംബര്‍ 8 നു നെയ്യാട്ടുശേരി ഇടവക രൂപം കൊണ്ടു. ആദ്യവികാരി കുന്നപ്പള്ളില്‍ ബ. ഫിലിപ്പച്ചനായിരുന്നു. മാര്‍ മാത്യു കാവുകാട്ട് 1960 ജനുവരി 6 ന് പള്ളി കൂദാശ ചെയ്തു.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്
ഫിലിപ്പ് കുന്നപ്പള്ളി (1955 – 59), ജേക്കബ് കയ്യാലകത്ത് (1959 – 60), ആന്റണി ചേക്കാത്തറ (1960 – 62), അലക്സാണ്ടര്‍ വയലുങ്കല്‍ (1962 – 64), ജോണ്‍ പുറവടിയില്‍ (1964 – 66), മാത്യു പന്തപ്പള്ളി (1966 – 68), ജോര്‍ജ് ഇടത്തിനകം (1968 – 72), കുര്യന് വടക്കേക്കുറ്റ് (1972 – 74), മാത്യു ഇല്ലിക്കല്‍ (1974 മേയ് – സെപ്റ്റം.), വര്‍ഗീസ് ചെത്തിപ്പുഴ (1974 – 77), ജോസഫ് ഇരുപ്പക്കാട്ട് (1977 – 79), ജോസഫ് പാറയില്‍ (1979 – 80), ജോസഫ് നെടുംതകിടി (1980 – 81), ജോസഫ് വട്ടയ്ക്കാട്ട് (1981 – 84), ഫിലിപ്പ് പരുവനാനി (1984 – 85), മാത്യു ചെരിപുറത്ത് (1985 – 90), മാത്യു വാഴപ്പനാടി (1990 – 94), സെബാസ്റ്റ്യന്‍ പെരുനിലം (1994 – 96), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1996 – 98), ജേക്കബ് അയലൂപ്പറമ്പില്‍ (1998 – 99), ജോര്‍ജ് ആലുങ്കല്‍ (1999 ഫെബ്രുവരി – 2001).
കുരിശുപള്ളി
നെയ്യാട്ടുശേരി കവലയില്‍ പണിതീര്‍ത്ത കുരിശടിക്കുവേണ്ടി നാലു സെന്റു സ്ഥലം പള്ളിയുടെ ആരംഭകാലത്തു നല്‍കിയത് മുണ്ടാട്ടുചുണ്ടയില്‍ ശ്രീ എം.എസ്. ജോസഫാണ്. 1998 ഓഗസ്റ്റ് 15 നു കറിപ്ലാക്കല്‍ ബ. സെബാസ്റ്റ്യനച്ചന്‍ പള്ളിയുടെ മുമ്പിലുള്ള കുരിശടിക്കു തറക്കല്ലിട്ടു. പണിയാരംഭിച്ച ആലുങ്കല്‍ ബ. ജോര്ജച്ചന് അതു പൂര്‍ത്തിയാക്കി. 2000 സെപ്റ്റംബര്‍ 8 ന് മാര്‍ മാത്യു വട്ടക്കുഴി ഇതു വെഞ്ചരിച്ചു. ഇളമ്പള്ളി മാര്‍ക്കറ്റിനു സമീപം കാവുങ്കല്‍ ശ്രീ ജോസഫ് ചെറിയാന് ഒരു കുരിശടി പണികഴിപ്പിച്ചു പള്ളിക്കു നല്കി.
മഠം
സിസ്റ്റേഴ്സ് ഓഫ് നസ്രത്തിന്റെ ഭവനം 1999 മാര്‍ച്ച് 25 ന് സ്ഥാപിതമായി. അതേവര്‍ഷം ജൂണില്‍ ഇവര്‍ നഴ്സറി സ്കൂള്‍ ആരംഭിച്ചു.
കുടുംബം, ദൈവവിളി
പതിനൊന്നു കുടുംബക്കൂട്ടാ യ്മകളിലായി 185 കത്തോലിക്കാ കുടുംബങ്ങളും 858 കത്തോലിക്കരും ഇടവകയിലുണ്ട്. രണ്ടു സന്യാസ വൈദികന്മാരും രണ്ട് ഇടവക വൈദികന്മാരും പത്തു സന്യാസിനികളും ദൈവജനശുശ്രൂഷ ചെയ്യുന്നു. ഒരു വൈദികാര്‍ഥിയും മൂന്നു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഭക്തസഖ്യങ്ങള്‍
സെന്റ് വിന്‍സന്റ് ഡി പോള്‍ സഖ്യം, ഏ. കെ. സി. സി., ജീസസ് യൂത്ത്, മിഷന് ലീഗ്, മാതൃദീപ്തി, പിതൃവേദി എന്നീ ഭക്തസംഘടനകള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു.
വികസനപ്രവര്‍ത്തനങ്ങള്‍
ഇടത്തിനകത്ത് ബ. ജോര്‍ജ് അച്ചന്റെ കാലത്ത് കാവുകാട്ടു മെമ്മോറിയല്‍ പാരിഷ്ഹാള്‍ പണിതു. അദ്ദേഹത്തിന്റെ കാലത്തുതന്നെയാണ് പള്ളിയോടു ചേര്‍ന്നുകിടന്ന ഒരേക്കര്‍ റബര്‍ത്തോട്ടം വാങ്ങിയത്. ആര്‍ച്ചു ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ പൗരോഹിത്യ രജതജൂബിലി സ്മാരകമായി പിതാവിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഭവന നിര്മാണപദ്ധതിയനുസരിച്ച് ആദ്യം ഭവനം നിര്‍മിച്ചു കൊടുത്തത് (1960 ജനുവരി 6 ന്) നെയ്യാട്ടുശേരി ഇടവകക്കാരായിരുന്നു.
ഇടവകാതിര്‍ത്തിയില്‍ ഗവണ്മെന്റ് യു.പി.സ്കൂള്‍, ഗവണ്മെന്റ് ആയുര്‍വേദാശുപത്രി, പോസ്റ്റ് ഓഫീസ്, സഹകരണബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്നു. ദൈവാലയത്തിന്റെ ഏതാണ്ട് 500 മീറ്റര്‍ വടക്കുമാറി ഇളമ്പള്ളി ധര്‍മശാസ്ത്രാക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീനാരായണ ഭജനശാല ഇടവകാര്ത്തിയിലുണ്ട്.
ഈ പ്രദേശത്തുള്ള എല്ലാവരുംതന്നെ കൃഷിക്കാരാണ്. ശരാശരി നാല് ഏക്കറില്‍ ഒരു കുടുംബം എന്നു കണക്കാക്കാം. ഭൂരിപക്ഷവും സുറിയാനിക്കത്തോലിക്കരാണ്. മറ്റു ക്രൈസ്തവവിഭാഗങ്ങള്‍ നാമമാത്രമേ ഉള്ളൂ. ഹൈന്ദവകുടുംബങ്ങള്‍ ധാരാളമുണ്ട്.
ഗതാഗതസൗകര്യമുള്ള റോഡുകള്‍ ധാരാളമുണ്ടെങ്കിലും ബസ് സര്‍വീസ് നന്നേ ചുരുക്കമായതിനാല്‍ ഒരു ഉള്‍നാടന്‍ ഗ്രാമമെന്നാണ് നെയ്യാട്ടുശേരി കണക്കാക്കപ്പെട്ടിരിക്കുന്നത്. സ്ഥാപനങ്ങളുടെ അഭാവത്തില്‍ പരിമിതമായ സ്വാധീനം മാത്രമാണ് ഇടവകനേതൃത്വത്തിനുള്ളത്.