Madukka St. Mathew

Mundakayam – 686 513

Vicar: Rev. Fr. Mathew Pullanthanal

Cell: 8547 5250 17

rajeshmathew13@gmail.com

Click here to go to the Church

ഇടുക്കി ഡാമിന്‍റെ നിര്‍മിതിക്കായി 1961 ല്‍ അയ്യപ്പന്‍കോവിലില്‍ നിന്ന് ആയിരക്കണക്കിനു കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടു. ഇവര്‍ വണ്ടന്‍പതാല്‍, കോരുത്തോട്, മടുക്ക എന്നിവിടങ്ങളിലാണു പുനരധിവസിപ്പിക്കപ്പെട്ടത്. കുടിയിരുത്തപ്പെട്ട വിശ്വാസികള്‍ക്കായി 1964 ല്‍ ഒരു താല്ക്കാലിക പള്ളി കോരുത്തോടു പള്ളി വികാരിയായിരുന്ന തടത്തില്‍ ബ. ജോണച്ചന്‍റെ പരിശ്രമത്താല്‍ സ്ഥാപിതമായി.
1961 സെപ്തംബര്‍ 14 ലെ സ്റ്റേ അനുസരിച്ച് ഏതാണ്ട് 1500 ഏക്കര്‍ സ്ഥലം തദ്ദേശവാസികള്‍ക്കു വിട്ടുകിട്ടി. ശ്രീമാന്മാരായ പി. ടി. തോമസ്, കെ. എം. മത്തായി, ടി. എസ്. ജോണ്‍ എന്നീ നേതാക്കന്മാരുടെ സംഘടിതസമരമുന്നേറ്റത്തിലൂടെ നാട്ടുകാര്‍ ബലമായി കാടു കയ്യേറിയ തോടെയാണ് സ്ഥലം ഗവണ്‍മെന്‍റില്‍ നിന്നു വിട്ടുകിട്ടിയത്. അങ്ങനെ വനഭൂമി കൃഷിഭൂമിയായി മാറി; നെല്ലും റബറും കുരുമുളകും നിറഞ്ഞ നല്ല കൃഷിയിടങ്ങളായി. ക്രമേണ ഇവിടം ജനസാന്ദ്രപ്രദേശമായി.

കുരിശുപള്ളി
1972 ല്‍ റോഡുപുറമ്പോക്കിലുണ്ടായിരുന്ന എഴുന്നൂറോളം വീട്ടുകാരെ പാറമട, പനയ്ക്കച്ചിറ എന്നിവിടങ്ങളില്‍ 25 സെന്‍റുവീതം സ്ഥലം നല്‍കി അധിവസിപ്പിച്ചു. ഇങ്ങനെ കൊടുത്ത കൂട്ടത്തില്‍ പാറമടഭാഗത്ത് തടത്തേല്‍ ബ. ജോണച്ചന്‍റെ പരിശ്രമഫലമായി ഒന്നരയേക്കര്‍ സ്ഥലം ഗവണ്‍മെന്‍റില്‍നിന്നു വാങ്ങി. കോരുത്തോടുപള്ളി വികാരിയായെത്തിയ ഓണംകുളത്ത് ബ. ഗ്രിഗറി അച്ചന്‍റെ നേതൃത്വത്തില്‍ 1974 ല്‍ ഇവിടെ കുരിശുപള്ളി സ്ഥാപിച്ച് ആദ്യദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും കുര്‍ബാന ചൊല്ലിപ്പോന്നു.

ഇടവക, പള്ളി, പള്ളിമുറി
കോരൂത്തോട് പള്ളി വികാരി തെക്കേല്‍ ബ. ജോസച്ചന്‍ 1995 ല്‍ പാറമടയിലെ അരയേക്കര്‍ സ്ഥലം വിറ്റ് മടുക്കറോഡിനു മുകളില്‍ അരയേക്കര്‍ സ്ഥലം വാങ്ങി. പള്ളിപണിക്ക് ഈ സ്ഥലം പര്യാപ്തമല്ലാതിരുന്നതിനാല്‍ അടുത്തുകിടന്ന 60 സെന്‍റു സ്ഥലവും പട്ടയമുള്ള 50 സെന്‍റു സ്ഥലവും കൂടി വാങ്ങി. ഇവിടെ 1995-97 ല്‍ പള്ളിയും സങ്കീര്‍ത്തിക്കു മുകളിലായി പള്ളിമുറിയും പണിതു. പള്ളിയുടെ കൂദാശ മാര്‍ മാത്യു വട്ടക്കുഴി 1997 സെപ്റ്റംബര്‍ 15 നു നിര്‍വഹിച്ചു. അന്നുതന്നെ ഇടവകയായി ഉയര്‍ത്തപ്പെട്ടു.

ബഹുമാനപ്പെട്ട വികാരിമാര്‍
തലപ്പള്ളിയായ കോരുത്തോടിന്‍റെ വികാരി തെക്കേല്‍ ബ. ജോസച്ചന്‍ പ്രഥമ വികാരിയായി. 1999 ഫെബ്രുവരി 3 മുതല്‍ പാലയ്ക്കല്‍ ബ. തോമസച്ചന്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

സ്ഥാപനം
മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിന്‍റെ മഠം 1977 ല്‍ പനയ്ക്കച്ചിറയില്‍ സ്ഥാപിതമായി. ഇവരുടെ ശക്തമായ നേതൃത്വത്തില്‍ ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സമാരംഭിച്ചു.
മാതൃദീപ്തി, പിതൃവേദി, യുവദീപ്തി, മിഷന്‍ലീഗ് എന്നീ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

സ്ഥലവിശദാംശം
ഗവണ്‍മെന്‍റില്‍നിന്ന് 1972 ല്‍ വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലവും 1974 ല്‍ മാമ്പുഴയ്ക്കല്‍ ബ. സെബാസ്റ്റ്യന്‍ സി. എം. ഐയുടെ കാലത്തു വാങ്ങിയ ഒരേക്കര്‍ 30 സെന്‍റു സ്ഥലവും തെക്കേല്‍ ബ. ജോസച്ചന്‍റെ കാലത്തുവാങ്ങിയ ഒരേക്കര്‍ 60 സെന്‍റ് സ്ഥലവുമാണ് പള്ളിക്കുള്ളത്.

സ്ഥിതിവിവരം
ഇടവകയെ 14 കുടുംബക്കൂട്ടാ യ്മകളായി തിരിച്ചിരിക്കുന്നു. 258 കുടുംബങ്ങളിലായി 1136 കത്തോലിക്കരുണ്ട്. ഇതര കത്തോലിക്കാ വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങള്‍ : ലത്തീന്‍ – 42, മലങ്കര – 5, ഇതരസഭാസമൂഹത്തില്‍പ്പെട്ട ക്രൈസ്തവകുടുംബങ്ങള്‍ : യാക്കോബായ – 18, പ്രൊട്ടസ്റ്റന്‍റ് – 12, യഹോവ – 14, സി. എസ്. ഐ. – 27. അക്രൈസ്തവ കുടുംബങ്ങള്‍ : ഹിന്ദുക്കള്‍ – 3, മുസ്ലീങ്ങള്‍ – 66.
ഇവിടെനിന്നു രണ്ടു വൈദികന്മാരും പതിനൊന്നു സന്യാസിനികളും സഭാസേവനം ചെയ്യുന്നു.രണ്ടു വൈദികാര്‍ഥികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഹ്രസ്വകാലചരിത്രം മാത്രമുള്ള മടുക്ക ഇടവകയ്ക്കു നാടിന്‍റെ സാമൂഹിക-സാംസ്കാരിക വികസനത്തില്‍ ഒട്ടേറെ പങ്കുവഹി ക്കാനും സ്വാധീനം ചെലുത്താനുമുണ്ട്. കത്തോലിക്കരെക്കാള്‍ മറ്റു മതസ്ഥര്‍ ഇവിടെയുള്ളതിനാല്‍ സമൂഹത്തിലെ സുപ്രധാന പ്രസ്ഥാനമായി ഇടവക ഇനിയും മാറിയിട്ടില്ലെന്നു പറയാം. എങ്കിലും അജപാലകരുടെയും സന്യസ്തരുടെയും നിസ്തുല സേവനവും ജീവകാരുണ്യപ്രവര്‍ത്ത നങ്ങളും നാടിനെ ചൈതന്യവത്താ ക്കുന്നു.