Kanayankavayal St. Mary

Kanayankavayal – 685 532

04869 – 288169

Vicar: Rev. Fr. Mathew Valliparambil

Cell: 8547 1807 04

പുരാണകഥയുടെ പരിവേഷമണിഞ്ഞ കുടിയേറ്റഗ്രാമമാണിത്. ഭീമസേനന്‍ ഉയര്‍ത്തിവച്ച പടുകൂറ്റന്‍ പാറക്കെട്ടും പാഞ്ചാലിമേടും കുളവുമൊക്കെ ഐതിഹ്യസാക്ഷ്യങ്ങളായി ഗ്രാമത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. രാജഭരണകാലത്തു രാജകുടുംബശാഖയായ വഞ്ഞിപ്പുഴമഠം വകയായിരുന്നു ഈ പ്രദേശം. ഈന്തും ഈന്തങ്ങയും സമൃദ്ധമായിരുന്നു. അങ്ങനെ څകണങ്കാچ (ഈന്തങ്ങ) വിളയുന്ന څസമതലംچ കണയങ്കാവയലും പിന്നീടിതു കണയങ്കവയലുമായി.
കിഴക്കന്‍ കരിമണ്ണില്‍ ആകൃഷ്ടരായി, ഹൈറേഞ്ചു കുടിയേറ്റം ഹരമാക്കി, വെല്ലുവിളികളെന്തും നേരിടാന്‍ തയ്യാറായി ഇറങ്ങിയ കഠിനാധ്വാനികള്‍ 1940 ല്‍ ഇവിടെ കുടിയേറി. പാലമ്പ്രയിലെ കല്ലുപറമ്പില്‍ തറവാട്ടുകാരണവരായിരുന്നു ഇവരില്‍ പ്രഥമന്‍. മണ്ണിനോടു മല്ലടിച്ചും കാട്ടുമൃഗങ്ങളോടു പൊരുതിയും ജീവിച്ച കര്‍ഷകമക്കള്‍ക്കു പ്രാര്‍ഥനയും ദിവ്യബലിയുമായിരുന്നു കര്‍മത്തിനുള്ള കരുത്തേകിയത്.

ദൈവാലയം
കല്ലുപറമ്പില്‍ ശ്രീ കൊച്ചുദേവസ്യായുടെ ഭവനമിരിക്കുന്നിടത്ത് അന്നുണ്ടായിരുന്ന ഷെഡ്ഡില്‍ കോടിക്കുളത്ത് ബ. മത്തായിയച്ചന്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് കരിമ്പനാല്‍ ശ്രീ അബ്രഹാം പണിയിച്ച താല്കാലിക ദൈവാലയത്തില്‍ പെരുവന്താനം പള്ളി വികാരി പുത്തന്‍പറമ്പില്‍ ബ. ഗീവര്‍ഗീസച്ചന്‍ മാസത്തിലൊരിക്കല്‍ ദിവ്യബലിയര്‍പ്പിച്ചുപോന്നു. ഹൈറേഞ്ചിന്‍റെ മിഷനറിയായിരുന്ന പുല്‍പ്പറമ്പില്‍ ബ. ശൗര്യാരച്ചനും ഇവിടെവന്നു ബലിയര്‍പ്പിച്ചിരുന്നു. പുത്തന്‍പറമ്പില്‍ ബ. ഗീവര്‍ഗീസച്ചന്‍റെ ശ്രമഫലമായി പെരുവന്താനം ഇടവകയുടെ ഭാഗമായിരുന്ന കണയങ്കവയല്‍ 1954 ജനുവരി 19 ന് ഇടവകയായി. ജനുവരി 30 ന് ഏറത്തേടത്ത് ബ. ജേക്കബച്ചന്‍ പ്രഥമവികാരിയായി. കരിമ്പനാല്‍ ശ്രീ കെ. റ്റി. അബ്രഹാമും സഹോദരങ്ങളുംകൂടി 30 ഏക്കര്‍ സ്ഥലം പള്ളിക്കു സംഭാവന നല്‍കി. പള്ളിയും പള്ളിമുറിയും പണിയിച്ചു നല്‍കിയതും ഇവര്‍തന്നെ. 1978 ഒക്ടോബറില്‍ ഒരാഴ്ചക്കാലത്തെ പരിപാടികളോടെ ഇടവകയുടെ രജതജൂബിലി കൊണ്ടാടി.

പുതിയ പള്ളിയും പള്ളിമുറിയും
പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ കാലത്ത് 1980 ല്‍ മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. മാര്‍ മാത്യു വട്ടക്കുഴി 1990 ഫെബ്രുവരി 3 നു പുതിയപള്ളി കൂദാശ ചെയ്തു. മുണ്ടാട്ട് ബ. തോമസച്ചന്‍റെ കാലത്ത് 1996 ജൂണ്‍ 12 നു പുതിയ പള്ളിമുറിക്കു തറക്കല്ലിട്ടു. വളരെ വേഗത്തില്‍ പണിതീര്‍ത്ത് 1996 ഡിസംബര്‍ 21 ന് ഇത് ആശീര്‍വദിച്ചു.

ബഹുമാനപ്പെട്ട വികാരിമാര്‍
ജേക്കബ് ഏറത്തേടം (1954-60),എബ്രാഹം പുല്ലുകാട്ട് (1960-62), തോമസ് ആര്യമണ്ണില്‍ (1962-66), സേവ്യര്‍ കുന്നില്‍പ്പറമ്പില്‍ (1966-69), എമ്മാനുവേല്‍ മങ്കത്താനം(1969), ലൂക്ക് തോണക്കരപ്പാറ (1969-70), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1970 ഏപ്രില്‍- ജൂണ്‍), മാത്യു ചിറയില്‍ (1970-71), ജോസഫ് തോട്ടുപുറം (1971-73), ജോസഫ് ചെരുവില്‍ ( 1973-76), ജയിംസ് ഏലിയാസ് സി. എം. ഐ. (1976-79), തോമസ് പീലിയാനിക്കല്‍ (1979-91), സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (1991-93), തോമസ് മുണ്ടാട്ട് (1993-99), മാത്യു ചേരോലിക്കല്‍ (1999 – ).

അസ്തേന്തിമാര്‍
മാത്യു ചെറുതാനിക്കല്‍ (1971), ചാക്കോ കൂരമറ്റം (1973), പീറ്റര്‍ മേസ്തിരിപ്പറമ്പില്‍ (1993 ജനു. – ഫെബ്രു.), തോമസ് വലിയപറമ്പില്‍ (1993 ഫെബ്രു.- 1993 ഏപ്രില്‍).

സ്ഥാപനങ്ങള്‍
1956 ല്‍ എല്‍. പി. സ്കൂളും 1974 ല്‍ ഗവ. യു. പി. സ്കൂളും സ്ഥാപിതമായി. ചെരുവില്‍ ബ. ജോസഫച്ചന്‍റെയും നാട്ടുകാരുടെയും ശ്രമഫലമായി പണിത ഗവ. യൂ.പി. സ്കൂള്‍ കെട്ടിടം 1975 സെപ്തംബര്‍ 3 ന് ഉദ്ഘാടനം ചെയ്തു. 1981 ല്‍ പീലിയാനിക്കല്‍ ബ. തോമസച്ചന്‍റെ കാലത്തു ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്ഥാപിതമായി. 1993 ല്‍ പള്ളിവകയായി പാരലല്‍ കോളജ് ആരംഭിച്ചു. 1999 സിഡംബര്‍ 8 ന് എല്‍. പി.സ്കൂളിന്‍റെ പുതിയ കെട്ടിടത്തിനു പ്രോട്ടോസിന്‍ചെല്ലൂസ് ഏറ്റം ബ. തൊമ്മിത്താഴെ ജോണച്ചന്‍ തറക്കല്ലിട്ടു.

തിരുഹൃദയമഠം, നഴ്സറി സ്കൂള്‍
തിരുഹൃദയമഠം 1958 മേയ് 31 ന് സ്ഥാപിതമായി. മഠം പണിയുന്നതിനാവശ്യമായ രണ്ടേക്കര്‍സ്ഥലം ഇടവക സംഭാവന ചെയ്തതാണ്. ഇവരുടെ വകയായി നഴ്സറി സ്കൂള്‍ 1974 മുതല്‍ പ്രവര്‍ത്തിക്കുന്നു.

സ്ഥിതിവിവരം
പതിനെട്ടു കുടുംബക്കൂട്ടായ്മ കളിലായി 301 കത്തോലിക്കാകുടുംബങ്ങളും 1470 കത്തോലിക്കരും ഇവിടെ ഉണ്ട്. അഞ്ചു വൈദികന്മാരും 33 സന്യാസിനികളും ശുശ്രൂഷ ചെയ്യുന്നു. ഒന്‍പതു വൈദികസന്യാസാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നേടുന്നുണ്ട്.

കുരിശുപള്ളികള്‍
ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് 1953 ല്‍ത്തന്നെ കൊയിനാട്ട് കുരിശുപള്ളിയുണ്ടായിരുന്നു. പുതുക്കിപ്പണിത കുരിശുപള്ളി മാര്‍ മാത്യു വട്ടക്കുഴി 1997 ഏപ്രില്‍ 27 നു വെഞ്ചരിച്ചു. ഇതിനുള്ള 25 സെന്‍റ് സ്ഥലം ദാനം ചെയ്തതു കൊച്ചുപൂവത്തുംമൂട്ടില്‍ ശ്രീ പൈലോ ജോസഫാണ്. 1956 ല്‍ പുറക്കയത്തു സ്ഥാപിക്കപ്പെട്ട കുരിശുപള്ളി 1991 ഫെബ്രുവരി 12 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. സേക്രട്ട് ഹാര്‍ട്ട്, സെന്‍റ് മേരീസ് കുരിശടികള്‍ 1978 ഒക്ടോബര്‍ 28 ന് ആശീര്‍വദിക്കപ്പെട്ടു. സെന്‍റ് മേരീസ് കുരിശടി 1999 ല്‍ പുതുക്കിപ്പണിയിച്ചിട്ടുണ്ട്.
ഇടവകസ്ഥാപിതമായ 1954 ല്‍ പാഞ്ചാലിമേട്ടില്‍ കുരിശു സ്ഥാപിച്ചിരുന്നു. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശുമലയിലേക്കു കുരിശിന്‍റെ വഴി നടത്തിപ്പോരുന്നു.

സംഘടനകള്‍
മിഷന്‍ലീഗും മരിയന്‍ സൊഡാലിറ്റിയും 1975 ലും സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം 1983 ലും ഫ്രാന്‍സിസ്കന്‍ അത്മായസഭ 1963 ലും യുവദീപ്തി 1972 ലും പ്രവര്‍ത്തിച്ചു തുടങ്ങി.

വികസനം
സഹൃദയഗ്രന്ഥശാല 1964 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിനായി 10 സെന്‍റു സ്ഥലം ഇടവക ദാനം ചെയ്തു. 1972 ജൂലൈ 3 നു തിരുഹൃദയ ഡിസ്പെന്‍സറി സ്ഥാപിതമായി. 1993 ല്‍ ഹോമിയോ ഡിസ്പെന്‍സറിക്ക് 25 സെന്‍റ് സ്ഥലം ഇടവക ദാനം ചെയ്തു. ക്ഷീരോല്പാദകസംഘം 1978 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിന്‍റെ കെട്ടിടത്തിനും മറ്റുമായി പള്ളി 5 സെന്‍റ് സ്ഥലം നല്‍കി. ഇടവകക്കാരുടെ നിരന്തര നിവേദനഫലമായി 1976 ജൂണ്‍ 25 നു തപാലാപ്പീസ് ആരംഭിച്ചു. 1983 മുതല്‍ 88 വരെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ഇടവകയുടെ നേതൃത്വത്തില്‍ 158 കുടുംബങ്ങള്‍ക്കു ഭവനം നിര്‍മിച്ചു നല്‍കി.
മുറിഞ്ഞപുഴയില്‍ നിന്നു പൊട്ടക്കണ്ണിക്കൊക്ക വഴിയുള്ള നടപ്പുവഴി മാത്രമായിരുന്നു ആദ്യകാലത്തു യാത്രാമാര്‍ഗ്ഗം. ചെറുവള്ളിക്കുളം കവലവരെ കരിമ്പനാല്‍ക്കാര്‍ പണിത സ്വകാര്യറോഡിലേക്ക് കണയങ്കവയല്‍റോഡു ബന്ധിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. എന്നാല്‍ ഒട്ടേറെ പ്രതിബന്ധങ്ങളുണ്ടായി. മുറിഞ്ഞപുഴ-കണയങ്കവയല്‍ റോഡിന്‍റെ വികസനത്തിനുവേണ്ടി അറസ്റ്റുവരിക്കാനും കോടതി കയറാനും നാട്ടുകാര്‍ക്ക് ഇടവന്നിട്ടുണ്ട്. ഇതിന്‍റെ സ്മാരകമെന്നോണം ഇവരെ അറസ്റ്റു ചെയ്തുകൊണ്ടുപോയ സ്ഥലം പോലീസ് വളവ്  എന്ന് ഇന്നുമറിയപ്പെടുന്നു.
കണയങ്കവയല്‍ പ്രദേശത്തിന്‍റെ വികസനചരിത്രത്തില്‍ ഏറത്തേടത്ത് ബ. ജേക്കബച്ചനും പീലിയാനിക്കല്‍ ബ. തോമസച്ചനും അവിസ്മരണീയരാണ്. എല്‍. പി. സ്കൂളും മഠവും മുറിഞ്ഞപുഴയ്ക്കും പുറക്കയത്തിനുമുള്ള റോഡുകളും ബ. ഏറത്തേടത്തച്ചന്‍റെ കാലത്തെ നേട്ടങ്ങളാണ്. വികസന ഏജന്‍സികളുടെ സഹായഹസ്തം മുറിഞ്ഞപുഴയില്‍ എത്തിച്ചും നവീന ദൈവാലയം നിര്‍മിച്ചും ബ. പീലിയാനിക്കലച്ചന്‍ നാടിനെ പുരോഗതിയിലേക്കു നയിച്ചു.