Kumily-Attapallam St. Thomas

Attappallam – 685 509

04869 – 222091

Vicar: Rev. Dr. Thomas Poovathanikunnel

Cell: 944 616 6574

poovathanikunnel@gmail.com

Click here to go the Church

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 70 കിലോമീറ്റര്‍ കിഴക്കുള്ള കുമളിയിലേക്ക് പാലാ, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ എന്നിവിടങ്ങളില്‍നിന്ന് 1940 മുതല്‍ കുടിയേറ്റം നടന്നു. രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം നെല്‍ക്കൃഷിക്കു യോജിച്ച അട്ടപ്പള്ളം, അണക്കര പ്രദേശങ്ങളിലേക്കു കുടിയേറാന്‍ നസ്രാണിക്കുടുംബങ്ങളെ പ്രേരിപ്പിച്ചു. വാണിയിടത്ത്, മേട്ടേല്‍, വളയത്തില്‍ എന്നീ കുടുംബങ്ങളായിരുന്നു ആദ്യമായി വന്നവര്‍. അന്ന് ഇവിടേക്കുള്ള യാത്ര ദുഷ്ക്കരമായിരുന്നു. കേരളാതമിഴ്നാട് അതിര്‍ത്തിയായതുകൊണ്ടും ഈ പ്രദേശങ്ങള്‍ ഏലം കൃഷിക്കനുയോജ്യമായതിനാലും 1980 മുതല്‍ തേക്കടി വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതുകൊണ്ടും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായി ഈ സ്ഥലം അഭിവൃദ്ധിപ്പെട്ടു. ഇന്നത്തെ തേക്കടിക്കവല അന്ന് څആനവാച്ചാല്‍چ എന്നാണറിയപ്പെട്ടിരുന്നത്. ഇവിടെ അന്നു ലത്തീന്‍പള്ളി ഉണ്ടായിരുന്നു. മൂപ്പച്ചന്മാര്‍ (യൂറോപ്യന്‍ മിഷനറിമാര്‍) ഇവിടെവന്ന് ബലിയര്‍പ്പിച്ചിരുന്നു. കുടിയേറ്റക്കാരില്‍ സുറിയാനിക്കാരായിരുന്നു ഭൂരിപക്ഷമെങ്കിലും സ്വന്തമായി ആരാധനാലയമില്ലാതിരുന്നതിനാല്‍ ലത്തീന്‍ പള്ളിയില്‍ ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നു.

ദൈവാലയസ്ഥാപനം
ചങ്ങനാശേരി രൂപതാംഗമായ ബ. പാട്ടത്തിലച്ചന്‍ 1950 ല്‍ വളയത്തില്‍ ശ്രീ പോപ്പുചേട്ടന്‍റെ വീട്ടിലെത്തി വിശ്വാസികളോടൊത്ത് ആദ്യമായി ബലിയര്‍പ്പിച്ചു. പാലാ രൂപതാംഗമായ ഇളംതുരുത്തിയില്‍ ബ. സെബാസ്റ്റ്യനച്ചന്‍ 66-ാം മൈലിലുള്ള ഇടയ്ക്കാട്ട് ശ്രീ ജോസഫിന്‍റെ വീട്ടിലെത്തി 1951 ജൂണ്‍ 22 നു കുര്‍ബാന ചൊല്ലി. തുടര്‍ന്ന് ഞായറാഴ്ചതോറും വീടുകളില്‍ ബലിയര്‍പ്പിച്ചുപോന്നു. പൂവത്തുങ്കല്‍ ശ്രീ കുട്ടിച്ചേട്ടന്‍ ദാനം ചെയ്ത അട്ടപ്പള്ളം കണ്ടത്തില്‍ വിശ്വാസികള്‍ താല്ക്കാലിക ഷെഡ്ഡുണ്ടാക്കി. ഇളംതുരുത്തിയില്‍ ബ. സെബാസ്റ്റ്യനച്ചന്‍ ഇവിടെ ബലിയര്‍പ്പണം തുടര്‍ന്നു. ദൈവാലയസ്ഥാപനത്തിന് 1952 ല്‍ അനുമതി കിട്ടി. കുമളി ഇടവക പാലാ രൂപതയുടെ കീഴിലായിരുന്നതിനാല്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലാണ് അനുമതി നല്കിയത്. പിന്നീട് ചങ്ങനാശേരി – പാലാ രൂപതകളുടെ അതിര്‍ത്തി നിശ്ചയിച്ചപ്പോള്‍ കുമളി ചങ്ങനാശേരി രൂപതയുടെ പരിധിയിലായി. പൊട്ടനാനിക്കല്‍ ബ. ജേക്കബച്ചനാണ് പള്ളിക്കുവേണ്ടി 1954 ല്‍ സ്ഥലം വാങ്ങി വലിയ ഷെഡ്ഡു പണികഴിപ്പിച്ചത്. തുടര്‍ന്നെത്തിയ പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് അയ്യപ്പന്‍കോവിലില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ അമരാവതിയില്‍ കുടിയിരുത്തപ്പെട്ടു. അവര്‍ക്കുവേണ്ടി ചങ്ങനാശേരി രൂപതയുടെയും കെ.പി.സി.സിയുടെയും ഷെയറായി ആദ്യത്തെ സര്‍വീസ് ബാങ്കു രൂപവത്കൃതമായി. ഇതു ജനങ്ങള്‍ക്കു വളരെ ഉപകാരം ചെയ്തു.

നവീനദൈവാലയം
ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന കളംചെത്തിമേട്ടില്‍ 1965 ല്‍ രൂപതയുടെ സഹായത്തോടെ സ്ഥലം വാങ്ങിച്ചു. 1970 മേയ് 24 ന് ഇവിടെ സണ്‍ഡേസ്കൂള്‍ കെട്ടിടത്തിന് മാര്‍ ആന്‍റണി പടിയറ ശില സ്ഥാപിച്ചു. രണ്ടുവര്‍ഷം കൊണ്ടു പണിതീര്‍ന്ന കെട്ടിടം മാര്‍ ജോസഫ് പവ്വത്തില്‍ 1972 മാര്‍ച്ച് 15 നു വെഞ്ചരിച്ചു. അന്നേദിവസംതന്നെ നവീനദൈവാലയത്തിനുള്ള ശില സ്ഥാപിച്ചു.
അട്ടപ്പള്ളം കണ്ടത്തില്‍ ബലിയര്‍പ്പണത്തിനു പയോഗിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡ് 1972 ജനുവരി 24 നു പൊളിച്ചു കൊണ്ടുവന്ന് കളംചെത്തിമേട്ടില്‍ ഷെഡ്ഡു തീര്‍ത്തു. ജനുവരി 30 ന് ഇവിടെ ആഘോഷമായ ബലിയര്‍പ്പിച്ചു.
1974 നവംബര്‍ 14 ന് ആരംഭിച്ച ദൈവാലയനിര്‍മാണം 1977 ല്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് പവ്വത്തില്‍ 1977 മേയ് 5 നു പള്ളി കൂദാശ ചെയ്തു. ഇതോടനുബന്ധിച്ച് മേയ് 5 മുതല്‍ 8 വരെ ഇടവകയുടെ രജതജൂബിലി ആഘോഷിച്ചു. ജൂബിലിസ്മാരകമായി ഒന്നാം മൈലില്‍ നിര്‍മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നിര്‍വഹിച്ചു.

വൈദികമന്ദിരം
കണ്ണംപള്ളി ബ. തോമസച്ചന്‍റെ കാലത്ത് 1971-73 കാലഘട്ടത്തില്‍ പള്ളിമുറിയുടെ പണിതീര്‍ത്തു.
സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍ (1952 – 54 ), ജോസഫ് ഇല്ലിക്കല്‍ (1954 ജനു. – ഫെബ്രു.), ജേക്കബ് പൊട്ടനാനി (1954 – 55), ജോര്‍ജ് പുത്തന്‍പറമ്പില്‍ (1955 – 67 ), തോമസ് കുമ്പുക്കാട്ട് (1967 – 70), തോമസ് കണ്ണംപള്ളി (1970 – 77), ആന്‍റണി താന്നിക്കല്‍ (1977 – 82 ), ജോസ് തെക്കേല്‍ (1982 – 89 ), ജോസ് മാറാമറ്റം (1989 – 91), തോമസ് ഈറ്റോലില്‍ (1991 – 95 ), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1995 – 98), അഗസ്റ്റിന്‍ നെല്ലിയാനി (1998 മാര്‍ച്ച് -).

അസ്തേന്തിമാര്‍
ജോസഫ് കണികതോട്ട് (1978 – 80), ജോര്‍ജ് ആലുങ്കല്‍ (1980 ജനു.- മാര്‍ച്ച്), പീറ്റര്‍ വട്ടപ്പാറ എം. എസ്. റ്റി. (1980 – 81), ജോസ് കടപ്രായില്‍ എം. എസ്. റ്റി. (1981 – 82), ജോര്‍ജ് ളാനിത്തോട്ടം സി.എം.എഫ്. (1982 – 83), സേവ്യര്‍ വടക്കേമണ്ഡപത്ത് സി.എം.എഫ്. (1983 – 84 ), തോമസ് ഒട്ടലാങ്കല്‍ സി.എം.എഫ്. (1985 – 86), ജയിംസ് തെക്കുംചേരിക്കുന്നേല്‍ (1987 -88), ജോര്‍ജ് തെള്ളിയാങ്കല്‍ (1988 – 89), സണ്ണി മണിയാക്കുപാറ (1989 – 90), ജോസ് വള്ളിയാംതടത്തില്‍ സി.എം.എഫ്. (1991 – 92 ), ജോര്‍ജ് പന്തലാനി സി.എം.എഫ്. (1992 – 93), ജോര്‍ജ് കാപ്പിലിപ്പറമ്പില്‍ (1993 – 95), ഫ്രാന്‍സിസ് വാലുമണ്ണേല്‍ (1995 – 97), ഡോമിനിക്ക് അയലൂപ്പറമ്പില്‍ (1997 ജൂലൈ – നവം.), മാത്യു കല്ലറയ്ക്കല്‍ (1997 – 99 ), സില്‍വാനോസ് മഠത്തിനകം (1999 – ).

സ്ഥാപനങ്ങള്‍
ആരാധന മഠം (1978), എസ്.എം.എം.ഐ. (1992), എസ്.ഡി. കോണ്‍വെന്‍റ് (1998) എന്നീ സന്യാസിനീ ഭവനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
താന്നിക്കല്‍ ബ. ആന്‍റണി അച്ചന്‍ വികാരിയായിരിക്കുമ്പോള്‍ ഇംഗ്ലീഷ് മീഡിയം (നഴ്സറി, പ്രൈമറി, അപ്പര്‍ പ്രൈമറി) സ്കൂളുകള്‍ 1978 ലും സെന്‍റ് തോമസ് പാരലല്‍ കോളജ് 1979 ലും ആരംഭിച്ചു. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന് 1996 ല്‍ അനുവാദം ലഭിച്ചത് കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെ പരിശ്രമഫലമായാണ്. അസീസി ‘സ്നേഹാശ്രമം’ 2000 ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ പ്രസ്ഥാനത്തിന് ഒരേക്കര്‍ 75 സെന്‍റ് സ്ഥലം ആശാരിപ്പറമ്പില്‍ ബ. തോമസച്ചന്‍ ദാനം ചെയ്തു.

കുരിശുപള്ളികള്‍
അമരാവതി, ശാന്തിഗിരി, നസ്രാണിപുരം ഇടവകകള്‍ കുമളിയുടെ കുരിശുപള്ളികളായിരുന്നു. ചെളിമട കപ്പേള 1969 ലും ഒന്നാം മൈലിലെ കപ്പേള 1977 ലും മുരിക്കടി കുരിശുപള്ളി 1998 ലും സ്ഥാപിതമായി.

കുടുംബങ്ങള്‍, ദൈവവിളി
ഇടവകയില്‍ 30 കുടുംബക്കൂട്ടായ്മകളിലായി 538 കുടുംബങ്ങളും 3469 കത്തോലിക്കരുമുണ്ട്. ഇതര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍: ലത്തീന്‍ – 186, മലങ്കര – 111, ക്നാനായ – 20, യാക്കോബായ – 76, ഹിന്ദു – 905, മുസ്ലീം – 199.
ഇവിടെനിന്നു മൂന്നു വൈദികന്മാരും 22 സന്യാസിനികളും ദൈവജനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വിവിധ ഭക്ത സംഘടനകളും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍
കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് ഷോപ്പിംഗ് കോംപ്ലക്സും സ്കൂള്‍ ഗ്രൗണ്ടും നിര്‍മിച്ചു. ഒന്നാം മൈല്‍ – കട്ടപ്പന എം. എല്‍. എ. റോഡു നിര്‍മാണത്തിനു താന്നിക്കല്‍ ബ. ആന്‍റണിയച്ചനും, ഒന്നാം മൈല്‍ ചെളിമട റോഡു പുനര്‍ നിര്‍മാണത്തിനു നെല്ലിയാനി ബ. അഗസ്റ്റിനച്ചനും നേതൃത്വം നല്കി. കത്തോലിക്കാകോണ്‍ഗ്രസിന്‍റെ വജ്ര ജൂബിലിയാഘോഷം 1978 ഏപ്രിലില്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. അമരാവതിയില്‍ 1961 ല്‍ കുടിയിരുത്തപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രശംസനീയമായിരുന്നു. 1977 മുതല്‍ 78 വരെ അമരാവതി സര്‍ക്കാര്‍സ്കൂള്‍ ഇടവകയുടെ പാരിഷ്ഹാളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നാടിന്‍റെ സമഗ്രവികസനത്തിനു കുമളി ഇടവക നിരവധി സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇവിടുത്തെ ടൂറിസം മേഖലയുടെയും വ്യവസായവാണിജ്യ മേഖലകളുടെയും വികസനസാധ്യതകള്‍ കണക്കിലെടുത്ത് ആത്മീയവും ഭൗതികവുമായ നവീന പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ ഇടവകയ്ക്കു സാധിക്കുന്നുണ്ട്.