Koratty New St. Joseph

Kuruvamoozhy – 686 509

04828 – 210417

Vicar: Rev. Fr. Jacob Chathanattu

Cell:

Click here to go to the Church

ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് ഇദ്ദേശവാസികള്‍ താമരക്കുന്ന്, തരകനാട്ടുകുന്ന്, പഴയകൊരട്ടി ഇടവകകളിലാണ് ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. എന്നാല്‍ നാട്ടില്‍ത്തന്നെ ദൈവാലയം ഉണ്ടാകണമെന്ന അദമ്യമായ ആഗ്രഹം വിശ്വാസികളിലുണ്ടായി. ഇഞ്ചത്താനം, കൊരട്ടി, കുറുവാമൂഴി ഭാഗങ്ങളിലുള്ള 251 പേര്‍ ഒത്തുചേര്‍ന്ന് 1949 മാര്‍ച്ച് 12 നു മാര്‍ ജയിംസ് കാളാശേരി മെത്രാന് അപേക്ഷ നല്‍കി. 1949 ഫെബ്രു. 16 നു ഗവണ്‍മെന്‍റില്‍ നിന്ന് അനുവാദം കിട്ടി. കരിപ്പാപ്പറമ്പില്‍ ശ്രീമതി ഫിലോമിനാ ഡോമിനിക് നല്‍കിയ ഇഞ്ചത്താനത്തെ ഒരേക്കര്‍ സ്ഥലത്തു വിശ്വാസികളൊത്തു ചേര്‍ന്നു ഷെഡ്ഡു പണിതു. 1949 മാര്‍ച്ച് 31 നു ചിറക്കടവു പള്ളി വികാരി ആലുങ്കല്‍ ബ. ജോസഫച്ചന്‍ ഇവിടെ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നു ചിറക്കടവില്‍നിന്നു വൈദികന്മാരെത്തി ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നു. ഇഞ്ചത്താനം പള്ളി 1949 ഓഗസ്റ്റ് 15 ന് ഇടവകയാക്കപ്പെട്ടു.

ഇഞ്ചത്താനം പള്ളി
ഇഞ്ചത്താനത്തു സ്ഥാപിതമായ പള്ളിയുടെ പ്രഥമവികാരിയായി 1949 ഒക്ടോ. 15-ാം തീയതി ചിറക്കടവ് ഇടവകാംഗം മണ്ണംപ്ലാക്കല്‍ ബ. തോമസച്ചന്‍ നിയമിതനായി. വി. സെബസ്റ്റ്യാനോസിന്‍റെ നാമത്തിലുള്ള ആദ്യത്തെ തിരുനാള്‍ 1951 ജനുവരി ഒന്നാം ഞായറാഴ്ച നടത്തപ്പെട്ടു. 1951 ജൂണ്‍ 29 മുതല്‍ പഴയകൊരട്ടി വികാരി ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍ ഞായറാഴ്ചകളില്‍ ഇവിടെയെത്തി കുര്‍ബാനയര്‍പ്പിക്കുകയും ഇതര ആത്മീയശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.

നവീനദൈവാലയം
ഇഞ്ചത്താനത്തെക്കാള്‍ സൗകര്യപ്രദമായ സ്ഥലത്തേക്കു പള്ളി മാറ്റി സ്ഥാപിക്കണമെന്നു ക്രാന്തദര്‍ശിയും പള്ളിപണിയില്‍ വിദഗ്ധനുമായ ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍ നിശ്ചയിച്ചു. കുറുവാമൂഴിയില്‍ പഴയ കൊരട്ടിവക എല്‍. പി. സ്കൂളിനടുത്തായി പള്ളി സ്ഥാപിക്കുന്നതിനു രണ്ടേക്കര്‍ സ്ഥലം കണ്ടെത്തി. 1952 സെപ്തം. 5 ന് അഭിവന്ദ്യപിതാവ് ഇതിനംഗീകാരം നല്കി. പള്ളിയിരിക്കുന്ന സ്ഥലത്തിന്‍റെ കൈവശാവകാശം ശ്രീ വി. കെ. മേനോന്‍ മദ്രാസ്, ശ്രീ രാമകൃഷ്ണപിള്ള ഇടക്കുന്നം, ശ്രീ കൃഷ്ണന്‍കുട്ടി മറ്റയ്ക്കാട്ട് എന്നിവരുടേ തായിരുന്നു; കുടിയേറ്റാവകാശം ഇടവകക്കാരായ വിശ്വാസികളുടേതും. പല പ്ലോട്ടുകളായി പലരുടെ കൈവശമിരുന്ന രണ്ടേക്കറിലധികം വരുന്ന സ്ഥലം പലപ്പോഴായി ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍ പള്ളിക്കും സ്കൂളിനുംവേണ്ടി ദാനമായി സമ്പാദിച്ചു.
1953 മേയ് 14 ന് മാര്‍ മാത്യു കാവുകാട്ട് ശില സ്ഥാപിച്ചതോടെ പള്ളി പണിയാരംഭിച്ചു. 1953 ഓഗസ്റ്റില്‍ തറയുടെ പണി പൂര്‍ത്തിയായി. അതോടൊപ്പം നാലുനിരകളിലായി കല്ലറയും സ്കൂള്‍ ഹാളും പണിതു. 1954 ല്‍ മേല്‍ക്കൂരയുടെ പണി പൂര്‍ത്തിയായി. 1954 ഒക്ടോ. 7-ാം തീയതി മാര്‍ മാത്യു കാവുകാട്ട് പള്ളി വെഞ്ചരിച്ച് ആദ്യമായി ബലിയര്‍പ്പിച്ചു. 1957 ല്‍ മുഖവാരം പണി പൂര്‍ത്തിയാക്കി. ഈ ദൈവാലയം അന്നു മുതല്‍ പുത്തന്‍കൊരട്ടി എന്നറിയപ്പെട്ടു തുടങ്ങി.

വൈദികമന്ദിരം
1956 ല്‍ പള്ളിമുറിയുടെ പണികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ച് ജൂണ്‍ മുതല്‍ ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍ താമസമാക്കി. ഇഞ്ചത്താനം പള്ളിയുടെ മേല്‍ക്കൂടാണു പള്ളിമുറിക്കു പയോഗിച്ചത്. 1969 ല്‍ ചൂരക്കാട്ടു ബ. സഖറിയാസച്ചന്‍ ഇതു പുതുക്കിപ്പണിതു.
പുതിയ പള്ളിമുറിക്കു കുമ്പുക്കാട്ട് ബ. തോമസച്ചന്‍ 1995 സെപ്തം. 25 നു ശില സ്ഥാപിച്ചു. 1997 ജനുവരി 18 നു പള്ളിമുറിയും പരിഷ്ക്കരിച്ചു പണിത മോണ്ടളവും മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോസഫ് ആലുങ്കല്‍ (1948), തോമസ് മണ്ണംപ്ലാക്കല്‍ (1948 – 51), തോമസ് ആയിത്തമറ്റം (1951 – 58), ജോസഫ് പുതിയാപറമ്പില്‍ (1958 – 64), ജോസഫ് കളരിപ്പറമ്പില്‍ (1964 – 65), ഡോമിനിക് പാലത്തുങ്കല്‍ (1965 – 69), സഖറിയാസ് ചൂരക്കാട്ട് (1969 – 72), ജോസഫ് തൂങ്കുഴി (1972 – 73), ജോര്‍ജ് പുത്തന്‍പറമ്പില്‍ (1973 – 76), ജോസഫ് കുരീക്കാട്ട് (1976 – 78), ജോസഫ് വട്ടക്കാട്ട് (1978 – 80), സെബാസ്റ്റ്യന്‍ ആറുപറ (1980 – 81), തോമസ് വീട്ടുവേലിക്കുന്നേല്‍ (1981 – 82), ജോസഫ് ഇല്ലിക്കല്‍ (1982), അലക്സാണ്ടര്‍ വയലുങ്കല്‍ (1982 – 84), വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ (1984), തോമസ് പുത്തന്‍പുരയ്ക്കല്‍ (1985 – 87), ജോസഫ് ഇരുപ്പക്കാട്ട് (1987 – 90), സെബാസ്റ്റ്യന്‍ വടക്കേക്കൊട്ടാരം (1990 – 95), തോമസ് കുമ്പുക്കാട്ട് (1995 – ).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോസഫ് തെക്കേവയലില്‍ (1999 – 2000), ജോസഫ് മുണ്ടയ്ക്കല്‍ (2000 – 2001), തോമസ് കിളിരൂപ്പറമ്പില്‍ (2001 -).

വികസനപ്രവര്‍ത്തനങ്ങള്‍
1972 – 73 ല്‍ തൂങ്കുഴിയില്‍ ബ. ജോസഫച്ചന്‍റെ കാലത്താണു പള്ളിനടകള്‍ കെട്ടിയത്. വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍റെ കാലത്ത് 1983 ല്‍ പള്ളിപ്പുരയിടത്തില്‍ ക്കൂടി യാത്രാസൗകര്യാര്‍ഥം റോഡുണ്ടാക്കുകയും സിമിത്തേരി മതില്‍ കെട്ടിയടവാക്കുകയും ചെയ്തു. ഇതിനാവശ്യമായ സ്ഥലം ഉറുമ്പേ നിരപ്പേല്‍ ശ്രീ അപ്രേം ദേവസ്യ നല്കി. ഇരുപ്പക്കാട്ട് ബ. ജോസഫച്ചന്‍റെ ശ്രമഫലമായി 1988 ല്‍ സിമിത്തേരിയോടു ചേര്‍ന്നു സ്റ്റേജു നിര്‍മിച്ചു.
1999 ജനുവരി 19 ന് മുപ്പതോളം കല്ലറകള്‍ ഇടവകജനത്തിന്‍റെ കൂട്ടായ ശ്രമഫലമായി പണിതു. 2000 ത്തില്‍ ആധുനിക സംവിധാനത്തോടുകൂടിയ സൗണ്ടു സിസ്റ്റവും 2001 ല്‍ ജനറേറ്ററും ഇടവകക്കാരുടെ സഹകരണ ഫലമായി പള്ളിക്കു മുതല്‍ക്കൂട്ടായി.
2000 – 2001 ല്‍ ഇടവകസ്ഥാപന ത്തിന്‍റെ സുവര്‍ണജൂബിലിയാഘോഷ ങ്ങള്‍ കൊണ്ടാടി. സ്മാരകമെന്നോണം അള്‍ത്താര പുതുക്കിപ്പണിതു കമനീയമാക്കി. ഇക്കാലത്തു പള്ളിക്കു ചുറ്റുമതില്‍ കെട്ടി.

സ്ഥാപനങ്ങള്‍
സ്കൂള്‍ : പഴയകൊരട്ടി ഇടവകയുടെ ഭാഗമായി 1930 ല്‍ സ്ഥാപിതമായതാണ് ഇപ്പോഴത്തെ സ്കൂള്‍. 1951 ലും 1964 ലും കെട്ടിടം വിപുലീകരിച്ചു. 1964 ല്‍ യൂ. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. ബ. ആറുപറയച്ചന്‍റെ കാലത്തു സ്കൂളിനു മുമ്പില്‍ മതില്‍കെട്ടി.
സാന്‍ ജോസ് ക്ലാരമഠം:
1985 മാര്‍ച്ച് 23 നു വടുതലക്കുന്നേല്‍ ശ്രീ ജോസഫ് വക്കനില്‍ നിന്നു ചെറിയ വീടുള്‍പ്പെടെ ഒന്നേകാലേക്കര്‍ സ്ഥലം ക്ലാരസഭക്കാര്‍ വാങ്ങി. 1985 ജൂണ്‍ 9 ന് മാര്‍ ജോസഫ് പവ്വത്തില്‍ ഇതു വെഞ്ചരിച്ചു.
1990 ഡിസംബര്‍ 14 നു മാര്‍ മാത്യു വട്ടക്കുഴി പുതിയഭവനം വെഞ്ചരിച്ചു. ഇവരുടെ നേതൃത്വത്തില്‍ നഴ്സറിസ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഹോം ഓഫ് ഹോസ്പിറ്റാലിറ്റി: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനീ സമൂഹം (എസ്.സി.ജെ.ജി.) 1993 നവംബര്‍ 3 നു മൂക്കിലിക്കാട്ട് ശ്രീ തോമാച്ചനില്‍ നിന്നു വീടും ഒമ്പതേക്കര്‍ സ്ഥലവും വിലയ്ക്കുവാങ്ങി. 1993 നവംബര്‍ 25 നു څഹോം ഓഫ് ഹോസ്പിറ്റാലിറ്റിچ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. അനാഥര്‍ക്കും രോഗികള്‍ക്കുമുള്ള പുതിയ കെട്ടിടത്തിന് 1995 ഒക്ടോബര്‍ 31 നു മാര്‍ മാത്യു വട്ടക്കുഴി ശില സ്ഥാപിച്ച് 1998 ഡിസംബര്‍ 1 നു വെഞ്ചരിച്ചു.

കുരിശടി
ഇടവകസ്ഥാപിതമായപ്പോള്‍ പള്ളിക്കു മുമ്പില്‍ കുരിശു സ്ഥാപിതമായിരുന്നു. 1973 നവംബര്‍ 1 നു ചിറയ്ക്കലകത്തു ചാക്കോ ദേവസ്യ സ്വന്തംചെലവില്‍ ഇവിടെ കുരിശടി നിര്‍മിച്ചു.

കുടുംബം, ദൈവവിളി
പതിനഞ്ചു കുടുംബകൂട്ടായ്മകള്‍ സജീവമാണിവിടെ. 239 ഭവനങ്ങളിലായി 1135 കത്തോലിക്കരുണ്ട്. ഏഴു വൈദികന്മാരും 29 സന്യാസിനികളും വിവിധസ്ഥലങ്ങളില്‍ സഭാശുശ്രൂഷ ചെയ്യുന്നു. രണ്ടു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.

ഇടവകയുടെ പരിധിക്കുള്ളിലുള്ള ഇതര ഭവനങ്ങള്‍ : ഹിന്ദുക്കള്‍-160, മുസ്ലീങ്ങള്‍ – 100, സി.എസ്.ഐ. – 44, യാക്കോബായ – 6.

സി.വൈ.എം.എ. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, യുവദീപ്തി, മിഷന്‍ലീഗ്, അള്‍ത്താരബാല സഖ്യം എന്നിവയാണു പ്രധാന സംഘടനകള്‍.

സ്ഥലവിശദാംശങ്ങള്‍
ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍റെ കാലത്തു ദൈവാലയ നിര്‍മാണത്തിനായി ഒട്ടേറെ സുമനസ്സുകള്‍ സ്ഥലം ദാനം ചെയ്തു. ഇടവകയ്ക്കു രണ്ടര ഏക്കറിലധികം സ്ഥലമുണ്ട്.