Kollamula Maria Goretti

Mukkoottuthara – 686 510

04735 – 264135, 263135

Vicar: Rev. Fr. Mathew Kallarackal

Cell: 974 415 4241

kallarackalm@gmail.com

Click here to go to the Church

രണ്ടാം ലോകമഹായുദ്ധാനന്തരം കേരളത്തിലുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ഗവണ്‍മെന്‍റു വക വനഭൂമി ജനങ്ങള്‍ക്കു കൃഷിക്കു നല്കി. കൊല്ലമുള വില്ലേജ് ഇങ്ങനെ കൃഷിക്കു കൊടുത്ത സ്ഥലമാണ്. ഇതേത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. ഇടവക ദൈവാലയം സ്ഥാപിതമാകുന്നതിനു മുമ്പു മണിപ്പുഴപ്പള്ളിയായിരുന്നു ഇവരുടെ ആത്മീയകേന്ദ്രം.
ഇവിടുത്തെ വിശ്വാസികള്‍ പള്ളി സ്ഥാപിച്ചുകിട്ടണമെന്നു മണിപ്പുഴപ്പള്ളി വികാരി പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചനെ അറിയിച്ചു. അദ്ദേഹം 1952 ല്‍ കൊല്ലമുള കവലയില്‍ കുരിശു സ്ഥാപിച്ചു. ശ്രീമാന്മാരായ സി.എം. മാത്യു പൊന്‍പുഴ, ചാക്കോ ഐസക്ക് തെങ്ങട എന്നിവര്‍ പത്തു സെന്‍റ് സ്ഥലം വീതം പള്ളിക്കു സംഭാവന ചെയ്തു. ഇവിടെ താല്ക്കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ 1953 ഒക്ടോബര്‍ 25 നു പൊന്നെടുത്തകല്ലേല്‍ ബ. ജോര്‍ജ് അച്ചന്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഞായറാഴ്ചകളില്‍ മണിപ്പുഴയില്‍ നിന്ന് അച്ചന്മാര്‍ വന്നു ദിവ്യബലി അര്‍പ്പിച്ചുപോന്നു. വെള്ളേക്കളത്തില്‍ ബ. വര്‍ഗീസ് അച്ചന്‍, പുത്തന്‍പുരയ്ക്കല്‍ ബ. ജോസഫച്ചന്‍, പള്ളിപ്പുറത്തുശേരില്‍ ബ. തോമസച്ചന്‍ എന്നിവരാ യിരുന്നു ഇങ്ങനെ ദിവ്യബലി അര്‍പ്പിക്കാനെത്തിയവര്‍. 1958 മേയ് 1 ന് ഈ പള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടു.

സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വികാരിമാര്‍
യൗസേപ്പ് പുത്തന്‍പുരയ്ക്കല്‍ (1958- 60), തോമസ് പള്ളിപ്പുറത്തുശേരില്‍ (1960- 62), മാത്യു പന്തപ്പള്ളില്‍ (1962- 66), ജേക്കബ് കാട്ടൂര്‍ (1966- 71), സക്കറിയാസ് കാഞ്ഞൂപ്പറമ്പില്‍(1971- 72), വര്‍ഗീസ് പുത്തന്‍പുര (1972- 80), തോമസ് ആര്യമണ്ണില്‍ (1980- 85), മാത്യു ജെ. വയലുങ്കല്‍ (1985- 89), മാത്യു കുഴിവേലില്‍ (1989- 92), ആന്‍റണി താന്നിക്കല്‍ (1992- ).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോസഫ് കാലായില്‍, ലോറന്‍സ് ചക്കുംകളം (1980- 81), മാത്യു മുണ്ടിയത്ത്, മാത്യു പൂച്ചാലില്‍ (1985 ഫെബ്രു.- ജൂലൈ), ജേക്കബ് ചാത്തനാട്ട് (1989- 90), ജാര്‍ജ് പനച്ചിക്കല്‍ (1990- 91), ജോസഫ് വില്ലന്താനം (1991- 92), ജോസഫ് മൈലാടിയില്‍ (1992- 96), ജേക്കബ് പീടികയില്‍ (1996- 97), മാര്‍ട്ടിന്‍ പാലക്കുടിയില്‍ (1997- 99), തോമസ് തുരുത്തിപ്പള്ളി (1999- 2001), തോമസ് മൂഴയില്‍ സി. എം. ഐ. (2001-).

പള്ളിയും പള്ളിമുറിയും
പുത്തന്‍പുരയ്ക്കല്‍ ബ. വര്‍ഗീസച്ചന്‍റെ കാലത്ത് 1975 നവം. 22 ന് മാര്‍ ആന്‍റണി പടിയറ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. 1979 ഡിസംബര്‍ 29 നു മാര്‍ ജോസഫ് പവ്വത്തില്‍ കൂദാശ ചെയ്തു.
1958 ല്‍ താല്ക്കാലിക പള്ളിമുറി നിര്‍മിച്ചു. 1963 ല്‍ പന്തപ്പള്ളില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു പുതിയ പള്ളിമുറിയുടെ പ്രധാനഭാഗം പണിതീര്‍ത്തു. കാട്ടൂര്‍ ബ. ജേക്കബ് അച്ചനാണു പള്ളിമുറിയുടെ പണികള്‍ പൂര്‍ത്തീകരിച്ചത്. 1985 ല്‍ ഇപ്പോഴത്തെ പള്ളിമുറിയുടെ താഴത്തെ നില വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു പണിതു. 1995 ല്‍ ബാക്കി ഭാഗം പണിതു വിപുലമാക്കി.

കുരിശുപള്ളികള്‍
കുരിശുപള്ളികളായിരുന്ന എലിവാലിക്കരയും കുരുമ്പന്‍മൂഴിയും യഥാക്രമം 1985 ലും 1996 ലും ഇടവകകളായി ഉയര്‍ത്തപ്പെട്ടു. 1989 ല്‍ വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു കൊല്ലമുളക്കവലയില്‍ മനോഹരമായ സെന്‍റ് മേരീസ് കപ്പേള സ്ഥാപിതമായി. സെന്‍റ് തോമസ് മൗണ്ടില്‍ പന്തപ്പള്ളില്‍ ബ. മാത്യു അച്ചന്‍ 1965 ല്‍ സ്ഥാപിച്ച കുരിശടിയിലേക്കു ദുഃഖവെള്ളിയാഴ്ചയും പുതുഞായറാഴ്ചയും തീര്‍ഥാടനം നടത്തിവരുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍
1953 ല്‍ താല്ക്കാലികമായി പണിത പള്ളിഷെഡില്‍ത്തന്നെ പൊന്നെടത്തുകല്ലേല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. 1957 ല്‍ എല്‍.പി. സ്കൂളും 1959 ല്‍ യൂ. പി.സ്കൂളും സ്ഥാപിതമായി. കാട്ടൂര്‍ ബ. ജേക്കബ് അച്ചന്‍റെ കാലത്ത് ഹൈസ്കൂള്‍ സ്ഥാപനോദ്ദേശ്യത്തോടെ 3 ഏക്കര്‍ സ്ഥലം വാങ്ങി 240 അടി നീളത്തില്‍ ബലവത്തായ സ്കൂള്‍ കെട്ടിടം പണിതുയര്‍ത്തിയെങ്കിലും ഹൈസ്കൂള്‍ സ്ഥാപിക്കാനായില്ല. 1980 ല്‍ തിരുഹൃദയമഠം വകയായി നഴ്സറി സ്കൂള്‍ ആരംഭിച്ചു.
ഹൈടെക് കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രവും വ്യാസ, നവോദയ എന്നീ പാരലല്‍കോളജുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ലിറ്റില്‍ഫ്ളവര്‍ പബ്ലിക് സ്കൂള്‍
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്ത് അസാധാരണമായ ഗുണനിലവാരമുള്ള സി. ബി. എസ്. ഇ. പാഠ്യപദ്ധതിയ നുസരിച്ചുള്ള സ്കൂള്‍ തുടങ്ങുക നല്ലതെന്നു കൊല്ലമുള ഇടവകകാര്‍ക്കു മനസ്സിലായി. ഇടവകയുടെ ആഭിമുഖ്യത്തില്‍ 1994 ല്‍ ഇതാരംഭിച്ചു.
ജാതിയുടെയോ മതത്തിന്‍റെയോ ഭേദമില്ലാതെ എല്‍. കെ. ജി. മുതല്‍ പത്താം ക്ലാസ്സുവരെ കുട്ടികള്‍ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ സഹോദരതുല്യം ഒരുമയില്‍ വളര്‍ന്ന് പഠനത്തില്‍ മുന്നേറുന്നു.
വിവരസാങ്കേതികവിദ്യ (കമ്പ്യൂട്ടര്‍ പഠനം) ഒന്നാംക്ലാസ്സുമുതല്‍ നല്‍കുന്നതുകൊണ്ട് ഈ രംഗത്ത് ശാസ്ത്രീയമായ വളര്‍ച്ചയുടെ പുതിയമാനങ്ങള്‍ കുട്ടികള്‍ കൈവരി ക്കുന്നു. പാഠ്യേതര വിഷയങ്ങളായ കലാകായികരംഗം, കരാട്ടെ, യോഗാ, ഡാന്‍സ്, സംഗീതം, ആര്‍ട്ട്സ്, ക്രാഫ്റ്റ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ്, കരകൗശലം, കൃഷി, ഉദ്യാനനിര്‍മാണം എന്നിവയും കുട്ടികളെ പരിശീലിപ്പിക്കുന്നു. പരിസ്ഥിതിപഠനത്തിനു സഹായിക്കുന്ന വനയാത്ര വര്‍ഷത്തില്‍ പല പ്രാവശ്യം നടത്തിവരുന്നു.
തൂങ്കുഴിയില്‍ ശ്രീ റ്റി. കെ. ജോര്‍ജാണ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുന്നത്. മാനേജര്‍ താന്നിക്കല്‍ ബ. ആന്‍റണിയച്ചന്‍ സ്കൂളിന്‍റെ വളര്‍ച്ചയില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇപ്പോഴിവിടെ അറുന്നൂറിലധികം കുട്ടികളും 32 അധ്യാപകരും 12 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ യാത്രാസൗകര്യത്തിന് ആറു വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുഹൃദയമഠം
1978 ജൂണ്‍ 2 നു തിരുഹൃദയമഠം സ്ഥാപിതമായി. മഠം വകയായി ഡിസ്പെന്‍സറിയും നഴ്സറി സ്കൂളും പ്രവര്‍ത്തിക്കുന്നു. അനാഥരായ സ്ത്രീകള്‍ക്കായുള്ള څവിമലാഭവന്‍چ വൃദ്ധമന്ദിരം തിരുഹൃദയസഹോദരിമാര്‍ മുക്കൂട്ടുതറയില്‍ സ്തുത്യര്‍ഹമായി നടത്തിപ്പോരുന്നു.
വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്താണു സിമിത്തേരി 100 ല്‍ പരം കല്ലറകള്‍ പണിയിപ്പിച്ചു മനോഹരമാക്കിയത്. പഴയപള്ളിയുടെ ഉപകരണങ്ങള്‍കൊണ്ട് പാരിഷ്ഹാള്‍, ഓപ്പണ്‍ എയര്‍സ്റ്റേജ്, ഓഫീസ് മുറികള്‍ ഇവയും നിര്‍മിച്ചു.

കുടുംബം, ദൈവവിളി
മതസൗഹാര്‍ദ്ദത്തില്‍ വേരൂന്നിനില്‍ക്കുന്ന ഇടവകയില്‍ 20 കുടുംബക്കൂട്ടായ്മകളിലായി 507 കുടുംബങ്ങളും 2805 കത്തോലിക്കരുമുണ്ട്. ഇവരില്‍ നിന്ന് 10 വൈദികന്മാരും 30 സന്യാസിനികളും വിവിധ ഭാഗങ്ങളില്‍ സഭാശുശ്രൂഷ ചെയ്തുവരുന്നു. എട്ടു വൈദികാര്‍ഥികളും നാലു സന്യാസാര്‍ഥിനികളുമുണ്ട്. 182 ഹൈന്ദവകുടുംബങ്ങളും 91 മുസ്ലീം കുടുംബങ്ങളും ഇടവകയുടെ പരിധിയില്‍ താമസിക്കുന്നു.

സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, സി. വൈ. എം. എ. സംഘടനകള്‍ വഴി ഭവനനിര്‍മാണം, രക്തദാനം, രോഗീപരിചരണം, വിദ്യാഭ്യാസസഹായം എന്നീ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തി വരുന്നു. മതസൗഹാര്‍ദ റാലിയും എക്യുമെനിക്കല്‍ സംയുക്ത ക്രിസ്മസ് ആഘോഷവും ഇടവകയുടെ സവിശേഷപ്രവര്‍ത്തനങ്ങളാണ്.

സ്ഥലവിവരം
1953 ല്‍ പൊന്‍പുഴ ശ്രീ മാത്യുവും തെങ്ങടയില്‍ ശ്രീ ഐസക്കും പത്ത് സെന്‍റ് സ്ഥലം വീതം പള്ളിക്കായി ദാനം ചെയ്തു. ഏഴേക്കര്‍ 17 സെന്‍റ് സ്ഥലം പലപ്പോഴായി വാങ്ങിച്ചു. ഒന്നര ഏക്കര്‍ സ്ഥലം കുത്തകപ്പാട്ടമായി ഉണ്ട്.