Kattappana St. George Forane

Kattappana South – 685 515

04868 – 272231

Vicar: Rev. Fr. Jose Mathew Parapallil

Cell: 9447 2888 92,  9061 5966 40

Click here to go to the Church

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ‘ഗ്രോ മോര്‍ ഫുഡ്چ സ്കീമില്‍ ഭക്ഷ്യവിള ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ചേക്കര്‍ വീതം വനഭൂമി അലോട്ടുചെയ്തു കൊടുക്കാന്‍ ഗവണ്‍മെന്‍റു തീരുമാനിച്ചു. ഇതനുസരിച്ച് 1950 ല്‍ കട്ടപ്പനയില്‍ കുടിയേറ്റമാരംഭിച്ചു. അന്നു കുടിയേറിയ കത്തോലിക്കര്‍ 20 കിലോമീറ്ററകലെയുള്ള ഉപ്പുതറപ്പള്ളിയില്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നു. കൂദാശാസ്വീകരണത്തിനും മൃതസംസ്കാരത്തിനും ജനങ്ങള്‍ നന്നേ ക്ലേശിച്ചു.

ദൈവാലയസ്ഥാപനം
കുടിയേറ്റക്കാരായ വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഉപ്പുതറപ്പള്ളി വികാരി കുഞ്ചറക്കാട്ട് ബ. ദേവസ്യാച്ചന്‍ ദൈവാലയസ്ഥാപനത്തിനു മുന്‍കൈയെടുത്തു. 1951 ജനുവരിയില്‍ څയൂണിയന്‍ ആഫീസ്چ പന്തലില്‍ (ഐ.റ്റി.ഐ. ജംഗ്ഷന്‍) ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. പാറേല്‍ ബ. തോമാച്ചന്‍റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പള്ളി സ്ഥാപിക്കുന്നതിനു ശ്രമമാരംഭിച്ചു. ആദ്യകാല കുടിയേറ്റക്കാരുടെ നേതൃത്വത്തില്‍ 50 അടി നീളത്തില്‍ ഇപ്പോഴത്തെ പള്ളിയിരിക്കുന്നിടത്ത് ഒരു ഷെഡ്ഡു നിര്‍മിച്ച് ബ. തോമസച്ചന്‍ ദിവ്യബലിയര്‍പ്പിച്ചു. അങ്ങനെ 1951 ഡിസംബറില്‍ കട്ടപ്പനപ്പള്ളി സ്ഥാപിതമായി. പിന്നീട് കട്ടപ്പന, കാഞ്ചിയാര്‍, കല്‍ത്തൊട്ടി പള്ളികളുടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വാണിയപ്പുരക്കല്‍ ബ. ഹൊണോരിയൂസ് സി.എം.ഐ. നിയമിതനായി. 1953 ഡിസംബറില്‍ കട്ടപ്പന ഇടവകയായി ഉയര്‍ത്തപ്പെട്ടു. തോട്ടുപുറത്ത് ബ. ജോസഫച്ചന്‍ 1954 മാര്‍ച്ച് 6 നു കട്ടപ്പന, കാഞ്ചിയാര്‍, കല്‍ത്തൊട്ടി ഇടവകകളുടെ വികാരിയായി നിയമിതനായി. തുടര്‍ന്ന് 1955 മേയില്‍ വയലുങ്കല്‍ ബ. ചാണ്ടിയച്ചന്‍ വികാരിയായി കാഞ്ചിയാറ്റില്‍ താമസമാരംഭിച്ചു. താമസിയാതെ കട്ടപ്പന ഇടവകയുടെ മാത്രം വികാരിയായി ഇവിടെ താമസിച്ചുകൊണ്ട് അച്ചന്‍ ശുശ്രൂഷ തുടര്‍ന്നുപോന്നു.

ദൈവാലയനിര്‍മാണം
പുല്ലുമേഞ്ഞ പള്ളിക്കു പകരം 1962 അവസാനത്തോടെ ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ എല്‍. പി. സ്കൂളിനടുത്ത് ഓടുമേഞ്ഞ കെട്ടിടം (ഇപ്പോഴുള്ള എല്‍. പി. എസ്. കെട്ടിടം) നിര്‍മിച്ചു. ഇക്കാലത്തു കുടിയേറ്റം ത്വരിതഗതിയിലായിരുന്നു. അധ്വാനശീലരായ കര്‍ഷകര്‍ മണ്ണില്‍ പൊന്നു വിളയിച്ചു. കട്ടപ്പന അതിവേഗം വളര്‍ന്നു. കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ വിശാലമായ ദൈവാലയം അനിവാര്യമായി. മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ പുതിയ പള്ളിയുടെ പണി തുടങ്ങി. മാര്‍ മാത്യു കാവുകാട്ട് 1968 ജൂണ്‍ 27 നു പള്ളിക്കു തറക്കല്ലിട്ടു. 2.25 ലക്ഷത്തിലധികം രൂപാ ചെലവില്‍ നിര്‍മിച്ച ദൈവാലയം മാര്‍ ആന്‍റണി പടിയറപ്പിതാവിന്‍റെ മുഖ്യ കാര്‍മികത്വത്തിലും പാലാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, തിരുവല്ലാ മെത്രാന്‍ മാര്‍ അത്തനേഷ്യസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും 1973 ഫെബ്രുവരി 9 നു കൂദാശ ചെയ്തു. പള്ളിപ്പുറത്തുശേരില്‍ ബ. തോമസച്ചന്‍റെ കാലത്തും വെട്ടുവയലില്‍ ബ. ജോണച്ചന്‍റെ കാലത്തും ദൈവാലയത്തിന്‍റെ മദ്ബഹായും മറ്റും പുതുക്കിപ്പണിതു.

ഫൊറോനാപ്പള്ളി
കട്ടപ്പന ഇടവക 1975 ഓഗസ്റ്റ് 15 നു ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. അന്ന് 395 കുടുംബങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഈ ഫൊറോനായുടെ കീഴില്‍ ഇപ്പോള്‍ 15 ഇടവകകളുണ്ട്.

പള്ളിമുറി
മൂന്നു മുറികളോടുകൂടിയ ആദ്യത്തെ പള്ളിമുറി വയലുങ്കല്‍ ബ. ചാണ്ടിയച്ചന്‍റെ നേതൃത്വത്തില്‍ 1955-56 ല്‍ പണിയിച്ചതായിരുന്നു. മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍റെ കാലത്ത് 1965-66 ല്‍ ഇതു വിപുലപ്പെടുത്തി. പള്ളിപ്പുറത്തുശേരി ബ. തോമസച്ചന്‍ 1991 ല്‍ ഇപ്പോഴത്തെ വിശാലമായ പള്ളിമുറി പണിയുന്നതിനു നേതൃത്വം കൊടുത്തു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ജോസഫ് തോട്ടുപുറം (1954-55), അലക്സാണ്ടര്‍ വയലുങ്കല്‍ (1955-62), ജോസഫ് ഇല്ലിക്കല്‍ (1962-64), ജോസഫ് മേപ്രക്കരോട്ട് (1964-73), ജോര്‍ജ് പരുവനാനി (1973-74), ജേക്കബ് അയലൂപ്പറമ്പില്‍ (1974-84), തോമസ് പള്ളിപ്പുറത്തുശേരി (1984-94), അഗസ്റ്റിന്‍ നെല്ലിയാനി (1994-98), ജോണ്‍ വെട്ടുവയലില്‍ (1998-).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
മാത്യു നെല്ലരി, മാത്യു കുഴിവേലി, ആന്‍റണി മാന്നില, ജോസഫ് കുറിഞ്ഞിപ്പറമ്പില്‍, വര്‍ഗീസ് ചെത്തിപ്പുഴ, സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1973 – 74), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1974 – 77), ഈസിദോര്‍ എം. വടക്കന്‍ സി.എം.ഐ., ജോസഫ് മടുക്കക്കുഴി, സേവ്യര്‍ നൊച്ചിവീട്ടില്‍, സേവ്യര്‍ പുല്ലാരപ്പള്ളില്‍, ജോണ്‍ ഈറ്റാനിയേല്‍ സി.എം.ഐ., തോമസ് ഈറ്റോലി (1978 – 81), ഫിലിപ്പ് കണിയാംപറമ്പില്‍ സി.എം.ഐ. (1984 – 85), മാത്യു പുതുമന (1986 – 88), മാത്യു വാഴപ്പനാടി (1985 – 86), ജോര്‍ജ് നെല്ലിക്കല്‍ (1989 – 90), ജയിംസ് മുത്തനാട്ട് (1991 – 93), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1988 – 89), തോമസ് വളയത്തില്‍ (1990 – 91), സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ (1993 – 95), സെബാസ്റ്റ്യന്‍ ഇടക്കരോട്ട് (1995 – 96), അഗസ്റ്റിന്‍ അത്തിമൂട്ടില്‍ (1996 ഫെബ്രു. – ജൂണ്‍), ജോണ്‍ പനച്ചിക്കല്‍ (1996 – 97), ജേക്കബ് കൈപ്പന്‍പ്ലാക്കല്‍ (1997 – 99), മാര്‍ട്ടിന്‍ വെള്ളിയാംകുളം (1998 – 2000), ഡോമിനിക് അയലൂപ്പറമ്പില്‍ (1999), മാത്യു പൂവത്തിങ്കല്‍ (2000-) സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പില്‍ (2001-).

സ്ഥാപനങ്ങള്‍
സന്യാസസന്ന്യാസിനീഭവനങ്ങള്‍ : ക്ലാരസഭയുടെ ശാഖ 1956 ജൂലൈ 19 നു സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ നഴ്സറി സ്കൂളും വനിതാ ഹോസ്റ്റലും ബാലികാഭവനും പ്രവര്‍ത്തിച്ചു വരുന്നു.
ബ്രദേഴ്സ് ഓഫ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സന്യാസസമൂഹത്തിന്‍റെ ശാഖ 1965 ല്‍ സ്ഥാപിക്കപ്പെട്ടു. ഇവരുടെ പരിശീലനകേന്ദ്രവും ഇവിടെത്തന്നെയാണ്.
1977 സെപ്തംബര്‍ 8 നു സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനീ (എസ്. സി. ജെ. ജി) സമൂഹത്തിന്‍റെ ആദ്യഭവനം സ്ഥാപിതമായി. ഇവരുടെ ജനറലേറ്റ് 1994 ല്‍ ഇവിടെ ആരംഭിച്ചു.
തിരുഹൃദയമഠവും സെന്‍റ് മര്‍ത്താസ് മഠവും 1978 ല്‍ സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസ ആതുര ശുശ്രൂഷാമേഖലകളില്‍ ഇടവകയിലെ സന്യാസിനികളുടെ സേവനം സ്തുത്യര്‍ഹമാണ്. കപ്പൂച്ചിന്‍ വൈദികന്മാരുടെ മേല്‍നോട്ടത്തില്‍ 1996 ല്‍ അഗതികളെ താമസിപ്പിച്ചു പരിചരിക്കുന്നതിനു څസ്നേഹാശ്രമംچ തുടങ്ങി. വിന്‍സെന്‍ഷ്യന്‍ വൈദികന്മാരുടെ څകൃപാലയچ ആശ്രമവും പള്ളിയും 1997 ല്‍ സ്ഥാപിച്ചു. കൂടാതെ സി. എം. ഐ. വൈദികന്മാരുടെ ഒരു ഭവനവും അവരുടെ നേതൃത്വത്തില്‍ ദീപിക ബുക്ക്സ്റ്റാളും സ്ഥാപിതമായിട്ടുണ്ട്.
സെന്‍റ് ജോണ്‍സ് ആശുപത്രി : അഭിവന്ദ്യ മാത്യു കാവുകാട്ടുപിതാവിന്‍റെ ശ്രമഫലമായി ആശുപത്രി 1968 ഡിസംബര്‍ 8 നു സ്ഥാപിതമായി. മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍ കുമ്പുക്കല്‍ പുരയിടം വിലയ്ക്കുവാങ്ങി കെട്ടിടം നിര്‍മിച്ച് ആശുപത്രി ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി. 1982 ജനുവരിയില്‍ ഇവിടെ നഴ്സിംഗ് സ്കൂള്‍ സ്ഥാപിതമായി.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍: പ്രൈവറ്റായി 1952 മുതല്‍ നടത്തിക്കൊണ്ടിരുന്ന ഇടവകവക എല്‍. പി. സ്കൂളിന് 1956 ല്‍ ഗവണ്മെന്‍റ് അംഗീകാരം ലഭിച്ചു. 1958 ല്‍ വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍റെ ശ്രമഫലമായി യൂ. പി. സ്കൂളിന് ഉത്തരവുണ്ടായെങ്കിലും ക്ലാസ്സുകള്‍ നടത്താനുള്ള അംഗീകാരം ലഭിച്ചില്ല. ഇതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ബ. വയലുങ്കലച്ചന്‍റെയും ആലുംപറമ്പില്‍ ശ്രീ എ.സി. തോമസിന്‍റെയും നേതൃത്വത്തില്‍ കട്ടപ്പനയില്‍ നിന്നു കാല്‍നടയായി പാലാ ഡി. ഇ. ഒ. ഓഫീസിലെത്തി സത്യഗ്രഹമിരുന്നു. സുപ്രസിദ്ധമായ ഈ സമരത്തിലൂടെ 1960 ല്‍ യൂ. പി. സ്കൂള്‍ അനുവദിച്ചു. 1962 ല്‍ പ്രസ്തുത സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
1962 – 63 ല്‍ ഇല്ലിക്കല്‍ ബ. ജോസഫച്ചനും 1964 ല്‍ മേപ്രക്കരോട്ട് ബ. ജോസഫച്ചനും ഹൈസ്കൂളിനുള്ള കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചു. 1962 ല്‍ നിര്‍മിച്ച സ്കൂള്‍ഗ്രൗണ്ടില്‍ 1964 ല്‍ ഓപ്പണ്‍എയര്‍ സ്റ്റേജും സ്റ്റേഡിയവും സ്ഥാപിച്ചു വിപുലീകരിച്ചു. പള്ളിപ്പുറത്തുശേരി ബ. തോമസച്ചന്‍ ഹൈസ്കൂളിനോടു ചേര്‍ന്ന് എഴുപത്തിയഞ്ചടി നീളത്തില്‍ മൂന്നു നില കെട്ടിടം പണിയാന്‍ നേതൃത്വം നല്കി. ഇത് 1998 ല്‍ ആരംഭിച്ച പ്ലസ് ടൂവിനുള്ള ആദ്യകെട്ടിടമായി ഉപകരിച്ചു. പ്ലസ് ടൂവിനു വേണ്ടി മൂന്നു നിലയിലുള്ള മറ്റൊരു കെട്ടിടം വെട്ടുവയലില്‍ ബ. ജോണച്ചന്‍റെയും സ്കൂള്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ വി.റ്റി. സെബാസ്റ്റ്യന്‍റെയും നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ടു.
1975 ല്‍ ഓസാനാം ഇംഗ്ലീഷ് മീഡിയം സ്കൂളും ആ കോമ്പൗണ്ടില്‍ത്തന്നെയുള്ള ഇരു നിലക്കെട്ടിടത്തില്‍ സെന്‍റ് വിന്‍സെന്‍റ് പാരലല്‍ കോളജും ആരംഭിച്ചു. കോളജു പിന്നീടു നിര്‍ത്തലാക്കി. ആ കെട്ടിടം പി.എസ്.സി. ഓഫീസിനും ഡി. ഇ. ഒ. ഓഫീസിനും വാടകയ്ക്കു കൊടുത്തു. ഓസാനാം സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് ബുക്ക് ഡിപ്പോയും ഡി.ഇ.ഒ. ഓഫീസും പള്ളിക്കടുത്തുള്ള ഓസാനാം ഇംഗ്ലീഷ് എല്‍.പി. സ്കൂളും ഇതേ കോമ്പൗണ്ടില്‍ തീര്‍ത്ത പുതിയ ഇരുനിലകെട്ടിടത്തിലേക്കു 2001 മേയില്‍ മാറ്റി. ഇടവകയുടെ അതിര്‍ത്തിക്കുള്ളില്‍ മറ്റനവധി കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇടവകാതിര്‍ത്തിയിലുളള മറ്റു ദൈവാലയങ്ങള്‍: സെന്‍റ് സ്റ്റീഫന്‍ ചര്‍ച്ച് (കോട്ടയം രൂപത), ജ്യോതിസ് മലങ്കര കത്തോലിക്കാപ്പളളി, സെന്‍റ് ജോണ്‍സ് സി.എസ്.ഐ. ചര്‍ച്ച്, സെന്‍റ് ജോര്‍ജ് യാക്കോബായപ്പളളി, കൃപാലയ ആശ്രമം (വി.സി.).

കുരിശുപള്ളികള്‍

വള്ളക്കടവ്, വെള്ളയാംകുടി, കൊച്ചുതോവാള എന്നീ ഇടവകകള്‍ കട്ടപ്പന ഇടവകയുടെ ഭാഗമായിരുന്നു. ആനകുത്തിമേട്ടിലും കുന്തളംപാറയിലും ഐ.റ്റി.ഐ. ജംഗ്ഷനിലും കുരിശുപള്ളി കളുണ്ട്. പാറക്കടവിലും കട്ടപ്പന ടൗണിലും കപ്പേളയുമുണ്ട്. ടൗണിന്‍റെ ഹൃദയഭാഗത്തുള്ള വലിയ കപ്പേള 1975 ല്‍ അയലൂപ്പറമ്പില്‍ ബ. ജേക്കബ് അച്ചന്‍റെയും കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെയും നേതൃത്വത്തില്‍ പണിതീര്‍ത്തതാണ്. മേട്ടുക്കുഴി ഭാഗത്ത് വേളാങ്കണ്ണി മാതാവിന്‍റെ നാമധേയത്തില്‍ കട്ടപ്പന-വണ്ടന്‍മേട് ഇടവകാംഗങ്ങളുടെ കൂട്ടായ നേതൃത്വത്തില്‍ നിര്‍മിതമായ ചാപ്പലിന്‍റെ വെഞ്ചരിപ്പ് മാര്‍ മാത്യു അറയ്ക്കല്‍ 2001 മേയ് 4 നു നിര്‍വഹിച്ചു.

സ്ഥിതിവിവരം
ഇവിടെ 34 കുടുംബക്കൂട്ടായ്മക ളിലായി 925 ല്‍ പരം കുടുംബങ്ങളും 4500 ലധികം കത്തോലിക്കരുമുണ്ട്. ഇടവകയില്‍ നിന്നു 10 വൈദികന്മാരും 53 സന്യാസിനികളും വിവിധഭാഗങ്ങളില്‍ സഭാശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അഞ്ചു വൈദികാര്‍ഥികള്‍ പരിശീലനം നേടുന്നു.
ഇതര ഭവനങ്ങള്‍: ലത്തീന്‍ – 2, മലങ്കര – 15, ക്നാനായ – 26, യാക്കോബായ – 60, സി.എസ്.ഐ. – 30, ഹിന്ദു – 764, മുസ്ലീം-30.

വികസനചരിത്രം
ഇടവകാംഗങ്ങളായ സാമൂഹികരാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ നാടിന്‍റെ വികസനത്തിനു സംഭാവന നല്‍കിയിട്ടുണ്ട്. ശ്രീ വര്‍ക്കി ദേവസ്യ പൂമറ്റം, ശ്രീ വി. റ്റി. സെബാസ്റ്റ്യന്‍ (എക്സ് എം.എല്‍.എ.), ശ്രീ തോമസ് ജോസഫ് (എക്സ് എം.എല്‍.എ.), ശ്രീ വര്‍ക്കി കലയത്തിനാല്‍ (മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്), ശ്രീമതി മേരി സിറിയക് (മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്), ശ്രീ ജോയി വെട്ടിക്കുഴി (ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്) എന്നിവര്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നവരാണ്.
1962 ല്‍ രൂപവത്കൃതമായ കട്ടപ്പന പഞ്ചായത്തിന്‍റെ സാരഥികളായ ശ്രീ വി. റ്റി. സെബാസ്റ്റ്യന്‍, ശ്രീ വക്കച്ചന്‍ കലയത്തിനാല്‍ തുടങ്ങിയവരാണ് എറണാകുളവും തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന മൂലമറ്റം – പുളിയന്മല റോഡുനിര്‍മാണത്തിനു നേതൃത്വം നല്‍കിയത്. ഈ റോഡ് കട്ടപ്പനയെ കുമളി-മൂന്നാര്‍ റോഡുമായി ബന്ധിപ്പിച്ചു വികസനം ത്വരിതപ്പെടുത്തി. ഇവിടുത്തെ വിദ്യാലയങ്ങള്‍ ഹൈറേഞ്ചിലെ സാമൂഹിക സാംസ്കാരിക നായകന്മാരേയും കായികരംഗത്തു പ്രശസ്തയായ ഷൈനി വിത്സനെപ്പോലുള്ളവരേയും വാര്‍ത്തെടുക്കാന്‍ സഹായകമായി.
ഇടവകയില്‍ സേവനമനുഷ്ഠിച്ച ബ. വൈദികന്മാരുടെ ക്രാന്തദര്‍ശിത്വമാണ് ഒട്ടേറെ സ്ഥാപനങ്ങള്‍ ഉദയം ചെയ്യാന്‍ കാരണം. ഡി. ഇ. ഒ., എ. ഇ. ഒ., പി. എസ്. സി., സബ് രജിസ്ട്രാര്‍, മൃഗസംരക്ഷണ വകുപ്പ്, തപാല്‍ ഓഫീസുകള്‍, ആയൂര്‍വേദ ആശുപത്രി, ജില്ലാ ടെക്സ്റ്റ് ബുക്ക് ഡിപ്പോ തുടങ്ങിയവ സ്ഥാപിക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ അതാതു കാലത്തിരുന്ന ബ. വൈദികന്മാര്‍ ശ്രദ്ധ പുലര്‍ത്തുകയും വികസനത്തിനിത് ആക്കം കൂട്ടുകയും ചെയ്തു.
1999 ഫെബ്രുവരിയില്‍ ഇടവകയുടെ നേതൃത്വത്തില്‍ ജാതിമതഭേദമെന്യേ ആഘോഷിച്ച ഹൈറേഞ്ചു കുടിയേറ്റത്തിന്‍റെ സുവര്‍ണജൂബിലി ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ്.
വാണിജ്യ – വ്യാവസായിക സാമൂഹിക – സാംസ്കാരിക മേഖലകളില്‍ അഭൂതപൂര്‍വമായ വികസനമാണു ഹൈറേഞ്ചിന്‍റെ സിരാകേന്ദ്രമായ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ ഇടവകയുടെ പ്രേഷിതമുഖം കാലോചിതമാകേണ്ടതുണ്ട്.