Karikattoor St. Antony

Karikkattoor Centre – 686 544

04828 – 247551

Vicar: Rev. Fr. Jose Edathinakam

Cell: 904 852 1350

Click here to go to the Church

കരിക്കാട്ടൂര്‍ ഇടവക പഴയിടം പള്ളിയുടെ കുരിശുപള്ളിയായി 1932-33 ല്‍ സ്ഥാപിതമായി. കുരിശുപള്ളി സ്ഥാപിക്കുന്നതിനായി അമ്പലത്തുങ്കല്‍ ശ്രീ വര്‍ക്കി ദേവസ്യ നാലു സെന്‍റു സ്ഥലം പള്ളിക്കു ദാനം ചെയ്തു. തെക്കേക്കര ബ. മത്തായിയച്ചന്‍റെ കാലത്തു പണികളാരംഭിച്ചെങ്കിലും 1937 ല്‍ മാത്രമാണു കുര്‍ബാന ചൊല്ലത്തക്കവിധം ദൈവാലയം പൂര്‍ത്തിയായത്. ചൊവ്വാഴ്ചതോറും ഇവിടെ ദിവ്യബലിയര്‍പ്പിക്കുന്നതിനു മാര്‍ ജയിംസ് കാളാശേരി അനുമതി നല്‍കി. 1937 ഏപ്രില്‍ 13 ന് ആദ്യദിവ്യബലിയര്‍പ്പിച്ചു. കുരിശുപള്ളി ചെറുതായതുകൊണ്ട് ഏറെത്താമസിയാതെ മോണ്ടളം കൂടി പണിതു. 1937 ല്‍ കുരിശുപള്ളിയോടു ചേര്‍ന്നുകിടന്നിരുന്ന ഒരേക്കര്‍ ആറു സെന്‍റു സ്ഥലം വിശ്വാസികള്‍ പിരിവെടുത്ത് 550 രൂപയ്ക്കു വാങ്ങി.

കുരിശുപള്ളി പുനര്‍നിര്‍മാണം
പഴയിടം പള്ളി വികാരി പടവുപുരയ്ക്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു കുരിശുപള്ളി പൊളിച്ച് 1963 ഡിസംബര്‍ 26 നു പുതിയ കുരിശുപള്ളിക്കു തറക്കല്ലിട്ടു. തുടര്‍ന്നു വികാരിയായ നടുവിലേപ്പറമ്പില്‍ ബ. തോമസച്ചന്‍ പള്ളിപണി പൂര്‍ത്തിയാക്കി. 1964 സെപ്തംബര്‍ 10 നു പടവുപുരയ്ക്കല്‍ ബ. മാത്യു അച്ചന്‍ ഇതു വെഞ്ചരിച്ചു. ചൊവ്വാഴ്ചകളില്‍ ഇവിടെ കുര്‍ബാനയര്‍പ്പിച്ചുപോന്നു. 1965 മാര്‍ച്ച് 7 മുതലാണു ഞായറാഴ്ചകളിലും കടമുള്ള ദിനങ്ങളിലും കുര്‍ബാന ആരംഭിച്ചത്.

ഇടവകസ്ഥാപനം
പഴയിടം, മണിമല, കരിമ്പനക്കുളം ഇടവകകളില്‍ പ്പെട്ടവര്‍ ഇവിടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നു. 1987 ഏപ്രില്‍ 5 ന് ഈ പ്രദേശത്തുള്ള 47 വീട്ടുകാര്‍ ഒത്തുചേര്‍ന്നു വികാരി തോട്ടുപുറത്തു ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ രൂപതക്കച്ചേരിയില്‍ അപേക്ഷ സമര്‍പ്പിച്ചു; 1988 ഫെബ്രുവരി 13 നു ഇടവകയായി; പഴയിടം ഇടവകയില്‍പ്പെട്ട 31 വീട്ടുകാര്‍ അടങ്ങുന്നതായിരുന്നു ഇടവക. തുടര്‍ന്ന് അയല്‍ ഇടവകകളില്‍ നിന്നു കുടുംബങ്ങള്‍ പുതിയ പള്ളിയില്‍ അംഗത്വം സ്വീകരിച്ചു തുടങ്ങി. അയല്‍ ഇടവകകളില്‍ ചിലതു ചങ്ങനാശേരി അതിരൂപതയില്‍പ്പെട്ടവയായിരുന്നതു ചില പ്രശ്നങ്ങള്‍ ഉളവാക്കിയെങ്കിലും അനുരഞ്ജനത്തിന്‍റെ വഴികള്‍ വിജയിച്ചു. ആ കാലയളവില്‍ സമീപത്തുണ്ടായിരുന്ന – ഇപ്പോള്‍ പള്ളിമുറി ഇരിക്കുന്ന – സ്ഥലം വിലകൊ ടുത്തു വാങ്ങുവാന്‍ സാധിച്ചതും വലിയ ദൈവാനുഗ്രഹമായി.

നവീനദൈവാലയം
വിശ്വാസികളുടെ എണ്ണം വര്‍ധിച്ച തോടെ പിണമറുകില്‍ ബ. മാത്യു അച്ചന്‍ പുതിയ പള്ളിക്കുള്ള നീക്കങ്ങളാരംഭിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1995 ഫെബ്രുവരി 10 നു നവീന ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. ഏവരുടെയും കൂട്ടായ ശ്രമഫലമായി രണ്ടുവര്‍ഷം കൊണ്ടു പണിതുയര്‍ത്തിയ മനോഹര മായ ദൈവാലയം 1997 ഫെബ്രുവരി 20 നു മാര്‍ മാത്യു വട്ടക്കുഴി കൂദാശ ചെയ്തു.

വൈദികമന്ദിരം
പള്ളിപണിയോടൊപ്പം വൈദിക മന്ദിരത്തിന്‍റെ പണിയും ആരംഭിച്ചു. നവീന ദൈവാലയത്തോടു ചേര്‍ന്നു പിന്‍ഭാഗ ത്തായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ടുനില പള്ളിമുറി ഏറ്റം ബ. മോണ്‍. ഏറത്തേടത്ത് മാത്യു അച്ചന്‍ 1997 ഏപ്രില്‍ 13 ന് ആശീര്‍വദിച്ചു. മുകളില ത്തെ നിലയില്‍ വൈദികന്മാരുടെ മുറിക ളും ഓഫീസു മുറികളുമാണ്. താഴത്തെ നിലയില്‍ യോഗശാലയും അടുക്കളയും ഭക്ഷണമുറിയും.

ബഹുമാനപ്പെട്ട വൈദികന്മാര്‍
ഇടവക സ്ഥാപിതമാകുന്നതിനു മുമ്പു പഴയിടം പള്ളിയിലെ ബ. വൈദി കന്മാരാണു ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. ഇടവക വികാരിമാര്‍: ജോസഫ് തോട്ടുപുറത്ത് (1984-90), തോമസ് ആര്യമണ്ണില്‍ (1990-92), മാത്യു പിണമറുകില്‍ (1992-99), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1999-2000), സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ (2000-2001), സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ (2000), അഗസ്റ്റിന്‍ അത്തിമൂട്ടില്‍ (2001- ).

സ്ഥാപനങ്ങള്‍
സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റി റ്റ്യൂട്ടിന്‍റെ ഭവനത്തിനുവേണ്ടി 1999 ല്‍ സ്ഥലം വാങ്ങി. മഠത്തിന്‍റെ പണികള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളു.
സി. എസ്. ഐ. പള്ളി, സി. എം. എസ്. എല്‍. പി. സ്കൂള്‍, കരിക്കാട്ടൂര്‍ ധര്‍മശാസ്ത്ര ക്ഷേത്രം എന്നിവയാണ് ഇടവകാതിര്‍ത്തിക്കുള്ളിലെ ഇതരസ്ഥാ പനങ്ങള്‍.

സിമിത്തേരി
ഏറത്തേടത്ത് ബ. മാത്യു അച്ചന്‍റെ കാലത്ത് 1974 ജൂലൈ 7 നു സിമിത്തേരി താല്ക്കാലികമായി പണിതീര്‍ത്ത്, ബസപകടത്തില്‍ മരിച്ച എസ്.ഡി. കോളജ് വിദ്യാര്‍ത്ഥിനി വാളിപ്ലാക്കല്‍ കുഞ്ഞച്ചന്‍റെ മകളുടെ മൃതദേഹം സംസ്കരിച്ചു. 1974 ഡിസംബര്‍ 25 നു പരിഷ്കരിച്ച രീതിയിലുള്ള സിമിത്തേ രിക്ക് ഏറത്തേടത്ത് ബ. മാത്യു അച്ചന്‍ ശിലാസ്ഥാപനം നടത്തുകയും 1975 മേയ് 25 നു മാര്‍ ആന്‍റണി പടിയറ വെഞ്ചരിക്കു കയും ചെയ്തു. 1983-84 ല്‍ ഇവിടെ 62 പൊതുക്കല്ലറകള്‍ പണിതീര്‍ത്തു.

വികസനപ്രവര്‍ത്തനങ്ങള്‍
ബ. തോമസ് ആയിത്തമറ്റത്തിലച്ചന്‍റെയും ബ. മത്തായി തെക്കേക്കരയച്ചന്‍റെയും പരിശ്രമഫല മായി ഇവിടെ ഒട്ടേറെ റോഡുകള്‍ വെട്ടു കയും യാത്രാസൗകര്യം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബങ്ങള്‍
85 കുടുംബങ്ങളിലായി 398 കത്തോലിക്കരുണ്ട്. ഏഴു ലത്തീന്‍ കുടുംബങ്ങളും രണ്ടു മലങ്കരഭവനങ്ങളും 32 പ്രൊട്ടസ്റ്റന്‍റ് കുടുംബങ്ങളും 25 സി.എസ്.ഐ. ഭവനങ്ങളും 45 ഹൈന്ദവ ഭവനങ്ങളും ഇടവകാതിര്‍ത്തിയിലുണ്ട്.

ദൈവവിളി
സി. ജോസ് ആനി എസ്.എച്ച്. പൊടിമറ്റത്തു ശുശ്രൂഷ ചെയ്യുന്നു. ബ്രദര്‍ എബി. എം. കുരീക്കാട്ടുക്കുന്നേല്‍ സന്യാസപരിശീലനം നടത്തുന്നു.
വ്യക്തമായ അതിരുകളില്ലാതെ ചങ്ങനാശേരി അതിരൂപതയോടു ചേര്‍ന്നുകിടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരിടവകയാണിത്. ഇടവകയുടെ പെട്ടെന്നുള്ള പുരോഗതിക്കു രൂപതാ കേന്ദ്രത്തിന്‍റെ പരിഗണന കാരണമായിട്ടുണ്ട്. ഈ പ്രദേശം എക്യുമെനിസത്തിന്‍റെയും മതസൗഹാര്‍ദത്തിന്‍റെയും ഉത്തമവേദി യാണ്. വിവിധ ക്രൈസ്തവവിഭാഗങ്ങ ളുടെ ദൈവാലയങ്ങളും ഹൈന്ദവ നവോത്ഥാനത്തില്‍ പുനരുദ്ധരിക്കപ്പെട്ട അമ്പലവും സമീപത്തുണ്ട്. എല്ലാ വിഭാഗം ജനങ്ങളും പരസ്പരം ബഹുമാനത്തോടെ വസിക്കുന്ന ശാലീനപ്രദേശമാണ് കരിക്കാട്ടൂര്‍ സെന്‍റര്‍.