Kannampally St. Mary

Kakkadimon, Ranni-Perunadu, Ranni – 689 711

04735 – 270275

Vicar: Rev. Fr. Mathew Puthumana

Cell: 944 708 0356

mathewputhumana@rediffmail.com

Click here to go to the Church

കണ്ണമ്പള്ളി ഇടവക പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ ഉള്‍പ്പെടുന്നു. കറിക്കാട്ടൂര്‍ക്കാരനായ കീക്കിരിക്കാട്ട് ശ്രീ ചാക്കോ (കാക്കുവൈദ്യന്‍) റാന്നിക്കു കിഴക്കായി 1936-37 ല്‍ കുറെ സ്ഥലം വാങ്ങി. മണിമല, കറിക്കാട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നു കുടിയേറ്റസംരക്ഷണാര്‍ത്ഥം വെച്ചുദേഹണ്ഡത്തിനായി ഏതാണ്ടു 30 കത്തോലിക്കാക്കുടുംബങ്ങളെ അദ്ദേഹം ഇവിടെ കൊണ്ടുവന്നുപാര്‍പ്പിച്ചു. തുടര്‍ന്നു സീറോമലബാര്‍റീത്തില്‍പ്പെട്ട വളരെയേറെ കത്തോലിക്കര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. ഏഴുമൈല്‍ അകലെ റാന്നി കടവില്‍പള്ളിയായിരുന്നു ഏറ്റവുമടുത്ത കത്തോലിക്കാ ദൈവാലയം. ശ്രീ കാക്കുവൈദ്യന്‍ കാളാശേരി മാര്‍ ജയിംസ് പിതാവിനെ സന്ദര്‍ശിച്ച് ഇവിടെ പള്ളി സ്ഥാപിക്കാന്‍ അനുവാദം അപേക്ഷിച്ചു. അങ്ങനെ ചങ്ങനാശേരി രൂപതയിലെ ആദ്യത്തെ മിഷന്‍പള്ളി അനുവദിച്ചു. ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനെത്തിയ തലോടില്‍ ബ. ജോണച്ചന്‍ 1937 ല്‍ ആദ്യമായി ഇവിടെ ദിവ്യബലി അര്‍പ്പിച്ചു.

പള്ളിയും പള്ളിമുറിയും
കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചന്‍ 1938 ഫെബ്രുവരി 6 ന് ആദ്യവികാരിയായെത്തി. പുല്ലുമേഞ്ഞ് ചാണകം മെഴുകിയ കൊച്ചുപുര. ചുറ്റും ഘോരവനം. യാത്രയ്ക്ക് ഒറ്റയടിപ്പാതകള്‍. ത്യാഗസന്നദ്ധതയില്‍ അടിയുറച്ച വിശ്വാസികളുടെ ചെറുസമൂഹം – ഇതൊക്കെയായിരുന്നു ബ. അച്ചനെ സ്വാഗതം ചെയ്തത്.
പള്ളി പണിയുന്നതിനു നാലേക്കര്‍ സ്ഥലം ശ്രീ കാക്കു വൈദ്യന്‍ ദാനം ചെയ്തു. പള്ളിപണിക്കുവേണ്ടിയുള്ള തലോടില്‍ ബ. ജോണച്ചന്‍റെ അക്ഷീണ പരിശ്രമത്തില്‍ കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചനും വിശ്വാസികളും പങ്കുചേര്‍ന്നു പ്രവര്‍ത്തിച്ചു. കണ്ണമ്പള്ളി 1939 ജനുവരി 12 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. മാര്‍ ജയിംസ് കാളാശേരി പള്ളിയും പള്ളിമുറിയും 1940 ഫെബ്രുവരി 18 നു വെഞ്ചരിച്ചു.
1987 ല്‍ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ മദ്ബഹായും മുഖവാരവും പുതുക്കിപ്പണിതു. പള്ളിയുടെ മോണ്ടളം ജൂബിലി സ്മാരകമായി നിര്‍മിച്ചതാണ്. 1937-38 ല്‍ പണിത പള്ളിമുറി ചെരിപുറത്ത് ബ. ജോണിയച്ചന്‍റെ കാലത്തു പുതുക്കിപ്പണിതു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോണ്‍ തലോടില്‍ (1937-38), ജേക്കബ് കാഞ്ഞിരത്തിനാല്‍ (1938-42), മാത്യു കാപ്പുകാട്ട് (1942-45), സ്തനിസ്ലാവൂസ് ഞള്ളിയില്‍ (1945-49), തോമസ് മണ്ണംപ്ലാക്കല്‍് (1949), ജോസഫ് ഇല്ലിക്കല്‍ (1949-53), സേവ്യര്‍ കുന്നത്തുപുരയിടം സി.എം.ഐ. (ആക്ടിംഗ് വികാരി- 1953), മനേത്തൂസ് മങ്ങാട്ട് സി. എം. ഐ. (1953-60), ബനഡിക്ട് ഓണംകുളം (1960-62), ഡോമിനിക് പാലത്തുങ്കല്‍ (1962-65), സിറിയക് കളത്തില്‍ (1965-67), എമ്മാനുവല്‍ നെല്ലുവേലി (1967-68), ജോര്‍ജ് ഊന്നുകല്ലില്‍ (1968-73), സെബാസ്റ്റ്യന്‍ ഒരിക്കൊമ്പില്‍ (1973-75), സിറിയക് കുളങ്ങോട്ടില്‍ (1975-77), ജേക്കബ് കാവാലം (1977-81), ഫിലിപ്പ് കണിയാംപറമ്പില്‍ സി.എം.ഐ. (1980 ആക്ടിംഗ് വികാരി), ജോസഫ് ഇരുപ്പക്കാട്ട് (1981), മാത്യു വാള്‍ട്ടര്‍ മഠത്തുംമുറി സി.എം.ഐ. (1981-85), ജോസഫ് മംഗലം സി.എം.ഐ. (1985-86), എബ്രാഹം കഴുന്നടി (1986-87), ജോണി ചെരിപുറം (1987-93), ജേക്കബ് ചാത്തനാട്ട് (1993-98), ജോസഫ് നെടുംതകിടിയേല്‍ (1998-2000), അബ്രഹാം കഴുന്നടിയില്‍ (ആക്ടിംഗ് വികാരി – 2000), ജോയി ജെ. ചിറ്റൂര്‍ (2000 മാര്‍ച്ച്- ).

മഠം, സ്കൂള്‍
പ്രൈമറിസ്കൂള്‍ 1953 ല്‍ സ്ഥാപിതമായി. 1953 മേയ് 23 നു സ്ഥാപിച്ച കര്‍മലീത്താ മഠം വകയായി 1980 മുതല്‍ ഒരു നഴ്സറിസ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. മഠത്തിനുള്ള മൂന്നേക്കര്‍ സ്ഥലം ശ്രീ കാക്കുവൈദ്യന്‍ സൗജന്യമായി നല്കി. രണ്ടര ഏക്കര്‍ വിലയ്ക്കുവാങ്ങി. 1954 ഒക്ടോബര്‍ ഒന്നിനു മഠം പണി ആരംഭിച്ച് 1955 ഡിസംബര്‍ 24 നു ബ. മനേത്തൂസച്ചന്‍റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ഇന്നു കാണുന്ന മഠം അടുത്തകാലത്തു നിര്‍മിച്ചതാണ്.

കുരിശുപള്ളി, കുരിശടി
വെച്ചൂച്ചിറയ്ക്കടുത്തു വസിക്കുന്നവരുടെ സൗകര്യാര്‍ഥം 1952 ല്‍ സ്ഥാപിച്ച കപ്പേളയാണ് 1978 ല്‍ ഇടവകയായി ഉയര്‍ത്തപ്പെട്ട ചെമ്പനോലിപ്പള്ളി.
കണ്ണമ്പള്ളിപ്പള്ളിക്കു രണ്ടു കുരിശടികളുണ്ട്. കീക്കിരിക്കാട്ട് ശ്രീ ചാക്കോ ദാനം ചെയ്ത കണ്ണമ്പള്ളി ജംഗ്ഷനിലെ ഒരു സെന്‍റില്‍ ബ. മാത്യു വാള്‍ട്ടറച്ചന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായതാണ് ആദ്യത്തെ കുരിശടി. ചാത്തനാട്ട് ബ. ജേക്കബച്ചന്‍റെ കാലത്ത് 1997 ല്‍ സ്കൂള്‍ ജംഗ്ഷനില്‍ ഉണ്ണിമിശിഹായുടെ നാമത്തില്‍ കുരിശടി നിര്‍മിക്കപ്പെട്ടു. ഇതിനാവശ്യമായ മുഴുവന്‍ തുകയും സംഭാവന ചെയ്തത് പവ്വത്ത് ശ്രീ പി. എ. ജോസഫാണ്.

സ്ഥിതിവിവരം
ഏഴു കുടുംബക്കൂട്ടായ്മകളിലായി 60 കുടുംബങ്ങളും 736 കത്തോലിക്കരുമുണ്ട്. ഇടവകയില്‍ നിന്ന് ഏഴു വൈദികന്മാരും 12 സന്യാസിനികളും സഭാശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
യുവദീപ്തി, മിഷന്‍ലീഗ്, മാതൃദീപ്തി, വിന്‍സെന്‍റ് ഡി പോള്‍ എന്നീ ഭക്തസംഘടനകള്‍ ആത്മീയ ഭൗതിക മേഖലകളില്‍ വിവിധ ശുശ്രൂഷകള്‍ ചെയ്തുവരുന്നു.
പെരുനാട് എക്യുമെനിക്കല്‍ കൗണ്‍സില്‍ എന്ന പേരില്‍ ഊന്നുകല്ലില്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട സംഘടന ആ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റമാണ്. മങ്ങാട്ട് ബ. മനേത്തൂസച്ചന്‍റെ കാലത്ത് ഇടവകയ്ക്ക് ഒട്ടേറെ ആത്മീയ വളര്‍ച്ചയും ഉണര്‍വുമുണ്ടായി. ദൈവവിളികള്‍ സമ്പന്നമായത് ഇക്കാലത്താണ്. ചെരിപുറത്ത് ബ. ജോണിയച്ചന്‍റെ കാലത്ത് ആവിഷ്കരിച്ച ജലവിതരണപദ്ധതി ഇവിടുത്തെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഏറെ സഹായകമായി. കണ്ണമ്പള്ളി ഇടവകയുടെയും പ്രദേശത്തിന്‍റെയും വികസനത്തില്‍ ഏറെ പങ്കു വഹിച്ചത് ഇല്ലിക്കല്‍ ബ. ജോസഫച്ചനാണ്. റോഡുകളും സ്കൂളും മഠവും അച്ചന്‍റെ ശ്രമഫലമായി ഉണ്ടായവയാണ്. നാടിന്‍റെ സമഗ്ര വികസനത്തിന് ഇവിടെ സേവനം ചെയ്ത വൈദികന്മാര്‍ നല്‍കിയ സംഭാവനകള്‍ വിലയേറിയതാണ്.