Kanchiyar – 685 511

04868 – 271308

Vicar: Rev. Fr. Jose Mathew Parapallil

Cell: 9447 2888 92,  9061 5966 40

Click here to go to the Church

കാഞ്ചിയാറ്റില്‍ കുടിയേറ്റമാരംഭിച്ചത് 1950 ലാണ്. കുടിയേറ്റത്തിനുമുമ്പ് ഏതാനും ഏലം കൃഷിക്കാരും ആദിവാസികളും ഇവിടെയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു ഗവണ്‍മെന്‍റ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചതോടെ ഇവിടേക്കുള്ള കര്‍ഷകരുടെ വരവു വര്‍ധിച്ചു.
അക്കാലത്തു ഹൈറേഞ്ചിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന റോഡിലെ ചപ്പാത്തുപാലം നിര്‍ണായകമായിരുന്നു. ഇതു നിര്‍മിച്ചതു കൂപ്പുവെട്ടു നടത്തുന്ന തമിഴ്നാട്ടുകാരനായ ശ്രീ ആങ്കുര്‍ റാവുത്തറാണ്. ഈ പാലം വെള്ളപ്പൊക്ക ഭീഷണിയിലായാല്‍ ഇംഗ്ലീഷുകാര്‍ നിര്‍മിച്ച എസ്റ്റേറ്റു റോഡുവഴി ഉപ്പുതറവന്ന് കടത്തുകടന്നു വേണം കാഞ്ചിയാറ്റിലും മറ്റും എത്താന്‍.
കുടിയേറ്റക്കാര്‍ ആത്മീയാവശ്യങ്ങള്‍ക്ക് ഉപ്പുതറപ്പള്ളിയെ ആശ്രയിച്ചിരുന്നു. യാത്രാക്ലേശം, പ്രതികൂലകാലാവസ്ഥ, കാട്ടുമൃഗങ്ങളുടെ ഉപദ്രവം തുടങ്ങിയ കാരണങ്ങളാല്‍ ദൈവജനത്തിന് ആത്മീയാവശ്യങ്ങള്‍ സുഗമമായി നടത്താന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഇതു മനസ്സിലാക്കിയ ഉപ്പുതറപ്പള്ളിവികാരി പാറേല്‍ ബ. തോമസച്ചന്‍ 1952 ല്‍ കക്കാട്ടുകട എന്ന സ്ഥലത്തു കിഴക്കേത്തലയ് ക്കല്‍ക്കാരുടെ വക ഷെഡ്ഡില്‍ ആദ്യമായി ദിവ്യബലി യര്‍പ്പിച്ചു. ഇപ്പോള്‍ കാഞ്ചിയാര്‍പള്ളിയുടെ സിമിത്തേരി സ്ഥിതി ചെയ്യുന്നിടത്തു താല്ക്കാലിക ഷെഡ്ഡുപണിത് ഏതാനും ആഴ്ച ബലിയര്‍പ്പണം തുടര്‍ന്നു.
ഇന്നത്തെ ദൈവാലയം സ്ഥിതി ചെയ്യുന്നിടത്തു തോട്ടുപുറത്തു ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ 1952 ല്‍ പള്ളിപണി ആരംഭിച്ചു. ചെങ്ങളത്തു ബ. മത്തായിയച്ചന്‍റെ കാലത്ത് 1953 ല്‍ മാര്‍ മാത്യു കാവുകാട്ട് പള്ളി വെഞ്ചരിച്ചു. പള്ളിക്കുള്ള 25 സെന്‍റ് സ്ഥലം ദാനംചെയ്തതു കരിയില്‍ ശ്രീ പൈലിയാണ്. 1954 മേയില്‍ കാഞ്ചിയാര്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു.

നവീനദൈവാലയം
കാട്ടാമ്പള്ളി ബ. തോമസച്ചന്‍ വികാരിയായി വന്നതോടെ 1961 ല്‍ പുതിയ പള്ളിയെക്കുറിച്ച് ആലോചന തുടങ്ങി. ആക്ടിംഗ് വികാരിയായ കൂടത്തില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് 1969 ല്‍ പള്ളി പണിയാരംഭിച്ചു. കാട്ടാമ്പള്ളില്‍ ബ. തോമസച്ചന്‍റെ കാലത്തു മാര്‍ ആന്‍റണി പടിയറ 1972 മാര്‍ച്ച് 9 നു പുതിയപള്ളി കൂദാശ ചെയ്തു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ജോസഫ് തോട്ടുപുറം (1952-54), അലക്സാണ്ടര്‍ വയലുങ്കല്‍ (1954-56), ഹൊണോരിയൂസ് വാണിയപ്പുരയ്ക്കല്‍ സി.എം.ഐ. (1956-57), മത്തായി ചെങ്ങളത്ത് (1957-59), മാത്യു നെല്ലരി (1959-61), തോമസ് കാട്ടാമ്പള്ളില്‍ (1961-68), ജോര്‍ജ് കൂടത്തില്‍ (ആക്ടിംഗ് വികാരി :1968-70), തോമസ് കാട്ടാമ്പള്ളില്‍ (1970-72), സെബാസ്റ്റ്യന്‍ വെള്ളാരം പറമ്പില്‍ (1972-78), ആന്‍റണി നെടിയ കാലാപ്പറമ്പില്‍ (1978-84), എബ്രാഹം പാലക്കുടിയില്‍ (1984-85), ജോസ് വരിക്കമാക്കല്‍ (1985-87), മാത്യു കോക്കാട്ട് (1987-88), എബ്രാഹം മണ്ണംപ്ലാക്കല്‍ (1988-91), തോമസ് ആയില (1991-94), മാത്യു പൂച്ചാലില്‍ (1994-98), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1998-). ഇടവകയിലെ ആദ്യ അസ്തേന്തി കൊല്ലംപറമ്പില്‍ ബ. ജോസഫച്ചനാണ് (2001- ).

പള്ളിമുറി
ചെങ്ങളത്തു ബ. മത്തായിച്ചന്‍റെ കാലത്ത് 1957 ല്‍ ആദ്യത്തെ പള്ളിമുറി പണിതു. പുതിയ പള്ളിമുറിയുടെ പണി കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ 1998 ഏപ്രില്‍ 2 നു ആരംഭിക്കുകയും 1999 ഓഗസ്റ്റ് 15 നു വെഞ്ചരിക്കുകയും ചെയ്തു.

സന്യാസഭവനങ്ങള്‍
ക്ലാരമഠം 1957 ല്‍ തുടങ്ങി. മഠത്തിനു കളപ്പുരയ്ക്കല്‍ ശ്രീ മത്തായി സ്ഥലം സംഭാവനയായി നല്കി. ആരാധനസന്യാസിനീസമൂഹം 1997 ലും എല്‍. എസ്. ടി. മഠം 1996 ജനുവരി 7 നും സ്ഥാപിതമായി.

കുരിശുപള്ളി
നരിയമ്പാറ ഹോളി ക്രോസ് കുരിശുപള്ളി 1996 സെപ്തംബര്‍ 14 ന് പൂച്ചാലില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു സ്ഥാപിതമായി. 1997 മുതല്‍ ഇവിടെ ഞായറാഴ്ച കുര്‍ബാന ആരംഭിച്ചു. 1998 ല്‍ കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെ ശ്രമഫലമായി സങ്കീര്‍ത്തിയും ഹാളും മറ്റും പണികഴിപ്പിച്ചു. വള്ളക്കടവ്, കല്‍ത്തൊട്ടി, കാഞ്ചിയാര്‍ ഇടവകകള്‍ സംയുക്തമായാണ് ഈ കുരിശുപള്ളി നടത്തിപ്പോരുന്നത്.

സ്കൂളുകള്‍
നെല്ലരി ബ. മാത്യു അച്ചന്‍റെ കാലത്ത് 1959 ല്‍ എല്‍. പി. സ്കൂളും 1977 ല്‍ വെള്ളാരംപറമ്പില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്ത് യൂ.പി. സ്കൂളും സ്ഥാപിതമായി.

കുടുംബങ്ങള്‍, ദൈവവിളി
16 കുടുംബക്കൂട്ടായ്മകളിലായി 345 കുടുംബങ്ങളും 1664 കത്തോലിക്കരു മുണ്ട്. ഇതരകത്തോലിക്കാ വിഭാഗങ്ങളില്‍ പ്പെട്ട ഭവനങ്ങള്‍ : മലങ്കര – 5, ലത്തീന്‍ – 2. ഇതര സഭാസമൂഹത്തില്‍പ്പെട്ടവ : യാക്കോബായ – 22,പ്രൊട്ടസ്റ്റന്‍റ് – 11, യഹോവ – 7, സി.എസ്.ഐ.- 14, അക്രൈസ്തവ കുടുംബങ്ങള്‍ : ഹിന്ദുക്കള്‍ – 182, മുസ്ലീങ്ങള്‍ – 4.
ഇടവകയില്‍നിന്ന് മൂന്നു വൈദികന്മാരും 37 സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തുവരുന്നു. രണ്ടു വൈദികാര്‍ ഥികളും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നേടുന്നു.