Kanamala St.Thomas

Kanamala – 686 510

04828 – 214235

Vicar: Rev. Fr. Mathew Nirappel

Cell: 994 642 3675

frnirappel@gmail.com

ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ 1948 ല്‍ കൃഷിക്കായി വിട്ടുകൊടുത്ത വനപ്രദേശമാണു കണമല. ഇടവകസ്ഥാപനത്തിനു മുമ്പു മണിപ്പുഴ പ്പള്ളിയിലാണ് ഇവര്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
വെട്ടിക്കാട്ട് ശ്രീ മത്തായി അപ്രേമിന്‍റെ ഉത്സാഹത്തില്‍ 1954 ല്‍ വിശ്വാസികള്‍ തഴയ്ക്കല്‍
ശ്രീ മത്തായിയുടെ അഞ്ചു സെന്‍റു സ്ഥലത്ത് ഇപ്പോഴത്തെ പള്ളിയുടെ താഴെ ഷെഡ്ഡുണ്ടാക്കി, പതിവായി പ്രാര്‍ഥിക്കാന്‍ തുടങ്ങി. മണിപ്പുഴ വികാരി പൊന്നെടുത്തകല്ലേല്‍ ബ. ജോര്‍ജച്ചന്‍ മാസത്തില്‍ ഒരു കുര്‍ബാനവീതം 1954 സെപ്തം.14 മുതല്‍ അര്‍പ്പിച്ചു വന്നു. 1955 ഒക്ടോബറില്‍ ഒരു മൃതസംസ്കാരത്തിനുശേഷമാണു പള്ളിയുടെയും സിമിത്തേരിയുടെയും ആവശ്യകതയിലേക്കു വിശ്വാസികളുടെ ശ്രദ്ധ തിരിഞ്ഞത്. അങ്ങനെ ഇപ്പോഴത്തെ പള്ളിയുടെ മുകള്‍ഭാഗത്തായി 1955 ഡിസംബര്‍ 21 നു താല്കാലികപള്ളി പണിതു. സിമിത്തേരി 1956 ജനുവരിയില്‍ നിര്‍മിച്ചു. 1966 മുതലാണു വികാരിയച്ചന്മാര്‍ താമസിച്ചു സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയത്.

നവീനദൈവാലയം
റോഡരുകില്‍ പുതിയപള്ളി സ്ഥാപിക്കുന്നതിനു പുല്ലുകാട്ട് ബ. അബ്രാഹമച്ചന്‍ 1974 ജൂലൈയില്‍ സ്ഥലം വിലയ്ക്കുവാങ്ങി. ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം മാര്‍ ആന്‍റണി പടിയറ 1975 ജനുവരി 26 നു നിര്‍വഹിച്ചു. പണി പൂര്‍ത്തിയാക്കിയ ദൈവാലയം മാര്‍ ജോസഫ് പവ്വത്തില്‍ 1977 നവംബര്‍ 16 നു വെഞ്ചരിച്ചു. 1,25,000 രൂപ പുതിയ പള്ളിക്കു ചെലവു വന്നു. കാരിമറ്റത്തില്‍ ബ. ജോസച്ചന്‍റെ കാലത്തു മദ്ബഹ പൗരസ്ത്യരീതിയില്‍ പരിഷ്കരിച്ചു മനോഹരമാക്കി.

സേവനം ചെയ്ത ബ. വൈദികന്മാര്‍
ജോര്‍ജ് പൊന്നെടുത്തകല്ലേല്‍ (1954- 56), ജോര്‍ജ് വെള്ളേക്കളം (1956 ഫെബ്രു. – ജൂലൈ), വര്‍ഗീസ് ആറ്റുവാത്തല (1956- 58), ജോസഫ് പുത്തന്‍പുരയ്ക്കല്‍ 958- 60), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1960- 62), മാത്യു നെല്ലരി (1962 ജനു.- നവം.), മാത്യു പന്തപ്പള്ളില്‍ (1962- 63), ജോണ്‍ കട്ടക്കയം (1963 മാര്‍ച്ച്- നവം.), പോള്‍ വാഴപ്പനാടി (1963- 65), മാത്യു ചെരിപുറം (1965 മേയ്- 66 ജൂലൈ), ജോസഫ് വാഴയില്‍ (1966 ജൂലൈ- 68 ഒക്ടോ.), ജേക്കബ് എടയാലില്‍ (1968- 69), അബ്രാഹം വടാന (1969- 72), മത്തായി കോവൂക്കുന്നേല്‍ (1972- 73), അബ്രാഹം പുല്ലുകാട്ട് (1973- 80), മാത്യു വയലുങ്കല്‍ (1980- 85), ജോസ് മഠത്തിക്കുന്നേല്‍ (1985- 90), ജോസ് കാരിമറ്റം (1990- 97), കുര്യന്‍ താമരശേരി (1997- 2000), ജോസ് മാറാമറ്റം (2000- ).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോസഫ് കാലായില്‍ (1959- 60), ആന്‍റണി മണിയങ്ങാട്ട് (1995- 96), ജോസ് മാത്യു പറപ്പള്ളി (1996-97).

പള്ളിമുറി
താല്ക്കാലിക പള്ളിമുറി 1964-65 ല്‍ പണി കഴിപ്പിച്ചു. പിന്നീട് കാരിമറ്റം ബ. ജോസച്ചന്‍റെ നേതൃത്വത്തില്‍ 1994-95 ല്‍ വിശാലമായ പള്ളിമുറി നിര്‍മിച്ചു.

കുരിശടികള്‍
മൂക്കന്‍പെട്ടി (1967), കണമല, (1971), എരുത്വാപ്പുഴ (1995) എന്നിവിടങ്ങളിലായി മൂന്നു കുരിശടികളുണ്ട്.

സ്ഥാപനങ്ങള്‍
എല്‍.പി.സ്കൂള്‍ 1960 ലും യു.പി. സ്കൂള്‍ 1968 ലും സ്ഥാപിതമായി. വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ ശ്രമഫലമായി 1982 ല്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി. ക്ലാരസഭയുടെ മഠം 1978 ജൂണ്‍ 18 ന് ആരംഭിച്ചു.

സ്ഥിതിവിവരം
266 കത്തോലിക്കാ കുടുംബങ്ങളിലായി 1249 വിശ്വാസികളുണ്ട്. നാലു വൈദികന്മാരും 15 സന്യാസിനികളും സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാലു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു. ആകെ 16 കുടുംബക്കൂട്ടായ്മകളുണ്ട്.
ഇവിടെ നിന്നുള്ള 115 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് 1996 ല്‍ ഏയ്ഞ്ചല്‍വാലി ഇടവക രൂപംകൊണ്ടത്.
വിവിധഭക്തസംഘടനകള്‍ ഇടവകയില്‍ സജീവമാണ്. 301 ഹൈന്ദവ കുടുംബങ്ങളും 15 മുസ്ലീം കുടുംബങ്ങളും 60 സി.എസ്.ഐ. കുടുംബങ്ങളും ഇടവകയുടെ പരിധിയിലുണ്ട്.
യാത്രാസൗകര്യം വളരെ പരിമിതമായിരുന്ന കാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍ റോഡുകളും പാലങ്ങളും കോസ്വേകളും നിര്‍മിക്കുന്നതിനു നേതൃത്വമേകി. അഴുത ആറിനു കുറുകെയുള്ള നടപ്പാലം, പമ്പയ്ക്കും അഴുതയ്ക്കും കുറുകെയുള്ള കോസ്വേകള്‍, 1993 ല്‍ എം.ഡി.എസിന്‍റെ സഹായത്തില്‍ ജനപങ്കാളിത്തത്തോടെ നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ് എന്നിവ ഉദാഹരണങ്ങളാണ്. ഗ്രാമവികസനത്തില്‍ സഭ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതുതന്നെ.