Chenkara – 685 535

04869 – 263003

Vicar: Rev. Fr. Varghese Parackal

Cell:

Click here to go to the Church

പുല്ലുമേട് എന്ന പേരില്‍ അടുത്തകാലം വരെ അറിയപ്പെട്ടിരുന്ന പ്രദേശമുള്‍പ്പെടുന്നതാണു ഗ്രെയ്സ്മൗണ്ട് ഇടവക. മേരികുളം ഇടവകയുടെ പരിധിയില്‍പ്പെടുന്ന പ്രദേശമായിരുന്നെങ്കിലും വിശാലമായ കാപ്പിത്തോട്ടങ്ങള്‍ക്ക് അപ്പുറം ചെന്നെത്താന്‍ നല്ല റോഡുകളൊന്നുമില്ലാതിരുന്നതിനാല്‍ ഇടവകയുമായി കാര്യമായ സമ്പര്‍ക്കം പുലര്‍ത്താന്‍ അവിടെയുള്ളവര്‍ക്കു കഴിഞ്ഞില്ല. അജഗണങ്ങളെ തേടിയുള്ള നല്ലിടയന്മാരുടെ അന്വേഷണം അല്പം വൈകിയാണെങ്കിലും പുല്ലുമേട്ടിലുമെത്തി.
മേരികുളം വികാരിയായിരുന്ന പാലക്കുടിയില്‍ ബ. അബ്രാഹമച്ചന്‍റെ ശ്രമഫലമായി 1988 ല്‍ പുല്ലുമേട്ടില്‍ ശ്രീ കെ.കെ. ബാബുവിന്‍റെ സ്ഥലത്ത് ഒരു ഷെഡ്ഡുകെട്ടി നഴ്സറിസ്കൂള്‍ ആരംഭിച്ചു. 1991 മേയ് 25 ന് നെടിയകാലാപ്പറമ്പില്‍ ബ. ആന്‍റണിയച്ചന്‍ ഈ ഷെഡ്ഡില്‍ ആദ്യമായി കുര്‍ബാനയര്‍പ്പിച്ചു.

പള്ളിമുറിയും പള്ളിയും
നെടിയകാലാപ്പറമ്പില്‍ ബ. ആന്‍റണിയച്ചന്‍ 1992 ഡിസംബര്‍ 2 നു പള്ളിമുറിക്കു കല്ലിട്ടു. മാര്‍ മാത്യു വട്ടക്കുഴി 1993 നവം. 21 നു ഇതു വെഞ്ചരിച്ചു. ഇതേദിവസംതന്നെ മാര്‍ മാത്യു വട്ടക്കുഴി പുതിയ പള്ളിക്കു കല്ലിടുകയും 1995 മേയ് 27 ന് ചെരുവില്‍ ബ. ജോസഫച്ചന്‍റെ കാലത്തു പള്ളി കൂദാശ ചെയ്യുകയും ചെയ്തു.
ഇടവകക്കാരുടെ ആത്മാര്‍ഥമായ സഹകരണം കൊണ്ടാണു പള്ളിമുറിയും പള്ളിയും വേഗം പണി തീര്‍ന്നത്. മേരികുളം പള്ളി അസ്തേന്തിയായിരുന്ന ഞള്ളിയില്‍ ബ. തോമസച്ചന്‍റെ ശ്രമഫലമായി പള്ളിയും പള്ളിമുറിയും വയറിംഗു നടത്തുവാനും കയറ്റുപായ, മൈക്ക്, ജനറേറ്റര്‍ മുതലായവ വാങ്ങുവാനും സാധിച്ചു.
ചെരുവില്‍ ബ. ജോസഫച്ചന്‍റെ ശ്രമഫലമായി എസ്.ഡി. കോണ്‍വെന്‍റ് ആരംഭിക്കുന്നതിനു 1998 ഓഗസ്റ്റ് 9 നു സ്ഥലം വാങ്ങി. എങ്കിലും ഇതേവരെ മഠം സ്ഥാപിതമായിട്ടില്ല.

സ്ഥലം
ശ്രീ കെ.കെ. ബാബുവില്‍ നിന്നു 1990 നവം. 15 നു തീറാധാരം ചെയ്തു വാങ്ങിയ ഒരേക്കര്‍ കൂടാതെ സുല്‍ത്താനിയ ഭാഗത്ത് 1998 ഓഗസ്റ്റ് 9 നു പട്ടയമില്ലാത്ത 70 സെന്‍റുകൂടി വാങ്ങിച്ചിട്ടുണ്ട്.

ദൈവവിളി
ഫാ. ജോര്‍ജ് കണ്ണാനയില്‍ എസ്.വി.ഡി. ഇടവകാംഗമാണ്. മൂന്നു സന്യാസിനികള്‍ സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ഇടവകവികാരി
വാണിയപ്പുരയ്ക്കല്‍ ബ. ജോര്‍ജച്ചന്‍റെ ശ്രമഫലമായി 2000 മാര്‍ച്ച് 2 ന് ഗ്രെയിസ്മൗണ്ട് പൂര്‍ണാര്‍ഥ ത്തിലുള്ള ഇടവകയായി. അന്നുതന്നെ ആദ്യവികാരിയായി മങ്കന്താനം ബ. ഇമ്മാനുവേലച്ചന്‍ ചാര്‍ജെടുത്തു.

കുടുംബങ്ങള്‍
ആറു കുടുംബക്കൂട്ടായ്മകളിലായി 65 കുടുംബങ്ങളും 255 കത്തോലിക്കരും ഇടവകയിലുണ്ട്. ഇതര കുടുംബങ്ങള്‍ : ലത്തീന്‍ – 6, മലങ്കര – 3, യാക്കോബായ – 7, സി.എസ്.ഐ. – 52, യഹോവ – 2, ഹിന്ദു – 525, മുസ്ലീം – 35.
മാതൃദീപ്തി, യുവദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം എന്നീ സംഘടനകള്‍ ഇടവകയെ വളര്‍ച്ച യിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
അവികസിതമായ പ്രദേശത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്‍റെ സ്വച്ഛസൗന്ദര്യമാണ് ഗ്രെയ്സ് മൗണ്ടിന് ഇന്നുള്ളത്. ദുര്‍ഘടമായ ജീപ്പുറോഡു താമസിയാതെ രാജവീഥിയാകുമെന്നു കരുതുന്നു. യാത്രാസൗകര്യം വര്‍ദ്ധിക്കുമ്പോള്‍ നാടുണരും. സംസ്കാരം വളരും.