Erumely Assumption Forane

Erumely – 686 509

04828 – 210343

Vicar: Rev. Fr. Varghese Puthupparampil

Cell: 9446 120 295

frshajiputhu73@gmail.com

Click here to go to the Church

എരുമേലി വളരെ പഴക്കമുള്ള കുടിയേറ്റപ്രദേശമാണ്. പുരാതനകാലത്ത് എരുമേലി മുതല്‍ അഴുതയാര്‍വരെയുള്ള 4800 ഏക്കര്‍ സ്ഥലം ക്ഷേത്രംവകയായിരുന്നു. ആദ്യം റാന്നി കര്‍ത്താക്കന്‍മാരും പിന്നീട് മറ്റക്കാട്ടു കുടുംബവും ഒടുവില്‍ കാഞ്ഞിരപ്പള്ളി പാര്‍വത്യാരുമാണ് ഇതിന്‍റെ ചുമതല വഹിച്ചിരുന്നത്. 1900 ത്തില്‍ ക്ഷേത്രം വക 1512 ഏക്കര്‍ സ്ഥലം കൃഷിഭൂമിയായും ബാക്കി സ്ഥലം വനഭൂമിയായും സര്‍ക്കാര്‍ നിജപ്പെടുത്തി. കൃഷിഭൂമി കിട്ടിയതിനെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ നിന്നു വിവിധ മതവിഭാഗക്കാര്‍ എരുമേലി പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തു.
കുടിയേറിപ്പാര്‍ത്ത ക്രിസ്ത്യാനികള്‍ പഴയ കൊരട്ടി, മണിപ്പുഴ, താമരക്കുന്ന് (ചിറക്കടവ്), തരകനാട്ടുകുന്ന് (ചേനപ്പാടി) തുടങ്ങിയ പള്ളികളിലാണു പൊയ്ക്കൊണ്ടിരുന്നത്. യാത്രാക്ലേശംമൂലം څഒഴുക്കനാട്چ സ്ഥലത്തു ഷെഡുണ്ടാക്കി ബലിയര്‍പ്പണവും മതബോധനവും നടത്താന്‍ തരകനാട്ടുകുന്നു പള്ളി വികാരിമാരായിരുന്ന തൊട്ടിയില്‍ ബ. തോമസച്ചനും തെക്കേല്‍ ബ. സ്കറിയാച്ചനും ആയിത്തമറ്റത്തില്‍ ബ. തോമ്മാച്ചനും മണ്ണംപ്ലാക്കല്‍ ബ. തോമ്മാച്ചനും 1941 50 വരെയുള്ള കാലഘട്ടത്തില്‍ ശ്രദ്ധിച്ചിരുന്നു.

പള്ളിക്കൂടവും ഹൈസ്കൂളും
കര്‍ഷകപ്രമുഖനും സാമൂഹികപരിഷ് കര്‍ത്താവുമായ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ശ്രീ ചാക്കോച്ചന്‍ 1926 മുതല്‍ നടത്തിപ്പോന്ന ഏഴു ക്ലാസുവരെയുണ്ടായിരുന്ന മലയാളം പള്ളിക്കൂടം ചങ്ങനാശേരി രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ് കാളാശേരില്‍ വിലയ്ക്കു വാങ്ങുകയും സ്കൂളിന്‍റെ നടത്തിപ്പു രൂപതവക കുടുക്കവള്ളി എസ്റ്റേറ്റ് മാനേജര്‍ കല്ലറയ്ക്കല്‍ ബ. കുരുവിളയച്ചനെ ഏല്‍പ്പിക്കുകയും ചെയ്തു. 1949 ല്‍ ഇതു ഹൈസ്കൂളായി. പ്രമുഖ വിദ്യാഭ്യാസപ്രവര്‍ത്തകനും പ്രഖ്യാതമായ ചങ്ങനാശേരി എസ്. എച്ച്. ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ സ്ഥാപകനുമായിരുന്ന കായിത്തറ ബ. ആന്‍റണിയച്ചന്‍ 1949 ജൂണ്‍ ഒന്നിനു ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തു. സ്കൂള്‍ക്കെട്ടിടത്തിന്‍റെ മുറിയില്‍ താമസിച്ച് അദ്ദേഹം അവിടെത്തന്നെ ദിവ്യബലിയര്‍പ്പിച്ചു പോന്നു.

ദൈവാലയസ്ഥാപനം
പള്ളിപണിയുന്നതിനുള്ള അനുവാദം 1951 ഒക്ടോബര്‍ 3 ന് രൂപതയില്‍ നിന്നു ലഭിച്ചു. സ്കൂളിന്‍റെ വടക്കുവശത്തുള്ള ക്ലാരമഠം വക സ്ഥലത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡുണ്ടാക്കി അവിടെ ദിവ്യബലിയര്‍പ്പിച്ചു തുടങ്ങി.
പള്ളി സ്ഥാപിക്കാന്‍ കരിപ്പാപ്പറമ്പില്‍ ഡോമിനിക് തൊമ്മന്‍റെ ഭാര്യ ശ്രീമതി ഫിലോമിന ഒരേക്കര്‍ സ്ഥലം ദാനംചെയ്തു. അഭിവന്ദ്യപിതാവിന്‍റെ നിര്‍ദേശപ്രകാരം ചെമ്പകത്തുങ്കല്‍ ശ്രീ പാപ്പന്‍ചേട്ടന്‍റെ പേരില്‍ സ്ഥലം തീറാധാരം എഴുതിക്കൊടുത്തു. പള്ളിയുടെ ശിലാസ്ഥാപനം 1951 ഓഗസ്റ്റ് 15 ന് ആയിത്തമറ്റത്തില്‍ ബ. തോമസ് അച്ചന്‍ നിര്‍വഹിച്ചു. പള്ളിപണിയുടെ ചുമതലക്കാരായി ചെമ്പകത്തുങ്കല്‍ ശ്രീ പാപ്പന്‍ചേട്ടന്‍, കടൂക്കുന്നേല്‍ ശ്രീ ചാണ്ടി ചെറിയാന്‍, സഹായികളായി മണ്ണംപ്ലാക്കല്‍ ശ്രീ ജോസഫ് ദേവസ്യ, അറയ്ക്കല്‍ ശ്രീ തോമസ് മത്തായി, വെട്ടിക്കാട്ട് ശ്രീ ജോസഫ് തോമസ് എന്നിവരെ നിശ്ചയിച്ചു. കായിത്തറ ബ. ആന്‍റണിയച്ചനും കല്ലറയ്ക്കല്‍ ബ. കുരുവിളയച്ചനും പള്ളിപണിക്കു ചുക്കാന്‍ പിടിച്ചു. 1952 ഓഗസ്റ്റ് 16 ന് മാര്‍ മാത്യു കാവുകാട്ട് പള്ളി വെഞ്ചരിച്ചു. അന്നുതന്നെ ഇതൊരിടവകയായി ഉയര്‍ത്തപ്പെട്ടു. മണ്ണംപ്ലാക്കല്‍ ബ. തോമസച്ചന്‍ ആയിരുന്നു ആദ്യവികാരി. ചെമ്പകത്തുങ്കല്‍ ശ്രീ പാപ്പന്‍ചേട്ടന്‍ തന്‍റെ സമ്പത്തും സമയവും ദൈവാലയ നിര്‍മാണത്തിനു വേണ്ടി ഔദാര്യപൂര്‍വം ചെലവഴിച്ചു.

ഫൊറോന
എരുമേലി ഇടവക 1975 ഓഗസ്റ്റ് 15 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി പടിയറ ഫൊറോനാ ആയി ഉയര്‍ത്തി. 26 പള്ളികളാണു ഫൊറോനയുടെ കീഴിലുള്ളത്.

നവീനദൈവാലയം
1976 ല്‍ തോട്ടുപുറത്ത് ബ. ജോസഫ് അച്ചന്‍ പള്ളിയുടെ മുഖവാരം നന്നാക്കുകയും മോണ്ടളം നിര്‍മിക്കുകയും ചെയ്തു. ഒരു പുതിയ ദൈവാലയത്തിന്‍റെ ആവശ്യകത മുന്നില്‍ കണ്ടുകൊണ്ട് ദൈവാലയ നിര്‍മിതിക്കാവശ്യമായ 50 സെന്‍റ് സ്ഥലം ആര്യമണ്ണില്‍ ബ. തോമസച്ചന്‍ 1988 ഡിസംബര്‍ 8 നു വിലയ്ക്കു വാങ്ങി. ശില്പകലകളാല്‍ അലംകൃതമായ നവീന ദൈവാലയത്തിനു തുടക്കമിട്ടത് ആലുങ്കല്‍ ബ. ജോര്‍ജച്ചനാണ്. മാര്‍ മാത്യു വട്ടക്കുഴി 1990 ഡിസംബര്‍ 8 ന് ശിലാസ്ഥാപനം നടത്തി. 1993 ഡിസംബര്‍ 8 ന് ദൈവാലയം കൂദാശ ചെയ്തു. അസ്തേന്തിമാരായിരുന്ന ചങ്ങനാരിപ്പറമ്പില്‍ ബ. തോമസച്ചനും പെരുനിലം ബ. സെബാസ്റ്റ്യനച്ചനും തെക്കേവയലില്‍ ബ. പയസച്ചനും ദൈവാലയനിര്‍മാണത്തിന് പ്രോത്സാഹനവും സഹകരണവുമേകി.
ഇടവകക്കൂട്ടായ്മയുടെയും പൂര്‍വികരുടെ കഠിനാധ്വാനത്തിന്‍റെയും കറയറ്റ വിശ്വാസത്തിന്‍റെയും ആഴം വെളിപ്പെടുത്തുന്ന സാക്ഷ്യകൂടാരമാണ് ഇന്നു കാണുന്ന ദൈവാലയം.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
തോമസ് മണ്ണംപ്ലാക്കല്‍ (1952-54), ജോസഫ് മാലിപ്പറമ്പില്‍ (1954-55), തോമസ് ചിറക്കടവില്‍ (1955-56), എബ്രാഹം മുണ്ടിയാനിക്കല്‍ (1956), ജോസഫ് പുതിയാപറമ്പില്‍ (1956 – 57), മാത്യു വട്ടക്കുഴി (മുന്‍ രൂപതാധ്യക്ഷന്‍ – 1957), ജോസഫ് വട്ടയ്ക്കാട്ട് (1957 – 58), കുരുവിള വടാശേരില്‍ (1958), ജോസഫ് മേപ്രക്കരോട്ട് (1958-64), ജയിംസ് വെട്ടിക്കാട്ട് (1964-71), തോമസ് മണലില്‍ (1971-75), ജോസഫ് തോട്ടുപുറം (1975-79), ജോസഫ് മടുക്കക്കുഴി (1979), ജോര്‍ജ് ഒലക്കപ്പാടിയില്‍ (1979-81), ജോസഫ് നഗരൂര്‍ (1981-85) തോമസ് ആര്യമണ്ണില്‍ (1985-90), ജോര്‍ജ് ആലുങ്കല്‍ (1990-96), എബ്രഹാം കഴുന്നടിയില്‍ (1996-).

ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
മാത്യു പൊട്ടംപറമ്പില്‍ സി.എം.എഫ്. (1978), ജോസഫ് പെരുമാപ്പറമ്പില്‍ (1979), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (1982), മാത്യു അറയ്ക്കപ്പറമ്പില്‍ (1987), എബ്രാഹം പുതുമന (1989), മാത്യു ആനത്താരക്കല്‍ സി.എം.ഐ. (1990), തോമസ് ചങ്ങനാരിപ്പറമ്പില്‍ എം.എസ്.റ്റി. (1990-92), സെബാസ്റ്റ്യന്‍ പെരുനിലം (1992-93), പയസ് തെക്കേവയലില്‍ (1993-94), പീറ്റര്‍ മേസ്തിരിപ്പറമ്പില്‍ (1994-95), മാത്യു മുല്ലമംഗലം (1995-97), ജോര്‍ജ് കൊച്ചുപറമ്പില്‍ (1997-98), അലക്സ് ജെ. വെള്ളാപ്പള്ളി (1998-2000), സഖറിയാസ് ഇല്ലിക്കമുറിയില്‍ (2000-2001), വര്‍ഗീസ് മഞ്ഞക്കുഴക്കുന്നേല്‍ (2001 -).

പള്ളിമുറി
മേപ്രക്കരോട്ട് ബ. ജോസഫച്ചന്‍റെ കാലത്ത് 1959 ല്‍ കെട്ടിടം പണിയാരംഭിച്ച് 1960 ല്‍ പൂര്‍ത്തിയാക്കി. കരിക്കാട്ടുപറമ്പില്‍ ബ. കുരുവിളയച്ചന്‍ ഇതിന്‍റെ വെഞ്ചരിപ്പു നിര്‍വഹിച്ചു.
സ്ഥാപനങ്ങള്‍
മഠം
ചങ്ങനാശേരി ക്ലാരമഠത്തിന്‍റെ ശാഖ 1949 മേയ് 31 നു സ്ഥാപിതമായി. പുളിങ്കുന്ന് ഇടവകയിലെ ശ്രീ എം.എം. ജോസഫ് മഠത്തിശേരില്‍ സ്കൂളിനടുത്തു തനിക്കുണ്ടായിരുന്ന സ്ഥലത്തില്‍ രണ്ടര ഏക്കര്‍ സ്ഥലം തന്‍റെ ബന്ധുവായ കല്ലുകുളത്തില്‍ ബ. സെറഫീനാമ്മയുടെ പേര്‍ക്ക് ഇഷ്ടദാനമായി എഴുതി ക്കൊടുത്തു. ബ. സെറഫീനാമ്മയുടെ നേതൃത്വത്തില്‍ ഇവിടെ മഠം സ്ഥാപിതമായി. ആദ്യകാലത്ത് സ്വന്തമായി ഭവനമില്ലാതിരുന്നതിനാല്‍ കുടുക്കവള്ളി എസ്റ്റേറ്റിലുണ്ടായിരുന്ന കെട്ടിടത്തില്‍ സിസ്റ്റേഴ്സ് താമസമാരംഭിച്ചു. കരിക്കാട്ടുപറമ്പില്‍ ബ. കുരുവിളയച്ചന്‍റെ മേല്‍നോട്ടത്തില്‍ 1951 ല്‍ മഠത്തിന്‍റെ പണികളാരംഭിച്ചു. 1952 ഓഗസ്റ്റ് 16 ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ട് മഠം ആശീര്‍വദിച്ചു.
സ്കൂളുകള്‍
മഠത്തോടനുബന്ധിച്ചു സെന്‍റ് തോമസ് എല്‍.പി. സ്കൂള്‍, നിര്‍മലാ നഴ്സറി സ്കൂള്‍, നിര്‍മലാ ഇംഗ്ലീഷ് മീഡിയം എല്‍. പി. സ്കൂള്‍, അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂള്‍, സോഷ്യല്‍ വെല്‍ഫെയര്‍ സെന്‍റര്‍ എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. 1949 ല്‍ ഹൈസ്കൂളും 2000 ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും സ്ഥാപിതമായി.
കുരിശുപള്ളികള്‍
1964 ല്‍ പേട്ടക്കവലയില്‍ 15,000 രൂപ വില കൊടുത്ത് സ്ഥലം വാങ്ങി ഒരു കുരിശടി സ്ഥാപിച്ചു. കാരിത്തോട്ടിലെ കുരിശുപള്ളിയില്‍ ഞായറാഴ്ചകളില്‍ വി.കുര്‍ബാന അര്‍പ്പിച്ചുവരുന്നു. എരുമേലി – കാഞ്ഞിരപ്പള്ളി റോഡു സൈഡില്‍ മറ്റൊരു കുരിശടി കൂടി സ്ഥാപിതമായിട്ടുണ്ട്.
കുടുംബം, ദൈവവിളി
ഇടവകയില്‍ 323 കുടുംബ ങ്ങളുണ്ട്. 23 കുടുംബക്കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. 20 വൈദികന്മാരും 28 സിസ്റ്റേഴ്സും വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.
ത്രിതീയ രൂപതാദ്ധ്യക്ഷന്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മേലധ്യക്ഷനായ മാര്‍ മാത്യു അറയ്ക്കല്‍ ഈ ഇടവകാംഗമാണ്. അറയ്ക്കല്‍ കുടുംബത്തില്‍ 1944 ഡിസംബര്‍ 18 നു ജനിച്ച മത്തച്ചന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസാനന്തരം ചങ്ങനാശേരി മൈനര്‍ സെമിനാരിയിലും തുടര്‍ന്നു വടവാതൂര്‍ അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. അഭിവന്ദ്യ മാര്‍ ആന്‍റണി പടിയറ പിതാവില്‍ നിന്ന് 1971 മാര്‍ച്ച് 13 നു വൈദികപട്ടം സ്വീകരിച്ചു.
തെക്കന്‍ മിഷനിലെ അമ്പൂരി ഇടവകയില്‍ അസ്തേന്തിയായി നിയമിതനായ ബ. മാത്യു അച്ചന്‍ അവിടുത്തെ സമരിറ്റന്‍ ആശുപത്രിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. അതിനുശേഷം അതിരൂപതാ അസിസ്റ്റന്‍റ് പ്രൊക്കുറേറ്ററായി നിയമിതനായി. കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിത മായപ്പോള്‍ പീരുമേട് പള്ളി വികാരിയായി. മിഷന്‍ പ്രദേശമായ അമ്പൂരിയില്‍വെച്ച് സാമൂഹികപ്രവര്‍ത്തകനായിരുന്ന പുത്തൂര്‍ ബ. ആന്‍റണിയച്ചനുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നു ലഭിച്ച അനുഭവ ജ്ഞാനം പുതിയ പ്രവര്‍ത്തനമേഖലയില്‍ ഗിരിവര്‍ഗക്കാരുടെ ഉദ്ധാരണത്തിന് പ്രയോജനപ്പെടുത്തുവാന്‍ ബ. അച്ചനെ സഹായിച്ചു.
ബ. അച്ചന്‍ പീരുമേട് പ്രദേശത്തിന്‍റെ വികസനം ലക്ഷ്യമാക്കി ആരംഭിച്ച പി.ഡി.എസ്. ഹൈറേഞ്ചിന്‍റെ സമഗ്ര വികസനത്തിന് കളമൊരുക്കിയെന്നത് അഭിമാനത്തോടെ അനുസ്മരിക്കാവുന്നതാണ്. ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷികമേഖലകളിലെല്ലാം അച്ചന്‍റെ ശ്രദ്ധ കടന്നുചെല്ലുകയും നിരവധി വികസനങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. സേവ് എ ഫാമിലി പ്രോഗ്രാമിലൂടെ നിരവധി കുടുംബങ്ങളെ സഹായിക്കാന്‍ അച്ചനു കഴിഞ്ഞു.
ജനത്തിനുവേണ്ടിയും ജനത്തോടൊപ്പവും ഇക്കാലമത്രയും പ്രവര്‍ത്തനനിരതനായിരുന്ന ബ. മാത്യു അച്ചന്‍ രൂപതയുടെ സാരഥിയായി അവരോധിക്കപ്പെട്ടതിലൂടെ കൂടുതല്‍ നന്മകള്‍ പ്രതീക്ഷിക്കുകയും ഇടവകജനത്തിന് അഭിമാനം കൊള്ളുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യാം. രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ മാത്യു വട്ടക്കുഴി വികാരിയായി സേവനമനുഷ്ഠിച്ച രൂപതയിലെ ഏക ഇടവക എരുമേലിയാണെന്നതു പ്രത്യേകം സ്മരണീയമാണ്.
പള്ളിക്കും സ്കൂളിനുമായി മൊത്തം എട്ടേക്കര്‍ 27 സെന്‍റ് സ്ഥലവും എരുമേലി-കാഞ്ഞിരപ്പള്ളി റോഡ്സൈഡില്‍ കച്ചവടത്തിനായി നല്‍കിയിരിക്കുന്ന ഒരു കെട്ടിടവുമുണ്ട്.

മതമൈത്രി
മതമൈത്രിയുടെ സംഗമവേദി കൂടിയാണിവിടം. ദൈവാലയ മണിനാദവും വാങ്കുവിളിയും ശംഖ ധ്വനിയും മുഴങ്ങുന്ന എരുമേലി പട്ടണ ത്തില്‍ ശബരിമല സീസണില്‍ ലക്ഷക്കണക്കിനാളുകള്‍ തീര്‍ഥാടനത്തിനെത്തുന്നു. ഈ ആഘോഷാവസരത്തിലെ പേട്ടതുള്ളല്‍ എന്ന നൃത്തയാത്ര ആകര്‍ഷണീയമാണ്. പള്ളിവക സ്കൂളും പരിസരവും കറുഞ്ഞ ചിലവില്‍ തീര്‍ഥാടകര്‍ക്കു വിശ്രമസ്ഥലമാക്കാന്‍ കഴിയുന്നുണ്ട്. ഈ സൗകര്യത്തെക്കരുതി എരുമേലി സ്കൂളിനു പ്രത്യേക അവധിയും നല്കാറുണ്ട്.