Cumbammettu St. Joseph
Cumbummettu – 685 551
04868 – 279226
Vicar: Rev. Fr. George Ananthakattu
Cell: 965 671 7773
deepuananthan@gmail.com
സഹ്യന്റെ നിറുകയില്‍ തമിഴ്നാടിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു കമ്പംമെട്ട്. ഏകദേശം 18 കുടുംബങ്ങള്‍ 1958-59 ല്‍ മൂങ്കിപ്പള്ളിയിലും കമ്പംമെട്ടിലുമായി കുടിയേറിപ്പാര്‍ത്തു.
ഒന്‍പതുകിലോമീറ്ററോളം ദൂരത്തുള്ള നെറ്റിത്തൊഴുപള്ളിയിലാണ് ഇവര്‍ക്കു ബലിയര്‍പ്പണത്തിനു പോകേണ്ടിയിരുന്നത്. കാട്ടിലൂടെയുള്ള ദുര്‍ഘടയാത്ര! അങ്ങനെയിരിക്കെ, കമ്പംമേട്ടില്‍ ആരാധനാലയം സ്ഥാപിക്കുന്നതിനെപ്പറ്റി നെറ്റിത്തൊഴുപ്പള്ളി വികാരി തൈച്ചേരില്‍ ബ. ജോര്‍ജച്ചനുമായി വിശ്വാസികള്‍ ആലോചിച്ചു. ആയിടെ നെറ്റിത്തൊഴുവിലെത്തിയ ചങ്ങനാശേരി അതിരൂപതാ വികാരിജനറാള്‍ ഏറ്റം ബ. എല്‍. ജെ. ചിറ്റൂരച്ചനോടു വിശ്വാസികള്‍ ഇക്കാര്യമുന്നയിച്ചു. വിശ്വാസികളുടെ താല്പര്യം പരിഗണിച്ചു കമ്പംമെട്ടില്‍ ഞായറാഴ്ചകളില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ രൂപതയില്‍നിന്ന് അനുമതി നല്കി. അങ്ങനെ കള്ളിവയലില്‍ ശ്രീ മൈക്കിളിന്റെ എസ്റ്റേറ്റു ബംഗ്ലാവില്‍ തൈച്ചേരില്‍ ബ. ജോര്ജച്ചന് ആദ്യത്തെ ദിവ്യബലിയര്‍പ്പിച്ചു.
ഇടവകസ്ഥാപനം
വിശ്വാസികള്‍ ദൈവാലയസ്ഥാപനത്തെപ്പറ്റി ചിന്തിച്ചെങ്കിലും പുല്ലുപിടിച്ചു കിടന്ന കമ്പംമെട്ടില്‍ ഇതിനു യോജിച്ച സ്ഥലമില്ലായിരുന്നു. കള്ളിവയലില്‍ ശ്രീ മൈക്കിള്‍ പള്ളി സ്ഥാപിക്കുവാന്‍ ആറേക്കര്‍ സ്ഥലം ദാനം ചെയ്തതോടെ പള്ളിയും പള്ളിമുറിയും പണിയാന്‍ ഒരുക്കങ്ങളാരംഭിച്ചു. ഏറെത്താമസിയാതെ വൈദികമന്ദിരം നിര്‍മിച്ചു. മുപ്പതോളം വീട്ടുകാര്‍ ചേര്‍ന്നു പിരിവെടുത്തും ശ്രമദാനമായും കരിങ്കല്ലും മണ്ണുംകൊണ്ടു പള്ളി നിര്‍മിച്ചു. വൈകാതെ 1964 മേയ് ഒന്‍പതിന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. കള്ളിവയലില്‍ ശ്രീ മൈക്കിളിന്റെ എസ്റ്റേറ്റു ബംഗ്ലാവില്‍ താമസിച്ച് ആദ്യവികാരിയായ പുത്തന്‍പുര ബ. വര്ഗീസച്ചന് രണ്ടു വര്‍ഷത്തോളം ശുശ്രൂഷ നടത്തി.
നവീനദൈവാലയം
നവീനദൈവാലയത്തിന് 1981 ഫെബ്രുവരി 27 നു കള്ളിവയലില്‍ ശ്രീ മൈക്കിള്‍ തറക്കല്ലിട്ടു. അടിത്തറപണി പൂര്‍ത്തീകരിച്ചെങ്കിലും സാമ്പത്തിക ക്ലേശത്താല്‍ ഒരു വര്‍ഷത്തേക്കു പണിയൊന്നും നടന്നില്ല. 1981-82 കാലഘട്ടത്തില്‍ കള്ളിവയലില്‍ ശ്രീ മൈക്കിളിന്റെ സിസ്റ്റേഴ്സും സ്കൂള്‍ കുട്ടികളും കാപ്പിത്തോട്ടത്തില്‍നിന്നു കാപ്പിക്കുരു ശേഖരിച്ച് 14,000 രൂപ സമാഹരിച്ചു ! പൊതുപ്പണിയും പണപ്പിരിവും ഇതരസഹായങ്ങളുമൊക്കെക്കൂട്ടി 5,82,000 രൂപയ്ക്കു പുതുശേരി ബ. അബ്രാഹമച്ചന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ദൈവാലയം 1984 ഡിസംബര്‍ 31 നു മാര്‍ ജോസഫ് പവ്വത്തില്‍ കൂദാശ ചെയ്തു.
ശുശ്രൂഷ ചെയ്ത ബ. വികാരിമാര്‍
വര്‍ഗീസ് പുത്തന്‍പുര (1964 – 69), ജോണ്‍ കട്ടക്കയം (1970 – 73), ജോസഫ് പുളിക്കല്‍ (1973 – 74), ജോര്‍ജ് കളത്തില്‍ (1974 – 77), അബ്രാഹം പുതുശേരി (1977 – 87), ജോസഫ് തടത്തില്‍ (1987 – 89), ജേക്കബ് പുറ്റനാനിക്കല്‍ (1989 – 92), ലോറന്‍സ് ചക്കുംകളം (1992 – 97), മാത്യു വടക്കേമുറി (1997 – 98), സെബാസ്റ്റ്യന്‍ പോത്തന്‍പറമ്പില്‍ എം.എസ്.റ്റി. (1998 – 99), മാത്യു കുന്നപ്പള്ളില്‍ (1999 -).
നിര്‍മാണപ്രവര്‍ത്തനങ്ങള്‍
പുറ്റനാനിയില്‍ ബ. ജേക്കബ് അച്ചന്റെ ശ്രമഫലമായി 1990 ല്‍ പുതിയ വൈദികമന്ദിരം പണികഴിപ്പിച്ചു. പള്ളിയുടെ മുമ്പിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ പണികള്‍ ചക്കുംകളത്ത് ബ. ലോറന്‍സച്ചന്റെ കാലത്താരംഭിച്ച് കുന്നപ്പള്ളില്‍ ബ. മാത്യു അച്ചന്റെ കാലത്തു പൂര്‍ത്തീകരിച്ചു. കമ്പംമെട്ടു ടൗണില്‍ കള്ളിവയലില്‍ ശ്രീ മൈക്കിള്‍ ദാനം ചെയ്ത സ്ഥലത്തു പുളിക്കല്‍ ബ. ജോസഫച്ചന്റെ കാലത്താരംഭിച്ച കുരിശടി നിര്‍മാണം കളത്തില്‍ ബ. ജോര്ജച്ചന് പൂര്‍ത്തീകരിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ 1976 മാര്‍ച്ച് 30 ന് ഇതു വെഞ്ചരിച്ചു.
സ്ഥാപനങ്ങള്‍
1964 ഏപ്രില്‍ 4 നു കള്ളിവയലില്‍ ശ്രീ മൈക്കിള്‍ സംഭാവന ചെയ്ത സ്ഥലത്തു തിരുഹൃദയമഠം സ്ഥാപിതമായി. പുതിയ ഭവനം 1967 ല്‍ നിര്‍മിച്ചു. 1971 ല്‍ ഒരു ഡിസ്പന്‍സറി ആരംഭിച്ചു. അത് ഇന്നു മാര്‍ കാവുകാട്ടു മെമ്മോറിയല്‍ ആശുപത്രിയായി വളര്‍ന്നിരിക്കുന്നു. 1976 ജൂണ്‍ 1 നു മഠംവക എല്‍.പി.സ്കൂള്‍ ആരംഭിച്ചു. ഇവയ്ക്കെല്ലാമാവശ്യമായ സ്ഥലം കള്ളിവയലില്‍ ശ്രീ മൈക്കിള്‍ നല്‍കിയതാണ്.
സ്ഥിതിവിവരം
250 കുടുംബങ്ങളും 1107 കത്തോലിക്കരും ഇടവകയിലുണ്ട്. ഒരു വൈദികനും മൂന്നു സന്യാസിനികളും സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. രണ്ടു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നുണ്ട്. ഇടവകാതിര്‍ത്തിയിലെ ഇതര കുടുംബങ്ങള്‍: യാക്കോബായ – 82, ലത്തീന്‍ – 4, മലങ്കര – 17, ഹൈന്ദവര്‍ – 20, മുസ്ലീം – 5.
വിവിധ ഭക്തസംഘടനകള്‍ സജീവമാണിവിടെ.
കുമളി കഴിഞ്ഞാല്‍ തമിഴ്നാടുമായി ബന്ധപ്പെടുവാനുള്ള സൗകര്യം ഇവിടെയാണുള്ളത്. ഭക്ഷ്യദൗര്‍ലഭ്യം രൂക്ഷമായിരുന്ന മഹായുദ്ധാനന്തരകാലത്ത് ഇതു നല്ല വ്യാപാര കേന്ദ്രമായിരുന്നു. ഭൂമി കുറെയെല്ലാം നിരപ്പാണെങ്കിലും പൊതുവേ ഫലപുഷ്ടി കുറവാണ്. വൃക്ഷമെല്ലാം വെട്ടി പുല്മേടാക്കി മാറ്റിയിരുന്ന പ്രദേശത്തേക്കു കടന്നുവന്ന അധ്വാനശീലരായ കര്‍ഷകരാണു കമ്പംമെട്ടിനെ നല്ലൊരു നാണ്യവിളഭൂമിയാക്കിയത്. ഔദാര്യനിധികളായ തോട്ടമുടമകളും ഭാവനാസമ്പന്നരായ ഇടവക വൈദികന്മാരും ത്യാഗമതികളായ ഇടവകജനങ്ങളും സേവനസന്നദ്ധരായ സിസ്റ്റേഴ്സുമാണ് ഈ വളര്‍ച്ചയ്ക്കു പിന്നില്‍. നാണ്യവിളകളുടെ വിലക്കുറവും പുത്തന്‍സംസ്കാരവും ശാന്തമായ പുരോഗതിക്കു ഭീഷണിയായേക്കാം.