IVth Mile, Elappara – 685 501
04869 – 242354
Vicar: Rev. Fr. Arackaparampil Mathew
Cell: 815 693 1024
rajanmathew23359@gmail.com
വാഴൂര്‍, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളില്‍ നിന്ന് 1946 മുതല്‍ കുടിയേറിപ്പാര്‍ത്തവരാണ് ഇവിടെയുള്ള കത്തോലിക്കര്‍. ബ. ഹൊണോരിയൂസ് സി.എം.ഐ. ആണ് ദൈവാലയസ്ഥാപനത്തിനു നേതൃത്വം കൊടുത്തത്. ഈറ്റത്തോട്ട് വാണിയപ്പുരയ്ക്കല്‍ ശ്രീ ചെറിയാന്‍റെ വീട്ടുമുറ്റത്തു വിശ്വാസികളുടെ സഹകരണത്തോടെ ഷെഡുകെട്ടി ഹൊണോരിയൂസച്ചന്‍ 1952 ഓഗസ്റ്റ് 26 ന് ആദ്യബലിയര്‍പ്പിച്ചു. അവിടെത്തന്നെ ഒരു മാസത്തോളം ബലിയര്‍പ്പണം തുടര്‍ന്നു.
പിന്നീട് ഈറ്റത്തോട്ടുകാര്‍ ദാനം ചെയ്ത സ്ഥലത്തു പള്ളിക്കായി ഷെഡുകെട്ടാന്‍ ശ്രമിച്ചു. പ്രാരംഭമായി അച്ചനു താമസിക്കാനുള്ള ഷെഡും കുശിനിയും ബലിയര്‍പ്പണത്തിനുള്ള താല്കാലിക പള്ളിയുമുണ്ടാക്കി. എന്നാല്‍ പുതുതായി നിര്‍മിക്കുന്ന പള്ളി കര്‍മലീത്താക്കാര്‍ ഏറ്റെടുത്തു നടത്തിയാല്‍ തങ്ങളുടെ ഇടവകസംബന്ധമായ ആവശ്യങ്ങള്‍ നടക്കില്ലെന്നു വിശ്വാസികള്‍ക്കിടയില്‍ അബദ്ധധാരണ പടര്‍ന്നതിനാല്‍ അവര്‍തന്നെ അവ പൊളിച്ചുനീക്കി. മാസങ്ങള്‍ക്കു ശേഷം ഉപ്പുതറപ്പള്ളിവികാരി പാറേല്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ 1952 ഡിസംബര്‍ 16 നു യോഗംകൂടി ഈറ്റത്തോട്ടുകാര്‍ സംഭാവന ചെയ്ത മൂന്നേക്കര്‍ സ്ഥലത്തു പള്ളി പണിയുന്നതിനു തീരുമാനിച്ചു. 1952 ഡിസംബര്‍ 17 ന് ഉപ്പുതറപ്പള്ളിയുടെ കുരിശുപള്ളിയായി പള്ളിപണിയുന്നതിനു രൂപതയില്‍നിന്ന് അനുവാദം ലഭിച്ചു. ഏറെത്താമസിയാതെ ആറിനക്കരെയുള്ള പ്രസ്തുത സ്ഥലത്തു ഷെഡു പണിതീര്‍ത്തു. തുടര്‍ന്ന് ഉപ്പുതറയില്‍നിന്നു വൈദികന്മാരെത്തി ഏഴു വര്‍ഷത്തോളം ഇവിടുത്തെ ആത്മീയകാര്യങ്ങള്‍ നിറവേറ്റിപ്പോന്നു.
സ്ഥലവാസികളില്‍ ഭൂരിഭാഗവും ആറിനു വടക്കുഭാഗത്തായതിനാല്‍ ഏറെത്താമസിയാതെ ചങ്ങനാശേരി രൂപതയുടെ സഹായത്തോടെയും ആളുകളുടെ ശ്രമദാനത്തിലൂടെയും ആയിരം രൂപയോളം മുടക്കി ഒരു പാലം നിര്‍മിച്ചു. മേരികുളം ഇടവക സ്ഥാപിതമായതോടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് ചിന്നാറിനെ മേരികുളത്തിന്‍റെ കുരിശുപള്ളിയാക്കി.
പല വര്‍ഷങ്ങളിലും വെള്ളപ്പൊക്കത്തില്‍ പാലം ഒഴുകിപ്പോയിരുന്നു. തന്മൂലം വടക്കുഭാഗത്തുള്ളവര്‍ക്കു പള്ളിയിലെത്താന്‍ പ്രയാസമായി. പാറേല്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച തുകകൊണ്ട് 1959 ല്‍ ആറിനു വടക്കുഭാഗത്തു ചെറുകരക്കുന്നേല്‍ കൊച്ചേട്ടനില്‍ നിന്ന് അരയേക്കര്‍ സ്ഥലം പള്ളിക്കായി വാങ്ങി. മേരികുളം, ഉപ്പുതറ പള്ളികളുടെ വികാരിമാരായ വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍റെയും പാറേല്‍ ബ. തോമസച്ചന്‍റെയും സഹകരണത്തില്‍ 1959 അവസാനത്തോടെ പള്ളിപണിയാരംഭിച്ചു. പള്ളിപണിയുടെ ആദ്യഘട്ടം 1961 ല്‍ പൂര്‍ത്തിയായതോടെ ചിന്നാര്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നും മേരികുളം പള്ളിയിലെ വികാരിയച്ചന്മാരാണ് ഇവിടുത്തെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
പള്ളിക്കു ദാനമായി ലഭിച്ച ആറിനക്കരെയുള്ള മൂന്നേക്കര്‍ സ്ഥലം മൂവായിരം രൂപയ്ക്കു വിറ്റ് ആ തുകകൊണ്ട് റോഡിനുമുകളിലും താഴെയുമായി പള്ളിയോടു ചേര്‍ന്നുകിടക്കുന്ന, ചെറുകരക്കുന്നേല്‍ക്കാരുടെ സ്ഥലം വാങ്ങി. റോഡിനു വടക്കുഭാഗത്തുള്ള പുര വൈദികന്മാര്‍ക്കു താമസയോഗ്യമാക്കി. പള്ളിയുടെ മുഖവാരം 1964 ല്‍ താല്ക്കാലികമായി തീര്‍ത്തു. 1968 മേയ് 17 നു വെള്ളാരംപറമ്പില്‍ ബ. സെബാസ്റ്റ്യനച്ചന്‍ ചിന്നാറില്‍ സ്ഥിരം വികാരിയായെത്തി.
1972 ല്‍ അച്ചന്‍ സ്ഥലം മാറിയതോടെ ചിന്നാര്‍ വീണ്ടും മേരികുളത്തിന്‍റെ കീഴിലായി. സ്വന്തമായി ഒരു വൈദികനെ വേണമെന്നു ജനങ്ങള്‍ രൂപതാകേന്ദ്രത്തില്‍ ആവശ്യപ്പെട്ടെങ്കിലും അതു സഫലമായില്ല. 1975 ല്‍ ബ. ഹൊണോരിയൂസ് സി.എം.ഐ. ശുശ്രൂഷയ്ക്കായി ഇവിടെ വീണ്ടുമെത്തി. അച്ചന്‍ പള്ളിയുടെ സങ്കീര്‍ത്തിയില്‍ താമസിച്ചു ശുശ്രൂഷകള്‍ നടത്തിപ്പോന്നു. 1978 ല്‍ ഹൊണോരിയൂസച്ചന്‍ ദിവംഗതനായതിനെത്തുടര്‍ന്ന് ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍ ആക്ടിംഗ് വികാരിയായെത്തി.
ഇവിടെ സ്ഥിരമായി താമസിച്ചു ശുശ്രൂഷ ചെയ്യാന്‍ 1980 മേയ് 15 ന് വരിക്കമാക്കല്‍ ബ. ജോസച്ചന്‍ നിയമിതനായി.
ദൈവാലയപുനര്‍നിര്‍മാണം
വരിക്കമാക്കല്‍ ബ. ജോസച്ചന്‍റെ കാലത്ത് 1982 ല്‍ പള്ളിയുടെ മുഖവാരം നിര്‍മിച്ചു. 1986 ല്‍ മണ്ഡപത്തില്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ പള്ളിയുടെ മുഖവാരമൊഴികെ മുഴുവന്‍ ഭാഗവും പൊളിച്ചു പുതുക്കിപ്പണിതു.
വൈദികമന്ദിരം
വെള്ളാരംപറമ്പില്‍ ബ. സെബാ സ്റ്റ്യനച്ചന്‍റെ നേതൃത്വത്തില്‍ 1970 ഫെബ്രുവരിയില്‍ പഴയ ഉരുപ്പടികള്‍കൊണ്ടു പീടികയുടെ മാതൃകയില്‍ പണിത ഒരു പള്ളിമുറിയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. വരിക്കമാക്കല്‍ ബ. ജോസച്ചന്‍റെ കാലത്ത് 1980 സെപ്തംബര്‍ 21 ന് മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ പള്ളിമുറിയുടെ ശിലാസ്ഥാപനം നടത്തി. പള്ളിമുറി പണി പൂര്‍ത്തിയാക്കി 1982 ഫെബ്രുവരി 6 ന് വെഞ്ചരിച്ചു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ഹൊണോരിയൂസ് വാണിയപ്പുരയ്ക്കല്‍ സി.എം.ഐ., സെബാസ്റ്റ്യന്‍ വെള്ളാരംപറമ്പില്‍ (1968 – 72), സെബാസ്റ്റ്യന്‍ ഒഴുകയില്‍ (1973 – 75),ഹൊണോരിയൂസ് സി. എം. ഐ. (1975 – 78), ജോസഫ് ഇല്ലിക്കല്‍ (1978 – 80), ജോസ് വരിക്കമാക്കല്‍ (1980 – 84), ജോര്‍ജ് പൊന്നെടത്തകല്ലേല്‍ (1984 – 85), ജോര്‍ജ് മണ്ഡപത്തില്‍ (1985 – 86), അലക്സ് ഉറുമ്പയ്ക്കല്‍ (1986), അബ്രാഹം പറമ്പില്‍ (1987 – 92), സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (1992 – 95), അബ്രാഹം പാലക്കുടി (1995), പോള്‍ മൂങ്ങാത്തോട്ടം (1995 – 99), ജോസഫ് ഒട്ടലാങ്കല്‍ (1999 – 2000), ജോസ് മംഗലത്തില്‍ സി.എം.ഐ. (2000 – ).
പാരിഷ്ഹാള്‍
പാരീഷ്ഹാളിന്‍റെ പണി 1980 ഒക്ടോബര്‍ 3 ന് ശ്രമദാനത്തിലൂടെ ആരംഭിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ 1981 ജനുവരി 6 ന് തറക്കല്ലിട്ടു. 1983 ല്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടിയപ്പോള്‍ പണിതീര്‍ന്ന പാരിഷ്ഹാളാണു സ്കൂള്‍കെട്ടിടമായി ഉപയോഗിച്ചത്.
സ്ഥാപനങ്ങള്‍
നസ്രസ് ഭവന്‍ : ക്ലാരമഠം 1981 ജനുവരി 6 നു സ്ഥാപിത മായി. പള്ളിവക യായി 1970 ല്‍ പണിത പീടികക്കെട്ടിടമാണു മിനുക്കുപണികള്‍ നടത്തി താല്‍ക്കാലികമഠമായി ഉപയോഗപ്പെടുത്തിയത്. ഇവര്‍ 1981 ജനുവരി 18 മുതല്‍ നഴ്സറി സ്കൂള്‍ നടത്തിവരുന്നു.
ഹൈസ്കൂള്‍ : വരിക്കമാക്കല്‍ ബ. ജോസച്ചന്‍റെ പരിശ്രമഫലമായി 1983 ല്‍ ഹൈസ്കൂള്‍ അനുവദിച്ചുകിട്ടി. അതുവരെ ഏലപ്പാറ, മേരികുളം, ചീന്തലാര്‍ എന്നിവിടങ്ങളിലാണ് ഇവിടുത്തെ കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്നത്. സാമ്പത്തിക പരാധീനതമൂലം പുതിയ സ്കൂള്‍കെട്ടിടം പണിയുക എളുപ്പമല്ലാതിരുന്നതിനാല്‍ പാരിഷ്ഹാള്‍ സ്കൂളിനായി ഉപയോഗപ്പെടുത്തി. സെമിനാരി വിദ്യാര്‍ത്ഥികളും യുവദീപ്തിയംഗങ്ങളും ഘട്ടംഘട്ടമായി വര്‍ക്കുക്യാമ്പു നടത്തിയാണ് സ്കൂളിനാവശ്യമായ ഗ്രൗണ്ടും മറ്റും ക്രമപ്പെടുത്തിയത്.
കുരിശടികള്‍ : കരിന്തരുവിയിലെ കുരിശടി 1964 ല്‍ കടപ്ലാക്കല്‍ ശ്രീ കെ.ജെ. ചാക്കോ പണിയിച്ചു നല്‍കി. 1959 ല്‍ സ്ഥാപിതമായ നാലാം മൈലിലെ കുരിശടി 1991 ല്‍ പറമ്പില്‍ ബ. അബ്രാഹം അച്ചന്‍ പരിഷ്കരിച്ചു. 1991 ഡിസംബര്‍ 29 ന് വെഞ്ചരിച്ചു. ഇത് 1991 ല്‍ കരിന്തരുവി മലമുകളില്‍ കുരിശു സ്ഥാപിച്ചു.
മദ്യ-മയക്കുമരുന്നു രോഗികള്‍ക്കുവേണ്ടി څഡയര്‍’ എന്ന പേരില്‍ ഒരു ചികില്‍സാകേന്ദ്രം 1989 മാര്‍ച്ച് 4 ന് പറമ്പില്‍ ബ. അബ്രഹാമച്ചന്‍റെ ശ്രമഫലമായി ഇവിടെ ആരംഭിച്ചു. 1991 ല്‍ ഇതു പീരുമേട്ടിലേക്കു മാറ്റി സ്ഥാപിച്ചു.
സ്ഥിതിവിവരം
എട്ടു കുടുംബക്കൂട്ടായ്മകളിലായി 135 കത്തോലിക്കാക്കുടുംബങ്ങളും 611 ഇടവകാംഗങ്ങളും ഇവിടെയുണ്ട്. ഒരു വൈദികനും പതിനൊന്നു സന്യാസിനികളും ലോകത്തിന്‍റെ വിവിധസ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു വൈദികാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഇതര കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ : ലത്തീന്‍- 25, മലങ്കര- 25, ക്നാനായ- 2. ഇതര സഭാസമൂഹം : പ്രൊട്ടസ്റ്റന്‍റ് -62, സി.എസ്.ഐ.- 25. ഹൈന്ദവഭവനങ്ങള്‍- 180, മുസ്ളീം ഭവനങ്ങള്‍- 28.
സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ഏ. കെ. സി. സി., യുവദീപ്തി, മാതൃദീപ്തി, പിതൃവേദി, അള്‍ത്താര ബാലസഖ്യം എന്നീ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.