Chenkal Sacred Heart

Vazhoor East – 686 504

Vicar: Rev. Dr. Joseph Thekkevayalil

Cell: 828 981 8258

vilfichen@gmail.com

Click here to go to the Church

ഒരു നൂറ്റാണ്ടു മുമ്പു പൊന്‍കുന്നം, ഇളങ്ങുളം, മുത്തോലി, പാലാ, കാഞ്ഞിരപ്പള്ളി, പൂവരണി, ചേര്‍പ്പുങ്കല്‍ പ്രദേശങ്ങളില്‍ നിന്നു വന്നു വാഴൂരും സമീപപ്രദേശങ്ങളിലും കുടിയേറിപ്പാര്‍ത്തവരാണു ചെങ്കല്ലുകാര്‍. ചെങ്കല്ലില്‍ ഒരു ദൈവാലയം വേണമെന്ന ആഗ്രഹം ദേശവാസികളില്‍ അദമ്യമായി. അതിനവര്‍ സ്ഥലവും കണ്ടെത്തി. തുടര്‍ന്നു വയലുങ്കല്‍ ശ്രീ മത്തായി തോമായുടെയും മുണ്ടയ്ക്കല്‍ ശ്രീ എബ്രാഹം ഔസേപ്പിന്‍റെയും നേതൃത്വത്തില്‍ മാര്‍ ജയിംസ് കാളാശേരിയുടെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. പള്ളി പണിയുന്നതിന് 1928 ഡിസംബര്‍ 11 ന് അനുമതി ലഭിച്ചു. ഇതിനു നേതൃത്വം കൊടുക്കാന്‍ കോയിത്തറ ബ. ഔസേപ്പച്ചന്‍ നിയമിതനായി.

ഇടവകസ്ഥാപനത്തിനു നിയുക്തരായവര്‍
കോയിത്തറ ബ. ഔസേപ്പച്ചന്‍റെ അധ്യക്ഷതയില്‍ 1928 ഡിസംബര്‍ 26 ാം തീയതി ചീങ്കല്ലുപുരയിടത്തില്‍ കെട്ടിയൊരുക്കിയ പന്തലില്‍ ആദ്യപൊതുയോഗം കൂടി. ദൈവാലയസ്ഥാപനത്തിനായി മുണ്ടയ്ക്കല്‍ ശ്രീ എബ്രാഹം ഔസേപ്പും വയലുങ്കല്‍ ശ്രീ മത്തായി തോമായും രണ്ട് ഏക്കര്‍ 89 സെന്‍റ് ചീങ്കല്ലുപുരയിടം വിട്ടുകൊടുത്തു. മെത്രാന്‍ തിരുമനസ്സിന്‍റെ കല്പനപ്രകാരം പനച്ചിക്കല്‍ ബ. തോമാച്ചന്‍റെ അധ്യക്ഷതയില്‍ 1929 ഏപ്രില്‍ 20 നു വീണ്ടും പൊതുയോഗം കൂടി പള്ളി, പള്ളിമുറി എന്നിവയുടെ സ്ഥലം നിശ്ചയിച്ചു. 1929 മേയ് 14 ന് ഇവിടെ ആദ്യദിവ്യബലിയര്‍പ്പണം നടന്നു. മുരിക്കല്‍ ബ. പീലിപ്പോസച്ചന്‍റെ അധ്യക്ഷതയില്‍ 1929 ജൂണ്‍ 25 നു മൂന്നാമതൊരു പള്ളിയോഗം നടന്നു. മേല്പ്പറഞ്ഞ മൂന്നു വൈദികന്മാരും ഇടവകസ്ഥാപനം സംബന്ധിച്ചു പ്രത്യേക കല്പനപ്രകാരം ഇവിടെ വന്നവരാണ്.

ഇടവകസ്ഥാപനം
പള്ളിമുറി പൂര്‍ത്തിയായതോടെ 1930 മേയില്‍ ഓലിക്കല്‍ ബ. ഗീവര്‍ഗീസച്ചന്‍ പ്രഥമവികാരിയായി നിയമിതനാവുകയും ഇതൊരു ഇടവകയാവുകയും ചെയ്തു.

ദൈവാലയനിര്‍മാണം
മറ്റത്തില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്തു ദൈവാലയനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 1939 ല്‍ മുരിക്കല്‍ ബ. കുര്യാച്ചന്‍റെ കാലത്തു പണി പൂര്‍ത്തിയാക്കി. അതുവരെ പള്ളിമുറിയിലും താല്ക്കാലിക ഷെഡിലുമായാണു തിരുക്കര്‍മങ്ങള്‍ നടത്തിയിരുന്നത്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍
1930 മേയ് 17 നു സിമിത്തേരി വെഞ്ചരിച്ചെങ്കിലും കാട്ടുമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നതിനാല്‍ കല്ലറ നിര്‍മാണം ആരംഭിച്ച് 1941 ല്‍ പൂര്‍ത്തിയാക്കി.
കുരീക്കാട്ട് ബ. യൗസേപ്പച്ചന്‍റെ കാലത്ത് 1951 ഓടെ കുരിശുംതൊട്ടിയിലുള്ള കപ്പേളയും 1976 ഫെബ്രുവരിയില്‍ കളപ്പുരയില്‍ ബ. കുര്യച്ചന്‍റെ നേതൃത്വത്തില്‍ പാരിഷ്ഹാളും നിര്‍മിച്ചു. തച്ചപ്പുഴ സെന്‍റ് മേരീസ് കപ്പേളയും 17 -ാം മൈല്‍ കുരിശുപള്ളിയും പള്ളിക്കു മുന്‍വശത്തെ സ്റ്റേജും മങ്കന്താനത്ത് ബ. ഇമ്മാനുവേലച്ചന്‍റെ കാലത്തു പണിയിച്ചവയാണ്. 1986 ല്‍ പൂര്‍ത്തിയാക്കിയ 17 -ാം മൈല്‍ കുരിശുപള്ളിക്ക് തഴയ്ക്കല്‍ ശ്രീ ജോസഫും 1989 ല്‍ കൂദാശ ചെയ്ത തച്ചപ്പുഴ കപ്പേളയ്ക്കു എട്ടിയില്‍ ശ്രീ എ.ടി. ജോസഫും സ്ഥലം നല്കി. വയലുങ്കല്‍ ബ. മാത്യു അച്ചന്‍ 1996 ല്‍ പള്ളി അറ്റകുറ്റപ്പണികള്‍ നടത്തി മനോഹരമാക്കി. മണിമാളിക നിര്‍മിച്ചു.

പള്ളിമുറി
1999 ഫെബ്രുവരി 14 നു പുതിയ പള്ളിമേടയുടെ പണി ആരംഭിച്ചു. വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ ഇടവകജനങ്ങളുടെയും മറ്റും സഹകരണത്തോടെ ഒന്നരവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. വൈദികമന്ദിരം മാര്‍ മാത്യു വട്ടക്കുഴി 2000 സെപ്തംബര്‍ 21 നു വെഞ്ചരിച്ചു. ഇക്കാലത്തു കുട്ടികളുടെ മതപഠനത്തിനായി ഒരു കെട്ടിടം നിര്‍മിച്ചു.

ശുശ്രൂഷചെയ്ത ബ. വൈദികന്മാര്‍
ഗീവര്‍ഗീസ് ഓലിക്കല്‍ (1930 – 31), സെബാസ്റ്റ്യന്‍ മറ്റത്തില്‍ (1931 – 34), മാത്യു വെള്ളാപ്പാട്ട് (1934 ഒക്ടോ.), യൗസേപ്പ് നെല്ലുവേലില്‍ (1934 – 35), മുരിക്കല്‍ കുര്യച്ചന്‍ (1935 – 39), ജോസഫ് കുന്നപ്പള്ളില്‍ (1939 – 43), ദേവസ്യ കുന്നത്തുപുരയിടം (1943 – 48), ജോസഫ് ഏണേക്കാട്ട് (1948 – 51), ജോസഫ് കുരീക്കാട്ട് (1951 – 55), യാക്കോബ് ഏറത്തേല്‍ (1955 – 62), കുരുവിള വടാശേരി (1962 – 67), ഗീവര്‍ഗീസ് വെള്ളേക്കളം (1967 – 72), ഡോമിനിക് പാലത്തുങ്കല്‍ (1972 – 73), കുര്യന്‍ കളപ്പുരയ്ക്കല്‍ (1973 – 77), ഇമ്മാനുവേല്‍ മങ്കന്താനം (1977 – 90), ജോസ് പുത്തന്‍കടുപ്പില്‍ (1990 – 95), മാത്യു വയലുങ്കല്‍ (1995 – ).

സ്ഥിതിവിവരം
1924 കത്തോലിക്കര്‍ 380 കുടുംബങ്ങളില്‍ 21 കൂട്ടായ്മകളിലായി ഇവിടെയുണ്ട്. 11 വൈദികന്മാരും 29 സന്യാസിനികളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു വൈദികാര്‍ഥികള്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പ്രഥമവൈദികന്‍
ഇടവകയില്‍നിന്നുള്ള പ്രഥമവൈദികനാണു കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയാധ്യക്ഷനായ മാര്‍ മാത്യു വട്ടക്കുഴി.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1947 ല്‍ പാറേല്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന വട്ടക്കുഴിയില്‍ കുഞ്ഞാപ്പച്ചന്‍ മേജര്‍ സെമിനാരി വിദ്യാഭ്യാസം കാന്‍ഡി പേപ്പന്‍ സെമിനാരിയില്‍ തുടരുകയും 1956 ജൂണ്‍ 1 നു ബല്‍ഗാം ബിഷപ്പില്‍നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു. 1959 ല്‍ അഭിവന്ദ്യ കാവുകാട്ടു പിതാവിന്‍റെ സെക്രട്ടറിയും അതിരൂപതാ ചാന്‍സിലറുമായി വട്ടക്കുഴിയില്‍ ബ. മാത്യുഅച്ചന്‍ നിയമിതനായി. അതിനുശേഷം, ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റു നേടിയ ബ. മാത്യുഅച്ചന്‍ 1964 മുതല്‍ 1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമാകുന്നതുവരെ ചങ്ങനാശേരി അതിരൂപതയില്‍ ചാന്‍സിലറായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു.
അര്‍പ്പണബോധമുള്ള സഭാശുശ്രൂഷകന്‍, പക്വമതിയായ ഭരണതന്ത്രജ്ഞന്‍, വിനയാന്വിതനായ പണ്ഡിതന്‍ എന്നീ നിലകളില്‍ സഭാശുശ്രൂഷാരംഗത്തു തനതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം 1977 മുതല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാളായി നിയമിതനായി.
അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവ് ചങ്ങനാശേരിക്കു സ്ഥലം മാറിയതിനേത്തുടര്‍ന്ന് ബ. മാര്‍ മാത്യു വട്ടക്കുഴി അച്ചന്‍ രൂപതാ അഡ്മിനിസ്ട്രേറ്ററായി 1986 ജനുവരി 18 നു തെരഞ്ഞെടുക്കപ്പെട്ടു. തത്സ്ഥാനത്തേയ്ക്കുള്ള അദ്ദേഹത്തിന്‍റെ നിയമനം ബ. മാത്യു അച്ചന്‍റെ നേതൃത്വപാടവത്തിനും പ്രാഗത്ഭ്യത്തിനു മുള്ള അംഗീകാരമാണെന്നുള്ളതില്‍ സംശയമില്ല. 1987 ഫെബ്രുവരി 26 നു മെത്രാനായി നിയമിതനായി. പതിനാലുവര്‍ഷം രൂപതയെ സ്തുത്യര്‍ഹമായി നയിച്ച് 2001 ജനുവരി 19 നു രൂപതാധ്യക്ഷസ്ഥാനത്തു നിന്നു വിരമിച്ചു. എല്ലാ വിധത്തിലും അഗ്രഗണ്യനായ അഭിവന്ദ്യ വട്ടക്കുഴി പിതാവ് ചെങ്കല്‍ ഇടവകയുടെ അഭിമാനമാണ്. രൂപതാവികാരി ജനറാളായിരിക്കുമ്പോള്‍ 1981 ജൂണ്‍ 8 ാം തീയതി ഏറ്റം ബ. മാത്യുഅച്ചന്‍റെ രജതജൂബിലി സ്വന്തം ഇടവകയില്‍ ആഘോഷിച്ചു. ആഘോഷപൂര്‍വമായ സമൂഹബലിക്കുശേഷം ചേര്‍ന്ന അനുമോദനയോഗത്തില്‍ ചങ്ങനാശേരി മെത്രാപ്പോലീത്താ മാര്‍ ആന്‍റണി പടിയറ അധ്യക്ഷനായിരുന്നു. മാര്‍ ജോസഫ് പവ്വത്തില്‍, പാലാരൂപതാ വികാരിജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് മറ്റം തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.

സ്ഥാപനങ്ങള്‍
1977 ഡിസംബര്‍ 22 നു തിരുഹൃദയ സന്യാസിനീസഭയുടെ മഠം ആരംഭിച്ചു. ഇന്നിതു കാഞ്ഞിരപ്പള്ളി പ്രോവിന്‍സിന്‍റെ പരിശീലനഭവനം കൂടിയാണ്. സിസ്റ്റേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള തയ്യല്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.
അഗതികള്‍ക്കും അനാഥര്‍ക്കു മായുള്ള څനസ്രത്ത് ആശ്രമംچ 1996 മേയ് 11 നു സ്ഥാപിതമായി. ഇടവകജനത്തിന്‍റെയും മറ്റു പലരുടെയും സഹകരണത്തില്‍ ഇതു ശ്രദ്ധേയമായി പ്രവര്‍ത്തിച്ചുവരുന്നു.