Chembanoly St. Sebastian

Vechoochira – 686 511

04735- 265933

Vicar: Rev. Fr. Abraham Kochuveettil

Cell: 9496 4437 59

Click here to go to the Church

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണു ചെമ്പനോലി. 1950 ല്‍ കത്തോലിക്കാവിശ്വാസികള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തുതുടങ്ങി. ഇദ്ദേശവാസികള്‍ കണ്ണമ്പള്ളി ഇടവകയില്‍പ്പെട്ടിരുന്നു.
കണ്ണമ്പള്ളി വികാരി ഇല്ലിക്കല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ സ്ഥലവാസിയായ മണിക്കൊമ്പേല്‍ ശ്രീ തൊമ്മച്ചന്‍ ദാനം ചെയ്ത അഞ്ചു സെന്‍റ് സ്ഥലത്ത് 1951 ജനുവരിയില്‍ കുരിശു സ്ഥാപിച്ചു. തുടര്‍ന്ന് 12 വീട്ടുകാര്‍ ഒത്തുചേര്‍ന്നു താല്കാലിക ദൈവാലയം പണിതു. ശ്രീ മാണി മണിമല വി. സെബസ്ത്യാനോസിന്‍റെ രൂപം സംഭാവനയായി കൊടുത്തു. വിശ്വാസികളെല്ലാംകൂടി പ്രദക്ഷിണമായി രൂപം കണ്ണമ്പള്ളിയില്‍ നിന്ന് ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചു. അന്നുമുതല്‍ ഈ ചാപ്പലില്‍ കണ്ണമ്പള്ളിയില്‍ നിന്ന് അച്ചന്മാര്‍ വന്നു മാസത്തില്‍ ഒരു വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ തുടങ്ങി. പിന്നീട് എല്ലാ ഞായറാഴ്ചയും കുര്‍ബാനയര്‍പ്പിച്ചുപോന്നു.

ദൈവാലയ നിര്‍മാണം
1966 ല്‍ കളത്തില്‍ ബ. സിറിയക് അച്ചന്‍റെ കാലത്ത് ഇടവകപ്പള്ളി പണിയുന്നതിനുവേണ്ട നടപടികള്‍ ആരംഭിച്ചെങ്കിലും സാമ്പത്തികപരാധീനതമൂലം പണി നിര്‍ത്തിവച്ചു. പിന്നീട് 1973 ല്‍ ഒരിക്കൊമ്പില്‍ ബ. സെബാസ്റ്റ്യന്‍ അച്ചന്‍റെ കാലത്തു പണിതുടങ്ങി. 1977 മേയ് 8 ന് കുളങ്ങോട്ടില്‍ ബ. സിറിയക്കച്ചന്‍ പള്ളിപണി പൂര്‍ത്തീകരിച്ചു. മാര്‍ ആന്‍റണി പടിയറ പള്ളി കൂദാശ ചെയ്തു. 1978 ഓഗസ്റ്റ് 15 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. സ്വന്തമായി പള്ളിമുറിയോ താമസസൗകര്യങ്ങളോ ഇല്ലാതിരുന്നതുകൊണ്ട് ആദ്യം കണ്ണമ്പള്ളിയിലെ ബ. വികാരിയച്ചന്മാരും പിന്നീട് വെച്ചൂച്ചിറപ്പള്ളി വികാരിയച്ചനും ചെമ്പനോലിപ്പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ചുപോന്നിരുന്നു. വാഴപ്പനാടിയില്‍ ബ. ജോസഫച്ചന്‍ വെച്ചൂച്ചിറപ്പള്ളി മുറിയില്‍ താമസിച്ച് ചെമ്പനോലി, ഇടമണ്‍ പള്ളികളുടെ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ശ്രമഫലമായി 1992 ല്‍ പള്ളിമുറി നിര്‍മിച്ചു.
പള്ളി നിര്‍മിക്കുന്നതിനുള്ള അഞ്ചു സെന്‍റ് സ്ഥലം ദാനമായി ലഭിച്ചതാണ്. കൂടാതെ 30 സെന്‍റ്, 25 സെന്‍റ്, 71/2 സെന്‍റ് എന്നിങ്ങനെ മൂന്നു പ്രാവശ്യമായി സ്ഥലം വാങ്ങിച്ചു. മടന്തമണ്ണില്‍ കുരിശടി വയ്ക്കാന്‍ കല്ലൂര്‍ ശ്രീ തൊമ്മച്ചന്‍ ഒരു സെന്‍റും ചെമ്പനോലിയില്‍ കുരിശടി സ്ഥാപിക്കാന്‍ ശ്രീ വര്‍ക്കി കല്ലറയ്ക്കല്‍ മുക്കാല്‍ സെന്‍റും സ്ഥലം ദാനം ചെയ്തു. മടന്തമണ്‍ കുരിശുപള്ളി പണിതുതന്നതു കോയിക്കവടക്കേല്‍ കുടുംബക്കാരാണ്.
ഇടവകയുടേതായി സ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. അത്തരം വികസനത്തിനു സാധ്യതയും ഇവിടെ കുറവാണ്. ഇവിടെ നിന്ന് ആറു വൈദികന്മാരും നാലു സന്യാസിനികളും സഭാസേവനം നടത്തുന്നു. ഒരു വൈദികാര്‍ഥിയും രണ്ടു സന്യാസാര്‍ഥിനികളും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സ്ഥിതിവിവരം
ആറു കുടുംബക്കൂട്ടായ്മകളുള്ള ഇവിടെ 102 കുടുംബങ്ങളിലായി 562 കത്തോലിക്കരുണ്ട്. 142 ഹൈന്ദവകുടുംബങ്ങളും അമ്പതോളം യാക്കോബായ, പ്രോട്ടസ്റ്റന്‍റ് കുടുംബങ്ങളും ഇടവകയുടെപരിധിയിലുണ്ട്.
മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി, പിതൃവേദി, സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം എന്നീ ഭക്തസഖ്യങ്ങള്‍ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിച്ചു ധാരാളം സേവനങ്ങള്‍ ചെയ്തു വരുന്നു.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ജോസഫ് ഇല്ലിക്കല്‍, മനേത്തൂസ് സി.എം.ഐ., ബനഡിക്ട് ഓണംകുളം, സിറിയക്ക് കളത്തില്‍, ഡോമിനിക്ക് പാലത്തുങ്കല്‍, സെബാസ്റ്റ്യന്‍ ഒരിക്കൊമ്പില്‍, സിറിയക് കുളങ്ങോട്ടില്‍, ജേക്കബ് കാവാലം, ജി.റ്റി. ഊന്നുകല്ലില്‍, മാത്യു വാള്‍ട്ടര്‍ സി. എം. ഐ., ജോസഫ് മംഗലം സി. എം. ഐ., എബ്രഹാം കഴുന്നടി (1986- 88), ജോണ്‍ വെട്ടുവയലില്‍ (1988), ജോസഫ് വാഴപ്പനാടി (1988- 92), ജോസഫ് ഒട്ടലാങ്കല്‍ (1992- 93), അബ്രഹാം പുന്നോലിക്കുന്നേല്‍ (ആക്ടിംഗ് വികാരി 1993- 94), അബ്രാഹം പുളിക്കല്‍ (1995), ജോസ് കണിയാംപടിക്കല്‍ (1995- 97), മാത്യു പാഴൂര്‍ (1997- 98), ജോര്‍ജ് മുട്ടത്തുപാടം എം. എസ്. ടി. (1998- 99), പോള്‍ നെല്ലിപ്പള്ളി (1999-).
1999 ല്‍ എത്തിയ നെല്ലിപ്പള്ളി ബ. പോളച്ചനാണ് ഇവിടുത്തെ ആദ്യ റസിഡന്‍ഷ്യല്‍വികാരി. അതുവരെ ശുശ്രൂഷ ചെയ്തവര്‍ കണ്ണമ്പള്ളി, വെച്ചൂച്ചിറ, ഇടമണ്‍ പള്ളികളിലെ വികാരിമാരായിരുന്നുകൊണ്ട് ഇവിടെ സേവനമനുഷ്ഠിച്ചവരാണ്. ബ. വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാഭിമുഖ്യത്തിലും സേവനസ ന്നദ്ധതയിലും വളര്‍ന്നുവരുന്ന ഒരു വിശ്വാസസമൂഹമാണ് ഇവിടെയുള്ളത്. വിവിധ സമുദായക്കാരും മതവിശ്വാ സികളും ഇടകലര്‍ന്നു വസിക്കുന്ന പ്രദേശമായതുകൊണ്ട് പരസ്പരസ ഹകരണത്തിന്‍റെ മേഖലയാണിവിടം.