Chemmannu St. Thomas

Kochukarintharuvi, Elappara – 685 501

04869-242326

Vicar: Rev. Fr. Abraham Punnolikunnel

Click here to go to the Church

ചെമ്മണ്ണിലെ ആദ്യകാലകുടിയേറ്റക്കാര്‍ 1949 – 50 കാലഘട്ടത്തില്‍ മീനച്ചില്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നിട്ടുള്ളവരാണ്. പ്രാരംഭത്തില്‍ കൊച്ചുകരിന്തിരി ആറിന്‍റെ കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ‘കൂട്ടം’ എന്ന പേരില്‍ പ്രാര്‍ഥനായോഗങ്ങള്‍ നടത്തിയിരുന്നു.
പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന ആളുകള്‍ കുളത്തുങ്കല്‍ കുഞ്ഞാപ്പന്‍ചേട്ടന്‍റെ നേതൃത്വത്തില്‍ ഉപ്പുതറ വികാരി പാറേല്‍ ബ. തോമസച്ചനെ കണ്ട് കുഞ്ഞാപ്പന്‍ ചേട്ടന്‍റെ സ്ഥലത്തു വി. കുര്‍ബാന അര്‍പ്പിക്കുന്നതിന് ഏര്‍പ്പാടാക്കി. താമസിയാതെ കിഴക്കു ഭാഗത്തുള്ളവര്‍ക്കുകൂടി സൗകര്യപ്രദമായ വിധം ചിലമ്പില്‍ ശ്രീ പാപ്പച്ചന്‍ ദാനം ചെയ്തതും ഇപ്പോള്‍ പള്ളി സ്ഥിതിചെയ്യുന്നതുമായ സ്ഥലത്തു ഷെഡുണ്ടാക്കി 1952 മേയില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. അങ്ങനെ ഉപ്പുതറപ്പള്ളിയുടെ ആദ്യത്തെ കുരിശുപള്ളി നിലവില്‍ വന്നു. അന്ന് മുപ്പതോളം കുടുംബങ്ങളാണുണ്ടായിരുന്നത്. 1954 മേയ് 29 നു വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍ ഇവിടെ കുരിശിന്‍റെ വഴി സ്ഥാപിച്ചു.
തുടര്‍ന്ന് ഹൊണോരിയൂസ് സി.എം.ഐ. അലക്സാണ്ടര്‍ വയലുങ്കല്‍, ജയിംസ് വെട്ടിക്കാട്ട്, ജോര്‍ജ് പരുവനാനി, ജോസഫ് ഇല്ലിക്കല്‍, ജോസഫ് തോട്ടുപുറത്ത് എന്നീ ബ. വൈദികന്മാര്‍ അയല്‍ ഇടവകകളില്‍ നിന്നു വന്ന് ഇവിടെ വി. കുര്‍ബാന അര്‍പ്പിച്ചുപോന്നു. അതിനുശേഷം വാണിയപ്പുരയ്ക്കല്‍ ബ. ഹൊണോരിയൂസച്ചന്‍ കുറേക്കാലം താമസിച്ച് ദിവ്യബലി അര്‍പ്പിച്ചു. ആയിടയ്ക്കു വേദപാഠക്ലാസുകളും ആരംഭിച്ചു. മാര്‍ മാത്യു കാവുകാട്ടു പിതാവ് ഉപ്പുതറയ്ക്കു പോകുന്ന വിവരമറിഞ്ഞ് ബ. ഹൊണോരിയൂസച്ചനോടൊപ്പം കുറെ ആളുകള്‍ പിതാവിനു സ്വീകരണം നല്കുകയും പിതാവു പള്ളി സന്ദര്‍ശിച്ചു സ്ഥിരമായി ഒരു വൈദികനെ കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട വികാരിമാര്‍
എമ്മാനുവേല്‍ മങ്കന്താനം (1962 – 69), മാത്യു പിണമറുകില്‍ (1969 – 74), ആന്‍റണി കൊച്ചാങ്കല്‍ (1974 – 81), ലോറന്‍സ് ചക്കുംകളം (1981- 88), മാത്യു പുതുമന (1988 – 92), ജേക്കബ് പുറ്റനാനി (1992 – 94), ഇമ്മാനുവേല്‍ മടുക്കക്കുഴി (1994 – 97), മാത്യു അറയ്ക്കപ്പറമ്പില്‍ (1997 – 2000), ജോസഫ് വാഴപ്പനാടി (2000 – ).

സ്ഥിതിവിവരം
പന്ത്രണ്ടു കുടുംബക്കൂട്ടാ യ്മകളിലായി 187 കുടുംബങ്ങളും 927 ഇടവകാംഗങ്ങളുമുണ്ട്. പതിമൂന്നു സന്യാ സിനികള്‍ വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. ആറു വൈദിക വിദ്യാര്‍ഥികളും രണ്ടു സന്യാസാര്‍ഥിനികളും ഇവിടെനിന്നുണ്ട്.
ഇടവകാതിര്‍ത്തിക്കുള്ളിലെ ഇതര കുടുംബങ്ങള്‍: ലത്തീന്‍ – 41, യാക്കോബായ – 54, മലങ്കര – 7, സി. എസ്. ഐ. – 43, ഹിന്ദു – 195, മുസ്ലീം – 3.

പള്ളി, പള്ളിമുറി
പിണമറുകില്‍ ബ. മാത്യു അച്ചന്‍റെ കാലത്ത് 1973 ല്‍ ഇപ്പോഴത്തെ പള്ളിമുറി പണിതീര്‍ത്തു. 1982 ഒക്ടോബര്‍ 9 നു കൊച്ചാങ്കല്‍ ബ. ആന്‍റണിയച്ചന്‍റെ നേതൃത്വത്തില്‍ പള്ളിപണി പൂര്‍ത്തിയാക്കി വെഞ്ചരിച്ചു.

സ്ഥാപനങ്ങള്‍
എസ്. ഡി. കോണ്‍വെന്‍റിന് 1990 ജൂണ്‍ 15 നു തറക്കല്ലിട്ട് 1991 മേയ് 27 നു വെഞ്ചരിച്ചു.
സിമിത്തേരിയുടെ പണി 1993 ജനുവരി 30 ന് പൂര്‍ത്തിയാക്കി. പള്ളിയുടെ മുന്‍വശത്തു മനോഹരമായ കുരിശടി തീര്‍ത്ത് 2000 ഫെബ്രുവരി 3 നു വെഞ്ചരിച്ചു. ചെലവു മുഴുവനും പുന്നത്താനത്തുകുന്നേല്‍ ശ്രീ ജോസഫ് വഹിച്ചു.
ഇടവകയുടെ ആഭിമുഖ്യത്തില്‍ എം.ഡി.എസിന്‍റെ സഹകരണത്തോടെ ‘വിമല’ നഴ്സറിസ്കൂള്‍ 1986 ല്‍ ആരംഭിച്ചു. ഇത് 1991 ല്‍ പ്രൈമറിസ്കൂള്‍ ആയി.
കിഴക്കേച്ചെമ്മണ്ണ്, മലയില്‍ പുതുവല്‍, എന്നിവിടങ്ങളില്‍ കപ്പേളയും വാഗമണ്‍, കൂട്ടിക്കല്‍, കൈതപ്പതാല്‍ എന്നിവിടങ്ങളില്‍ കുരിശടികളുമുണ്ട്.
1974 ഫെബ്രുവരി 18 നു സ്ഥാപിച്ച ക്ഷീരവ്യവസായ സഹകരണ സംഘം, 1968 ല്‍ തുടങ്ങിയ ഇന്‍ഡോസ്വിസ് പ്രോജക്ട്, 1970 ല്‍ സ്ഥാപിച്ച മലനാട് സര്‍വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ നാടിന്‍റെ സാമ്പത്തിക പുരോഗതിക്കു സഹായകമായി വര്‍ത്തിക്കുന്നു.