Peruvanthanam – 685 532
04869-280097
Vicar: Rev. Fr. Mathew Vaniyapurackal (Jr)
Cell: 854 728 0056
ഏകദേശം എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു പാലാ, പൈക, എലിക്കുളം പ്രദേശങ്ങളില്‍ നിന്നു കുടിയേറിയവരാണ് ഇദ്ദേശവാസികള്‍. കൂടംപറമ്പില്‍, ചെരുവില്‍, കുന്നക്കാട്ട് എന്നീ കുടുംബങ്ങളായിരുന്നു ആദ്യകാല കുടിയേറ്റക്കാര്‍.
കുരിശുപള്ളി
ആത്മീയാവശ്യങ്ങള്‍ക്ക് പെരുവന്താനം ഇടവക ആയിരുന്നു ഏകാശ്രയം. കുരിശുപള്ളി പണിയുന്നതിനു കള്ളിവയലില്‍ക്കാരില്‍ നിന്നു കിട്ടിയ 30 സെന്‍റ് സ്ഥലത്തു കുരിശു സ്ഥാപിച്ചു. പെരുവന്താനം വികാരി കോടിക്കുളത്ത് ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ 1943 ല്‍ കുരിശു പുതുക്കിപ്പണിതു. ഇതേവര്‍ഷം പെരുവന്താനം പള്ളിയില്‍ നിന്നുള്ള പ്രദക്ഷിണത്തിനു ഇവിടെ പന്തല്‍ കെട്ടി സ്വീകരണം നല്‍കി. പിന്നീട് ഈ സ്ഥലത്തു ചെറിയ ഷെഡ് കെട്ടി ഇവിടെ പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചന്‍ ദിവ്യബലി അര്‍പ്പിച്ചു. 1946 ല്‍ പള്ളി സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു. ഇപ്പോള്‍ നിലവിലുള്ള സ്ഥലം 1957 ല്‍ കൈവശം ലഭിച്ചു. 1973 ല്‍ മൂന്ന് ഏക്കര്‍ 68 സെന്‍റ് സ്ഥലത്തിന് ആധാരം കിട്ടി.
ഇടവകസ്ഥാപനം
ആദ്യകാലത്ത് ഈറ്റയും കാട്ടുകമ്പും ഉപയോഗിച്ചു പണിത പള്ളി പുതുക്കിപ്പണിയുന്നതിന് 500 രൂപയും ആവശ്യമായ തടിയും കള്ളിവയലില്‍ ശ്രീ ചാക്കോ ദാനം ചെയ്തു. വി. അന്തോനീസിന്‍റെ നാമത്തില്‍ പണിത പള്ളി 1960 ജനുവരി 1 നു ഇടവകയായി. മേലോരം പള്ളി വികാരി കുടകശേരി ബ. തോമസച്ചനെ വികാരിയായി ചുമതലപ്പെടുത്തി. തുടര്‍ന്ന്, മേലോരം, പെരുവന്താനം ഇടവകകളിലെ ബ. വികാരിമാരാണ് ഇവിടെ ശുശ്രൂഷ ചെയ്തുപോന്നത്. വൈദികന്മാര്‍ സ്ഥിരമായി താമസിച്ചു ശുശ്രൂഷ ചെയ്യാന്‍ ആരംഭിച്ചതു മുണ്ടിയാനിക്കല്‍ ബ. തോമസച്ചന്‍റെ കാലത്താണ്. ഇടവകക്കാരായി 56 വീട്ടുകാരുണ്ടായിരുന്നു.
സേവനമനുഷ്ഠിച്ച ബ. വൈദിക ന്മാര്‍
തോമസ് കുടകശേരില്‍, ജേക്കബ് ഏറത്തേടം, ജോസഫ് ചക്കാലയ്ക്കല്‍, അലക്സാണ്ടര്‍ വയലുങ്കല്‍ (1969 – 70), മാത്യു പന്തലാനി (1970 – 72), ജോസ് നീലത്തുമ്മുക്കില്‍ (1972 ), ജോണ്‍ തടത്തില്‍, ഡോമിനിക് വെട്ടിക്കാട്ടില്‍ (1976 – 81), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1983 – 85), എബ്രഹാം കടിയക്കുഴി (1985 – 91), തോമസ് വളയത്തില്‍ (1991 – 97), മാത്യു പൂച്ചാലില്‍ (1997 – 99), തോമസ് മുണ്ടിയാനി (1999 ), മാത്യു വടക്കേല്‍ (1999 -).
വികസനം, വളര്‍ച്ച
പള്ളിയുടെ മുഖവാരംപണി 1961 ല്‍ തുടങ്ങി 1972 ല്‍ നീലത്തുമ്മുക്കില്‍ ബ. ജോസച്ചന്‍റെ കാലത്തു പൂര്‍ത്തിയായി. മാര്‍ ആന്‍റണി പടിയറ 1976 ല്‍ പാരിഷ്ഹാളിനും പള്ളിമുറിക്കും തറക്കല്ലിട്ടു. കൊട്ടാടിക്കുന്നേല്‍ ബ. ജോര്‍ജച്ചന്‍റെ നേതൃത്വത്തില്‍ 1983 ല്‍ പള്ളിയുടെ ഒരു വശത്തു ചാര്‍ത്തുപിടിക്കുകയും മുഖവാരം ഉയര്‍ത്തിപ്പണിയുകയും ചെയ്തു.
റോഡുനിര്‍മാണം
യാത്രാക്ലേശം ഏറെയുള്ള ഈ പ്രദേശത്തു പെരുവന്താനം പള്ളി മുതല്‍ അഴങ്ങാടു പള്ളിവരെയുള്ള റോഡിന്‍റെ നിര്‍മാണത്തിനു വയലുങ്കല്‍ ബ. അലക്സാണ്ടര്‍ അച്ചനും, പള്ളിക്കവല മുതല്‍ പള്ളിവരെയുള്ള റോഡിനു തടത്തില്‍ ബ. ജോണച്ചനും നേതൃത്വം നല്കി. ആനചാരി പാലം മുതല്‍ അഴങ്ങാടുപള്ളിവരെയുള്ള നടപ്പാത ഗതാഗതയോഗ്യമാക്കുവാന്‍ 1984 മാര്‍ച്ചിലും ഗ്രൗണ്ടു നിര്‍മാണത്തിനായി 2001 ഏപ്രിലിലും രൂപതാ മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് ക്യാമ്പു നടത്തപ്പെട്ടു.
ഇവിടത്തുകാര്‍ക്കു വാസയോഗ്യമായ ഓടിട്ട വീടുകള്‍ പണിയുന്നതിനും കുടിവെള്ളസൗകര്യം ഒരുക്കുന്നതിനും ഇപ്പോഴുള്ള പള്ളിമുറി പണിയുന്നതിനും കടിയക്കുഴി ബ. എബ്രാഹം അച്ചന്‍ നേതൃത്വം കൊടുത്തു.
നവീനദൈവാലയം, പാരിഷ്ഹാള്‍
പുതിയ പള്ളിക്കു മാര്‍ മാത്യു വട്ടക്കുഴി 1996 മേയ് 15 നു തറക്കല്ലിട്ടു. പള്ളി പണി തുടങ്ങിയപ്പോള്‍ പഴയ പള്ളിയുടെ ഉരുപ്പടികളും കള്ളിവയലില്‍ ശ്രീ മൈക്കിള്‍ സംഭാവന തന്ന തടിയുമുപയോഗിച്ച് പാരിഷ്ഹാള്‍ പണിതു. പള്ളി പണി തീരുന്നതുവരെ പരിശുദ്ധ കുര്‍ബാന ഇവിടെയാണ് അര്‍പ്പിച്ചിരുന്നത്. മാര്‍ മാത്യു വട്ടക്കുഴി 1998 ജനുവരി 10 നു പുതിയ പള്ളി കൂദാശചെയ്തു.
സിമിത്തേരി
വടക്കേല്‍ ബ. മാത്യു അച്ചന്‍റെ നേതൃത്വത്തില്‍ മൂന്നു മാസം കൊണ്ടു പണി തീര്‍ത്ത പുതിയ സിമിത്തേരി മാര്‍ മാത്യു വട്ടക്കുഴി 2000 ഏപ്രില്‍ 30 ന് വെഞ്ചരിച്ചു. കല്ലറയ്ക്കു നാലു ലക്ഷത്തോളം രൂപാ ചെലവു വന്നു. ജില്ലാ ബ്ലോക്കു പഞ്ചായത്തുകളില്‍ നിന്നു റോഡിനനുവദിച്ച ജോലി ഏറ്റെടുത്തു ശ്രമദാനമായി പൂര്‍ത്തിയാക്കിയാണ് ഇടവകക്കാര്‍ സിമിത്തേരിപണിക്കുള്ള പണമുണ്ടാക്കിയത്.
കുടുംബം, ദൈവവിളി
ഇവിടെ 92 കത്തോലിക്കാക്കുടുംബങ്ങളുണ്ട്. അംഗസംഖ്യ 429. രണ്ടു മിഷനറി വൈദികന്മാരും രണ്ടു സന്യാസിനികളും സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
പ്രായേണ സുറിയാനി കത്തോലിക്കര്‍ മാത്രം അധിവസിക്കുന്ന ഒരു ചെറുഗ്രാമമാണിത്. മലഞ്ചെരിവുകളാണ് ഏറെയും. ഭൂപ്രകൃതി കഠിനമാകയാല്‍ കര്‍ഷകരും കഠിനാധ്വാനികള്‍തന്നെ. ഗ്രാമവികസനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളും പഞ്ചായത്തു പദ്ധതികളും ഏറ്റെടുത്തു നടത്തി ജനനന്മയ്ക്കായി പ്രയോജനപ്പെടുത്താന്‍ ഇടവകവികാരിമാരുടെ നേതൃത്വം കാരണമായിട്ടുണ്ട്. ഫോണ്‍, വൈദ്യുതി, ആശുപത്രി, സ്കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിത്തുടങ്ങിയിട്ടേയുള്ളു സ്ഥലവാസികളുടെ കൂട്ടായപരിശ്രമത്താലും വടക്കേല്‍ ബ. മാത്യുവച്ചന്‍റെ അക്ഷീണയത്നത്താലും ഇടവകയില്‍ വികസനം ദ്രുതഗതിയില്‍ നടക്കുന്നു.