Angel Valley St. Mary

Thulappally – 686 510

04828-214460

Vicar: Rev. Fr. James Kollamparampil

Cell: 944 702 1599,  815 697 1599

jameskollamparampil@gmail.com

Click here to go to the Church

ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്തു മന്ത്രിയായിരുന്ന ശ്രീ ഉണ്ണിത്താന്‍ 1948 ല്‍ ഭക്ഷ്യോല്‍പാദനത്തിന് ഗ്രോ മോര്‍ ഫുഡ്  സ്കീമില്‍ ഉള്‍പ്പെടുത്തി കര്‍ഷകസംഘങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കുമായി കുത്തകപ്പാട്ടവ്യവസ്ഥയില്‍ അനുവദിച്ചതാണ് എയ്ഞ്ചല്‍വാലി ഇടവക ഉള്‍പ്പെടുന്ന പമ്പാവാലി പ്രദേശം. ഇവിടം പമ്പാ-അഴുത നദികളാല്‍ ചുറ്റപ്പെട്ടും പെരിയാര്‍ കടുവാ സങ്കേതത്തോടു ചേര്‍ന്നും കിടക്കുന്നു. മുന്‍പു ചെകുത്താന്‍തോട്, ഓക്കൻതോട് എന്നിങ്ങനെ ഇവിടം അറിയപ്പെട്ടിരുന്നു. 1992 ല്‍ എം. ഡി. എസിന്‍റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ ഈ പ്രദേശത്തുകൂടെ റബറൈസ്ഡ് റോഡു നിര്‍മിച്ചപ്പോള്‍ എം. ഡി. എസ്. ഡയറക്ടറായിരുന്ന വടക്കേമുറിയില്‍ ബ. മാത്യു അച്ചനാണ് ഈ സ്ഥലങ്ങള്‍ക്ക് എയ്ഞ്ചല്‍വാലി  എന്ന പേരു നിര്‍ദേശിച്ചത്.
ആദ്യകാലത്ത് ഇവിടേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. എരുമേലിയില്‍ നിന്നു കാളകെട്ടിവഴി കാല്‍നടയായും പിന്നീട് പ്രപ്പോസ്തോട്ടം കടന്നു പാണപിലാവിലെത്തി കണമല വഴിയുമായിരുന്നു ജനങ്ങള്‍ യാത്ര ചെയ്തിരുന്നത്. തുലാപ്പള്ളി വികാരി മണ്ണംപ്ലാക്കല്‍ ബ. അബ്രാഹമച്ചനും കണമല വികാരി വയലുങ്കല്‍ ബ. മാത്യു അച്ചനും എം.ഡി.എസ്. ഡയറക്ടര്‍ വടക്കേമുറി ബ. മാത്യു അച്ചനും ജനപങ്കാളിത്തത്തോടെ റോഡും പാലവും നിര്‍മിച്ച് ഇവിടുത്തെ വികസനം ത്വരിതഗതിയിലാക്കാന്‍ പ്രയത്നിച്ചവരാണ്.

ദൈവാലയസ്ഥാപനം
ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ മണിമല, കൊരട്ടി, എരുമേലി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു കുടിയേറിപ്പാര്‍ത്തവരാണ്.
മണിപ്പുഴപ്പള്ളിയിലാണ് ആദ്യകാലങ്ങളില്‍ ഇവിടത്തുകാര്‍ ആത്മീയകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. പിന്നീട് ഇവര്‍ 1996 വരെ തുലാപ്പള്ളി, കണമല ഇടവകകളെ ആശ്രയിച്ചു. പ്രായമായവര്‍ക്കും മറ്റും തോടുകടന്നു തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാല്‍ തുലാപ്പള്ളി, കണമല ഇടവകകളുടെ അതിര്‍ത്തിയില്‍ കുരിശുപള്ളികള്‍ സ്ഥാപിച്ചു വി. കുര്‍ബാനയര്‍പ്പിച്ചിരുന്നു.
1995 ല്‍ കണമല പള്ളിവികാരി കാരിമറ്റം ബ.ജോസച്ചന്‍ രൂപതാസഹായത്തോടെ കൈപ്പടാകരിയില്‍ ശ്രീ ജോസഫിന്‍റെ ഒരേക്കര്‍ എഴുപതു സെന്‍റ് സ്ഥലവും അതിലേ ദേഹണ്ഡങ്ങളും 1,87,000 രൂപയ്ക്കു വാങ്ങി. കര്‍മലീത്താമഠത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തു പള്ളിക്കുവേണ്ടി താല്ക്കാലിക ഷെഡുണ്ടാക്കി 1995 നവം. 12 ന് വെഞ്ചരിച്ചു. കണമലപ്പള്ളി അസ്തേന്തിയായ പറപ്പള്ളില്‍ ബ. ജോസ് മാത്യു അച്ചന്‍ 1995 നവം. 26 ന് ഇവിടെ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്നു ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ബലിയര്‍പ്പണം നടത്തി. 1996 ജൂലൈ 3 നു കണമല ഇടവകയില്‍ നിന്നു 115 ഉം തുലാപ്പള്ളി ഇടവകയില്‍ നിന്നു 150 ഉം കുടുംബങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഇടവക രൂപം കൊണ്ടു. പ്രഥമവികാരിയായി പറപ്പള്ളി ബ. ജോസ് മാത്യു അച്ചന്‍ നിയമിതനായി.

പള്ളിമുറി
കൈപ്പടാകരിയില്‍ ശ്രീ ജോസഫ് കണമലപ്പള്ളിക്കു സംഭാവനയായി നല്കിയ അഞ്ച് സെന്‍റ് സ്ഥലത്ത് 1995 ജൂലൈ 3 ന് തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന്‍ പള്ളിമുറിക്കു തറക്കല്ലിട്ടു. കണമലപ്പള്ളിയുടെ പഴയ പള്ളിമുറി ഉപയോഗപ്പെടുത്തി പണിതീര്‍ത്തു വൈദികമന്ദിരം 1996 ജനുവരി 6 ന് വെഞ്ചരിച്ചു.

പുതിയ ദൈവാലയം
പള്ളിമുറി വെഞ്ചരിച്ച 1996 ജനു. 6 ന് ദൈവാലയത്തിനു ശില സ്ഥാപിച്ചു. ഭാഗികമായി പണി തീര്‍ന്ന പുതിയപള്ളി 1997 ഏപ്രില്‍ 7 ന് ഏറത്തേടത്ത് ഏറ്റം ബ. മാത്യു അച്ചന്‍ വെഞ്ചരിച്ചു. പിന്നീട് ദിവ്യബലിയര്‍പ്പണം ഇവിടെ തുടര്‍ന്നു. പണി പൂര്‍ത്തിയായതോടെ 1998 ഏപ്രില്‍ 29 ന് മാര്‍ മാത്യു വട്ടക്കുഴി ദൈവാലയം കൂദാശ ചെയ്തു.

സ്ഥാപനങ്ങള്‍
കര്‍മലീത്താമഠത്തിന്‍റെ ശാഖ 1997ല്‍ സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ 1997 ജൂണ്‍ 6ാം തീയതി മുതല്‍ ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

സ്ഥിതിവിവരം
ഇവിടെ 265 കത്തോലിക്കാഭവനങ്ങളിലായി 1290 കത്തോലിക്കരുണ്ട്. 14 കുടുംബക്കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇടവകയില്‍ നിന്ന് അഞ്ചു വൈദികന്മാരും 22 സന്യാസിനികളും ദൈവജനശുശ്രൂഷ ചെയ്യുന്നു. എട്ടു വൈദികാര്‍ഥികളും ആറു സന്യാസാര്‍ഥിനികളും പരിശീലനം നടത്തുന്നു.
മിഷന്‍ലീഗ്, യുവദീപ്തി, മാതൃദീപ്തി, പിതൃവേദി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ലീജിയന്‍ ഓഫ് മേരി എന്നീ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. 89 ഹൈന്ദവഭവനങ്ങള്‍ ഇടവകയുടെ പരിധിയിലുണ്ട്.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഏയ്ഞ്ചല്‍വാലിയില്‍ കര്‍മലീത്താ സന്യാസിനികളുടെ നേതൃത്വത്തിലാരംഭിച്ച സ്കൂള്‍ വരുംതലമുറയ്ക്ക് ആശാകേന്ദ്രമാണ്. കൈവശഭൂമി അളന്നു തിരിച്ചു കിട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ പട്ടയമോ മറ്റുരേഖകളോ കിട്ടിയിട്ടില്ല. എങ്കിലും ജനങ്ങള്‍ ഏറെക്കുറെ സ്വയംപര്യാപ്തത യില്‍ കഴിയുന്നു.