Anchilippa Pius X

Kanjirapally- 686 506

04828-202666

Vicar: Rev. Dr. Thomas Nirappel

Cell: 9689 7395 50

Click here to go to the Church

കടത്തുകടവുകളും വള്ളങ്ങളുമുള്ള ചിറ്റാറിന്‍റെ തീരത്തെ അഞ്ചിലിപ്പഗ്രാമം ഒരുകാലത്തു സാംസ്കാരികകേന്ദ്രമായിരുന്നത്രേ. വാഴൂര്‍, മീനച്ചില്‍ എന്നിവിടങ്ങളില്‍ നിന്നു കൊരട്ടി, എരുമേലി, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവര്‍ ഇവിടുത്തെ കടത്തു കടന്ന് ഇടവഴികളിലൂടെ സഞ്ചരിച്ചു കുറുവാമൂഴിയിലെത്തി പൊയ്ക്കൊണ്ടിരുന്നു. ഇന്ന് അഞ്ചിലിപ്പപ്പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു സമീപം അഞ്ച് ഇലിപ്പമരങ്ങള്‍ (ദക്ഷിണേന്ത്യയിലെ നിത്യഹരിത വനങ്ങളില്‍ ധാരാളമായി കാണുന്ന, പന്തലിച്ചു വളരുന്ന ഇലപൊഴിക്കാത്ത മരം. പൂവ്, കായ്, തടി ഉപയോഗപ്രദമാണ്. Family: Sapotaceae, Bassia Longifolia) വളര്‍ന്നുനിന്നിരുന്നു. അങ്ങനെ ഈ സ്ഥലം അഞ്ചിലിപ്പ എന്നറിയപ്പെടാന്‍ തുടങ്ങി.

ദൈവാലയനിര്‍മാണം
അഞ്ചിലിപ്പ, കുറുങ്കണ്ണി, നെടുങ്ങാട് പ്രദേശങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ കാഞ്ഞിരപ്പള്ളി, ചിറക്കടവു പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. യാത്രാക്ലേശവും ചിറ്റാര്‍ കടക്കുന്നതിനുള്ള ബുദ്ധിമുട്ടുംമൂലം ഈ പ്രദേശത്ത് ഒരു കുരിശുപള്ളിയെങ്കിലും ഉണ്ടാകണമെന്നു സ്ഥലവാസികള്‍ തീരുമാനിച്ചു. അങ്ങനെ 1955 കാലഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്ന ഏതാണ്ട് 22 വീട്ടുകാരുടെ പ്രയത്നഫലമായി അഞ്ചിലിപ്പ ദൈവാലയം സ്ഥാപിതമായി.
പള്ളിപണിയുന്നതിനു കല്ലറയ്ക്കല്‍ മാളിയേക്കല്‍ ശ്രീ തൊമ്മി വര്‍ക്കി ഒരേക്കര്‍ സ്ഥലം ദാനമായി നല്കി. എന്നാല്‍ ഈ സ്ഥലം തികയാതെ വന്നതിനാലും അല്പം ഉയര്‍ന്ന സ്ഥലത്തു പള്ളി വെയ്ക്കണമെന്ന് ആഗ്രഹിച്ചതിനാലും ഇതിനോടു ചേര്‍ന്നുകിടന്ന ഒന്നേകാല്‍ ഏക്കര്‍ സ്ഥലം ഏക്കറിനു 3000 രൂപ പ്രകാരം കല്ലറയ്ക്കല്‍ മാളിയേക്കല്‍ ശ്രീ കുറുവച്ചന്‍, കരിമ്പനാല്‍ ശ്രീമതി റോസമ്മ തോമസ് എന്നിവര്‍ വിലയ്ക്കു വാങ്ങി പള്ളിക്കു സംഭാവന ചെയ്തു. പള്ളിപണിക്കുള്ള അനുവാദം ചങ്ങനാശേരി രൂപതാകേന്ദ്രത്തില്‍ നിന്ന് 1955 ഫെബ്രുവരി 22 നു ലഭിച്ചു. കാഞ്ഞിരപ്പള്ളി ഇടവക വികാരിയായിരുന്ന തച്ചങ്കരി ബ. ജോര്‍ജ് അച്ചന്‍ കാഞ്ഞിരപ്പള്ളി പഴയപള്ളിയുടെ മോണ്ടളവും ഉരുപ്പടികളും ഇവിടുത്തെ കുരിശുപള്ളി പണിയുന്നതിനു കൊടുത്തു. തലപ്പള്ളിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പള്ളിപണിക്കായുള്ള കമ്മിറ്റിക്കാരില്‍ നിന്നുമൊക്കെ സാമ്പത്തിക സമാഹരണം നടത്തി പണി പൂര്‍ത്തിയാക്കി. 1961 മാര്‍ച്ച് 9 ന് മാര്‍ മാത്യു കാവുകാട്ടു തിരുമേനി ദൈവാലയത്തിന്‍റെ കൂദാശ നിര്‍വഹിച്ച് ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും കാഞ്ഞിരപ്പള്ളിയില്‍ നിന്നു വൈദികന്മാരെത്തി ബലിയര്‍പ്പിച്ചിരുന്നു. ഇരുപ്പക്കാട്ട് ബ. ജോസഫച്ചനെ ആദ്യത്തെ വികാരിയായി 1967 മേയ് 4 നു നിയമിച്ചു. 1974 ഡിസംബര്‍ 15 ന് ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു.

പുനര്‍നിര്‍മാണം
1975 ല്‍ കരിമ്പനാല്‍ ശ്രീ കെ. റ്റി. ചാണ്ടിയുടെ ചെലവില്‍ പള്ളിയുടെ മദ്ബഹായും സങ്കീര്‍ത്തിയും പണി കഴിപ്പിച്ചു. മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ അള്‍ത്താര 1977 ഫെബ്രുവരി നാലിനു കൂദാശ ചെയ്തു.

പള്ളിമുറി
ഇടവകക്കാരുടെ ശ്രമഫലമായി 1961 ല്‍ താല്കാലിക വൈദിക മന്ദിരം പണികഴിപ്പിച്ചു. വയലുങ്കല്‍ ബ. മാത്യു അച്ചന്‍റെ കാലത്തു പുതുക്കിപ്പണിത പള്ളിമുറി മാര്‍ ജോസഫ് പവ്വത്തില്‍ 1977 ഡിസംബര്‍ 4 നു വെഞ്ചരിച്ചു. പള്ളിമുറി 1992 ല്‍ ഒരിക്കല്‍ക്കൂടി പുതുക്കിപ്പണിതു.

ബഹുമാനപ്പെട്ട വികാരിമാര്‍
ജോസഫ് ഇരുപ്പക്കാട്ട് (1967- 71), മാത്യു വെട്ടിത്താനം (1971- 73), മാത്യു വയലുങ്കല്‍ (1973- 78), ജോസ് കല്ലുകളം (1978- 80), എസെക്കിയേല്‍ സി. എം. ഐ. (1980- 81), കട്ബര്‍ട്ട് ഒ. എഫ്. എം. (1981- 82), അഗസ്റ്റിന്‍ വല്ലൂരാന്‍ വി. സി. (1983), ജോണ്‍ പാറയില്‍ വി. സി. (1983- 84), ജോസഫ് കൂട്ടിയാനി വി. സി. (1984-89), വര്‍ഗീസ് തെക്കേപ്പുര വി. സി. (1989- 96), ജോര്‍ജ് ഡി. വെള്ളാപ്പള്ളി (1996 -2000), ജയിംസ് മുത്തനാട്ട് (2000- ).

ഭൂസ്വത്ത്
പള്ളിപണിയുന്നതിനു ദാനമായി കിട്ടിയ സ്ഥലത്തിനു പുറമേ 1973 ല്‍ തലപ്പള്ളിയായ കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍നിന്നു പത്ത് ഏക്കര്‍ തെങ്ങിന്‍തോപ്പും അഞ്ച് ഏക്കര്‍ റബര്‍ത്തോട്ടവും കൂവപ്പള്ളിയില്‍ ലഭിച്ചു. പിന്നീട് മൂന്ന് ഏക്കര്‍ റബര്‍ത്തോട്ടവും കൂടെ കിട്ടി. കൂവപ്പള്ളിയില്‍ ലഭിച്ച മൂന്ന് ഏക്കര്‍ സ്ഥലം വിറ്റ് പള്ളിയോടു ചേര്‍ന്നു കിടന്ന മൂന്നേക്കര്‍ വരുന്ന മാളിയേക്കല്‍ പുരയിടം വാങ്ങി. 1975 ല്‍ പണിതീര്‍ത്ത സിമിത്തേരിക്കുള്ള 15 സെന്‍റ് സ്ഥലം മാളിയേക്കല്‍ ശ്രീ വര്‍ക്കിച്ചന്‍ സഹായവിലയ്ക്കു നല്കിയതാണ്.

സ്ഥിതിവിവരം
303 കുടുംബങ്ങളിലായി 1355 കത്തോലിക്കര്‍ ഇവിടെയുണ്ട്. 198 ഹൈന്ദവകുടുംബങ്ങളും 52 മുസ്ലീം കുടുംബങ്ങളും ഇടവകയുടെ പരിധിയില്‍ താമസിക്കുന്നു. രണ്ടു വൈദികാര്‍ഥികളും ഒരു സന്യാസാര്‍ഥിനിയും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കുരിശുപള്ളികള്‍
ഇടവകയുടേതായി മൂന്നു കുരിശടികള്‍ ഉണ്ട്. മണ്ണാറക്കയത്തെ വി. സെബസ്റ്റ്യാനോസിന്‍റെ നാമത്തിലുള്ള കുരിശടി തലപ്പള്ളിയില്‍നിന്നു വിട്ടുതന്നതാണ്. അഞ്ചിലിപ്പ കുരിശടിയില്‍ വി. പത്താം പീയൂസിന്‍റെ നാമത്തില്‍ കുരിശുപള്ളി സ്ഥാപിച്ച് 1983 നവംബര്‍ ആറിനു വെഞ്ചരിച്ചു. 1996 ല്‍ കത്തലാങ്കല്‍പടിയില്‍ ശ്രീ തോമാച്ചന്‍ കത്തലാങ്കല്‍ സംഭാവനചെയ്ത രണ്ടു സെന്‍റ് സ്ഥലത്തു സെന്‍റ് മേരീസ് കുരിശടി നിര്‍മിച്ചു. ഏറ്റം ബഹുമാനപ്പെട്ട മോണ്‍ സിഞ്ഞോര്‍ ജോസഫ് തൈപ്പറമ്പിലച്ചന്‍ ഇതു വെഞ്ചരിച്ചു.
പള്ളിയുടെ രജതജൂബിലി സമുചിതമായി 1986 ല്‍ ആഘോഷിച്ചു. ജൂബിലിസ്മാരകമായി മൂന്നു ലക്ഷം രൂപ ചെലവാക്കി പാരിഷ് ഹാള്‍ നിര്‍മിച്ചു.

സ്ഥാപനങ്ങള്‍
ചാരിറ്റി സിസ്റ്റേഴ്സിന്‍റെ ഭവനവും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍റെ ആശ്രമവും ഇവിടെ ഉണ്ട്. വിന്‍സെന്‍ഷ്യന്‍ വൈദികന്മാരുടെ നേതൃത്വത്തില്‍ ‘മഡോണ ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന സാങ്കേതിക വിദ്യാലയവും ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ നഴ്സറി സ്കൂളും പ്രവര്‍ത്തിച്ചു വരുന്നു. അഞ്ചിലിപ്പ പൗരസമിതിയുടെ വകയായി വൃദ്ധര്‍ക്കുവേണ്ടി ‘അഭയഭവന്‍’ എന്ന പേരിലുള്ള ആതുരാലയം ഇവിടെ സ്ഥാപിതമാണ്. ചാരിറ്റി സിസ്റ്റേഴ്സ് ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ചു ഡിസ്പന്‍സറിയുമുണ്ട്.
അഞ്ചിലിപ്പപ്പള്ളി സ്ഥാപിക്കു ന്നതിനും പാലം പണിയുന്നതിനും ശ്രീ കെ. വി. വര്‍ക്കി കരിക്കാട്ടുപറമ്പില്‍ ചെയ്തിട്ടുള്ള സേവനം സ്തുത്യര്‍ഹ മാണ്.
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ലീജിയന്‍ ഓഫ് മേരി, മിഷന്‍ ലീഗ് എന്നീ ഭക്തസംഘടനകള്‍ ഇവിടെ പ്രവര്‍ത്തിച്ചുപോരുന്നു.