Anakkal –  686 508, Kanjirapally

04828-202567

Vicar: Rev. Fr. John Panachickal

Cell: 9747 9460 60,  6282 5511 29

Click here to go to the Church

ആനയുടെ വലിപ്പവും ഏകദേശരൂപവുമുള്ള ഒരു ഭീമന്‍ കല്ലും അതിന്‍റെ പാര്‍ശ്വഭാഗത്തായി തുമ്പിക്കൈപോലെ വളഞ്ഞ ഒരു ഈന്തും ഇപ്പോഴത്തെ ആനക്കല്ലു പള്ളിയുടെ വടക്കു കിഴക്കുഭാഗത്ത് ഒരു ഫര്‍ലോംഗ് അകലെ മടുക്കക്കുഴി ശ്രീ മാത്യുവിന്‍റെ പുരയിടത്തിലുണ്ട്. ഈ കല്ലാണ് ആനക്കല്ല്  എന്ന സ്ഥലനാമത്തിനു കാരണം.

കുടിയേറ്റം
കാഞ്ഞിരപ്പള്ളിയിലെ പല ക്രൈസ്തവകുടുംബങ്ങള്‍ക്കും 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ ആനക്കല്ലില്‍ പുരയിടങ്ങളുണ്ടായിരുന്നു. ആനക്കല്ലുപള്ളിയുടെ കിഴക്കുഭാഗത്ത് ഏതാണ്ട് 200 ഏക്കര്‍ വരുന്ന ആനക്കല്ല് – നരിയോലി ചേരിക്കല്‍ മീനച്ചില്‍ താലൂക്കില്‍ നിന്നെത്തിയ ക്രൈസ്തവകര്‍ഷകര്‍ പകുതി ദേഹണ്ഡത്തിനും തീറു വിലയ്ക്കും വാങ്ങി കൃഷി ചെയ്തിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ ആദ്യമായി റബര്‍ കൃഷി ആരംഭിച്ചത് 1901 ലാണ്. ആനക്കല്ലുപള്ളി അതിര്‍ത്തിയിലുള്ള മഞ്ഞപ്പള്ളി എസ്റ്റേറ്റില്‍ 1901 ല്‍ നട്ടുപിടിപ്പിച്ച ഒരു റബര്‍ മരം ഇപ്പോഴത്തെ അതിന്‍റെ ഉടമസ്ഥന്‍ ശ്രീ എം. ജി. കൊല്ലംകുളം തറകെട്ടി സംരക്ഷിച്ചുവരുന്നു.

ദൈവാലയ സ്ഥാപനം
ആനക്കല്ലു നിവാസികള്‍ 1941 വരെ കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളിയിലാണു തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചുപോന്നത്. 1940 ല്‍ കാഞ്ഞിരപ്പള്ളിപ്പള്ളി വികാരി നാഗനൂലില്‍ ബ. ഗീവര്‍ഗീസച്ചന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ആനക്കല്ലില്‍ കുരിശുപള്ളി സ്ഥാപിക്കുന്നതിനു തീരുമാനിച്ച് ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. 1940 ഓഗസ്റ്റ് 15 ന് ഗവണ്‍മെന്‍റ് അനുവാദം ലഭിച്ചു. പള്ളിക്കുവേണ്ടി ആനക്കല്ലില്‍ പറമ്പില്‍ കുഞ്ഞുബാവാ ലബ്ബയുടെ വക മൂന്ന് ഏക്കര്‍ 83 സെന്‍റ് സ്ഥലം മടുക്കക്കുഴി മാത്യു ജോസഫ് വൈദ്യന്‍ സ്വയം പണം മുടക്കി വാങ്ങി, പള്ളി സ്ഥാപിക്കുന്നതിനു മുന്‍കൂറായി ആധാരം ചെയ്തു കൊടുത്തു. വസ്തുവില പിന്നീടു തവണകളായി അദ്ദേഹത്തിനു കൊടുത്തു തീര്‍ത്തു. പള്ളിമുറിയും പള്ളിഷെഡ്ഡും അതിവേഗം നിര്‍മിച്ചു. മാര്‍ ജയിംസ് കാളാശേരി 1941 ഒക്ടോബര്‍ 15 ന് പള്ളി വെഞ്ചരിച്ചു. കാഞ്ഞിരപ്പള്ളി ഫൊറോനാപ്പള്ളി വികാരി കുളംകുത്തിയില്‍ ബ. ദേവസ്യാച്ചന്‍ അച്ചന്‍ ഒക്ടോബര്‍ 17 നു പുതിയ പള്ളിയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി അസ്തേന്തി മുത്തുമാക്കുഴി ബ. മാണി അച്ചനെ ആനക്കല്ലുപള്ളിയുടെ ചുമതലയേല്‍പ്പിച്ചു. അന്ന് 105 കുടുംബങ്ങള്‍ ഇടവകക്കാരായി ഉണ്ടായിരുന്നു.

പുതിയ പള്ളി
മുത്തുമാക്കുഴി ബ. മാണിയച്ചനുശേഷം അസ്തേന്തിയായി ചാര്‍ജെടുത്ത വരകില്‍പ്പറമ്പില്‍ ബ. മാത്യു അച്ചന്‍ പുതിയപള്ളിക്കുവേണ്ടിയുള്ള പ്ലാന്‍ തയ്യാറാക്കിച്ചു. 1949 ല്‍ ഞാവള്ളില്‍ ബ. ജേക്കബച്ചന്‍റെ കാലത്തു പള്ളിപണി മിക്കവാറും പൂര്‍ത്തിയാക്കി. 1956 ല്‍ മണലില്‍ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്താണ് പള്ളി പണി – മുഖവാരമൊഴിച്ചു – പൂര്‍ത്തിയാക്കിയത്. പുതുക്കിപ്പണിത പള്ളിയുടെ വെഞ്ചരിപ്പ് 1956 നവംബര്‍ 15 നു മാര്‍ മാത്യു കാവുകാട്ടു നിര്‍വഹിച്ചു. പള്ളിനിര്‍മാണത്തിന് ഒരു ലക്ഷം രൂപയോളം ചെലവായി. 10,000 രൂപാ തലപ്പള്ളിയില്‍നിന്നും ബാക്കി തുക ഇടവകാംഗങ്ങളില്‍ നിന്നും ലഭിച്ചു. ഉറുമ്പയ്ക്കല്‍ ബ. അലക്സച്ചന്‍റെ കാലത്തു പള്ളിയുടെ മുഖവാരം പണിതീര്‍ത്തു. കൂവപ്പള്ളിയില്‍ 25 ഏക്കര്‍ സ്ഥലം തലപ്പള്ളിയില്‍ നിന്നു വിഹിതമായി ലഭിച്ചു. കാഞ്ഞിരത്തിനാല്‍ ബ. ജേക്കബച്ചന്‍റെ കാലത്ത് ഇപ്പോള്‍ പബ്ലിക് സ്കൂള്‍ ഇരിക്കുന്ന സ്ഥലം വാങ്ങി. നിരപ്പേല്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്തു പള്ളിമുറി പരിഷ്കരിച്ചു പണിയുകയും കുരിശടി നിര്‍മിക്കുകയും ചെയ്തു.

സന്യാസിനീ ഭവനം
തിരുഹൃദയമഠത്തിന്‍റെ ശാഖ 1980 ജൂണ്‍ 13 നു സ്ഥാപിതമായി. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ 1985 ല്‍ നഴ്സറി സ്കൂളും അണ്‍എയ്ഡഡ് മലയാളം മീഡിയം സ്കൂളും പ്രവര്‍ത്തനമാരംഭിച്ചു. 1982 ജനുവരി 14 നു മഠത്തിന്‍റെ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. 1982 ഓഗസ്റ്റ് 1 നു വെഞ്ചരിച്ചു. മഠത്തോടുചേര്‍ന്നുള്ള ചാപ്പല്‍ ശ്രീ എം. ജി. കൊല്ലംകുളം നിര്‍മിച്ചുകൊടുത്തതാണ്.

പബ്ലിക്ക് സ്കൂള്‍
നിരപ്പേല്‍ ബ. ആന്‍റണിയച്ചന്‍റെ ശ്രമഫലമായി 1986 ജൂണ്‍ 2 ന് സെന്‍റ് ആന്‍റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിതമായി. ഇതേത്തുടര്‍ന്ന് സിസ്റ്റേഴ്സ് നടത്തിവന്ന സ്കൂളുകള്‍ ഇതിനോടു ചേര്‍ത്തു. 1987 ഓഗസ്റ്റില്‍ സി. ബി. എസ്. ഇ. യുമായി അഫിലിയേറ്റു ചെയ്തു. ഇതൊരു പബ്ലിക് സ്കൂളായി 1988 ല്‍ അംഗീകരിക്കപ്പെട്ടു.

1992 ല്‍ സെന്‍റ് ആന്‍റണീസ് ജൂണിയര്‍ കോളജ് ആരംഭിച്ചു. ഇപ്പോള്‍ രണ്ടു ബാച്ചിലുംകൂടി 300 ലധികം കുട്ടികള്‍ അധ്യയനം നടത്തുന്നു. നാളിതുവരെ നൂറുശതമാനം വിജയം നേടി സ്കൂള്‍ അതിന്‍റെ യശസു നിലനിര്‍ത്തുന്നു. അധ്യയനം ലളിതവും ഫലപ്രദവുമാക്കാന്‍ പോരുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണ്. സുസജ്ജമായ സയന്‍സ് ലബോറട്ടറികള്‍, കംപ്യൂട്ടര്‍ ലാബ്, ബൃഹത്തായ ഗ്രന്ഥശാല തുടങ്ങിയവ പ്രാരംഭദശയില്‍ത്തന്നെ ക്രമപ്പെടുത്താന്‍ കഴിഞ്ഞു.
ഇതുവരെ പ്രിന്‍സിപ്പല്‍മാരായി സേവനമനുഷ്ഠിച്ചവര്‍: ശ്രീ ജോര്‍ജ് തോമസ്, ശ്രീ എം. ജെ. തോമസ്, റവ. ഫാ. മാത്യു മുണ്ടുവാലയില്‍, റവ. ഫാ. ജോര്‍ജ് കുരുവിള, പ്രൊഫ. മാത്യു ജോസഫ്.

ഓഡിറ്റോറിയം, കുരിശുപള്ളി
പള്ളിവക ഓഡിറ്റോറിയം ശ്രീ എം. ജി. കൊല്ലംകുളം തന്‍റെ പിതാവ് ശ്രീ കുഞ്ഞുവര്‍ക്കിയുടെ സ്മരണയ്ക്കായി 1972 ല്‍ നിര്‍മിച്ചു സംഭാവന ചെയ്തു. കുരിശടി ആഞ്ഞിലിക്കല്‍ പരേതരായ ചാണ്ടിയുടെയും അന്നമ്മയുടെയും സ്മരണയ്ക്കായി മകള്‍ എലിസബത്തു സംഭാവന ചെയ്തതാണ്.
1991 ല്‍ പള്ളിയുടെ സുവര്‍ണജൂബിലി സാഘോഷം കൊണ്ടാടി.

രൂപതയില്‍ നിന്നുള്ള ആദ്യമെത്രാന്‍
രൂപതയില്‍ നിന്ന് ആദ്യമായി മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട മാര്‍ മത്തായി കൊച്ചുപറമ്പില്‍ (1940 – 1992) ആനക്കല്ല് ഇടവകക്കാരനായിരുന്നു.

ഭവനങ്ങള്‍, സഖ്യങ്ങള്‍
ഇപ്പോള്‍ 430 കത്തോലിക്കാകുടുംബങ്ങളും 2151 അംഗങ്ങളും ഇവിടെ ഉണ്ട്. ഇടവകാതിര്‍ത്തിയില്‍ 186 ഹൈന്ദവ കുടുംബങ്ങളും 151 മുസ്ലീം കുടുംബങ്ങളും വസിക്കുന്നു.
വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, ഏ. കെ. സി. സി., ലീജിയന്‍ ഓഫ് മേരി, വയോജനസഖ്യം, യുവദീപ്തി, മാതൃദീപ്തി തുടങ്ങിയ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

നവീന ദൈവാലയം
പിണമറുകില്‍ ബ. മാത്യു അച്ചന്‍റെ ദീര്‍ഘവീക്ഷണവും പരിചയസമ്പത്തും ഇടവകാംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണവും കൊണ്ടു പള്ളി രണ്ടാം പ്രാവശ്യം പൊളിച്ച് ബൃഹത്തും മനോഹരവുമായി പണിതു. 2000 ഡിസംബര്‍ 23 നു മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിപ്പ് നിര്‍വഹിച്ചു.
സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിന് അനുബന്ധമായി പുതിയ നഴ്സറി സ്കൂള്‍ കെട്ടിടവും വിശാലമായ ഓഡിറ്റോറിയവും നിര്‍മിച്ചുകൊണ്ടിരിക്കുന്നു.
പുണ്യചരിതനായ അയലൂപ്പറ മ്പില്‍ ബ. എ. സി. ഈപ്പച്ചന്‍, (വൈസ് പ്രിന്‍സിപ്പല്‍, ചങ്ങനാശേരി എസ്. ബി. കോളജ്) ജോലിയില്‍ നിന്നു വിരമിച്ചശേഷം ആനക്കല്ല് പള്ളിമുറിയില്‍ അഞ്ചരവര്‍ഷം വിശ്രമജീവിതം നയിച്ചിരുന്നു. 1976 ഡിസംബര്‍ 28 ന് അദ്ദേഹം നിര്യാതനായി. മൃതദേഹം പള്ളിയ്ക്കകത്തു സംസ്കരിച്ചു.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
എമ്മാനുവേല്‍ മുത്തുമാക്കുഴി (1941-46), മാത്യു വരകില്‍പ്പറമ്പില്‍ (1946-49), ജേക്കബ് ഞാവള്ളില്‍(1949-54), സെബാസ്റ്റ്യന്‍ മണലില്‍ (1954-58), തോമസ് പുത്തന്‍പറമ്പില്‍ (1958-59), ജോസഫ് ചക്കാലയ്ക്കല്‍(1959-63), ജോര്‍ജ് പരുവനാനി (1963-66), പോള്‍ വടക്കേത്ത് (1966-70), അലക്സ് ഉറുമ്പയ്ക്കല്‍ (1970-73), മാത്യു പടവുപുരയ്ക്കല്‍(1973-76), പോള്‍ ആലുംമൂട്ടില്‍(1976-77), ജേക്കബ് കാഞ്ഞിരത്തിനാല്‍ (1977-85), ആന്‍റണി നിരപ്പേല്‍ (1985-93), ജേക്കബ് അയലൂപ്പറമ്പില്‍(1993-97), മാത്യു പിണമറുകില്‍ (1997-).
ബ. അസ്തേന്തിമാര്‍
ജോര്‍ജ് ആലുങ്കല്‍ (1981 – 83), അഗസ്റ്റിന്‍ കാര്യപ്പുറം (1983 – 85), തോമസ് കളപ്പുരയ്ക്കല്‍ (1985 ഫെബ്രു.- 86), മാത്യു പുതുക്കള്ളില്‍ (1986), തോമസ് മുണ്ടാട്ട് (1986- 87), മാത്യു പുന്നോലിക്കുന്നേല്‍ (1989- 90), ജയിംസ് ഇലഞ്ഞിപ്പുറം (1990- 92), ജേക്കബ് തെക്കേമുറി (1992- 93), ജോണ്‍ കരിക്കാട്ടുപറമ്പില്‍ (1993 മാര്‍ച്ച് – ഓഗസ്റ്റ്), സെബാസ്റ്റ്യന്‍ ഓടയ്ക്കല്‍, മാത്യു മുല്ലമംഗലം (1994 – 95), കുര്യന്‍ താമരശേരി (1995 ഫെബ്രു. – ജൂലൈ), ആന്‍റണി തോക്കനാട്ട് (1996 – 98), തോമസ് കുറ്റിപ്പാലയ്ക്കല്‍ (1998 – 99), ജോസഫ് നെടുംപതാലില്‍ (1999 – 2000), അഗസ്റ്റിന്‍ അത്തിമൂട്ടില്‍ (2001 – ), സെബാസ്റ്റ്യന്‍ മാടപ്പള്ളി (2001 – ).
കുടുംബങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുവരുന്ന ഒരു ഇടവകയാണിത്. തൊഴിലിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിത്യേന ഇവിടെ സ്ഥിരതാമസക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു.