Amaravathy St. Joseph

Amaravathy – 685 509, Kumily

04869-222421

Vicar: Rev. Fr. Jacob Thycheril

Cell: 996 169 5933,  828 275 3933

jthycheril@gmail.com

Click here to go to the Church

അമരാവതിയില്‍ രണ്ടു ഘട്ടമായാണു കുടിയേറ്റം നടന്നത്. ആദ്യത്തേത് 1950 ന്‍റെ ആരംഭത്തിലാ യിരുന്നു. കാടു വെട്ടിത്തെളിച്ച്, ഏറുമാടങ്ങളില്‍ താമസിച്ച്, കാട്ടുമൃഗങ്ങളോട് എതിരിട്ടുനടത്തിയ ആദ്യകുടിയേറ്റം സാഹസികമായിരുന്നു. രണ്ടാമത്തെ കുടിയേറ്റം 1961 ലാണ്. മേയ് 13 മുതല്‍ 23 വരെ നടന്ന കുടിയിരുത്തലായിരുന്നു അത്. ഇടുക്കി പദ്ധതിക്കുവേണ്ടി അയ്യപ്പന്‍കോവിലില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട 850 കുടുംബങ്ങളെ സര്‍ക്കാര്‍ ഇവിടെ കൊണ്ടുവന്നു മൂന്നു ഷെഡ്ഡുകളില്‍, പെരുമഴയത്തു, പരമദാരിദ്ര്യത്തില്‍ പാര്‍പ്പിച്ചു. രണ്ടു ഷെഡ്ഡുകളില്‍ സൗകര്യമൊന്നു മുണ്ടായിരുന്നില്ല. പരിസരവാസികളുടെ വീട്ടിലും തൊഴുത്തിലുമൊക്കെ ഇവര്‍ ഇടം കണ്ടെത്തി. ഇവര്‍ മൂന്നുമാസത്തോളം അതിശക്തമായ കാലവര്‍ഷവും പട്ടിണിയും സഹിച്ചുതാമസിച്ചു. ഇവരുടെ യാതനയില്‍ മനസ്സലിഞ്ഞ് ശ്രീമാന്മാരായ ഏ. കെ. ഗോപാലനും, കെ. കേളപ്പജിയും ബ. ഫാ. ജോസഫ് വടക്കനും കോണ്‍ഗ്രസ് ഗവണ്‍മെന്‍റിനെതിരെ നിരാഹാരസത്യ ഗ്രഹമാരംഭിച്ചു. അയ്യപ്പന്‍കോവിലിനടുത്തുള്ള മേരികുളംപള്ളിവികാരി വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍റെ നേതൃത്വത്തില്‍ അനേകര്‍ കുടിയിറക്കിനെതിരെ പ്രക്ഷോഭണം നടത്തി അറസ്റ്റു വരിച്ചു. പ്രക്ഷോഭണത്തിന്‍റെയും സമരത്തിന്‍റെയും ഫലമായി ഓരോ കുടുംബത്തിനും ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്കി. കഠിനമായ പട്ടിണിയിലും അവര്‍ മണ്ണിനോടു മല്ലിട്ടു. മണ്ണു വിളവു നല്കി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുഭൂമിയായിരുന്ന അമരാവതി ഹൈറേഞ്ചില്‍ ഏറ്റവുമധികം കുരുമുളകു വിളയുന്ന ചെറു തോട്ടങ്ങളായി.

പള്ളിസ്ഥാപനം
കുടിയിരുത്തപ്പെട്ടവര്‍ക്കു പള്ളിയും അമ്പലവും സ്ഥാപിക്കുന്നതിനു സ്ഥലം ലഭിച്ചു. ഗവണ്‍മെന്‍റില്‍ നിന്ന് അളന്നുതിരിച്ചു പള്ളിക്കായി കിട്ടിയ സ്ഥലം മങ്ങാട്ടേല്‍ ശ്രീ മത്തായി ജോസഫിനു ലഭിച്ചു. വിശ്വാസികള്‍ ഇവിടൊരു ഷെഡ്ഡുണ്ടാക്കി. 1961 ജൂലൈ 3 ന് വെട്ടിക്കാട്ട് ബ. ജയിംസച്ചന്‍ ഇവിടെ ആദ്യബലിയര്‍പ്പിച്ചു. പിന്നീടു മാസത്തില്‍ ഒരു പ്രാവശ്യം അട്ടപ്പള്ളം വികാരി പുത്തന്‍പറമ്പില്‍ ബ. ജോര്‍ജച്ചന്‍ ബലിയര്‍പ്പിച്ചുപോന്നു. രണ്ടുവര്‍ഷം കഴിഞ്ഞു ഷെഡ്ഡു പൊളിച്ചു വലുതാക്കി. പിന്നീട് എല്ലാ ഞായറാഴ്ചകളിലും വൈകിട്ടു നാലു മണിക്ക് ദിവ്യബലി അര്‍പ്പിച്ചുപോന്നു. 1967 മേയ് 2 ന് ബ. പുത്തന്‍പറമ്പിലച്ചന്‍ സ്ഥലം മാറിപ്പോയി. തുടര്‍ന്നെത്തിയ കുമ്പുക്കാട്ടു ബ. തോമസച്ചന്‍ മൂന്നു വര്‍ഷക്കാലം ബലിയര്‍പ്പണം തുടര്‍ന്നു. പിന്നീടു കുമളി വികാരിയായെത്തിയ കണ്ണമ്പള്ളില്‍ ബ. തോമസച്ചന്‍ (1970- 71) ഇന്നു കാണുന്ന ദൈവാലയം പണി കഴിപ്പിച്ചു. മാര്‍ ആന്‍റണി പടിയറ 1972 മാര്‍ച്ച് 19 നു പള്ളി കൂദാശചെയ്തു.
തുടര്‍ന്നു കുമളി വികാരിയായി എത്തിയ താന്നിക്കല്‍ ബ. ആന്‍റണിയച്ചന്‍ അമരാവതി കുരിശുപള്ളിയില്‍ ഞായ റാഴ്ച നാലു മണിക്കു കുര്‍ബാന തുടര്‍ന്നുപോന്നു. പാരിഷ്ഹാളും രണ്ടാം മൈലിലുള്ള കുരിശുപള്ളിയും ഇദ്ദേഹ ത്തിന്‍റെ കാലത്തു പണികഴിപ്പിച്ചതാണ്. അതിനുശേഷം വികാരിയായി എത്തിയ തെക്കേല്‍ ബ. ജോസച്ചന്‍ മങ്ങാട്ടേല്‍ ശ്രീ മത്തായി ജോസഫില്‍ നിന്നു പള്ളിയുടെ സ്ഥലം 1985 ഏപ്രില്‍ 24 ന് എഴുതിമേടിച്ചു. 1982 ല്‍ വൈദികമന്ദിരവും മൂന്നാം മൈലിലുള്ള കുരിശുപള്ളിയും നിര്‍മിക്കാന്‍ അദ്ദേഹം നേതൃത്വം നല്കി. പിന്നീട് ഇവിടെ ശുശ്രൂഷ ചെയ്തത് മാറാമറ്റത്തില്‍ ബ. ജോസച്ചനായിരുന്നു.

വികാരിമാര്‍
ഇടവകയ്ക്കു സ്വന്തമായി വികാരി യെ ലഭിക്കുന്നത് 1991 ലാണ്. പനച്ചിക്കല്‍ ബ. ജോര്‍ജച്ചനായിരുന്നു ആദ്യവികാരി. 1996 വരെ അച്ചന്‍ ഇവിടെ ശുശ്രൂഷ ചെയ്തു. 1996 മുതല്‍ നെല്ലരി ബ. മാത്യു അച്ചന്‍ സേവനമനുഷ്ഠിച്ചുവരുന്നു. സങ്കീര്‍ത്തിയോടു ചേര്‍ന്ന് അദ്ദേഹം പണിപൂര്‍ത്തിയാക്കിയ പുതിയ വൈദികമന്ദിരം മാര്‍ മാത്യു വട്ടക്കുഴി 2000 മേയ് 25 നു വെഞ്ചരിച്ചു.

സ്ഥിതിവിവരം
ഇടവകയില്‍ 210 കുടുംബങ്ങളും 1100 കത്തോലിക്കരുമുണ്ട്. ഇതര ഭവനങ്ങള്‍ : ലത്തീന്‍ – 19, മലങ്കര – 24, യാക്കോബായ – 53, ഹിന്ദു – 380.

ദൈവവിളി
ആറു സന്യാസിനികള്‍ ഭാരതത്തിന്‍റെ വിവിധയിടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു സന്യാസാര്‍ഥിനികളും രണ്ടു വൈദിക വിദ്യാര്‍ഥികളും പരിശീലനം നടത്തുന്നു.
1995 ജൂലൈ 3 നു ചാരിറ്റി സിസ്റ്റേഴ്സിന്‍റെ ഭവനം സ്ഥാപിതമായി. ലീജിയന്‍ ഓഫ് മേരി, വിന്‍സെന്‍റ് ഡി പോള്‍, മാതൃദീപ്തി, മിഷന്‍ലീഗ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
മഹാജൂബിലിസ്മാരകമായി രൂപതയില്‍ നടപ്പാക്കിയ ഭവനനിര്‍മാണ പദ്ധതിയോട് ഇടവക നന്നായി സഹകരിച്ചു. സര്‍ക്കാര്‍പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചും വികസനത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും ഉതകുന്ന മാര്‍ഗങ്ങള്‍ കാണിച്ചുകൊടു ത്തും ഇടവകയുടെ പുരോഗതിക്കായി നെല്ലരിയില്‍ ബ. മാത്യു അച്ചന്‍  അക്ഷീണം പ്രയത്നി ച്ചു.