Vadaserikkara – 689 662
04735 – 252493
Vicar: Rev. Dr. James Elanjipuram
Cell: 9447 8680 05
frjamesphilip@gmail.com
കാഞ്ഞിരപ്പള്ളിയില്‍നിന്ന് 46 കിലോമീറ്റര്‍ ദൂരെ തെക്കുകിഴക്കാണ് പേഴുംപാറ ഗ്രാമം. കുടിയേറ്റക്കാരായ ജനങ്ങള്‍ ഹൈറേഞ്ചിലെ പന്നിയാറില്‍ താമസിച്ചുവരവേ ഇടുക്കി പ്രോജക്ട് ആവശ്യത്തിനായി ഗവണ്മെന്റ് ആ ഭൂമി ഏറ്റെടുത്തു. അതോടെ ഇവിടെനിന്ന് 500-ഓളം കുടുംബങ്ങള്‍ 1963 ല്‍ കുടിയിറക്കപ്പെട്ടു. വടശേരിക്കരയടുത്തു പേഴുംപാറയിലാണ് അവര്‍ക്ക് പകരം സ്ഥലം കിട്ടിയത്. പേഴുംപാറയില്‍ എത്തുന്നതി നുമുമ്പ് ഇവര്‍ കോതമംഗലം രൂപതയില്‍പ്പെട്ട രാജാക്കാട് ഫൊറോനാപ്പള്ളി ഇടവകക്കാരായിരുന്നു.
പള്ളിമുറി, ഇടവകസ്ഥാപനം
പേഴുംപാറയും സമീപപ്രദേശങ്ങളും അക്കാലത്തു വനഭൂമിയായിരുന്നു. ഇവിടെ എത്തിയ ഉടനെ വിശ്വാസികള്‍ ഒരു ഷെഡ്ഡുണ്ടാക്കി ഭക്താനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചുപോന്നു. കാട്ടുപറമ്പില്‍ ബ. ജയിംസച്ചന് ഈ ഇടവകയുടെ സ്ഥാപനത്തിന് മുന്‍കൈ എടുത്തു. തടത്തേല്‍ ബ. ജോണച്ചന്റെ കാലത്ത് 1965 ല്‍ വൈദികമന്ദിരം പണിതതോടെ വൈദികന്മാര് ഇവിടെ സ്ഥിരതാമസം തുടങ്ങി. 1965 ല്‍ ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു.
ദൈവാലയനിര്‍മാണം
1972 ഒക്ടോബര്‍ 31 ന് ശ്രീ അച്യുതമേനോന് മന്ത്രിസഭ 100 പേര്‍ക്കായി ഒരേക്കര്‍ വസ്തു വീതം നല്കി. അന്നു നിലവിലുണ്ടായിരുന്ന റോഡിനു മുകളിലായി നേരത്തെ ഉണ്ടായിരുന്ന ഭൂമിയുടെ ബാക്കിയെന്നവണ്ണം പള്ളിക്ക് രണ്ടേക്കര്‍ സ്ഥലം കൂടി അനുവദിച്ചു. ഇവിടെ താല്‍ക്കാലിക ഷെഡ്ഡുണ്ടാക്കി ദിവ്യബലിയര്‍പ്പിച്ചുപോന്നു. 1983 ല്‍ മാമ്പുഴ ബ. സെബാസ്റ്റ്യനച്ചന്റെ കാലത്ത് മാര്‍ ജോസഫ് പവ്വത്തില്‍ പുതിയ ദൈവാലയത്തിനു തറക്കല്ലിട്ടു. മൈലാടിയില്‍ ബ. ജോസഫച്ചന്റെ കാലത്ത് പള്ളിപണി പൂര്‍ത്തിയായി. മാര്‍ മാത്യു വട്ടക്കുഴി പുതിയ പള്ളി വെഞ്ചരിച്ചു.
സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്
ഡോമിനിക്ക് പാലത്തിങ്കല്‍, മാത്യു കുരിശുമൂട്ടില്‍, ജോണ്‍ തടത്തേല്‍, ജോര്‍ജ് വാണിയപ്പുരയ്ക്കല്‍, ജോര്‍ജ് ആഞ്ഞിലിവേലില്‍, തോമസ് പീലിയാനിക്കല്‍, ജോസഫ് കാളാശേരി, മാത്യു കോവൂക്കുന്നേല്‍, ലാസര്‍ തണ്ണിപ്പാറ സി. എം. ഐ., ജോസഫ് ഇരുപ്പക്കാട്ട് (1979 – 80), സെബാസ്റ്റ്യന്‍ മാമ്പുഴ (1981 – 84), അബ്രാഹം ഇന്നസെന്റ് സി.എം.ഐ. (1984 – 86), ജോസഫ് മൈലാടി എം. എസ്. ടി. (1986 – 89), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1989 – 92), മാത്യു പുതുമന (1992 – 94), തോമസ് പാലയ്ക്കല്‍ (1994 – 99), പീറ്റര്‍ മേസ്തിരിപ്പറമ്പില്‍ (1999 ഫെബ്രു. – ).
പുതിയ പള്ളിമുറി
പാലയ്ക്കല്‍ ബ. തോമസച്ചന്റെ കാലത്ത് 1997 ഡിസംബര്‍ 14 ന് മാര്‍ മാത്യു വട്ടക്കുഴി പള്ളിമുറിക്കു ശിലസ്ഥാപിച്ചു. മേസ്തിരിപ്പറമ്പില്‍ ബ. പീറ്ററച്ചന്റെ കലാവൈഭവത്തിലും കഠിനാധ്വാനത്തിലും പൂര്‍ത്തീകരിച്ച പള്ളിമുറി 2000 ഓഗസ്റ്റ് 15 ന് മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.
ആരാധനമഠം
വി. മരിയഗൊരേത്തി ആരാധനാമഠം 1996 ജൂലൈ 13 നു സ്ഥാപിതമായി. ഇവരുടെ നേതൃത്വത്തില്‍ 1997 ജൂണ്‍ 2 നു നഴ്സറി സ്കള് ആരംഭിച്ചു.
സിമിത്തേരി
റോഡിനു താഴത്തെ വശത്തുള്ള സ്ഥലത്ത് പഴയ പള്ളിമുറിയുടെ അടുത്തായി പാറപൊട്ടിച്ച് പാറയിടുക്കില്‍ ഇത്തിരി ഉയരത്തിലായി സിമിത്തേരി നിര്‍മിച്ചു. കറിപ്ലാക്കല്‍ ബ. സെബാസ്റ്റ്യനച്ചന്റെ കാലത്തു പണിയാരംഭിച്ച് പാലയ്ക്കല്‍ ബ. തോമസച്ചന്റെ കാലത്ത് 1995 ല്‍ ഇതു പൂര്‍ത്തിയാക്കി.
പേഴുംപാറ ജംഗ്ഷനിലായി തടത്തേല്‍ ബ. ജോണച്ചന്റെ കാലത്തു കുരിശടി സ്ഥാപിച്ചു. കുരിശുപള്ളികളോ ഇതര സ്ഥാപന ങ്ങളോ ഒന്നും തന്നെയില്ല. പടയണിപ്പാറെ കുരിശുപള്ളിയായി ഉപയോഗിച്ചിരുന്ന താല്‍ക്കാലിക ഷെഡും സ്ഥലവും അന്യാധീനപ്പെട്ടുപോകുമെന്നു കണ്ടതിനാല്‍ തുച്ഛമായ വിലയ്ക്കു വില്‍ക്കുകയുണ്ടായി. ഇപ്പോള്‍ ഏകദേശം 4 ഏക്കര്‍ സ്ഥലം പള്ളിയുടെ കൈവശമുണ്ട്. മുഴുവനും പട്ടയഭൂമിയല്ല.
സ്ഥിതിവിവരം
എട്ടു കുടുംബക്കൂട്ടായ്മകളാണ് ഇവിടെയുള്ളത്. 97 കുടുംബങ്ങളിലായി 385 കത്തോലിക്കര്‍ ഇവിടെയുണ്ട്. 350 ഹൈന്ദവ കുടുംബങ്ങളും 185 മുസ്ലീം കുടുംബങ്ങളും ഇടവകയുടെ പരിധി യില്‍പ്പെടുന്നു. മാതൃദീപ്തി, യുവദീപ്തി, മിഷന്‍ലീഗ്, സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം എന്നീ ഭക്തസംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ഉള്‍നാടന്‍ ഗ്രാമമായതുകൊണ്ട് പട്ടണത്തിന്റെ കാപട്യമോ കപടതയോ വിശ്വാസിസമൂഹത്തെ ബാധിച്ചിട്ടില്ലെന്നു പറയാം. സ്വച്ഛ സുന്ദരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും ഈ നാടിനെ ആകര്‍ഷണീയമാക്കുന്നു.