Ranni, Perunadu – 689 711

Vicar: Rev. Fr. Joseph Vazhappanady

Cell: 974 548 0060

Click here to go to the Church

പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജിലാണ് പെരുന്തേനരുവി. ചണ്ണപ്പള്ളി എന്നായിരുന്നു ആദ്യനാമം. പമ്പാനദിയിലെ പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടം സമീപത്തായതിനാല്‍ കാരുവേലില്‍ ബ. ജോണച്ചന്‍ പള്ളിക്കു പെരുന്തേനരുവിപ്പള്ളി എന്ന പേരു നല്‍കി.
താമരക്കുന്ന്, മണിമല, കണ്ണമ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 1957 ല്‍ കുടിയേറിയവരാണ് ഇവിടത്തുകാര്‍. ഏറുമാടം കെട്ടി താമസിച്ച് ആനയോടും കാട്ടുപന്നിയോടും മല്ലടിച്ച് ഇവര്‍ കൃഷി ചെയ്തുപോന്നു. തുടക്കത്തില്‍ 14 കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. ഇവര്‍ എല്ലാ വ്യാഴാഴ്ചയും ഓരോ കുടുംബത്തില്‍ ഒത്തുകൂടി പ്രാര്‍ഥന നടത്തിയിരുന്നു. പള്ളി സ്ഥാപിക്കുന്നതിനു മുന്‍പ് കണ്ണമ്പള്ളി, ബഥനിമല എന്നീ ഇടവകകളിലാണ് ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.

മിഷന്‍പള്ളി
പ്രാര്‍ഥനാക്കൂട്ടം പിരിവെടുത്ത് 1960 ല്‍ 250 രൂപയ്ക്കു പത്തു സെന്‍റ് സ്ഥലം വാങ്ങി. കണ്ണമ്പള്ളി വികാരി പാലത്തുങ്കല്‍ ബ. ഡോമിനിക്കച്ചന്‍റെ നേതൃത്വത്തില്‍ താല്ക്കാലിക പള്ളി 1962 ല്‍ നിര്‍മിച്ചു. മാര്‍ മാത്യു കാവുകാട്ട് 1963 ഓഗസ്റ്റ് 17 നു ദൈവാലയം ആശീര്‍വദിച്ച് ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. കണ്ണമ്പള്ളിയില്‍ നിന്നു വൈദികന്മാരെത്തി ആദ്യം മാസത്തിലൊരിക്കലും പിന്നീട് മാസത്തില്‍ രണ്ടും തുടര്‍ന്ന് എല്ലാ ആഴ്ചയും ദിവ്യബലിയര്‍പ്പിച്ചു പോന്നു. 1964 ല്‍ ബഥനിമലപ്പള്ളിയുടെ കീഴിലുള്ള മിഷന്‍ പള്ളിയായി ഇത് അംഗീകരിക്കപ്പെട്ടു.

പള്ളമുറി, പള്ളി
ചങ്ങനാശേരി രൂപതയുടെ ാമ്പത്തികസഹായത്താല്‍ കുടമുരുട്ടിയില്‍ ഒരേക്കര്‍ സ്ഥലം ദൈവാലയസ്ഥാപനത്തിനായി വാങ്ങി. പിന്നീട് കാഞ്ഞിരപ്പള്ളി രൂപത നിലവില്‍വന്നതോടെ രൂപതയുടെ ധനസഹായവും കുടമുരുട്ടിയിലെ സ്ഥലം വിറ്റു കിട്ടിയ തുകയും ചണ്ണയിലെ പത്തു സെന്‍റ് വിറ്റുകിട്ടിയ തുകയും ചേര്‍ത്ത് ഇന്നു പള്ളിയിരിക്കുന്ന രണ്ടേക്കര്‍ സ്ഥലം വാങ്ങി. കാരുവേലില്‍ ബ. ജോണച്ചന്‍ പള്ളിമുറി പണിയുകയും പുതിയ പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1978 മുതല്‍ ഇവിടെ വികാരിയച്ചന്‍മാര്‍ സ്ഥിരതാമസം തുടങ്ങി. പുതുക്കിപ്പണിത ദൈവാലയത്തിന്‍റെ കൂദാശാകര്‍മം മാര്‍ ജോസഫ് പവ്വത്തില്‍ 1982 ജനുവരി 20 നു നിര്‍വഹിച്ചു. പാലത്തുങ്കല്‍ ബ. ജോസഫ് അച്ചനായിരുന്നു അന്നു വികാരി.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
ഡോമിനിക് പാലത്തുങ്കല്‍ (1962-64), തോമസ് കണ്ണമ്പള്ളി (1964-67), ആന്‍റണി മാന്നല (1967-70), അബ്രാഹം പുല്ലുകാട്ട് (1970-71), ജോര്‍ജ് കൂടത്തില്‍ (1971-72), ജേക്കബ് ഇടയാലില്‍ (1972-75), ജോസഫ് ചിറക്കടവില്‍(1975-78), അബ്രാഹം പാലക്കുടി(1978), ജോണ്‍ കാരുവേലില്‍ (1978-82), ജോസഫ് പാലത്തുങ്കല്‍ (1982-86), പോള്‍ മൂങ്ങാത്തോട്ടം(1986-89), ജയിംസ് തെക്കേമുറി (1989-91), ജോസ് മണ്ണൂക്കുളം (1991-92), ജോയി വില്ലന്താനം (1992-94), മാത്യു ചേരോലില്‍ (1994-99), തോമസ് ഞള്ളിയില്‍ (1999-).

സ്ഥിതിവിവരം
മൂന്നു കുടുംബക്കൂട്ടായ്മകളില്‍ 40 കത്തോലിക്കാ കുടുംബങ്ങളിലായി 193 കത്തോലിക്കരാണുള്ളത്. 243 ഹൈന്ദവകുടുംബങ്ങളും 20 മുസ്ലീം കുടുംബങ്ങളും ഇടവകയുടെ പരിധിയിലുണ്ട്. ഇവിടെ നിന്ന് ആറ് സന്യാസിനികള്‍ പ്രേഷിതസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒരു സന്യാസാര്‍ഥിനിയുമുണ്ട്.

കുരിശടി, മഠം, പാരിഷ്ഹാള്‍
പള്ളിക്കു സമീപം 1990 ല്‍ ഒരു കുരിശടി സ്ഥാപിച്ചു. 1994 ല്‍ തിരുഹൃദയമഠം സ്ഥാപിതമായി. ചേരോലില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു പണിയാരംഭിച്ച പാരിഷ് ഹാള്‍ 2000 മാര്‍ച്ച് 19 ന് മാര്‍ മാത്യു വട്ടക്കുഴി ആശീര്‍വദിച്ചു. അച്ചന്‍റെ കാലത്തു തന്നെ 1995 ല്‍ നഴ്സറി സ്കൂള്‍ തുടങ്ങി.
മാതൃദീപ്തി, പിതൃവേദി, യുവദീപ്തി, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം എന്നീ ഭക്തസംഘടനകള്‍ വിവിധശുശ്രൂഷകള്‍ ചെയ്തു വരുന്നു.
വിവിധ മതവിശ്വാസങ്ങളുടെയും സഭകളുടെയും സംഗമവേദിയാണിവിടം. വികസനസാധ്യത കുറവുള്ള ഈ പ്രദേശത്തിന് വിശ്വാസത്തനിമയാണു വലിയ സമ്പത്ത്.
തൊട്ടടുത്തുള്ള സര്‍ക്കാര്‍ വക വിസ്തൃതമായ തേക്കിന്‍കൂപ്പും റിസര്‍വ്വുവനവും ഈ ചെറിയ അധിവാസകേന്ദ്രത്തെ ഒരതിര്‍ത്തി ഗ്രാമമാക്കി വികസനം മുരടിപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടം ടൂറിസ്റ്റുകളെ ഇങ്ങോട്ടേയ്ക്കാകര്‍ഷിക്കുന്നുണ്ട്. ഇതിന്‍റെ സാധ്യതകള്‍ കണ്ടറിഞ്ഞ് വേണ്ടവിധം പ്രയോജനപ്പെടുത്താനായാല്‍ നാടിന്‍റെ വളര്‍ച്ചയ്ക്ക് അതുപകരിക്കും.