Murinjapuzha – 685 532
04869 – 288086
Vicar: Rev. Fr. Thomas Padinjareparampil
Cell: 944 778 2805
thomashyju@gmail.com
സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തില്‍ ആലപ്പുഴയും കടല്‍പ്പരപ്പും തടസ്സമില്ലാതെ കാണത്തക്കവിധം അറബിക്കടലിനഭിമുഖമായി പ്രകൃതിസുന്ദരവും ഒപ്പം ഗാംഭീര്യവും ദൃശ്യമാക്കിത്തരുന്ന മുറിഞ്ഞപുഴയ്ക്കു പിന്നാമ്പുറമുള്ള പ്രദേശമാണു നല്ലതണ്ണി. ഇവിടെ കടല്‍ക്കാറ്റ് നേരെ വീശുന്നു. മണ്‍സൂണ്‍ കാലത്ത് ഇത് അതിശക്തമാണ്. കാര്യമായ കൃഷിയോ കുടിപ്പാര്‍പ്പോ ഇവിടെ ഉണ്ടായിരുന്നില്ല. കാഞ്ഞിരപ്പള്ളി രൂപതയുടെ ആവിര്‍ഭാവം ഇവിടെ ഒരു മാറ്റം കുറിച്ചു.
ശ്രീ മൈക്കിള്‍ കള്ളിവയലില്‍ തന്റെ പിതാവിന്റെ ഓര്മ നിലനിര്‍ത്തുന്നതിനായി കാഞ്ഞിരപ്പള്ളി രൂപതയോടു സഹകരിച്ച് 1985 ല്‍ കള്ളിവയലില്‍ പാപ്പന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റു രൂപവല്കരിച്ചു. ഈ ട്രസ്റ്റ് പി. ഡി. എസിന്റെ നേതൃത്വത്തില്‍ നല്ലതണ്ണിയോടു ചേര്‍ന്നു കിടക്കുന്ന കപ്പാലുവേങ്ങ കേന്ദ്രമാക്കി സാമൂഹികപ്രവര്ത്തനങ്ങളാരംഭിച്ചു. ഇക്കാലയളവില്‍ എഫ്. സി. സി. ജനറലേറ്റിന്റെ څഅല്‍ഫോന്‍സാ മൗണ്ട്څ പ്രാര്‍ഥനാലയവും (1986) എസ്. എ. ബി. എസ്. ചങ്ങനാശേരി പ്രോവിന്സിന്റെ ആരാധനാശ്രമവും സ്ഥാപിതമായി. തുടര്‍ന്നു കൂടപ്പുഴ ബ. സേവ്യറച്ചന്റെ നേതൃത്വത്തില്‍ 1998 ജൂലൈ 30 ന് മാര്‍ത്തോമ്മാശ്ലീഹാ ആശ്രമം അരംഭിച്ചു. സാധുപെണ്കുട്ടികളുടെ സ്വയംതൊഴില്‍ പരിശീലനാര്‍ഥം പി. ഡി. എസിന്റെ സഹ്യാദ്രി څറൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുംچ സ്ഥാപിതമായി.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്
പി.ഡി.എസിന്റെ റീജിയണല്‍ ഡയറക്ടറായി തെക്കേമുറി ബ. ജയിംസച്ചന് 1995 ല്‍ നിയമിതനായി. നല്ലതണ്ണിയില്‍ പി.ഡി.എസിന്റെ റീജിയണല്‍ സെന്റര്‍ ആരംഭിച്ചു. ഇതോടെ നല്ലതണ്ണിയില്‍ വൈദികന്റെ സ്ഥിരമായ സാന്നിദ്ധ്യം ഉണ്ടായി. അതുവരെ ഇവിടെയുള്ള സ്ഥാപനങ്ങളില്‍ ശുശ്രൂഷ നിര്‍വഹിച്ചിരുന്നത് ബ. വൈദികന്മാരായ സേവ്യര്‍ കൂടപ്പുഴ, ജോസഫ് ഇല്ലിക്കല്‍, തോമസ് പൂവത്താനിക്കുന്നേല്‍, സെബാസ്റ്റ്യന്‍ കുന്നപ്പള്ളി എസ്. ജെ. തുടങ്ങിയവരും അയല്ഇടവക വികാരിമാരായിരുന്ന ജോസഫ് ചെരുവില്‍, തോമസ് പീലിയാനിക്കല്‍, ജോര്‍ജ് ആലുങ്കല്‍, അഗസ്റ്റിന് കാരിയപ്പുറം, സെബാസ്റ്റ്യന്‍ പനച്ചിക്കല്‍, ജയിംസ് തെക്കേമുറി എന്നിവരുമായിരുന്നു.
ഇടവകസ്ഥാപനം, വളര്‍ച്ച
അജപാലകന്റെ സ്ഥിരസാന്നിദ്ധ്യം ജനത്തിന്റെ ആത്മീയത തട്ടിയുണര്‍ത്തി. അറയ്ക്കല്‍ ബ. മാത്യു അച്ചന്റെയും തെക്കേമുറി ബ. ജയിംസച്ചന്റെയും നേതൃത്വത്തില്‍ നല്ലതണ്ണി നിവാസികളെയും അമലഗിരി, കണയങ്കവയല്‍, ചെറുവള്ളിക്കുളം, തെക്കേമല തുടങ്ങിയ ഇടവകാതിര്ത്തിക്കുള്ളില്പ്പെട്ടവരേയും ഒരുമിച്ചുകൂട്ടി നല്ലതണ്ണി ഇടവക രൂപവത്കരിക്കുന്നതിന് ആലോചിക്കുകയും രൂപതക്കച്ചേരിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പി.ഡി.എസിന്റെ ഒരേക്കര്‍ എഴുപത്തിരണ്ടു സെന്റു സ്ഥലം ഇടവകയ്ക്കു നല്കി. അപേക്ഷ സ്വീകരിച്ച രൂപതാകേന്ദ്രം ഇടവക രൂപവല്ക്കരണത്തെക്കുറിച്ചു പഠിക്കുന്നതിനു തെക്കേമുറി ബ. ജയിംസ് അച്ചനെ ചുമതലപ്പെടുത്തി. അദ്ദേഹം പുതിയ ഇടവക സ്ഥാപനത്തിനു ശുപാര്‍ശ ചെയ്തു. പ്രഥമവികാരിയായി തെക്കേമുറി ബ. ജയിംസച്ചന് നിയമിതനായി.
അതോടൊപ്പം മഹാജൂബിലി സ്മാരക ഹോളി ഫാമിലി ഇടവക 1999 ഡിസം. 25 ന് നിലവില്‍ വന്നു. താല്‍ക്കാലിക ദൈവാലയമായി ഉപയോഗിക്കുന്നത് പി.ഡി.എസിന്റെ ചാപ്പലാണ്. വൈദിക മന്ദിരം പി.ഡി.എസ്. കേന്ദ്രത്തില്‍ത്തന്നെയാണ്.
ദൈവാലയനിര്‍മാണം
2001 ഫെബ്രുവരി 18 ന് മാര്‍ മാത്യു അറയ്ക്കല്‍ തിരുക്കുടുംബ ദൈവാലയ ത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
ഇടവക സ്ഥാപനത്തോടേ നാലാം ക്ലാസുവരെ വിശ്വാസപരിശീലനവും മൂന്നു കുടുംബക്കൂട്ടായ്മകളും മാതൃദീപ്തി, പിതൃവേദി, മിഷന്‍ലീഗ് എന്നീ സംഘടനകളും പ്രവര്‍ത്തനമാരംഭിച്ചു.
എം. കെ. ജെ. എം. ട്രെയിനിംഗ് സെന്റര്‍, സഹ്യാദ്രി ഡയറി ഫാം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇടവകാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നു.
കുടുംബം, ദൈവവിളി
ഇവിടെ 37 കുടുംബങ്ങളിലായി 140 കത്തോലിക്കരുണ്ട്. ഇടവകാതിര്‍ത്തി ക്കുള്ളിലുള്ള ഇതരഭവനങ്ങള്‍ : ലത്തീന്‍ – 2, യാക്കോബായ – 2, സി.എസ്.ഐ.- 10, ഹിന്ദുക്കള്‍: 60, മൂസ്ലീങ്ങള്‍ – 8. ബ്ര. ലൂയിസ് പന്തിരുവേലില്‍ സന്യാസജീവിതം നയിക്കുന്നു.
ഒരു ഇടവകയ്ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിലും പരമ്പരാഗതമായ സൗകര്യങ്ങള്‍ ഇല്ലാതെയും ഇടവക രൂപീകരണവും പ്രവര്‍ത്തനവും സാധ്യമാണെന്നു നല്ലതണ്ണി ഇടവക തെളിയിക്കുന്നു. വിദൂരസ്ഥമായി കിടക്കുന്ന, യാത്രാസൗകര്യം കുറഞ്ഞ ചെറിയ അധിവാസകേന്ദ്രങ്ങള്‍ രൂപതയില്‍ ഇന്നു പലതുമുണ്ട്. അവിടെയും അജപാലകരുടെ ശുശ്രൂഷ എത്തിക്കുവാന്‍ നല്ലതണ്ണി ഇടവക രൂപീകരണം പ്രചോദനമാകുമെന്നു കരുതാം.