Meloram – 685 532

Vicar: Rev. Fr. Thomas Platharavayalil

Cell: 9061 132 562,   8086 933 634

thomasplathara@gmail.com

Click here to go to the Church

അരുവിത്തുറ ഇടവകക്കാരനായിരുന്ന പൊട്ടംകുളം ശ്രീ കെ. വി. സഖറിയ 1925 – 30 കാലഘട്ടത്തില്‍ വഞ്ഞിപ്പുഴ മഠം വക മേലോരം ചേരിക്കല്‍ വാങ്ങിച്ചു തോട്ടം നിര്‍മിക്കുന്നതിനു പദ്ധതിയിട്ടു. തോട്ടത്തിനായി കുറെ ഭാഗം തെരഞ്ഞെടുക്കുകയും ബാക്കി സ്ഥലം കൃഷിക്കാര്‍ക്കു ദേഹണ്ഡവ്യവസ്ഥയില്‍ കൊടുക്കുകയും ചെയ്തു. മേലോരത്തിന്‍റെ സമീപസ്ഥലങ്ങളായ അഴങ്ങാട്, ആനചാരി, പെരുവന്താനം, അമലഗിരി, തെക്കേമല തുടങ്ങിയ സ്ഥലങ്ങള്‍ ഇതേ വ്യവസ്ഥയില്‍ അന്നു കള്ളിവയല്‍ക്കാരുടെ അധീനതയിലായിരുന്നു.

ദൈവാലയം
കുടിയേറി താമസിച്ചിരുന്നവര്‍ക്ക് ആത്മീയകാര്യങ്ങള്‍ക്കായി പെരുവന്താനത്തോ കൂട്ടിക്കലോ പോകേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ടു മനസ്സിലാക്കിയ പൊട്ടംകുളത്ത് ശ്രീ കെ. വി സഖറിയ സ്വന്തം ചെലവില്‍ 1949 ല്‍ മേലോരത്തു പള്ളി പണിയാന്‍ തുടങ്ങി. 1949 ഏപ്രില്‍ 8 ന് ഗവണ്‍മെന്‍റില്‍ നിന്നും 1950 ജൂലൈ 4 ന് രൂപതയില്‍ നിന്നും അനുമതി ലഭിച്ചു.
ഇടവക 1950 ഒക്ടോബര്‍ 22 നു സ്ഥാപിതമായി. ശ്രീ കെ. വി. സഖറിയ ഇടവകയ്ക്കു വേണ്ടി അഞ്ചേക്കര്‍ സ്ഥലവും വിശാലമായ പള്ളിമേടയും സംഭാവനയായി നല്‍കി. ഒരു സന്യാസഭവനത്തിന് ആവശ്യമായ സംവിധാനങ്ങളോടെയാണ് അദ്ദേഹം പള്ളിമുറി പണികഴിപ്പിച്ചത്. ഇന്ന് ഇതുതന്നെ പള്ളിമുറിയായി ഉപയോഗിക്കുന്നു. കാഞ്ഞിരപ്പള്ളി ഫൊറോനാ വികാരി കുളംകുത്തിയില്‍ ബ. ദേവസ്യാച്ചന്‍ 1951 ഒക്ടോബര്‍ 22 നു ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. പള്ളി പണിക്കു മേല്‍ നോട്ടം നല്‍കിയ പൊന്നെടുത്തകല്ലേല്‍ ബ. ജോര്‍ജച്ചന്‍ ഇക്കാലത്ത് ശ്രീ കെ. വി. സഖറിയായുടെ തേയില ഫാക്ടറിയില്‍ ദിവ്യബലിയര്‍പ്പിച്ചു പോന്നു.
പുതിയ ദൈവാലയത്തിന്‍റെ വെഞ്ചരിപ്പ് മാര്‍ മാത്യു കാവുകാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ തോമസ് തറയില്‍ എന്നീ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ 1952 ജനുവരി 31 നു നടത്തി. പള്ളിയുടെ രജതജൂബിലി 1976 ജനുവരിയില്‍ ആഘോഷിച്ചു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ജോര്‍ജ് പൊന്നെടുത്തകല്ലേല്‍ (1952-53), ലെയോനാര്‍ഡ് ഒ.സി.ഡി. (1953-56), തോമസ് കുടകശേരി (1956-60), യാക്കോബ് ഏറത്തേടത്ത് (1960-64), ജോസഫ് ചക്കാലയില്‍ (1964- 69), അലക്സാണ്ടര്‍ വയലുങ്കല്‍ (1969-70), മാത്യു പന്തപ്പള്ളില്‍ (1970-72), ആന്‍റണി നെടിയകാലാപ്പറമ്പില്‍ (1972-74), ജോസ് നീലത്തുംമുക്കില്‍ (1974-75), ജോണ്‍ തടത്തില്‍ (1975-76), ഡോമിനിക് വെട്ടിക്കാട്ട് (1976-81), മാത്യു പന്തലാനി (1981-83), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1983-85), എബ്രാഹം കടിയക്കുഴി (1985-90), തോമസ് വളയത്തില്‍ (1990-97), മാത്യു പൂച്ചാലില്‍ (1997-).

കുടുംബം, ദൈവവിളി
120 കുടുംബങ്ങളിലായി 571 കത്തോലിക്കരുണ്ട്. ഒരു വൈദികനും പത്തു സന്യാസിനികളും സഭാസേവനം ചെയ്യുന്നു. ഒരു വൈദികാര്‍ഥിയും ഒരു സന്യാസാര്‍ഥിനിയും പരിശീലനം നടത്തുന്നു.
ഇതര സഭാസമൂഹങ്ങളിലായി 13 വീതം യാക്കോബായ, സി.എസ്.ഐ., കുടുംബങ്ങളുണ്ട്. 73 ഹൈന്ദവ കുടും ബങ്ങള്‍ ഇടവകപരിധിയിലുണ്ട്.

സ്ഥാപനങ്ങള്‍
ശ്രീ കെ. വി. സഖറിയ 1950 ല്‍ തിരുഹൃദയമഠവും പ്രൈമറിസ്കൂളും സ്ഥാപിക്കാന്‍ സഹായിച്ചു. പിന്നീടു മഠം വകയായി കെട്ടിടം കുറെക്കൂടി വലുതാക്കി. 1953 ല്‍ ബ. ലെയോനാര്‍ഡച്ചന്‍റെയും നാട്ടുകാരുടെയും ശ്രമഫലമായി വായനശാല സ്ഥാപിതമായി. പള്ളിമുറിയുടെ ഒരു ഭാഗത്തു പ്രവര്‍ത്തനമാരംഭിച്ച ഗ്രന്ഥശാല പിന്നീട് സ്വന്തം കെട്ടിടത്തിലേക്കു മാറ്റി. 1961 ല്‍ ഏറത്തേടത്ത് ബ. യാക്കോബച്ചന്‍റെ കാലത്തു സ്ഥാപിതമായ യു.പി.സ്കൂളിന് ഇടവകക്കാര്‍ കെട്ടിടം പണിതു.
ശ്രീ കെ. എസ്. സഖറിയ പൊട്ടംകുളം സര്‍ക്കാരിനു ദാനമായി കൊടുത്ത കെട്ടിടത്തില്‍ 1972 ല്‍ ഗവണ്‍മെന്‍റ് റൂറല്‍ ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് ഇദ്ദേഹം ഒരേക്കര്‍ സ്ഥലവും കെ.വി. സഖറിയാ മെമ്മോറിയലായി പുതിയൊരു കെട്ടിടവും പണിതു ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു. ഡിസ്പെന്‍സറി 1982 ല്‍ പ്രൈമറി ഹെല്‍ത്തു സെന്‍ററായി ഉയര്‍ത്തി.

സ്ഥലവിവരം
ശ്രീ കെ. വി. സഖറിയ 1949 ല്‍ നല്കിയ പള്ളിയിരിക്കുന്ന അഞ്ചേക്കറും 1964 ല്‍ 1500 രൂപയ്ക്കു വാങ്ങിയ 99 സെന്‍റും 1967 ല്‍ 400 രൂപയ്ക്കു വാങ്ങിയ 25 സെന്‍റും 1967 ല്‍ 500 രൂപായ്ക്കു വാങ്ങിയ 35 സെന്‍റും 1993 ല്‍ 75,000 രൂപയ്ക്കു വാങ്ങിയ ഒരേക്കര്‍ 45 സെന്‍റുസ്ഥലവുമാണ് പള്ളിയുടെ ഭൂസ്വത്ത്.
നാടിന്‍റെ സമഗ്രവികസനത്തില്‍ ഇടവക വളരെയധികം സംഭാവനയര്‍പ്പിച്ചിട്ടുണ്ട്. 1992-96 കാലഘട്ടത്തില്‍ വളയത്തില്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലും പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്തു നിര്‍മിച്ച രണ്ടു പാലങ്ങളും റോഡും വികസനത്തിനു നാന്ദികുറിച്ചു. എങ്കിലും വന്‍കമ്പനികളുടെ വകയായ തോട്ടങ്ങളിലൂടെ 12 കിലോമീറ്റര്‍ കടന്നുവേണം കെ. കെ. റോഡിലെത്തുവാന്‍. എസ്റ്റേറ്റു റോഡുകള്‍ ശരിയായി സംരക്ഷിക്കുന്ന കാര്യത്തില്‍ കമ്പനികള്‍ ഇന്നു ശ്രദ്ധിക്കുന്നില്ല. അവ ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ എളുപ്പത്തില്‍ നടപടികള്‍ എടുക്കുന്നുമില്ല. വന്‍തോട്ടങ്ങളുടെ പിന്നാമ്പുറത്തു കിടക്കുന്ന ഇത്തരം കര്‍ഷകമേഖലകള്‍ യാത്രാസൗകര്യത്തിന്‍റെ അഭാവത്തില്‍ പിന്നോക്കം നില്‍ക്കേണ്ടിവരുന്നു.