Koovapally – 686 518
04828 – 251213
Vicar: Rev. Fr. Jose Karimattom
Cell: 963 307 992
frkjoe@gmail.com
കാരികുളം പ്രദേശത്ത് 1914 മുതല്‍ സാഹസികരായ കൃഷിക്കാര്‍ കുടിയേറിപ്പാര്‍ത്തു. ആനക്കല്ല്, ഇടക്കുന്നം എന്നീ പേരുകളിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഈ നാട്ടിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ചെറുവള്ളിക്കാവ് ഭഗവതീ ദേവസ്വത്തിനായിരുന്നു. നടത്തിപ്പുകാര്‍, വഞ്ഞിപ്പുഴ മഠം വക ഇടപ്പള്ളില്‍ എളങ്ങള്ളൂര്‍ സ്വരൂപമായിരുന്നു. വെണ്‍പാട്ടം, കുത്തകപ്പാട്ടം, വെച്ചുപാതി തുടങ്ങിയ ദ്രവ്യവ്യവസ്ഥകള്‍ അന്നു നിലവിലിരുന്നു. ഇതില്‍ വെച്ചുപാതി വ്യവസ്ഥയിലാണ് (ദേഹണ്ഡിക്കുന്ന ഭൂമിയുടെ പകുതിയവകാശം) കുടിയേറ്റക്കാര്‍ കൃഷിയാരംഭിച്ചത്.
ആദ്യകാലക്രൈസ്തവസമൂഹം
കുടിയേറ്റക്കാര്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ കാഞ്ഞിരപ്പള്ളി, പഴയ കൊരട്ടി എന്നീ ഇടവകകളില്‍ നടത്തിപ്പോന്നു. പക്ഷേ, കാഞ്ഞിരപ്പള്ളി എട്ടു കിലോമീറ്റര്‍ അകലെയാണ്. ഇരുപത്തിയാറാം മൈല്‍ തോടുകടക്കുക ദുഷ്കരമായിരുന്നു. ആറു കിലോമീറ്റര്‍ ദൂരെയുള്ളതും മൂന്നുവശവും മണിമലയാറിനാല്‍ ചുറ്റപ്പെട്ടതുമായ പഴയ കൊരട്ടിയില്‍ എത്തുകയും എളുപ്പമായിരുന്നില്ല.
ഈ സാഹചര്യത്തില്‍ څബേസ് പുര്‍ക്കാനാچക്കൂട്ടം എന്ന പ്രാര്‍ഥനാക്കൂട്ടായ്മയിലൂടെയാണു കുടിയേറ്റക്കാര്‍ തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയത്. മാസത്തില്‍ ഒരു കുര്‍ബാനയെങ്കിലും ലഭിക്കത്തക്കവിധം ഒരു ദൈവാലയത്തിനുവേണ്ടി ശ്രമിക്കുവാന്‍ څബേസ് പുര്‍ക്കാനാچ കൂട്ടം മുന്‍കൈയെടുത്തു. ഷെഡുനിര്‍മാണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇവര്‍ ഒരു കമ്മിറ്റി ഉണ്ടാക്കി. മേല്‍നടപടികള്‍ക്കായി മെത്രാനെ സമീപിക്കുവാന്‍ തീരുമാനിച്ചു. പുലിക്കുന്നേല്‍ ശ്രീ തൊമ്മന്‍ തൊമ്മന്‍ ദൈവാലയത്തിനായി അഞ്ച് ഏക്കര്‍ സ്ഥലം ദാനം ചെയ്തത് കമ്മിറ്റിക്കാരുടെ പേരില്‍ ദാനാധാരമായി രജിസ്റ്റര്‍ ചെയ്തു. പ്രഥമദൈവാലയം
പുലിക്കുന്നേല്‍ ശ്രീ തൊമ്മന്‍ തൊമ്മന്‍, പുലിക്കുന്നേല്‍ തോണിപ്പാറ ശ്രീ അബ്രാഹം സ്കറിയ എന്നിവരുടെ പ്രത്യേക താല്പര്യപ്രകാരം 1931 ജൂലൈയില്‍ പ്രസിദ്ധ ധ്യാന ഗുരുവും എം.സി.ബി.എസ്. സന്യാസ സഭാ സ്ഥാപകരിലൊ രാളുമായ ആല ക്കുളത്തില്‍ ബ. മത്തായിയച്ചന്‍ ദൈവാല യത്തിനു തറക്കല്ലിട്ടു. ഇന്നത്തെ പള്ളിയുടെ വലിപ്പത്തില്‍ പകുതിഭാഗം കരിങ്കല്‍ ഭിത്തികെട്ടി അടവാക്കി ഓലകൊണ്ടു മേച്ചില്‍ നടത്തി ആദ്യത്തെ ദൈവാലയം പണിതു. 1960-66 കാലഘട്ടത്തില്‍ ഇതു പുതുക്കിപ്പണിതു. വെഞ്ചരിപ്പ് നെല്ലുവേലില്‍ ബ. പീറ്ററച്ചന്‍റെ കാലത്തു നടത്തി.
ഇടവക സ്ഥാപനം
ഇടവക സ്ഥാപിച്ചു കിട്ടുന്നതിന് ഇവിടത്തുകാര്‍ ഒത്തുചേര്‍ന്ന് 1949 ഓഗസ്റ്റ് 31 നു മാര്‍ ജയിംസ് കാളാശേരി പിതാവിന്‍റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന്, മാര്‍ കാളാശേരി പിതാവിന്‍റെ കല്പനപ്രകാരം ദൈവാലയത്തിനുവേണ്ടി ഗവണ്‍മെന്‍റില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ കൈവശക്കാരനു ഭൂമിയില്‍ അവകാശമി ല്ലെന്ന കാരണത്താല്‍ ഗവണ്‍മെന്‍റ് ഇതു നിരസിച്ചു. കൈവശക്കാരനു സ്ഥിരാവകാശം ലഭിക്കുന്നതിനു ഭൂമിക്കു ജന്മം (പട്ടയം) ലഭിക്കേണ്ടിയിരുന്നു. തുടര്‍ന്ന്, ദൈവാലയാനുമതിക്കുള്ള നടപടികള്‍ക്കായി കൊരട്ടിപ്പള്ളി വികാരി തെക്കേമുറിയില്‍ ബ. അബ്രാഹം അച്ചനെ മുക്തിയാറായി ചുമതലപ്പെടുത്തി. വഞ്ഞിപ്പുഴമഠവുമായി ബന്ധപ്പെട്ടപ്പോള്‍, ഒരേക്കര്‍ സ്ഥലത്തിനു പട്ടയം നല്‍കാമെന്നും പ്രതിഫലമായി ഏക്കറിന് 1000 രൂപാ വില നല്‍കണമെന്നും അറിയിച്ചു. അങ്ങനെ പുലിക്കുന്നേല്‍ തോണിപ്പാറ ശ്രീ അബ്രാഹം സ്കറിയ, പുത്തന്‍പുരയ്ക്കല്‍ ശ്രീ മാത്തന്‍ കൊച്ചുമാത്തന്‍ എന്നിവര്‍ ഒരേക്കര്‍ പതിനൊന്ന് സെന്‍റ് സ്ഥലത്തിനു പട്ടയം വാങ്ങി. തുടര്‍ന്ന് ദൈവാലയനിര്‍മിതിക്കു ഗവണ്‍മെന്‍റിന്‍റെ അനുമതിയും ലഭിച്ചു. ഫാത്തിമാ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപം കേരളത്തില്‍ കൊണ്ടുവന്ന അവസര മായിരുന്നതിനാല്‍ ദൈവാലയത്തിനു څഫാത്തിമാമാതാപ്പള്ളിچ എന്ന പേരു നല്‍കി.
1950 മേയ് 7 നു തെക്കേമുറിയില്‍ ബ. അബ്രാഹം അച്ചന്‍, വീട്ടുവേലിക്കുന്നേല്‍ ബ. ജോസഫച്ചന്‍ എന്നിവരുടെ പ്രധാന കാര്‍മികത്വത്തില്‍ ആഘോഷ പൂര്‍വകമായ റാസയും ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപപ്രതിഷ്ഠയും നടത്തി.
ചങ്ങനാശേരി രൂപതാഭരണം നടത്തിയിരുന്ന വികാര്‍ കാപ്പിറ്റലര്‍ ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ ജേക്കബ് കല്ലറയ്ക്കല്‍ 1950 ജൂണ്‍ 1 – ാം തീയതി കാരികുളം ഇടവകയായി ഉയര്‍ത്തി. ചെറുകരക്കുന്നേല്‍ ബ. ഇമ്മാനുവേല്‍ അച്ചനെ പ്രഥമ വികാരിയായി നിയമിച്ചു.
ബഹുമാനപ്പെട്ട വികാരിമാര്‍
ഇമ്മാനുവേല്‍ ചെറുകരക്കുന്നേല്‍ (1950 – 56), ലെയോനാര്‍ദ് സി.എം.ഐ. (1956 – 59), സക്കറിയാസ് ചങ്ങങ്കരി (1959), അഗസ്റ്റിന്‍ തുരുത്തിമറ്റം (1959 – 61), സെബാസ്റ്റ്യന്‍ മണലില്‍ (1961 – 65), സഖറിയാസ് കടപ്രക്കുന്നേല്‍ (1965 – 66), പീറ്റര്‍ നെല്ലുവേലി (1966 – 70), ജോണ്‍ തൊമ്മിത്താഴെ (1970 – 73), തോമസ് കുമ്പുക്കാട്ട് (1973 – 77), അലക്സാണ്ടര്‍ വയലുങ്കല്‍ (1977 – 81), ജേക്കബ് മുയ്യപ്പള്ളി (1981 – 84), ജേക്കബ് ആലുങ്കല്‍ (1984 – 87), ജോസഫ് മണിയമ്പ്രായില്‍ (1987 -), ജോസഫ് കുന്നത്തുപുരയിടം (1987 – 92), അബ്രാഹം കഴുന്നടിയില്‍ (1992 – 96), മാത്യു പായിക്കാട്ട് (1996 -).
പള്ളിമുറി : പ്രഥമ വികാരിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ ഫലമായാണു പള്ളിമുറിയും സിമിത്തേരിയും പള്ളിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ക്രമപ്പെടുത്തിയത്.
പാരിഷ് ഹാള്‍ : തുരുത്തിമറ്റത്തില്‍ ബ. അഗസ്റ്റിന്‍ അച്ചന്‍റെ കാലത്ത് (1959 – 61) പാരിഷ് ഹാള്‍ പണിതു. കുന്നത്തുപുരയിടം ബ. ജോസഫച്ചന്‍റെ കാലത്തു ആധുനികരീതിയിലുള്ള പാരിഷ്ഹാള്‍ പണികഴിപ്പിച്ചു.
നവീനദൈവാലയം
മണലില്‍ ബ. സെബാസ്റ്റ്യനച്ചന്‍ പള്ളിപുതുക്കിപ്പണിയാനുള്ള ഒരു ഫണ്ടിനു രൂപം നല്‍കുകയും കടപ്രക്കുന്നേല്‍ ബ. സഖറിയാസച്ചന്‍ പള്ളിപണി ആരംഭിക്കുകയും നെല്ലുവേലില്‍ ബ. പീറ്റര്‍ അച്ചന്‍ അള്‍ത്താര, മണിമാളിക എന്നിവയുടെ നിര്‍മാണവും ഇതര അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കുകയും ചെയ്തു.
നാഴികക്കല്ലുകള്‍
തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചന്‍റെ കാലത്തു നിരവധി സാമൂഹിക പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തി. ഇടവകയുടെ രജതജൂബിലി 1975 ല്‍ കുമ്പുക്കാട്ട് ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ ആഘോഷിച്ചു.
ഇടവകചരിത്രത്തിലെ നാഴികക്കല്ലാണു വയലുങ്കല്‍ ബ. അലക്സാണ്ടറച്ചന്‍റെ സേവനകാലം. പാറത്തോട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നു പ്രയോജനപ്പെടുത്തുന്ന പാറത്തോട് ജലവിതരണപദ്ധതിയുടെ സൂത്രധാരകന്‍ അച്ചനായിരുന്നു. അച്ചന്‍റെ കാലത്തു പള്ളിപ്പറമ്പിനോടു ചേര്‍ന്ന് ഒരേക്കര്‍ ഇരുപത്തിയൊമ്പതു സെന്‍റ് സ്ഥലം വാങ്ങുകയും റോഡ്, ബസ് സര്‍വീസ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ സാധിക്കുകയും ചെയ്തു.
മുയ്യപ്പള്ളി ജേക്കബ്, ആലുങ്കല്‍ ജേക്കബ് എന്നീ ബ. വൈദികന്മാരുടെ ഭരണകാലത്തു ലിറ്റര്‍ജി സംബന്ധമായ പല പരിഷ്ക്കാരങ്ങളും നടത്തി. സ്നേഹഗിരി കോണ്‍വെന്‍റിന്‍റെ ഒരു ശാഖ 1990 ജൂലൈ 16 ന് ആരംഭിച്ചു. കുടുംബക്കൂട്ടായ്മ, ഭവനനിര്‍മാണം എന്നിവയെല്ലാം കുന്നത്തുപുരയിടം ബ. ജോസഫച്ചന്‍റെ കാലഘട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
കഴുന്നടി ബ. എബ്രാഹമച്ചന്‍റെ കാലത്തു കുടുംബക്കൂട്ടായ്മാ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍വരെ ശ്രദ്ധേയമായി. വളരെയധികം ഉപകാരപ്രദമായ വിവാഹസഹായ പദ്ധതി ഇക്കാലത്തു തുടങ്ങി.
പള്ളിക്കു മോണ്ടളം പണികഴിപ്പിച്ചതും സിമിത്തേരിയില്‍ പൊതുക്കല്ലറകള്‍ തീര്‍ത്തതും പള്ളിമേടയുടെ മുറികള്‍ നവീകരിച്ചതും പള്ളിമുറ്റത്തേക്കുള്ള റോഡു ടാര്‍ ചെയ്തതും പായിക്കാട്ട് ബ. മാത്യു അച്ചന്‍റെ കാലത്തായിരുന്നു.
കൂരംതൂക്ക് (പൂമറ്റം) കുരിശുപള്ളി
നെല്ലുവേലില്‍ ബ. പീറ്ററച്ചന്‍ വികാരിയായിരിക്കെ, കാരികുളത്തുനിന്ന് ഏതാണ്ടു രണ്ടു കിലോമീറ്റര്‍ ദൂരത്തായി കൂരംതൂക്കില്‍ (പൂമറ്റം) കുരിശടി സ്ഥാപിച്ചു. ഇവിടെ കുരിശുപള്ളി പണിയുന്നതിനു ശ്രാമ്പിക്കല്‍ ശ്രീ ജോസഫ് ആഗസ്തി 1971 ഒക്ടോ. 7 നു ദാനമായി നല്‍കിയ 27 സെന്‍റ് സ്ഥലത്ത് ഏറ്റം ബ. തൊമ്മിത്താഴെ കുരിശുപള്ളി പണികഴിപ്പിച്ചു. 1972 ഡിസംബര്‍ 18 ന് അതു കൂദാശ ചെയ്തു. 1994 മേയ് 16 ന് ശ്രാമ്പിക്കല്‍ ശ്രീ ജോസഫ് ആഗസ്തി ഒന്നരയേക്കര്‍ സ്ഥലംകൂടി ദാനമായി നല്‍കി. കുരിശുപള്ളിയോടു ചേര്‍ന്ന് പായിക്കാട്ട് ബ. മാത്യു അച്ചന്‍റെ കാലത്തു പള്ളിമുറി പണിതീര്‍ത്തു.
കുടുംബം – ദൈവവിളി
ഇടവകയില്‍ 214 കുടുംബങ്ങളിലായി 1100 ഓളം അംഗങ്ങളുണ്ട്. ആറു വൈദികന്മാരും 31 സന്യാസിനികളും വിവിധ മേഖലകളില്‍ ദൈവജനശുശ്രൂഷ ചെയ്യുന്നു. മിഷന്‍ രൂപതയ്ക്കുവേണ്ടി ഒരു വൈദികാര്‍ഥി പരിശീലനം നടത്തുന്നു. ഇടവകയിലെ കുടുംബക്കൂട്ടായ്മകള്‍ പതിന്നാലു വിശുദ്ധരുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്നു. സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മിഷന്‍ ലീഗ്, മാതൃദീപ്തി, യുവദീപ്തി, അള്‍ത്താര ബാലസഖ്യം തുടങ്ങിയ സംഘടനകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
ഇതരവിവരങ്ങള്‍
ഇടവകയ്ക്ക് അഞ്ചരയേക്കറും കുരിശുപള്ളിക്ക് 1 ഏക്കര്‍ 77 സെന്‍റ് സ്ഥലവുമുണ്ട്. പള്ളിയുടെ മാനേജ്മെന്‍റില്‍ 1993 മുതല്‍ നഴ്സറിസ്കൂളും പ്രൈമറി സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.