Parathode – 686 512

04828 – 272951

Vicar: Rev. Fr. Joseph Kallooparampath

Cell: 944 731 8696

Click here to go to the Church

മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ വിവിധപ്രദേശങ്ങളില്‍ നിന്നു പുതുമണ്ണു തേടിയെത്തിയവരാണ് ഇഞ്ചിയാനിക്കാര്‍. മണിമലയാറിന്‍റെ തീരങ്ങളിലെ ഹാരിസണ്‍ കമ്പനിയുടെയും കെ.കെ.റോഡിനോടു ചേര്‍ന്നുള്ള ചിറ്റടി പ്രദേശത്തെ മീനച്ചില്‍ റബര്‍കമ്പനിയുടെയും റബര്‍ എസ്റ്റേറ്റുകള്‍ക്കിടയിലെ ഫലപുഷ്ടി കുറഞ്ഞ മലനിരകളില്‍ കാടു വെട്ടിത്തെളിച്ച് അവര്‍ കൃഷിയാരംഭിച്ചു. കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ഈശ്വരാരാധനയ്ക്കായി നീലമ്പാറയില്‍ കുരിശു സ്ഥാപിതമായി. വിശ്വാസികള്‍ ഇവിടെ താല്കാലികഷെഡ്ഡു നിര്‍മിച്ചു ബുധനാഴ്ചകളില്‍ സമൂഹപ്രാര്‍ഥനയും നേര്‍ച്ചകാഴ്ചകളും പതിവാക്കി. എന്നാല്‍ ഒരു വേനല്‍ക്കാലത്തു തീപിടിത്തത്തില്‍ നീലമ്പാറയിലെ ഷെഡ്ഡിനും കപ്പേളയ്ക്കുംവേണ്ടി തയ്യാറാക്കിയിരുന്ന ഉരുപ്പടികള്‍ നശിച്ചുപോയി.

ദൈവാലയസ്ഥാപനം
1930 ല്‍ ആലുമ്മൂട്ടില്‍ സഹോദരന്മാര്‍ അവരുടെ സ്ഥലത്ത് ഒരു പ്രാര്‍ഥനാലയം പണിതു പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. څതപസ്സിയമ്മൂമ്മچ എന്നറിയപ്പെട്ടിരുന്ന മൂന്നാംകരിയില്‍ തോമാ മറിയം എന്ന തപസ്വിനിയുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥന. 1930 ജൂലൈ 25 ന് പൊടിമറ്റം കുരിശുപള്ളി വികാരി ചൂരക്കാട്ട് ബ. മത്തായിയച്ചന്‍ ഇവിടെ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു. അന്നത്തെ യോഗതീരുമാനപ്രകാരം പള്ളിക്ക് അനുവാദത്തിനായി അപേക്ഷ സമര്‍പ്പിച്ചു. ആലുമ്മൂട്ടില്‍ സഹോദരന്മാര്‍ പ്രാര്‍ഥനാലയവും അതുള്‍പ്പെടുന്ന ഒരേക്കര്‍ സ്ഥലവും പള്ളിക്കു ദാനം ചെയ്തു. ഏവരുടെയും ശ്രമഫലമായി ഒരു കൊച്ചു കപ്പേള പണിയുകയും 1934 ഓഗസ്റ്റ് 1 ന് ആദ്യത്തെ തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു. ദീര്‍ഘനാളത്തെ ശ്രമഫലമായി പള്ളി സ്ഥാപിക്കുന്നതിന് 1938 ജൂലൈ 9 ന് സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചു. മാര്‍ ജയിംസ് കാളാശേരി 1938 ജൂലൈ 27-ാം തീയതി ഇത് ഇടവകയായി പ്രഖ്യാപിച്ചു. മണ്ണംപ്ലാക്കല്‍ ബ. തോമസ് അച്ചനായിരുന്നു ആദ്യ വികാരി. പുളിക്കല്‍ ശ്രീ ഔത ഒന്നരയേക്കര്‍ സ്ഥലം പള്ളിക്കു സംഭാവന നല്കി.

പള്ളിയും പള്ളിമുറിയും
പാറേല്‍ ബ. തോമസച്ചന്‍ 1951 ല്‍ പള്ളി പുതുക്കിപ്പണിയുന്നതിനു ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്നെത്തിയ പൊട്ടനാനി ബ. ജേക്കബച്ചനും മുതുപ്ലാക്കല്‍ ബ. മാത്യു അച്ചനും ഇതിനു നേതൃത്വം കൊടുത്തു. മാര്‍ മാത്യു കാവുകാട്ട് 1955 സെപ്തംബര്‍ 3 നു പുതിയ പള്ളി വെഞ്ചരിച്ചു.
1939 ല്‍ മണ്ണംപ്ലാക്കല്‍ ബ. തോമസച്ചന്‍റെ കാലത്തു ചെറിയ വൈദികമന്ദിരം പണിതു. പുതിയ വൈദികമന്ദിരം വെച്ചൂക്കരോട്ട് ബ. സെബാസ്റ്റ്യന്‍ അച്ചന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ചു.

സേവനമനുഷ്ഠിച്ച ബ. വൈദികന്മാര്‍
തോമസ് മണ്ണംപ്ലാക്കല്‍ (1938-40), തോമസ് പാറയില്‍ (1940-51), ജേക്കബ് പൊട്ടനാനി (1951-54), മാത്യു മുതുപ്ലാക്കല്‍ (1954-61), ലൂക്ക് കുന്നത്ത് (1961-64), ജോര്‍ജ് പൊന്നെടത്തകല്ലേല്‍ (1964-67), ജേക്കബ് കാഞ്ഞിരത്തിനാല്‍ (1967-71), ഫിലിപ്പ് കുന്നപ്പള്ളി (1971-72), തോമസ് ആര്യമണ്ണില്‍ (1972 -75), പോള്‍ ആലുമ്മൂട്ടില്‍ (1975-76), വര്‍ഗീസ് അരിക്കത്തില്‍ (1976-77), തോമസ് കുമ്പുക്കാട്ട് (1977-89), ജേക്കബ് കാവാലം (1989-90), ജയിംസ് തെക്കുംചേരിക്കുന്നേല്‍ (1990-93), സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട് (1993-96), സെബാസ്റ്റ്യന്‍ ഉള്ളാട്ട് (1996-97), ഡോമിനിക് വെട്ടിക്കാട്ട് (1997-2000), ജേക്കബ് ചാത്തനാട്ട് (2000 – ).

കുടുംബം, ദൈവവിളി
ഇടവകയെ 15 കുടുംബക്കൂട്ടായ്മകളായി തിരിച്ചിരിക്കുന്നു. 255 കത്തോലിക്കാ കുടുംബങ്ങളിലായി 1207 കത്തോലിക്കരുണ്ട്. 175 ഓളം ഹൈന്ദവ കുടുംബങ്ങള്‍ ഇടവകയുടെ പരിധിയിലുണ്ട്. ഇടവകയില്‍ നിന്ന് ഏഴു വൈദികന്മാരും 43 സന്യാസിനികളും സഭാസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂന്നു സന്യാസാര്‍ഥിനികളുമുണ്ട്.

സ്കൂളുകള്‍
പള്ളിയോടനുബന്ധിച്ചു വട്ടക്കാവു ഭാഗത്ത് 1938 ല്‍ ശ്രീ ജോസഫ് പാലയ്ക്കലിന്‍റെ നേതൃത്വത്തില്‍ പ്രൈമറിസ്കൂളും ശ്രീ മാത്യു കുടക്കച്ചിറയുടെ നേതൃത്വത്തില്‍ അപ്പര്‍ പ്രൈമറി സ്കൂളും സ്ഥാപിച്ചു. ഇവ രണ്ടും പിന്നീടു പള്ളിക്കു ലഭിച്ചു. സി. വൈ. എം. എ. യുടെ നേതൃത്വത്തില്‍ 1974 ല്‍ നഴ്സറി സ്കൂള്‍ സ്ഥാപിച്ചു. 1982 ല്‍ കുമ്പുകാട്ട് ബ. തോമസച്ചന്‍റെ കാലത്ത് ഹൈസ്കൂള്‍ ആരംഭിച്ചു.

സന്യാസഭവനങ്ങള്‍
കര്‍മലീത്താമഠം 1945 ല്‍ സ്ഥാപിക്കപ്പെട്ടു. കുടക്കച്ചിറ ശ്രീ ചെറിയാന്‍ മാത്യുവും ആലുമ്മൂട്ടില്‍ ശ്രീ ഔസേപ്പു കുരുവിളയും ചേര്‍ന്ന് ഇതിനാവശ്യമായ സ്ഥലവും കെട്ടിടവും ദാനം ചെയ്തു.
സിസ്റ്റേഴ്സ് ഓഫ് ദി ഹോളി സ്പിരിറ്റിന്‍റെ മഠം 1994 ല്‍ ആരംഭിച്ചു. ശ്രീ ആന്‍റണി പുളിക്കല്‍ സംഭാവന ചെയ്ത വീടും സ്ഥലവും സ്വീകരിച്ച് ഇവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി څസ്നേഹദീപംچ എന്ന ഭവനം പ്രവര്‍ത്തിച്ചുവരുന്നു. ശ്രീ ആന്‍റണി പുളിക്കലിന്‍റെ ഏകപുത്രന്‍ പുളിക്കല്‍ ബ. ജോസച്ചന്‍റെ താല്പര്യമാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങാന്‍ പ്രേരകമായത്.
നീലമ്പാറയിലാണ് ഏക കപ്പേള. 1925 ല്‍ ആദ്യകാലകുടിയേറ്റക്കാരുടെ ശ്രമഫലമായി ഇതു പണിതു.

സംഘടനകള്‍
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, മിഷന്‍ലീഗ് എന്നീ ഭക്തസഖ്യങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിശാലമായ രണ്ടുകമ്പനി എസ്റ്റേറ്റുകള്‍ക്കിടയില്‍ കിടക്കുന്ന സ്ഥലമാകയാല്‍ യാത്രാസൗകര്യം പരിമിതമാണ്. ലാഭകരമല്ലെന്ന കാരണത്താല്‍ പ്രൈവറ്റ്ബസുടമകള്‍ക്ക് ഈ റൂട്ട് താല്പര്യമില്ലാത്തതാകുക സ്വാഭാവികം മാത്രം. ഇതുവരെ സംഭവിച്ച സാമൂഹികവികസനത്തിനും വളര്‍ച്ചയ്ക്കും ഇടവകയുടെയും സന്യാസഭവനത്തിന്‍റെയും സംഭാവനയും നേതൃത്വവും മുഖ്യപങ്കു വഹിച്ചു.