Koorali – 686 522
04828 – 297094
Vicar: Rev. Fr. Francis Valumannel
Cell: 9447 5258 13
Click here to go to the Church
തീണ്ടലും തൊടീലും കൊടികുത്തി വിലസിയ കാലത്തു ക്ഷേത്രങ്ങളിലെ എണ്ണ ക്രിസ്ത്യാനി തൊട്ടാല്‍ ശുദ്ധമാകും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ക്ഷേത്രത്തിലെ എണ്ണശുദ്ധീകരണത്തിനായി ഇടപ്പള്ളി കോവിലകത്തെ അധികാരികള്‍ കൊണ്ടുവന്നു പാര്‍പ്പിച്ചവരാണ് ഇവിടുത്തെ ആദിമക്രിസ്ത്യാനികള്‍. കാലക്രമേണ ക്രൈസ്തവകുടുംബങ്ങള്‍ ഇവിടെ കുടിയേറി. ഇവര്‍ പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 1860 ഓടെ ആനിക്കാടു പള്ളി സ്ഥാപിതമായപ്പോള്‍ ഇളങ്ങുളത്തെ ക്രൈസ്തവകുടുംബങ്ങള്‍ അവിടെ ഇടവക ചേര്‍ന്നു. കുടിയേറ്റം വഴി ക്രൈസ്തവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ദൈവാലയം സ്ഥാപിക്കുന്നതിനു ശ്രമങ്ങളാരംഭിച്ചു. കരിപ്പാല്‍ ശ്രീ കൊച്ചു തൊമ്മന്‍ ഇതിനു നേതൃത്വം നല്‍കി.
പള്ളിപണി
പാലാ-പൊന്‍കുന്നം റോഡ് അന്നൊരു നടപ്പുവഴിമാത്രമായിരുന്നു. ശ്രീ തകടിയേല്‍ ഇട്ടിണ്ടാന്‍ പപ്പു എന്ന ഈഴവസഹോദരനില്‍നിന്നു 1895 ജൂണ്‍ 17-ാം തീയതി 700 പണം കൊടുത്തു പള്ളിക്കുവേണ്ടി സ്ഥലം വാങ്ങി. കരിപ്പാല്‍ ശ്രീ കൊച്ചുതൊമ്മന്‍റെ മാതൃസഹോദരീപുത്രനായ മൈലാടിയില്‍ ബ. ഔസേപ്പച്ചന്‍റെ സഹായത്തോടെ മാര്‍ മത്തായി മാക്കീല്‍ മെത്രാനില്‍നിന്നു പള്ളി സ്ഥാപിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. ഇവിടുത്തുകാര്‍ ഏവരുമൊത്തുചേര്‍ന്നു താല്ക്കാലികപള്ളിക്കായി ഓലപ്പുരയുണ്ടാക്കി കുരിശു സ്ഥാപിച്ചു. 1895 നവംബര്‍ മൂന്നാം തീയതി ഞായറാഴ്ച മൈലാടിയില്‍ ബ. ഔസേപ്പച്ചന്‍ ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. പരിശുദ്ധ വ്യാകുലമാതാവിന്‍റെ നാമത്തിലുള്ള ദൈവാലയത്തിനു ശിലാസ്ഥാപനവും നടത്തി. പ്രഥമവികാരിയായി മൈലാടിയില്‍ ബ. ഔസേപ്പച്ചന്‍ 1895 മുതല്‍ 1902 വരെ ഇവിടെ സേവനമനുഷ്ഠിച്ചു.
കളരി
ദൈവാലയസ്ഥാപനത്തോടൊപ്പംതന്നെ പള്ളിഷെഡില്‍ കളരി ആരംഭിച്ചു. എഴുത്തുകളരിയും തുടര്‍ന്നു സ്കൂളും ആരംഭിച്ച കാലത്ത് ഇടവകക്കാരായ ക്രിസ്ത്യാനികളാരും പഠിപ്പിക്കാനില്ലാതിരുന്നതിനാല്‍ സവര്‍ണഹിന്ദുക്കളാണു പഠിപ്പിച്ചിരുന്നത്. അന്നുണ്ടായിരുന്ന നമസ്കാരപ്പുസ്തകത്തിന്‍റെയും വേദോപദേശപ്പുസ്തകത്തിന്‍റെയും സഹായത്തോടെ മതപഠനവും നടത്തിയിരുന്നു.
ദൈവാലയം, സിമിത്തേരി
കണ്ണംകുളത്തു ബ. ഫ്രാന്‍സിസച്ചന്‍റെ കാലത്ത് 1908 ല്‍ പുതിയ പള്ളിയുടെ പണിയാരംഭിച്ചു
1912 ല്‍ പൂര്‍ത്തീകരിച്ചു. വെള്ളരിങ്ങാട്ട്
ബ. ജേക്കബച്ചന്‍റെ കാലത്ത് 1914 ല്‍, പള്ളിയുടെ പടിഞ്ഞാറുവശത്തായി ഇന്നുകാണുന്ന കമാനവും മദ്ബഹയുടെ ഭാഗങ്ങളും പണികഴിപ്പിച്ചു. സിമിത്തേരി ഇക്കാലത്താണു നിര്‍മിച്ചത്. വെള്ളായിപ്പറമ്പില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1940 ല്‍ പണി തീര്‍ത്തതാണ് ഇപ്പോഴത്തെ ദൈവാലയം.
അയലൂപ്പറമ്പില്‍ ബ. ജേക്കബച്ചന്‍ വികാരിയായി സ്ഥാനമേറ്റശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ പള്ളിക്ക് മോണ്ടളം നിര്‍മ്മിക്കുകയും പള്ളിയുടെ ഉള്‍വശം സീലിംഗു തറച്ചു കമനീയമാക്കുകയും ചെയ്തു. 2001 മാര്‍ച്ചില്‍ പള്ളിയുടെ തറ പുതുക്കിപ്പണിതു. തെക്കേക്കര ബ. മത്തായിയച്ചന്‍റെ കാലത്ത് 1942 ല്‍ പുതിയ സിമിത്തേരി പണിതീര്‍ത്തു. ചിറ്റൂര്‍ ബ. ലൂക്കാച്ചന്‍റെ നേതൃത്വത്തില്‍ 1946 ല്‍ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷിച്ചു.
പള്ളിമുറി, ഓഡിറ്റോറിയം
ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍റെ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്‍റെ മകുടോദാഹരണങ്ങളാണ് ഇന്നത്തെ പള്ളിമുറിയും ഹൈസ്കൂള്‍ ഓഡിറ്റോറിയവും കൂരാലിക്കുരിശുപള്ളിയും.
വിദ്യാഭ്യാസപ്രക്ഷോഭണം
തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ രാജ്യത്തുള്ള പ്രൈവറ്റ് പ്രൈമറി വിദ്യാലയങ്ങള്‍ ഗവണ്‍മെന്‍റിലേക്ക് ഏറ്റെടുക്കുന്നതിനു 1946 ല്‍ നിയമം കൊണ്ടുവന്നു. മാനേജര്‍മാര്‍, സ്കൂള്‍ ഒരു ചക്രം വിലയ്ക്കു ഗവണ്‍മെന്‍റിലേയ്ക്കു തീറെഴുതിക്കൊടുക്കണം എന്നായിരുന്നു വ്യവസ്ഥ. അന്നത്തെ വികാരി ചിറ്റൂര്‍ ബ. ലൂക്കാച്ചന്‍റെ നേതൃത്വത്തില്‍ ഈ നിയമത്തിനെതിരെ ഇളങ്ങുളത്തു വമ്പിച്ച പ്രതിഷേധസമ്മേളനം നടന്നു. രാജ്യവ്യാപകമായ വിദ്യാഭ്യാസപ്രക്ഷോഭണങ്ങള്‍ക്കു തുടക്കം കുറിച്ചത് ഈ സമ്മേളനമായിരുന്നു. ഗത്യന്തരമില്ലാതെ സര്‍ സി.പി. ഉത്തരവു പിന്‍വലിച്ചു.
സ്ഥാപനങ്ങള്‍
സ്കൂള്‍ : 1912 ല്‍ സ്കൂളിനു കെട്ടിടം നിര്‍മിച്ചു. 1924 ല്‍ ഇതു വിപുലീകരിച്ചു പണിതു. മുണ്ടിയാനിക്കല്‍ ബ. എബ്രഹാമച്ചന്‍ 1948 ല്‍ പുതിയ പ്രൈമറിസ്കൂള്‍ കെട്ടിടം പണികഴിപ്പിച്ചു. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി ഇവിടെ യൂ.പി.സ്കൂളും ഹൈസ്കൂളും ഒരുമിച്ച് 1953 ല്‍ അനുവദിച്ചു. സ്കൂളുകള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. ഇപ്പോള്‍ യോഗശാലയായി ഉപയോഗിക്കുന്ന പഴയ പള്ളിമുറി കെട്ടിടവും ഇദ്ദേഹത്തിന്‍റെ കാലത്തു നിര്‍മിച്ചതാണ്.
മഠം
പള്ളിയില്‍ നിന്നു ദാനം ചെയ്ത മൂന്നേക്കര്‍ സ്ഥലത്ത് 1958 ല്‍ ആരാധനമഠം സ്ഥാപിതമായി. ഇവര്‍ 1999 മുതല്‍ സെന്‍റ് ജോണ്‍സ് ബാലികാഭവന്‍ നടത്തിവരുന്നു.
തിരുഹൃദയഭവന്‍
നിരാശ്രയരായ വൃദ്ധന്മാരെ പരിചരിക്കുന്നതിനുവേണ്ടി 1994 മാര്‍ച്ച് 14 നു തിരുഹൃദയസന്യാസിനികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്ഥാനമാണു തിരുഹൃദയഭവന്‍. ഇവിടിപ്പോള്‍ 45 ഓളം അന്തേവാസികളുണ്ട്.
ഇടവകയില്‍ സ്ഥാപിതമായ സി.എ. സി. യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ 1940 ല്‍ ആരംഭിച്ചതാണ് പള്ളിവകസ്ഥലത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വായനശാല.
കുരിശുപള്ളി
1920 ല്‍ കൂരാലിയില്‍ വാങ്ങിയ സ്ഥലത്തു കുരിശു സ്ഥാപിച്ചു. ഇവിടെ 1926 ല്‍ ചാപ്പല്‍ പണി തുടങ്ങി 1929 ല്‍ പൂര്‍ത്തീകരിച്ചു. ഇളങ്ങുളം പള്ളിയുടേതായി വഞ്ചിമലയിലുണ്ടായിരുന്ന കുരിശുപള്ളി 1991 നവംബര്‍ 17 ന് ഇടവകയായി 1974 ല്‍ വടക്കേത്ത് ബ. പോളച്ചന്‍ മണിമാളിക പണികഴിപ്പിച്ചു. പള്ളിയുടെ മുന്‍വശത്ത് റോഡിനു താഴെയുള്ള കുരിശടി പുനര്‍നിര്‍മിച്ചത് ഇദ്ദേഹത്തിന്‍റെ കാലത്താണ്.
പാരിഷ്ഹാള്‍, സ്റ്റേജ്
പള്ളിയുടെ ശതാബ്ദി 1995 ല്‍ ആഘോഷിച്ചു. ശതാബ്ദിസ്മാരകമായി പാരിഷ്ഹാളും ഓപ്പണ്‍എയര്‍സ്റ്റേജും ചിറ്റപ്പനാട്ട് ബ. സെബാസ്റ്റ്യനച്ചന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചു.
സ്ഥാവരവസ്തുക്കള്‍
നാലേക്കര്‍ സ്ഥലത്തിനുപുറമേ, 1901 ല്‍ കരിപ്പാല്‍ ശ്രീ കൊച്ചുതൊമ്മന്‍ പത്തുപറ വിസ്തീര്‍ണമുള്ള പൊന്മലപ്പുരയിടം പള്ളിക്കു ദാനം ചെയ്തു. മൈലാടിയില്‍ ബ. ഔസേപ്പച്ചന്‍ ആറുപറ വിസ്തീര്‍ണമുള്ള ഏഴിയേക്കുന്നുപുരയിടം പള്ളിക്കു നല്കി. തെക്കേമുറിയില്‍ ബ. എബ്രഹാമച്ചന്‍ പള്ളിക്കുവേണ്ടി 1952 ല്‍ 13 ഏക്കര്‍ സ്ഥലം വാങ്ങി. അയലൂപ്പറമ്പില്‍ ബ. ജേക്കബച്ചന്‍റെ കാലത്തു സര്‍ക്കാര്‍വക ആയൂര്‍വേദ ആശുപത്രിക്കുവേണ്ടിയും മൃഗാശുപത്രിക്കുവേണ്ടിയും പള്ളിയില്‍നിന്നു സ്ഥലം സംഭാവനയായി നല്‍കി. ആയൂര്‍വേദാശുപത്രി പള്ളിവക കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
ശുശ്രൂഷ ചെയ്ത ബ. വികാരിമാര്‍
ജോസഫ് മൈലാടിയില്‍ (1895-02), തോമസ് അയ്യങ്കനാല്‍ (1902-04), ലൂക്കാ പുതനപ്ര (1904-06), ഫ്രാന്‍സിസ് കണ്ണങ്കുളത്ത് (1906-14), ജേക്കബ് വെള്ളരിങ്ങാട്ട് (1914-17), തോമസ് വലിയവീട്ടില്‍ (1917-19), കുര്യാക്കോസ് മണ്ണനാല്‍ (1919-20), ദേവസ്യ കരോട്ടുവേമ്പേനിക്കല്‍ (1920-22), തോമസ് പുളിക്കീല്‍ (1922-25), സ്കറിയ ചന്ദ്രത്തില്‍ (1925-26), ജോസഫ് മേല്‍വെട്ടത്ത് (1926-29), ചാണ്ടി ചാവേലില്‍ (1929-33), കുര്യാക്കോസ് പര്യാത്തുമറ്റത്തില്‍ (1933-34), ജോസഫ് മുട്ടത്തുപാടത്ത് (1934-35), ജോസഫ് നെല്ലുവേലില്‍ (1935-36), ജോസഫ് കയ്യാലയ്ക്കകം (1936-37), ജേക്കബ് വാഴയ്ക്കല്‍ (1937-39), ജോസഫ് വെള്ളായിപ്പറമ്പില്‍ (1939-41), മാത്യു തെക്കേക്കര (1941-45), ലൂക്കാ ചിറ്റൂര്‍ (1945-47), എബ്രാഹം മുണ്ടിയാനിക്കല്‍ (1947-48), എബ്രാഹം തെക്കേമുറി (1948-58), തോമസ് ആയിത്തമറ്റത്തില്‍ (1958-72), സെബാസ്റ്റ്യന്‍ മണലില്‍ (1972-74), ജോസഫ് എരുമച്ചാടത്ത് (1974-77), പോള്‍ വടക്കേത്ത് (1977-83), ജോര്‍ജ് കോലത്ത് (1983-84), ജോസഫ് വാഴയില്‍ (1984-88), തോമസ് ഏര്‍ത്തയില്‍ (1988-91), ജോസ് കൂടപ്പുഴ (ആക്ടിംഗ് വികാരി-1991), സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് (1991-97), ജേക്കബ് അയലൂപ്പറമ്പില്‍ (1997-).
അസ്തേന്തിമാര്‍
തോമസ് വാളിപ്ലാക്കല്‍ (1930-32), ലൂക്കാ മണിയങ്ങാട്ട് (1932-34), സ്കറിയ തെക്കേല്‍ (1934-37), ദേവസ്യാ ഇളന്തുരുത്തിയില്‍ (1937-38), ജോസഫ് മണ്ണനാല്‍ (1938), ഫിലിപ്പ് മുറിഞ്ഞകല്ലേല്‍ (1938-40), തോമസ് പാറേമ്മാക്കല്‍ (1940-41), കുര്യാക്കോസ് പാറപ്ലാക്കല്‍ (1941-44), തോമസ് മറ്റപ്പള്ളില്‍ (1944-45), പൗലോസ് പള്ളത്തുകുഴിയില്‍ (1945), കുര്യാക്കോസ് കുളിരാനി (1945-46), ജോസഫ് തൂങ്കുഴിയില്‍ (1946-47), ജോസഫ് തണ്ണിപ്പാറ (1947-48), ജോസഫ് ഇട്ടന്‍പറമ്പില്‍ (1948-61), തോമസ് ആര്യമണ്ണില്‍ (1961-62), ജേക്കബ് പുന്നയ്ക്കല്‍ (1962-64), ഫിലിപ്പ് പരുവനാനിക്കല്‍ (1964-65), ജോസഫ് വെട്ടിക്കാട്ട് (1965-67), മാത്യു കാവുങ്കല്‍ (1967-70), ജയിംസ് കരിക്കംപള്ളില്‍ (1970-72), തോമസ് തുമ്പയില്‍ (1972-74), ഫിലിപ്പ് പരുവനാനിക്കല്‍ (1974), ആന്‍റണി അത്തിക്കളത്തില്‍ (1975-77), കുര്യന്‍ പുത്തന്‍പുരയില്‍ (1977), ജോസഫ് വരിക്കമാക്കല്‍ (1977-78), തോമസ് നമ്പിമഠത്തില്‍ (1978), മനേത്തൂസ് സി.എം.ഐ. (1978-79), എബ്രാഹം പാണ്ടംപടത്തില്‍ (1979-80), ജോണ്‍ വെട്ടുവയലില്‍ (1980), ജോര്‍ജ് ആലുങ്കല്‍ (1980-81), ജോണ്‍ കച്ചിറമറ്റം സി. എം. ഐ. (1981-83), മാത്യു ളാനിത്തോട്ടം (1983-84), ജോസ് കാരിമറ്റം (1984-87), സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ (1987-88), പോള്‍ തെരുവന്‍മൂലയില്‍ (1988-89), ജോസ് കൂടപ്പുഴ (1989-91), എമ്മാനുവേല്‍ മടുക്കക്കുഴി (1991-94), അഗസ്റ്റിന്‍ നെല്ലരി (1994-96), മാത്യു പാഴൂര്‍ (1996-97), മാത്യു കല്ലറയ്ക്കല്‍ (1997), ജോസഫ് ഒട്ടലാങ്കല്‍ (1997-98), തോമസ് ഞള്ളിയില്‍ (1998-99), വര്‍ഗീസ് മണക്കാട്ട് (1999-2000), ജോസ് ചവറപ്പുഴ (2000- ).
കുടുംബങ്ങള്‍, ദൈവവിളി
23 കുടുംബക്കൂട്ടായ്മകളിലായി 487 കത്തോലിക്കാക്കുടുംബങ്ങളും 2406 ഇടവകാംഗങ്ങളുമുണ്ട്. 14 വൈദികന്മാരും 97 സന്യാസിനികളും വിവിധസ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. ആറു വൈദികാര്‍ഥികളും ആറു സന്യാസാര്‍ഥിനികളും പരിശീലനത്തിലുണ്ട്.
ഇടവകയുടെ പരിധിക്കുള്ളിലെ ഇതരകുടുംബങ്ങള്‍: ലത്തീന്‍ – 10, യാക്കോബായ – 8, യഹോവ – 4, സി.എസ്.ഐ.- 13, മറ്റുള്ളവര്‍ – 24, ഹിന്ദുക്കള്‍ – 495, മുസ്ലീങ്ങള്‍ – 32. ആകെ ജനസംഖ്യ – 4505.
സഖ്യങ്ങള്‍
സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം, എ.കെ.സി.സി., ലീജിയന്‍ ഓഫ് മേരി, മാതൃദീപ്തി, യുവദീപ്തി, മിഷന്‍ലീഗ്, അള്‍ത്താരബാലസഖ്യം എന്നീ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പള്ളിസ്ഥാപനത്തിന്‍റെ 75-ാം വര്‍ഷത്തെ സ്മരണ നിലനിര്‍ത്തുന്നതിനായി 1971 ഡിസംബര്‍ 25 നു സ്ഥാപിതമായ,څസെന്‍റ് മേരീസ് ചര്‍ച്ച് ജൂബിലിസ്മാരക ജീവകാരുണ്യനിധിچ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
1968 ല്‍ ഇന്‍ഡ്യന്‍ പ്രസിഡന്‍റില്‍നിന്നു മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡു കരസ്ഥമാക്കിയ നന്തികാട്ട് ശ്രീ എന്‍. സി. ചാക്കോ, പ്രശസ്ത ഭാഗവതരായ ശ്രീ ബേബി ജോണ്‍ തിരുനിലം എന്നിവര്‍ ഇടവകക്കാരാണ്.