Chamampathal – 686 517

04812-457106

Vicar: Rev. Fr. Thomas Valiaparampil

Cell:  960 510 8343

Click here to go to the Church

ചാമംപതാല്‍ തികച്ചും ഗ്രാമീണ ഇടവകയാണ്. ചങ്ങനാശേരിയില്‍ നിന്നും പാലായില്‍ നിന്നുമുള്ള കുടിയേറ്റകര്‍ഷകരാണ് ഇടവകയിലെ ബഹുഭൂരിപക്ഷവും.

കുരിശുപള്ളി
ചാമംപതാലില്‍ ദൈവാലയം സ്ഥാപിതമാകുന്നതിനുമുമ്പ്, ഈ പ്രദേശത്തെ വിശ്വാസികള്‍ സഹകരിച്ചു സ്ഥാപിച്ചതാണ് ഇളങ്ങോയി ഹോളി ക്രോസ് ദൈവാലയം. ഇളങ്ങോയിപ്പള്ളി വികാരിയായിരുന്ന കരിങ്ങോഴയ്ക്കല്‍ ബ. സക്കറിയാസച്ചന്‍ 1956 ല്‍ ചാമംപതാല്‍ ജംഗ്ഷനില്‍ ഫാത്തിമാമാതാവിന്‍റെ നാമത്തില്‍ മനോഹരമായ കുരിശുപള്ളി സ്ഥാപിച്ചു. ഫാത്തിമാമാതാവ് അത്ഭുതപ്രവര്‍ത്തകയായ അമ്മയായി അറിയപ്പെട്ടുതുടങ്ങിയതോടെ കുരിശുപള്ളി നാനാജാതിമതസ്ഥരുടെ പ്രത്യാശാകേന്ദ്രമായി മാറി.

ദൈവാലയം
ഇവിടുത്തെ വിശ്വാസികള്‍ക്കു ബലിയര്‍പ്പണത്തിനും മറ്റും സൗകര്യപ്രദമായ ഒരു ദൈവാലയം അനുപേക്ഷണീയമായി തോന്നിയതിനെത്തുടര്‍ന്ന് ശ്രീ കെ. സി. അലക്സാണ്ടര്‍ കാക്കാംതോട്ടിലിന്‍റെ നേതൃത്വത്തില്‍ ദൈവാലയനിര്‍മിതിക്കു ശ്രമമാരംഭിച്ചു. ചാമംപതാലില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഊട്ടുമണ്ണില്‍, കാക്കാംതോട്ടില്‍കാരും മുക്കാട്ടുകാരും ചേര്‍ന്നു പള്ളിയ്ക്കു സംഭാവന ചെയ്ത സ്ഥലം വിറ്റിട്ടാണ് ഇപ്പോള്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന 53 1/2 സെന്‍റ് സ്ഥലം വാങ്ങിയത്.
പഴയചിറ ബ. സെബാസ്റ്റ്യനച്ചന്‍റെ കാലത്തു ദൈവാലയനിര്‍മിതിക്കാവശ്യമായ ആലോചനകള്‍ നടന്നു. ദൈവാലയനിര്‍മാണം ആരംഭിച്ചതും പൂര്‍ത്തിയായതും നെല്ലുവേലി ബ. പീറ്ററച്ചന്‍റെ കാലത്താണ്. പുതിയ പള്ളിയുടെ കൂദാശ മാര്‍ ആന്‍റണി പടിയറ 1976 ഫെബ്രുവരി 5 നു നിര്‍വഹിച്ചു. 1988 മേയ് 31 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു.

ശുശ്രൂഷ ചെയ്ത ബ. വികാരിമാര്‍
അപ്രേം തുളുമ്പന്‍മാക്കല്‍ (1988) ജേക്കബ് ആലുങ്കല്‍ (1989 – 94) ജോര്‍ജ് മണ്ഡപത്തില്‍ (1994 – 98) ജേക്കബ് ചാത്തനാട്ട് (1998 – 2000) ജോസ് തട്ടാംപറമ്പില്‍ (2000-).
ഇപ്പോഴത്തെ പള്ളിമുറി നിര്‍മിച്ചത് ആലുങ്കല്‍ ബ. ജേക്കബച്ചനാണ്. പാരിഷ്ഹാളിന്‍റെ നിര്‍മാണം മണ്ഡപത്തില്‍ ബ. ജോര്‍ജച്ചന്‍റെ കാലത്ത് ആരംഭിക്കുകയും ചാത്തനാട്ട് ബ. ജേക്കബച്ചന്‍റെ കാലത്തു പൂര്‍ത്തിയാക്കുകയും ചെയ്തു.

കുരിശുപള്ളികള്‍
1945 ല്‍ സ്ഥാപിതമായ വെള്ളറപ്പള്ളി, 1956 ല്‍ പണിത ചാമംപതാല്‍ എന്നിവയാണ് ഇടവകയുടെ കുരിശുപള്ളികള്‍.

കുടുംബം, ദൈവവിളി
ഇടവകയില്‍ 11 കുടുംബക്കൂട്ടായ്മകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. 165 കത്തോലിക്കാ കുടുംബങ്ങളിലായി 800 വിശ്വാസികളുണ്ട്. ഇതര കത്തോലിക്കാ വിഭാഗത്തില്‍ നാലു ലത്തീന്‍ കുടുംബങ്ങളും അഞ്ചു മലങ്കര കുടുംബങ്ങളും ഉള്‍പ്പെടുന്നു. ഇതര വിഭാഗത്തില്‍പ്പെട്ടവ : യാക്കോബായ 33, പ്രോട്ടസ്റ്റന്‍റ്15, യഹോവാ 2, സി. എസ്. ഐ. 9. 97 ഹൈന്ദവകുടുംബ ങ്ങളും 38 മുസ്ലീം കുടുംബങ്ങളും ഇടവകാതിര്‍ത്തിയില്‍ വസിക്കുന്നു.
ഇടവകയില്‍നിന്ന് എട്ടു വൈദികന്മാരും 12 സന്യാസിനികളും സഭാസേവനം ചെയ്യുന്നു
ഫെബ്രുവരിയിലെ ആദ്യഞായറാഴ്ച മാതാവിന്‍റെയും വി. സെബസ്ത്യാനോസിന്‍റെയും തിരുനാളുകള്‍ സംയുക്തമായി ആചരിച്ചുപോരുന്നു.
സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, യുവദീപ്തി, മിഷന്‍ ലീഗ്, പിതൃവേദി എന്നീ സംഘടനകള്‍ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

സ്ഥാപനങ്ങള്‍
കര്‍മലീത്താസന്യാസിനീ സഭയുടെ നൊവിഷ്യറ്റ് ഹൗസ് څപുഷ്പാരാംچ 1993 മാര്‍ച്ച് 27 ന് സ്ഥാപിതമായി. ഹോമിയോ ഡിസ്പെന്‍സറി, ഗവ. ആയുര്‍വേദാശുപത്രി, വിക്ടോറിയാ ആശുപത്രി, ഗവ. ഹോമിയോ ഡിസ്പെന്‍സറി, എല്‍.പി.സ്കൂള്‍ എന്നിവയാണ് ഇടവകാതിര്‍ത്തി യിലെ പ്രധാന സ്ഥാപനങ്ങള്‍.

സാഹിത്യകാരന്മാരായ ജോസ് പനച്ചിപ്പുറവും (മനോരമ, കോട്ടയം), ജോസുകുട്ടി കിടങ്ങനും (നാട്ടുപത്രം) ഇടവകാംഗങ്ങളാണ്.
പള്ളിനടയുടെ താഴെഭാഗത്തുള്ള നാലരസെന്‍റ് സ്ഥലം അഞ്ചാനി ശ്രീ അപ്പച്ചനില്‍ നിന്നും, പള്ളിസ്ഥലത്തോടു ചേര്‍ന്നുള്ള 36 സെന്‍റ് മുതുമരത്തില്‍ ശ്രീ വര്‍ക്കിയില്‍ നിന്നും തീറു വാങ്ങിയതാണ്.