Ranni-Perunadu – 689 711

Vicar: Rev. Fr. Karuvallil Thomas

Cell: 9496 803 692

abrahamk1601@gmail.com

Click here to go to the Church

ബഥനി സന്യാസസമൂഹത്തിന്‍റെ സൂപ്പീരിയ റായിരുന്ന മാര്‍ ഈവാനിയോസ് തിരുമേനിയുടെ വകയായിരുന്നു ബഥനിമല. 1945 ല്‍ തമ്പലയ്ക്കാട്ടുള്ള കൊട്ടാരത്തില്‍ ശ്രീ ഇട്ടിയവിരാ മത്തായിയും കുടുംബവും റാന്നി – പെരുനാടു വില്ലേജില്‍ ബഥനിമല ഉള്‍പ്പെടുന്ന 105 ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി. എന്നാല്‍, പുനരൈക്യത്തെത്തുടര്‍ന്ന് ബഥനി ആശ്രമാധികൃതരും മാര്‍ ഈവാനിയോസു തിരുമേനിയും തമ്മിലുണ്ടായ വസ്തുതര്‍ക്കത്തില്‍ 105 ഏക്കര്‍ സ്ഥലം കേസില്‍ ഉള്‍പ്പെട്ടു. പ്രസ്തുത സ്ഥലം വച്ചുദേഹണ്ഡത്തിനായി കല്‍ദായസുറിയാനിക്കത്തോലിക്കര്‍ക്കു കൊടുക്കാന്‍ തീരുമാനമായി. അതിനു കൊട്ടാരത്തില്‍ ശ്രീ ഇട്ടിയവിരായെ ചുമതലപ്പെടുത്തുകയും ചെയ്തു. അദ്ദേഹം വസ്തുവിനു ദേഹണ്ഡവില വാങ്ങിക്കൊണ്ട് 35 കുടുംബങ്ങള്‍ക്കു സ്ഥലം ഏല്‍പ്പിച്ചു കൊടുത്തു. 105 ഏക്കര്‍ കൂടാതെ മറ്റു സ്ഥലങ്ങളും വില്പനയ്ക്കുണ്ടായിരുന്നതിനാല്‍ ഏതാണ്ടു മുപ്പതിലധികം കുടുംബങ്ങള്‍കൂടി ഇവിടെ വന്നുപാര്‍ത്തു. അങ്ങനെ 1947 മുതല്‍ 1955 വരെ കുടിയേറ്റം തുടര്‍ന്നു.
കുടിയേറിപ്പാര്‍ത്ത വിശ്വാസികള്‍ ചങ്ങനാശേരി രൂപതയിലുള്ള കണ്ണമ്പള്ളിപ്പള്ളിയിലും തിരുവനന്തപുരം രൂപതയില്‍പ്പെട്ട മാമ്പാറ മലങ്കരപ്പള്ളിയിലുമായിരുന്നു ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. പമ്പാനദിക്കു തെക്ക് അന്നു സുറിയാനി രൂപതയ്ക്കു ഭരണാധികാരമുണ്ടായിരുന്നില്ല.
ഇവിടെ കുടിയേറിപ്പാര്‍ത്ത വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍ തല്പരനായ മാര്‍ മാത്യു കാവുകാട്ടു തിരുമേനി കൊല്ലം രൂപതാധ്യക്ഷന്‍ ബിഷപ് ജറോം ഫെര്‍ണാണ്ടസുമായി ബന്ധപ്പെട്ട്, കുടിയേറ്റക്കാരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് 1951 ല്‍ കൊല്ലം രൂപതയില്‍പ്പെട്ട പത്തനംതിട്ട പുത്തന്‍പീടിക ലത്തീന്‍പള്ളി വികാരി ഫാ. ഫ്രാന്‍സിസ് ഡേവിഡ്സണ്‍ ഇവിടെ വന്നു കൊട്ടാരത്തില്‍ ശ്രീ മത്തായിയുടെ വീട്ടില്‍ ആദ്യ ദിവ്യബലിയര്‍പ്പിച്ചു. കൊല്ലക്കൊമ്പില്‍ ശ്രീ ജോണ്‍ സംഭാവന നല്‍കിയ 15 സെന്‍റു സ്ഥലത്ത് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ താല്കാലിക ഷെഡ് നിര്‍മിച്ചു. മാസത്തില്‍ രണ്ടു ഞായറാഴ്ചകളില്‍ ബലിയര്‍പ്പണം നടത്തിപ്പോന്നു.

പള്ളിയും പള്ളിമുറിയും
1954 ല്‍ ഷെഡ്ഡ് വലുതാക്കിപ്പണിയുകയും പള്ളിമേട നിര്‍മിക്കുകയും ചെയ്തു. 1956 ല്‍ ബ. ഫ്രാന്‍സിസ് ഡേവിഡ്സണ്‍ അച്ചന്‍റെ നേതൃത്വത്തില്‍ പള്ളി പണികഴിപ്പിച്ചു. ഇക്കാലത്ത് ഇടകടത്തി, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ആരാധനാലയങ്ങള്‍ സ്ഥാപിച്ചു.
1959 മുതല്‍ കൊല്ലം രൂപതക്കാരനായ ബ. ആല്‍ബര്‍ട്ട് അച്ചനാണ് ഇടവകയുടെ ചുമതല വഹിച്ചത്. പിന്നീട് 1960 മേയ് 14 ന് കണ്ണമ്പള്ളിപ്പള്ളി വികാരി ഓണംകുളത്തു ബ. ബനഡിക്ടച്ചന്‍ ചുമതല ഏറ്റെടുത്തു. അങ്ങനെ ഇടവക ചങ്ങനാശേരി അതിരൂപതയുടെ കീഴിലായി. 1964 ല്‍ ഇതു മിഷന്‍പള്ളിയായി.

ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്‍
ഫ്രാന്‍സിസ് ഡേവിഡ്സണ്‍ (1951- 59), ആല്‍ബര്‍ട്ട് (1959 – 60), ബനഡിക്ട് ഓണംകുളം (1960 – 62), ഡോമിനിക് പാലത്തുങ്കല്‍ (1962 – 64), തോമസ് കണ്ണമ്പള്ളി (1964- 67), ആന്‍റണി മാന്നല (1967 – 70), അബ്രഹാം പുല്ലുകാട്ട് (1970 – 71), ജോര്‍ജ് കൂടത്തില്‍ (1971 – 72), ജേക്കബ് ഇടയാലില്‍ (1972 – 75), ജോസഫ് ചിറക്കടവില്‍ (1975 – 78), അബ്രഹാം പാലക്കുടി (1978), ജോണ്‍ കാരുവേലില്‍ (1978 – 81), ജോസഫ് ഇല്ലിക്കല്‍ (1981 – 82), ജോസഫ് പാലത്തുങ്കല്‍ (1982 – 86), പോള്‍ മൂങ്ങാത്തോട്ടം (1986 – 89), ജയിംസ് തെക്കേമുറി (1989 – 91), ജോസ് മണ്ണൂക്കുളം (1991- 92), ജോയി വില്ലന്താനം (1992 – 94), മാത്യു ചേരോലില്‍ (1994 – 99), തോമസ് ഞള്ളിയില്‍ (1999 -).
കാരുവേലില്‍ ബ. ജോണച്ചന്‍റെ കാലം വരെ (1978) ബ. വൈദികന്മാര്‍ ബഥനിമല പള്ളിമുറിയില്‍ താമസിച്ചുകൊണ്ടു പെരുന്തേനരുവിപ്പള്ളിയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കുകയും ഇടവകശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്നെത്തിയ ബ. വികാരിയച്ചന്മാര്‍ പെരുന്തേനരുവിപ്പള്ളിമുറിയില്‍ താമസിച്ചുകൊണ്ടു ബഥനിമലയില്‍ ശുശ്രൂഷ നിര്‍വഹിച്ചുവരുന്നു.

പുതിയ പള്ളിയും പള്ളിമുറിയും
ഇപ്പോഴുള്ള പള്ളിമേട നിര്‍മിച്ചതു കണ്ണമ്പള്ളില്‍ ബ. തോമസച്ചന്‍റെ ശ്രമഫലമായാണ്. 1975 ല്‍ ചിറക്കടവില്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ പുതിയ ദൈവാലയത്തിന്‍റെ പണികള്‍ ആരംഭിച്ചു. മാര്‍ ആന്‍റണി പടിയറ 1975 സെപ്തംബര്‍ 7 ന് ശിലാസ്ഥാപനം നിര്‍വഹിച്ച് 1977 ജനുവരി 30 നു പള്ളി കൂദാശ ചെയ്തു.

വികസന പ്രവര്‍ത്തനങ്ങള്‍
കണ്ണമ്പള്ളില്‍ ബ.തോമസച്ചന്‍റെ കാലത്തു പെരുന്തേനരുവിയില്‍ കുരിശുപള്ളി സ്ഥാപിച്ചു. പാലത്തുങ്കല്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ പാരിഷ്ഹാള്‍ പണികഴിപ്പിച്ചു. പള്ളിമുറ്റത്തെ ഓപ്പണ്‍എയര്‍ സ്റ്റേജ് ചേരോലില്‍ ബ. മാത്യു അച്ചന്‍റെ കാലത്തു പൂര്‍ത്തിയാക്കി. 1960 മേയ് 14 നു കല്ലൂര്‍ ശ്രീ തോമസ് 50 സെന്‍റ് സ്ഥലം പള്ളിയ്ക്കു സംഭാവന നല്‍കി. പള്ളിമുറ്റത്തിനും കിണറിനും ആവശ്യമായ സ്ഥലം ഗണപതിപ്ലാക്കല്‍ ശ്രീ മത്തായി 1970 ല്‍ ദാനം ചെയ്തു.

സ്ഥിതിവിവരം
ആറു കുടുംബക്കൂട്ടായ്മകള്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. 78 കുടുംബങ്ങളുള്ള ഇടവകയില്‍നിന്നു രണ്ടു വൈദികന്മാരുണ്ട്. ബ. ഫാ. ജോസ് തെക്കേല്‍ കാഞ്ഞിരപ്പള്ളി രൂപതയിലും ബ. ഫാ. ജോസഫ് പതിയില്‍ ആന്ധ്രായിലും സേവനമനുഷ്ഠിക്കുന്നു. നാലു സന്യാസിനികള്‍ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു.
അസൗകര്യങ്ങളുടെ മധ്യേ ഇവിടുത്തെ ചെറിയ ക്രൈസ്തവസമൂഹം വിശ്വാസത്തിലും കൂട്ടായ്മയിലും ഗ്രാമീണത്തനിമയിലും വളര്‍ന്നുവരുന്നുവെന്നതു പ്രത്യാശാജനകമാണ്.