Vechoochira – 686 511
04735 – 265337
കുന്നം, കുംഭിത്തോട് എന്നീ പുരാതനഹൈന്ദവ കേന്ദ്രങ്ങളുടെ ജലദൗര്‍ലഭ്യം പരിഹരിച്ചിരുന്നത് തോട്ടില്‍ ചിറകെട്ടിയാണ്. അങ്ങനെ څചിറവെച്ച സ്ഥലംچ എന്നയര്‍ഥത്തില്‍ ഇവിടം വെച്ചൂച്ചിറ ആയി.
കുടിയേറ്റവും ആത്മീയാനുഷ്ഠാനവും
1928 മുതലേ കുന്നം, ചേത്തക്കല്‍, നൂറോക്കാട്, ദേവറോലി എന്നിവിടങ്ങളില്‍ ധാരാളം ഹൈന്ദവരും സി.എസ്.ഐ., സി.എം.എസ്. വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികളും താമസിച്ചിരുന്നു. സുറിയാനി ക്രൈസ്തവ കുടുംബങ്ങള്‍ 1937 ഓടെ ഇവിടെ കുടിയേറിപ്പാര്‍ത്തു. 12 മൈല്‍ അകലെയുള്ള പഴയകൊരട്ടിപ്പള്ളിയിലും മണിമലയടുത്തുള്ള കരിമ്പനക്കുളം പള്ളിയിലുമാണ് ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.
പഴയകൊരട്ടി വികാരി തെക്കേമുറിയില്‍ ബ. അബ്രാഹം അച്ചന് 1938 ല്‍ മണിപ്പുഴയില്‍ വന്നു താല്‍ക്കാലിക ഷെഡ്ഡു തീര്‍ത്ത് ആഴ്ചയിലൊരിക്കല്‍ ദിവ്യബലി അര്‍പ്പിച്ചുപോന്നു. ഇതാണ് 1941 ല്‍ മണിപ്പുഴ ദൈവാലയമായത്. തുടര്‍ന്ന് മണിപ്പുഴപ്പള്ളിയായി വെച്ചൂച്ചിറക്കാരുടെ ഇടവക.
ലത്തീന്‍ മലങ്കര ദൈവാലയങ്ങള്‍
പുനരൈക്യപ്പെട്ട ധാരാളം കത്തോലിക്കര്‍ 1940 കളില്‍ വെച്ചൂച്ചിറയിലുണ്ടായിരുന്നു. ഇവരുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെട്ടിരുന്നത് 1940 ല്‍ ഇടമണ്ണില്‍ സ്ഥാപിതമായ വിജയപുരം രൂപതയുടെ പള്ളിയിലാണ്. ഈ പള്ളിയുടെ ചാപ്പല്‍ വെച്ചൂച്ചിറയിലെ സിന്‍ഡിക്കേറ്റില്‍ സ്ഥാപിതമായി. ഏറെത്താമസിയാതെ തിരുവല്ലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ സെവേറിയോസ് തിരുമേനി വെച്ചൂച്ചിറയില്‍ സെന്റ് കുര്യാക്കോസ് ദൈവാലയം സ്ഥാപിച്ചു. തുടര്‍ന്ന് മണിപ്പുഴപ്പള്ളിവികാരിയുടെ അനുവാദത്തോടെ ഇവിടെയുള്ള സുറിയാനിക്കത്തോലിക്കര്‍ മലങ്കര ഇടവകയില്‍ നിന്ന് എല്ലാ കൂദാശകളും സ്വീകരിച്ചുപോന്നു. ഇക്കാലത്ത് ഏതാണ്ട് 250 കത്തോലിക്കാക്കുടുംബങ്ങള് ഇവിടെയുണ്ടായിരുന്നു.
സീറോമലബാർ ദൈവാലയം
ഇവിടുത്തെ സുറിയാനി കത്തോലിക്കര്‍ സ്വന്തമായി ദൈവാലയം സ്ഥാപിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചത് 1970 നു ശേഷമാണ്. 1979 ല്‍ മണിപ്പുഴപ്പള്ളി വികാരി പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന് രൂപതയില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ ഫലമായി വെച്ചൂച്ചിറയില്‍ ചാപ്പല്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചു. 80 സെന്റ് സ്ഥലം 80,000 രൂപയ്ക്കുവാങ്ങി അവിടെയുണ്ടായിരുന്ന വീടു രൂപഭേദം വരുത്തി പള്ളിയാക്കി ഉപയോഗിക്കാന്‍ തുടങ്ങി. 1979 ജൂലൈ മൂന്നിന് ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ ജോസഫ് തൈപ്പറമ്പില്‍ ആദ്യബലിയര്പ്പിച്ചതോടെ ദൈവാലയം സ്ഥാപിതമായി. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം മണിപ്പുഴപ്പള്ളിയില്‍ നിന്നു വൈദികന്മാരെത്തി സണ്ഡേസ്കൂള് ക്ലാസുകള്‍ നടത്തിയശേഷം ബലിയര്‍പ്പിച്ചുപോന്നു. 1984 മേയ് 17 ന് 137 കുടുംബങ്ങളോടെ ഇത് ഇടവകയായി ഉയര്‍ത്തപ്പെട്ടു. പ്രഥമവികാരി വെട്ടുവയലില്‍ ബ. ജോണച്ചനായിരുന്നു. ജൂണ്‍ 3 ന് താല്കാലിക ദൈവാലയ വെഞ്ചരിപ്പും ഇടവക ഉദ്ഘാടനവും മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിച്ചു. ഇടവക സ്ഥാപിതമാകുന്നതിനു പുത്തന്‍പുരയ്ക്കല്‍ ബ. തോമസച്ചന് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.
പള്ളിമുറിയും നവീനദൈവാലയവും
വൈദികമന്ദിരം 1985 ഡിസംബര്‍ 23 ന് വെട്ടുവയലില്‍ ബ. ജോണച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി.
1989 ജൂലൈ 3 ന് നവീന ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. വെട്ടുവയലില്‍ ബ. ജോണച്ചന്റെ തീവ്രമായ പരിശ്രമഫലമായി സവിശേഷമായ വാസ്തുശില്പ മാതൃകയില്‍ പുതിയ പള്ളി പണിതീര്‍ത്തു. മാര്‍ മാത്യു വട്ടക്കുഴി 1991 ഡിസംബര്‍ 8 ന് പള്ളി കൂദാശ ചെയ്തു.
സ്ഥാപനങ്ങള്‍
തിരുഹൃദയമഠം 1987 മേയ് 4 ന് ആരംഭിച്ചു. 1988 ജൂണില്‍ നഴ്സറിസ്കൂളും 1992 ല്‍ പാരലല്‍ കോളജും സ്ഥാപിതമായി. നിരവുകപ്പേള 1990 ഓഗസ്റ്റ് 12 നു സ്ഥാപിച്ചു. മലങ്കര ഇടവകയുമായി യോജിച്ച് 1988 ല്‍ സിമിത്തേരി സ്ഥാപിതമായി
സി. എസ്. ഐ. മിഷന് ആശുപത്രി, നവോദയ വിദ്യാലയം, വിജയാ ക്ലിനിക്, സെന്റ് ജോസഫ്സ് അനാഥമന്ദിരം, ഗവണ്മെന്റ് പ്രാഥമികാരോഗ്യകേന്ദ്രം, ഹോമിയോ ഡിസ്പെന്‍സറി, ആയുര്‍വേദാശുപത്രി, മൃഗാശുപത്രി, പോളി ടെക്നിക് എന്നിവ ഇടവകാതിര്‍ത്തിക്കുള്ളിലെ പ്രധാനസ്ഥാപനങ്ങളാണ്. സുഭാഷ് വായനശാല, പഞ്ചായത്ത് റീഡിംഗ് റൂം എന്നിവ നാടിന്റെ സാംസ്കാരികാഭിവൃദ്ധിക്കു സഹായിക്കുന്നു.
കുടുംബം, ദൈവവിളി
പത്തു കുടുംബക്കൂട്ടായ്മകളിലെ 244 കുടുംബങ്ങളിലായി 1,151 കത്തോലിക്കര്‍ ഇവിടെയുണ്ട്. അഞ്ചു വൈദികന്മാരും 22 സന്യാസിനികളും വിവിധ സ്ഥലങ്ങളില്‍ ദൈവജനശുശ്രൂഷ നടത്തുന്നു. മൂന്ന് സന്യാസാര്‍ഥിനികള്‍ പരിശീലനം നേടുന്നു. ഇതര വിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങള്‍ : ലത്തീന്‍ – 35, മലങ്കര – 105, ഹൈന്ദവര്‍ – 285, മുസ്ലീങ്ങള്‍ – 37, യാക്കോബായക്കാര്‍ – 99.
ശുശ്രൂഷ ചെയ്ത ബ. വൈദികന്മാര്
തോമസ് പുത്തന്‍പുരയ്ക്കല്‍ (1979-84), ജോണ്‍ വെട്ടുവയലില്‍ (1984- 91),ജോസഫ് കുന്നത്തുപുരയിടം (1991- 92), ജോണി ചെരിപുറം (1993- 95), എബ്രാഹം പുളിക്കല്‍ (1995- 96), എബ്രാഹം പുന്നോലിക്കുന്നേല്‍ (1996- 97), മാത്യു പാഴൂര്‍ (1997- 98), ജോര്‍ജ് മുട്ടത്തുപാടം എം. എസ്. ടി. (1998 – 99), ജേക്കബ് കാവാലം (1999 – ).
ശ്രീ ചാക്കോ വാരണത്ത് ദാനമായി നല്കിയ ഒരേക്കര്‍ സ്ഥലവും കാപ്പില്‍ ശ്രീ കുര്യാക്കോസ് ദാനമായിത്തന്ന രണ്ടു സെന്റ് സ്ഥലവുംവിലകൊടുത്തുവാങ്ങിയ 90 സെന്റുമാണ് പള്ളിയുടെ സ്ഥാവരസ്വത്ത്.
വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹവര്‍ത്തിത്വവും നന്നായി പുലരുന്ന ഇടവകയാണിത്.