Vandanmedu – 685 551

04868 – 277047

Vicar: Rev. Fr. Varghese Kakkallil

Cell: 974 780 4333

kakkallilvarghese@gmail.com

Click here to go to the Church

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി രാജ്യത്തെങ്ങും രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായി. ഇതു പരിഹരിക്കുന്നതിന് ഗവണ്‍മെന്‍റ് വനഭൂമി കൃഷിക്കായി വിട്ടുകൊടുത്തു. തത്ഫലമായി ധാരാളം ആളുകള്‍ ഹൈറേഞ്ചിന്‍റെ വിവിധഭാഗങ്ങളില്‍ കുടിയേറി. വണ്ടന്മേടും ഉപ്പുതറയുമായിരുന്നു പ്രധാനകുടിയേറ്റ പ്രദേശങ്ങള്‍.

ദൈവാലയസ്ഥാപനം
കുടിയേറ്റക്കാരായ കത്തോലിക്കര്‍ക്ക് ആധ്യാത്മികകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സൗകര്യമില്ലാതിരുന്നതിനാല്‍ പള്ളി സ്ഥാപിക്കുന്നതിനുവേണ്ടി അവര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. ഇവിടുത്തെ പ്രമുഖ ഏലത്തോട്ടമുടമയായിരുന്ന പൊട്ടംകുളത്ത് ശ്രീ സ്കറിയായുടെ ശ്രമഫലമായി കൂട്ടിക്കല്‍പ്പള്ളി വികാരിയായിരുന്ന മൂശാരിയേട്ട് ബ. ദേവസ്യാച്ചന്‍ 1951 സെപ്റ്റംബര്‍ 11 ന് വണ്ടന്മേട്ടില്‍ വരികയും വെള്ളിമല എസ്റ്റേറ്റ് ബംഗ്ലാവില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. ദിവ്യബലിക്കുശേഷം കൂടിയ പൊതുയോഗം എത്രയും വേഗം പള്ളിസ്ഥാപിക്കുവാന്‍ തീരുമാനിച്ചു. പള്ളിക്കാവശ്യമായ സ്ഥലം ദാനം ചെയ്യാമെന്ന് ശ്രീ സ്കറിയാ സമ്മതിച്ചു. മാര്‍ മാത്യു കാവുകാട്ട് പള്ളിസ്ഥാപിക്കുന്നതിന് അനുവാദം നല്കി. പള്ളിക്കുവേണ്ടി വളരെ വേഗം ഷെഡ്ഡു പൂര്‍ത്തിയാക്കി. 1951 ഡിസംബര്‍ 23 ന് ചങ്ങനാശേരി എസ്. ബി. കോളജ് പ്രിന്‍സിപ്പലായിരുന്ന നേര്യംപറമ്പില്‍ ബ. വില്യം സി. എം.ഐ. പുതിയ ഷെഡ്ഡില്‍ ആദ്യമായി ദിവ്യബലിയര്‍പ്പിച്ചു.
പുല്പറമ്പില്‍ ബ. ശൗര്യാരച്ചനെ 1952 ജൂണില്‍ വണ്ടന്മേട് പള്ളിയുടെ വികാരിയായി അഭിവന്ദ്യപിതാവു നിയമിച്ചു. 1953 ല്‍ പള്ളിമുറി പണിതീരുന്നതുവരെ പൊട്ടംകുളം ശ്രീ തൊമ്മച്ചന്‍റെ ചന്ദ്രകാന്തി എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു അച്ചന്‍ താമസിച്ചിരുന്നത്. തേങ്ങാക്കല്‍ (മ്ലാമല) പള്ളിയുടെകൂടി വികാരിയാ യിരുന്നതുകൊണ്ട് അച്ചന്‍ ഒന്നിടവിട്ട ആഴ്ചകളില്‍ മാത്രമേ ഇവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നുള്ളു.

ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട വൈദികന്മാര്‍
പുല്പറമ്പില്‍ ശൗര്യാര്‍ സി. എം. ഐ. (1952- 57), അക്കീല്ലസ് സി. എം. ഐ. (1957- 61), പപ്പീനിയൂസ് സി. എം. ഐ. (1961- 64), സിറിയക് കൊളങ്ങോട്ടില്‍ (1964- 65), ഐസക്ക് ആലഞ്ചേരില്‍ (1965- 66), ജോസഫ് പാറശേരില്‍ (1966- 77), ജോയി ജെ.ചിറ്റൂര്‍ (1977- 87), തോമസ് ഈറ്റോലില്‍ (1987- 91), പോള്‍ മൂങ്ങാത്തോട്ടം (1991- 95), ജസ്റ്റിന്‍ പഴേപറമ്പില്‍ (1995- 2000), മാത്യു പാണ്ടന്‍മനാല്‍ (2000-)

അസ്തേന്തിമാര്‍
ജോര്‍ജ് പുത്തന്‍പുര കപ്പൂച്ചിന്‍ (1995 – 96), ഔസേപ്പച്ചന്‍ വാഴപ്പനാടി (1996 – 98), ജോസ് മംഗലത്തില്‍ (1998 – 2000), ഇമ്മാനുവേല്‍ മങ്കന്താനം (ജൂണിയര്‍ 2000 – ).

വികസനചരിത്രം
പുല്പറമ്പില്‍ ബ. ശൗര്യാരച്ചന്‍റെ ശ്രമഫലമായി 1953 ല്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. സ്കൂളിനാവശ്യമായ കെട്ടിടം പണിതു കൊടുത്തത് ശ്രീ സ്കറിയാ പൊട്ടംകുളമായിരുന്നു. സ്വന്തമായ കെട്ടിടം പണിതു സ്കൂള്‍ മാറ്റണമെന്നും അപ്പോള്‍ ഈ കെട്ടിടം പള്ളിയായി ഉപയോഗിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. വെച്ചൂരേട്ട് ശ്രീ ജോസഫ് സംഭാവന ചെയ്ത അരയേക്കര്‍ സ്ഥലത്തു കെട്ടിടം പണിത് 1956 ജൂണില്‍ സ്കൂള്‍ അവിടേക്കു മാറ്റി. 1963 ല്‍ സ്കൂള്‍ ആരാധനമഠംകാരെ ഏല്പിച്ചു. 1972 ല്‍ ഇതു യു. പി. സ്കൂളായും 1978 ല്‍ ഗേള്‍സ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
സ്കൂള്‍ പുതിയ കെട്ടിടത്തിലേക്കു മാറ്റിയപ്പോള്‍ പഴയ കെട്ടിടം ഇന്നുകാണുന്ന രീതിയില്‍ പുതുക്കിപ്പണിതു. റോഡ് സൈഡിലുള്ള കുരിശടിയും പണി തീര്‍ത്തു. ഇതിനുള്ള ചെലവു മുഴുവന്‍ വഹിച്ചതു പൊട്ടംകുളത്ത് ശ്രീ സ്കറിയയായിരുന്നു. പള്ളിക്കാവശ്യമായ സാധന സാമഗ്രികളും അദ്ദേഹം സംഭാവന ചെയ്തു. മാര്‍ മാത്യു കാവുകാട്ട് പള്ളിയും കുരിശടിയും 1957 ഏപ്രില്‍ 29 ന് വെഞ്ചരിച്ച് ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു.
പള്ളിയും പള്ളിക്കൂടവും സി. എം. ഐ. സഭയ്ക്ക് 1956 മേയ് 27 ന് വിട്ടുകൊടുത്തു. അവര്‍ ഇവിടെ ആശ്രമം സ്ഥാപിച്ചു. 1964 ല്‍ പുളിയന്മലയില്‍ ആശ്രമം ആരംഭിച്ചപ്പോള്‍ വണ്ടന്മേട് പള്ളിയും പള്ളിക്കൂടവും രൂപതയ്ക്കു തിരികെ ലഭിച്ചു.
ഇന്നു കാണുന്ന വൈദികമന്ദിരം 1973-75 കാലഘട്ടത്തില്‍ പാറശേരി ബ. ജോസഫച്ചന്‍ പണികഴിപ്പിച്ചു. സിമിത്തേരിയും കിണറും സ്റ്റേജും പണിയിച്ചത് ചിറ്റൂര്‍ ബ. ജോയി അച്ചനാണ്. പുറ്റടിയിലെ വേളാങ്കണ്ണി മാതാ കുരിശുപള്ളിയും അദ്ദേഹം പണിയിപ്പിച്ചതാണ്. കുരിശുപള്ളി 1984 ല്‍ വെഞ്ചരിച്ചു. അന്നുമുതല്‍ എല്ലാ ഞായറാഴ്ചകളിലും ഇവിടെ ദിവ്യബലിയര്‍പ്പിച്ചുപോരുന്നു. പുറ്റടി കുരിശുപള്ളി ഇടവകപ്പള്ളിയായി 2000 ഫെബ്രുവരി 20 ന് ഉയര്‍ത്തപ്പെട്ടു. പുളിയന്മല കേന്ദ്രമാക്കി 1993 ജൂണ്‍ 12 ന് ഇടവക സ്ഥാപിതമായപ്പോള്‍ വണ്ടന്മേട്ടില്‍ നിന്നു 115 കുടുംബങ്ങള്‍ പുളിയന്മല ഇടവകയിലേക്കു മാറി.
പഴേപറമ്പില്‍ ബ. ജസ്റ്റിനച്ചന്‍റെ പരിശ്രമഫലമായി പണിയപ്പെട്ടതാണ് പാരിഷ്ഹാളായി ഉപയോഗിക്കാവുന്ന സണ്‍ഡേസ്കൂള്‍ കെട്ടിടം. വികാരി ജനറാള്‍ ഏറ്റം ബ. മോണ്‍സിഞ്ഞോര്‍ മാത്യു ഏറത്തേടം 1998 ഒക്ടോബര്‍ 11 ന് ഇതിനു തറക്കല്ലിട്ടു. പണി പൂര്‍ത്തിയായതോടെ മാര്‍ മാത്യു വട്ടക്കുഴി 1999 നവംബര്‍ 24 ന് ഇത് ആശീര്‍വദിച്ചു.

സ്ഥിതിവിവരം
16 കുടുംബകൂട്ടായ്മകളിലായി 231 കുടുംബങ്ങളും 1111 അംഗങ്ങളുമുണ്ട്. ഇടവകാതിര്‍ത്തിയിലുള്ള ഇതര കുടുംബങ്ങള്‍ : ലത്തീന്‍: 7, മലങ്കര: 53, യാക്കോബായ: 55, ഹൈന്ദവര്‍: 498, മുസ്ലീങ്ങള്‍: 7.
രണ്ടു സന്യാസവൈദികന്മാരും ഒരു സന്യാസസഹോദരനും ഒരു വൈദികവിദ്യാര്‍ഥിയും ഇടവകയില്‍ നിന്നുണ്ട്. എല്ലാ ഭക്തസംഘടനകളും ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു.

ഇതര സ്ഥാപനങ്ങള്‍
മഠം : 1956 ജൂണ്‍ 2 ന് ആരാധനമഠം സ്ഥാപിതമായി. വെച്ചൂരേട്ട് ശ്രീ ജോസഫ് മഠത്തിന് സ്ഥലം ദാനം ചെയ്തു. സ്കൂളിന്‍റെ മാനേജ്മെന്‍റ് ബ. സിസ്റ്റേഴ്സിന്‍റെ ചുമതലയിലാണ്.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച്, പോലീസ് സ്റ്റേഷന്‍, ജില്ലാ ടി.ബി സെന്‍റര്‍, ഏലംലേലകേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ മലങ്കര കത്തോലിക്കാപ്പള്ളിയും മുസ്ലീംപള്ളിയും അമ്പലവുമുണ്ട്.