Kottamala (Vagamon) – 685 503
944 791 7667
Vicar: Rev. Fr. Zacharias Koottiyani MTSM
Cell: 9830 186 9856, 938 884 3244
ഏലപ്പാറ, അറക്കുളം പഞ്ചായത്തുകളിലും വാഗമണ്‍, അറക്കുളം വില്ലേജുകളിലുമായി കോട്ടമല തേയിലത്തോട്ടത്തോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് ഉളുപ്പൂണി. ഇടവക സ്ഥാപിതമാകുന്നതിനു മുമ്പ് ഇത് പുള്ളിക്കാനത്തിന്റെ കുരിശുപള്ളിയായിരുന്നു.
കൃഷിക്കു പറ്റിയ സ്ഥലമായിരുന്നെങ്കിലും ഇവിടെ യാത്രാസൗകര്യം ഒട്ടുംതന്നെ ഇല്ലായിരുന്നു. കുറ്റവാളികള്‍ മറ്റു നാടുകളില്‍ നിന്നു വന്ന് ഇവിടെ ഒളിച്ചു താമസിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഈ സ്ഥലത്തെ څഒളിഭൂമി چ എന്നു വിളിച്ചിരുന്നെന്നും ക്രമേണ അതു ലോപിച്ച് څഒളുപ്പൂണിچ യും ഉളുപ്പൂണിയുമായെന്നുമാണ് പഴമക്കാര്‍ പറയുന്നത്.
കുടിയേറ്റവും ദൈവാലയസ്ഥാപനവും
ജനങ്ങള്‍ 1940 മുതല്‍ ഇവിടെ കുടിയേറിപ്പാര്‍ ത്തിരുന്നു. എന്നാല്‍ മലമ്പനിയും കാട്ടുമൃഗങ്ങളുടെ ഉപദ്രവവുംമൂലം പലരും സ്ഥലമുപേക്ഷിച്ചുപോയി. മൂലമറ്റം ഭാഗത്തുനിന്നുള്ളവരായിരുന്നു ആദ്യകാല കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. ഇങ്ങനെ കൃഷിക്കായി കുടിയേറിപ്പാര്ത്തവര് ഇവിടെ ചെറിയ പ്രാര്ഥനാലയമുണ്ടാക്കി. ഈ പ്രാര്‍ഥനാലയം പക്ഷേ വീണുപോയി. ഉളുപ്പൂണിയുടെ കിഴക്കുള്ള കോട്ടമല എസ്റ്റേറ്റില്‍ താമസിച്ചിരുന്ന മണിയമ്പ്രായില്‍ കുടുംബക്കാര് മുന്‍കൈയെടുത്ത് ചെറിയ താല്‍ക്കാലിക ദൈവാലയം പണിതിരുന്നു. അതും കാലക്രമത്തില്‍ നശിച്ചുപോയി.
പുള്ളിക്കാനം ഇടവകയുടെ ഭാഗമായിരുന്നെങ്കിലും പള്ളിയിലേക്കുള്ള ദൂരക്കൂടുതല്‍ കാരണം ഇടവകദൈവാലയവുമായുള്ള ബന്ധം വിശ്വാസികള്‍ക്കു കുറവായിരുന്നു. ഞായറാഴ്ച വാഗമണ്‍ ചന്തദിവസമായതുകൊണ്ട് എല്ലാവരും ചന്തയ്ക്കു പോകുകയും സൗകര്യപ്പെടുന്നപക്ഷം വാഗമണ്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. കോട്ടമല, മുല്ലക്കാനം ഭാഗത്തുള്ളവര്‍ വാഗമണ്‍ ഇടവകക്കാരായിരുന്നു. വിശ്വാസികളുടെ ആഗ്രഹാനുസരണം 1985 ല്‍ ഉളുപ്പൂണിയില്‍ കുരിശുപള്ളി സ്ഥാപിക്കുവാന്‍ പുള്ളിക്കാനംപള്ളി വികാരി കുമാരമംഗലം ബ. സ്കറിയാച്ചന്‍ മുന്‍കയ്യെടുത്തു. ഇടമല ശ്രീ തോമസ് കുരിശടി സ്ഥാപിക്കാന്‍ 25 സെന്റു സ്ഥലം നല്കി. ഇവിടെ 1985 ല്‍ത്തന്നെ കുരിശടി സ്ഥാപിച്ച് അവിടേക്കു തിരുനാള്‍ പ്രദക്ഷിണം നടത്തിപ്പോന്നു.
തുടര്‍ന്നു ദൈവാലയ സ്ഥാപനത്തിനുള്ള ശ്രമങ്ങളാരംഭിച്ചു. അന്നത്തെ പുള്ളിക്കാനം വികാരി കാരിമറ്റം ബ. ജോസച്ചന് രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് രൂപതയുടെ ചെലവില്‍ ഒറ്റപ്ലാക്കല്‍ ശ്രീ ഷണ്മുഖത്തിന്റെ മൂന്നേക്കര്‍ സ്ഥലം 1990 ജനുവരി 30-ാം തീയതി വാങ്ങി.
പള്ളിനിര്‍മാണം
കാവാലം ബ. ജേക്കബച്ചന് പുള്ളിക്കാനംപള്ളി വികാരിയായി 1990 ഫെബ്രുവരി 15-ാം തീയതിയെത്തി. അച്ചന്റെ നേതൃത്വത്തില്‍ 1990 ഏപ്രിലില്‍ പള്ളിയുടെ പ്രാരംഭപണികളാരംഭിച്ചു. രൂപതാ വികാരിജനറാള്‍ തൈപ്പറമ്പില്‍ ഏറ്റം ബ. ജോസഫച്ചന് 1991 മാര്‍ച്ച് 19 നു ശിലാസ്ഥാപനം നടത്തി. ബ. കാവാലമച്ചന്റെ നിരന്തര പരിശ്രമത്തിലും ഇടവകാംഗങ്ങളുടെ നിസ്സീമ സഹായത്തിലും മനോഹരമായ പള്ളി ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുവാന്‍ ദൈവം അനുഗ്രഹിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1992 മാര്‍ച്ച് 1 നു ദൈവാലയം കൂദാശ ചെയ്തു. അങ്ങനെ ഉളുപ്പൂണി നിവാസികളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
പള്ളിമുറി
ഉളുപ്പൂണിയുടെ ആത്മീയഭൗതിക വികസനത്തിന് ഒരു വൈദികന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നു മനസ്സി ലാക്കിയ കാവാലം ബ. ജേക്കബച്ചന് വൈദികമന്ദിരം നിര്‍മിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. രൂപതയുടെയും മറ്റു പല ഏജന്‍സികളുടെയും സഹായത്തോടെ ധനസമാഹരണം നടത്തി 1995 ല്‍ പണിയാരംഭിച്ചു. പുതുതായി തീര്‍ത്ത څഅല്ഫോന്സാഭവന്چ പള്ളിമുറിയും കുരിശടിയും മാര്‍ മാത്യു വട്ടക്കുഴി 1997 ജനുവരി 12 നു വെഞ്ചരിച്ചു.
ആരാധനമഠം
ദൈവാലയനിര്‍മാണം കഴിഞ്ഞ് ഇടവകപ്രഖ്യാപനം നടത്തുന്നതിനു മുമ്പുതന്നെ 1998 മേയ് 25 നു ആരാധനസഭയുടെ ഭവനം ഇവിടെ സ്ഥാപിതമായി. സമീപപ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ ഇല്ലാത്തതിന്റെ കുറവു പരിഹരിക്കാന്‍ ബ. സിസ്റ്റേഴ്സ് നല്ലൊരു സ്കൂള്‍ കെട്ടിടവും പണികഴിപ്പിച്ചിട്ടുണ്ട്.
ഇടവകസ്ഥാപനം, വികാരിമാര്‍
പുള്ളിക്കാനം പള്ളിയുടെ കുരിശുപള്ളിയായി 2000 ഫെബ്രുവരി 29 വരെ ഇതു നിലകൊണ്ടു. പുതുപ്പറമ്പില്‍ ബ. ജോര്ജച്ചന് 1999 മാര്‍ച്ചു മുതല്‍ മേയ് വരെ ഇവിടെ ആക്ടിംഗ് വികാരിയായി സേവനമനുഷ്ഠിച്ചു. 2000 മാര്‍ച്ച് 1 ന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. കരിന്തകരക്കല്‍ ബ. വര്‍ഗീസച്ചനാണ് അന്നുമുതല്‍ വികാരി.
ഇതരവിവരങ്ങള്‍
45 കുടുംബങ്ങളിലായി 170 കത്തോലിക്കരാണ് ഇവിടെയുള്ളത്. 1200 ഓളം അക്രൈസ്തവ കുടുംബങ്ങള്‍ ഇടവകയുടെ പരിധിയിലുണ്ട്. ഇടവകയെ നാലു കൂട്ടായ്മകളായി തിരിച്ചിരിക്കുന്നു. സണ്ഡേസ്കൂളില് 35 കുട്ടികള്‍ പഠിക്കുന്നുണ്ട്.