Chirakadavu – 686 520

04828 – 230645

Vicar: Rev. Fr. Reji Mathew Vayalumkal

Cell: 904 861 3952

rejimathewvayalumkal@gmail.com

Click here to go to the Church

കാഞ്ഞിരപ്പള്ളിയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ തെക്ക് താമരക്കുന്ന് ഇടവക സ്ഥിതിചെയ്യുന്നു. 18-ാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ കത്തോലിക്കരായ കര്‍ഷകര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. ഇടവക സ്ഥാപിതമാകുന്നതിനുമുമ്പ് കാഞ്ഞിരപ്പള്ളിയിലാണ് ഇവര്‍ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചുപോന്നത്. അക്കാലത്തു യാത്രാസൗകര്യം ഒട്ടുംതന്നെ ഇല്ലായിരുന്നു.

താല്ക്കാലിക ദൈവാലയവും ഇടവകസ്ഥാപനവും
എന്തു ത്യാഗം സഹിച്ചും ദൈവാലയം സ്ഥാപിക്കണമെന്ന് ഇവിടുത്തുകാര്‍ തീരുമാനിച്ചു. ദൈവാലയം സ്ഥാപിക്കുന്നത് പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ താമരക്കുന്നില്‍ ആയിരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അന്നത്തെ ജന്മിയായിരുന്ന മാലമല ഗോവിന്ദക്കൈമള്‍ നാരായണക്കൈമള്‍ ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലം ക്രിസ്ത്യാനികള്‍ക്കു സൗജന്യമായി കൊടുത്തു. കാഞ്ഞിരപ്പള്ളിയിലെ അന്നത്തെ അസ്തേന്തിയായിരുന്ന വെട്ടിക്കാട്ട് ബ. സ്തനിസ്ലാവോസച്ചന്‍റെ നേതൃത്വത്തില്‍ 1891 ല്‍ താല്‍ക്കാലിക പള്ളി പണിതു. 1892 ഫെബ്രുവരി 16 ന് ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. മാര്‍ മത്തായി മാക്കീല്‍ മെത്രാന്‍റെ 271-ാം നമ്പര്‍ കല്‍പനപ്രകാരം 1899 മേയ് 16 നു താമരക്കുന്നു കുരിശുപള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടു.

ദൈവാലയ പുനര്‍നിര്‍മാണം
1891 ല്‍ പണിതീര്‍ത്ത ദൈവാലയം ഇടവക ജനത്തെ ഉള്‍ക്കൊള്ളുന്നതിനു തീര്‍ത്തും അപര്യാപ്തമായിത്തീര്‍ന്നതിനാല്‍ 1900 ല്‍ തേവാരില്‍ ബ. കുര്യാക്കോസച്ചന്‍റെ നേതൃത്വത്തില്‍ പുതിയ പള്ളിയുടെ പണിയാരംഭിച്ചു. 1933 ല്‍ പുറക്കരി ബ. തോമസച്ചന്‍റെ (സീനിയര്‍) കാലത്തു മദ്ബഹാ പണിതു. ആലുങ്കല്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1944 ല്‍ പള്ളിയുടെ മോണ്ടളം പൊളിച്ച് പള്ളി മുമ്പോട്ടു നീട്ടിപ്പണിയുകയും മുഖവാരം തീര്‍ക്കുകയും ചെയ്തു. ഏതാണ്ട് 70 വര്‍ഷം മുമ്പു പള്ളിയുടെ മദ്ബഹാ പണികഴിപ്പിച്ച പുറക്കരി ബ. തോമസ് (സീനിയര്‍) അച്ചന്‍റെ അനന്തരവനായ പുറക്കരി ബ. തോമസ് (ജൂനിയര്‍) അച്ചനാണ് 55 ലക്ഷത്തോളം രൂപ ചെലവുവന്ന പുതിയ പള്ളിപണിക്കു നേതൃത്വം കൊടുക്കുവാന്‍ ദൈവപരിപാലനയാല്‍ ഭാഗ്യമുണ്ടായത്. 1996 ഡിസംബര്‍ 8 ന് നവീനദൈവാലയത്തിന് ശില സ്ഥാപിച്ചു. 1998 ഏപ്രില്‍ 25 ന് മാര്‍ മാത്യു വട്ടക്കുഴി പള്ളി കൂദാശ ചെയ്തു.

പള്ളിമേട
1912 ല്‍ വെള്ളരിങ്ങാട്ട് ബ. യാക്കോബച്ചന്‍റെ കാലത്തു പള്ളിമുറിയുടെ പണിക്കു തുടക്കമിട്ടു. കുരിശുംമൂട്ടില്‍ ബ. ചാണ്ടിയച്ചന്‍റെ മേല്‍നോട്ടത്തില്‍ പണി പൂര്‍ത്തീകരിച്ചു. 1922 ഏപ്രില്‍ 30 ന് പള്ളിമേട വെഞ്ചരിച്ചു.

സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
സ്തനിസ്ലാവോസ് വെട്ടിക്കാട്ട് (1892-94), തൊമ്മി പുത്തന്‍പുരയില്‍ (1894-96), യൗസേപ്പ് അങ്ങേവീട്ടില്‍ (1896-97), യൗസേപ്പ് കപ്പലുമാക്കല്‍(1897-98), മത്തായി മാളേക്കല്‍ (1898-99), മത്തായി ചക്കുങ്കളം (1899 – 1900), ഗീവര്‍ഗീസ് പൊരുന്നേപ്പറമ്പില്‍ (1900 -), കുര്യാക്കോസ് തേവാരില്‍ (1900 – 1909), മാണി പുല്ലാട്ട് (1909-1910), യൗസേപ്പ് മൈലാടിയില്‍ (1910-11), യൗസേപ്പ് മുഞ്ഞനാട്ട് (1911), യാക്കോബ് വെള്ളരിങ്ങാട്ട് (1911-12), തോമാ ചക്കാലയ്ക്കല്‍ (1912-19), ഫ്രാന്‍സിസ്ക്കോസ് മുള്ളങ്കുഴിയില്‍ (1919-21), ചാണ്ടി കുരിശുംമൂട്ടില്‍ (1921-24), ഇഗ്നേഷ്യസ് ചോതിരക്കുന്നേല്‍ (1924-26), മത്തായി ചിറയില്‍ (1926-31), തോമ്മാ പുറക്കരിയില്‍ (1931-33), ഏബ്രാഹം പുതുപ്പറമ്പില്‍ (1933-38), തോമസ് കരിങ്ങട (1938-43), ഗീവര്‍ഗീസ് ആലഞ്ചേരില്‍ (1943-44), ജോസഫ് ആലുങ്കല്‍ (1944-53), തോമസ് പഴേപറമ്പില്‍ (1953-54), ജോസഫ് മാലിപ്പറമ്പില്‍ (1954), ജോണ്‍ കുന്നപ്പള്ളില്‍ (1954), ലൂക്ക് മണിയങ്ങാട്ട് (1954-58), എബ്രാഹം തെക്കേമുറി (1958), ജോസഫ് ഓണംകുളം (1958-64), സിറിയക് കോട്ടയരുകില്‍ (1964-69), ഫിലിപ്പ് ആലുംപറമ്പില്‍ (1969-72), ജോസഫ് വീട്ടുവേലിക്കുന്നേല്‍ (1972-75), തോമസ് മണലില്‍ (1975-77), ആന്‍റണി നിരപ്പേല്‍ (1977-82), മാത്യു കുഴിവേലില്‍ (1982-88), ജോസഫ് മരുതോലില്‍ (1988-95), തോമസ് പുറക്കരി (1995- ).

അസ്തേന്തിമാര്‍
മത്തായി പടിഞ്ഞാറേക്കര (1919-20), ജോസഫ് കുട്ടന്‍തറപ്പേല്‍ (1920-21), കുരുവിള പ്ലാത്തോട്ടം (1921-22), യാക്കോബ് മാറാമറ്റത്തില്‍ (1922), യാക്കോബ് തൈയില്‍ (1922-23), മാത്യു താഴത്തേല്‍ (1923-27), ജോസഫ് പുതിയ വീട്ടില്‍ (1927-31), ദേവസ്യാ ചെമ്പകശ്ശേരില്‍ (1931), അബ്രാഹം മൂങ്ങാമാക്കല്‍ (1931-34), കുര്യാക്കോസ് കുര്യാത്ത് (1934-35), മത്തായി മണ്ണൂരാംപറമ്പില്‍ (1940-42), എബ്രാഹം വടക്കേല്‍ (1942-47), ജേക്കബ് അയലൂപ്പറമ്പില്‍ (1958-61), സിറിയക് കൊളങ്ങോട്ടില്‍ (1961-63), ജോര്‍ജ് ഇടത്തിനകത്ത് (1963-64), തോമസ് കറുകക്കളം (1964-65), എബ്രാഹം വടാന (1965-66), സെബാസ്റ്റ്യന്‍ വിരുപ്പേല്‍ (1966), ഡോമിനിക് വെട്ടിക്കാട്ട് (1969-72), ജയിംസ് നങ്ങച്ചിവീട്ടില്‍ (1972-73), തോമസ് തെക്കേക്കര (1973-74), ആന്‍റണി പോരൂക്കര (1976-77), ജോസ് കല്ലുകളം (1977-78), ജോസ് വരിക്കമാക്കല്‍ (1978-79), ലൂക്ക് മാറാപ്പള്ളില്‍ (1979-80), ജോസഫ് വഴുതനപ്പള്ളില്‍ (1980-81), ജോര്‍ജ്ജ് മണ്ഡപം (1981-85), ജോസഫ് കുന്നത്തുപുരയിടം (1985-86), ജോണി ചെരിപുറം (1986-87), ജോസഫ് വെള്ളമറ്റം (1987-88), ലൂക്ക് കളരിക്കല്‍ (1988-89), ജസ്റ്റിന്‍ പഴേപറമ്പില്‍ (1989-90), സെബാസ്റ്റ്യന്‍ പനച്ചിക്കല്‍ (1990-91), ജോണ്‍ പൊരുന്നോലില്‍ (1991-93), റെജി മാത്യു വയലുങ്കല്‍ (1993-94), ജോസഫ് കുഴിക്കാട്ട് (1994-96), ഡോമിനിക് കാഞ്ഞിരത്തിനാല്‍ (1996-98), മാത്യു മുണ്ടയ്ക്കത്തറപ്പേല്‍ സി. എം. ഐ. (1999), മാത്യു നിരപ്പേല്‍ (1999-2000), ജേക്കബ് പാണ്ടിയാംപറമ്പില്‍ (2000- ).

കുടുംബം, ദൈവവിളി
മുപ്പത്തിയൊന്ന് കുടുംബക്കൂട്ടായ്മകളിലായി 562 കത്തോലിക്കാക്കുടുംബങ്ങളും 3086 അംഗങ്ങളും ഇടവകയിലുണ്ട്.
ദൈവവിളിയുടെ വിളനിലമാണ് താമരക്കുന്ന് ഇടവക. 31 വൈദികന്മാരും 178 സന്യാസിനികളും ഉണ്ടായിട്ടുണ്ട്. ഇതില്‍ 11 വൈദികന്മാരും ഒന്‍പതു സന്യാസിനികളും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഒന്‍പത് പേര്‍ വൈദികപരിശീലനത്തിലും മൂന്നു പേര്‍ സന്യാസിനീ പരിശീലനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു.

സ്മരണീയര്‍
ഈ ഇടവകയിലെ രണ്ടാമത്തെ വൈദികനാണ് പണ്ഡിതനും കേരള സഭയുടെ അഭിമാനപാത്രവുമായിരുന്ന കുന്നപ്പള്ളില്‍ ബ. ജോണച്ചന്‍ (1-03-1905 – 11-07-1993). ഇദ്ദേഹത്തിന്‍റെ സുകൃതജീവിതം ആലുവാ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി സമര്‍പ്പിതമായിരുന്നു. അവസാനത്തെ ഏതാനും വര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപതാ മൈനര്‍ സെമിനാരിയിലായിരുന്നു ശുശ്രൂഷ നിര്‍വഹിച്ചിരുന്നത്. മലയാള സാഹിത്യരംഗത്തു തനതായ സംഭാവന നല്‍കിയ അദ്ദേഹം ഒട്ടേറെ വിശിഷ്ട കൃതികളുടെ കര്‍ത്താവാണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമിപുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന്‍റെ കൃതികള്‍ക്കു ലഭിച്ചിട്ടുണ്ട്.
ഇടവകാംഗങ്ങളായ ഫാ. സ്തനിസ്ലാവോസ് വെട്ടിക്കാട്ട്, വിദ്വാന്‍ കെ.എന്‍ തോമസ് കുന്നപ്പള്ളില്‍, വിദ്വാന്‍ കെ. റ്റി. തോമസ് കുളവട്ടം, കെ. ജെ. മത്തായി കുന്നപ്പള്ളില്‍ എന്നിവരും സാഹിത്യ രംഗത്തു നിസ്തുല സംഭാവനകള്‍ നല്‍കിയവരാണ്.

കുരിശടികള്‍
ഈ പള്ളിയുടേതായി മൂന്നു കുരിശുപള്ളികളും ഒരു കപ്പേളയുമുണ്ട്. 1952 ല്‍ ആലുങ്കല്‍ ബ. ജോസഫച്ചന്‍റെ കാലത്തു വാളക്കയത്തെ കുരിശുപള്ളിയും 1961 ല്‍ ഓണംകുളത്ത് ബ. ജോസഫച്ചന്‍റെ കാലത്തു പടനിലം കുരിശുപള്ളിയും 1968 ല്‍ കോട്ടയരുകില്‍ ബ. സിറിയക്കച്ചന്‍റെ കാലത്തു പരുന്തന്‍മല കുരിശുപള്ളിയും സ്ഥാപിച്ചു.

വിദ്യാലയങ്ങള്‍
ആദ്യത്തെ പള്ളി പൂര്‍ത്തിയായപ്പോള്‍ത്തന്നെ പള്ളി മുറ്റത്ത് കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു. 1908 ല്‍ തേവാരില്‍ ബ. കുര്യാക്കോസച്ചന്‍റെ കാലത്തു പ്രൈമറി സ്കൂളും 1927 ല്‍ ചിറയില്‍ ബ. മത്തായിയച്ചന്‍റെ കാലത്ത് യു.പി. സ്കൂളും സ്ഥാപിതമായി. യു. പി.സ്കൂള്‍ സ്ഥാപിച്ചിട്ട് 50 ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് നിരപ്പേല്‍ ബ. ആന്‍റണിയച്ചന്‍റെ കാലത്താണ് 1979 ല്‍ ഹൈസ്കൂള്‍ തുടങ്ങുവാന്‍ സാധിച്ചത്. സാഹിത്യ നിപുണനും ഭാഷാപണ്ഡിതനും പ്രഗല്ഭ വാഗ്മിയുമായ ബ. എബ്രാഹം വടക്കേല്‍ അച്ചന്‍ ഈ യു.പി. സ്കൂളില്‍ ദീര്‍ഘകാലം സേവനം ചെയ്തിട്ടുണ്ട്.

കര്‍മലീത്താമഠവും അനുബന്ധ സ്ഥാപനങ്ങളും
1954 ജൂണ്‍ 6 നു കര്‍മലീത്താമഠം സ്ഥാപിതമായി. ഇവര്‍ നഴ്സറി സ്കൂളും തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാലയവും നടത്തിപ്പോരുന്നു. ഇവരുടെ ചുമതലയില്‍ 1982 നവംബര്‍ 3 ന് മാര്‍ അപ്രേം മെഡിക്കല്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ. സിസ്റ്റേഴ്സ് അനാഥബാലികമാര്‍ക്കുവേണ്ടി ബാലികാഭവന്‍ 1969 മേയ് 17 നു തുടങ്ങി നടത്തിവരുന്നു.

താമരക്കുന്ന്
ചിറക്കടവുപള്ളി എന്നാണ് സാമാന്യമായി ഈ പള്ളി അറിയപ്പെടുന്നതെങ്കിലും താമരക്കുന്നുപളളി എന്ന പേരാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ചിറക്കടവ് താമരക്കുന്നായത് എങ്ങനെ എന്നതിനെപ്പറ്റി ഒരു കേട്ടുകേള്‍വിയുണ്ട്. പള്ളിപണിക്കുവേണ്ടി പാറപൊട്ടിച്ചെടുത്ത കുഴികളില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. ഈ കുഴികളില്‍ ആമ്പലും താമരയും വളര്‍ന്നു പുഷ്പിച്ചു. അഭിവന്ദ്യ മത്തായി മാക്കീല്‍ മെത്രാന്‍ ദൈവാലയ വെഞ്ചരിപ്പിനു വന്നപ്പോള്‍ പുഷ്പിച്ചുനില്‍ക്കുന്ന താമര കാണുകയും താമര വളരുന്ന കുന്നായതുകൊണ്ടു പള്ളിക്കു ڇതാമരക്കുന്നുപള്ളിڈ എന്നു പേരിടുകയും ചെയ്തുവത്രേ.
1967 ല്‍ പ്ലാറ്റിനം ജൂബിലിയാഘോഷിച്ച ഇടവകയുടെ പരിധിക്കുള്ളില്‍ 308 ഹൈന്ദവകുടുംബങ്ങളും 38 മുസ്ലീം കുടുംബങ്ങളുമുണ്ട്.

സംഘടനകള്‍
ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ, സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം, ലീജിയന്‍ ഓഫ് മേരി, യുവദീപ്തി, മിഷന്‍ലീഗ് തുടങ്ങിയ സംഘടനകള്‍ കര്‍മനിരതമാണ്.
സാമൂഹിക- സാംസ്കാരിക രംഗത്തും സാഹിത്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ ഇവിടെനിന്നുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റു ഉന്നത ഉദ്യോഗം വഹിക്കുന്നവരും ഇതര രംഗങ്ങളില്‍ സ്വാധീനമുള്ളവരും ഇടവകയിലുണ്ടെന്നുള്ളത് അഭിമാനകരമാണ്. ഒ പ്പം മുതല്‍ക്കൂട്ടും. ഇത്തരം വിഭവശേഷിയെ ശരിയാംവണ്ണം പ്രയോജനപ്പെടുത്തിയാല്‍ ഒട്ടേറെ നേട്ടങ്ങള്‍ക്ക് അതു കാരണമായേക്കാം.