Puttady – 685 551
Vicar: Rev. Fr. Devasia Thoompunkal
Cell: 9746 4919 42
ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞ പ്രദേശമായതിനാ ലായിരിക്കാം ഇവിടം څപുറ്റടി چ എന്നു വിളിക്കപ്പെട്ടത്. ദൈവാലയം സ്ഥാപിതമാകുന്നതിനുമുമ്പ് ഇവിടുത്തുകാര്‍ വണ്ടന്മേട് ഇടവകക്കാരായിരുന്നു. 1950 ല്‍ കുടിയേറ്റം ആരംഭിച്ചു. കുമളി മൂന്നാര്‍ റോഡ് അണക്കരയ്ക്കും വണ്ടന്‍മേടിനും മധ്യേ പുറ്റടിയില്‍ കൂടി കടന്നുപോകുന്നു. സാമാന്യമായി വികസിച്ചുവരുന്ന ഒരു ഗ്രാമകേന്ദ്രമാണ് പുറ്റടി ടൗണ്‍. നെറ്റിത്തൊഴു കമ്പംമെട്ടു പ്രദേശങ്ങളിലേയ്ക്ക് ബന്ധപ്പെടുന്ന റോഡ് കുമളി റൂട്ടുമായി സന്ധിക്കുന്ന കവല പുറ്റടിയാണ്.
1967 ല്‍ പാറശേരില്‍ ബ. ജോസഫച്ചന് വണ്ടന്മേടു വികാരിയായിരിക്കെ പുത്തന്‍പുരയില്‍ ശ്രീ കുട്ടന്കൊച്ച് എന്ന ഹൈന്ദവസഹോദരന് കുമളി മൂന്നാര്‍ റോഡു സൈഡില്‍ ഒന്നര സെന്റു സ്ഥലം ദൈവാലയനിര്മാണത്തിനു ദാനം ചെയ്തു. പാറശേരില്‍ ബ. ജോസഫച്ചന്റെ നേതൃത്വത്തില്‍ ഈ സ്ഥലത്തു കുരിശടി സ്ഥാപിച്ചു. ചിറ്റൂര്‍ ബ. ജോയി അച്ചന്റെ കാലത്ത് ഇവിടെ ദൈവാലയം പണിയാന്‍ തീരുമാനിച്ചു. അണക്കര ഫൊറോനാ വികാരി കുഴിവേലില്‍ ബ. മാത്യു അച്ചന് 1981 ജനുവരി 2 ന് ദൈവാലയത്തിനു കല്ലിട്ടു. ഇടവകാംഗങ്ങളും അല്ലാത്തവരുമായ നിരവധി ഉദാരമതികളുടെ സഹകരണത്തോടെ പള്ളിപണി പൂര്‍ത്തിയാക്കി. മാര്‍ ജോസഫ് പവ്വത്തില്‍ ദൈവാലയം 1984 ഏപ്രില്‍ 4 നു കൂദാശ ചെയ്തു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും ഇവിടെ ദിവ്യബലിയര്പ്പിക്ക പ്പെട്ടുപോന്നു.
ഇടവക
വണ്ടന്മേടു വികാരിയായിരുന്ന ഈറ്റോലില്‍ ബ. തോമസച്ചന്റെ കാലത്ത് അതിര്‍ത്തി നിശ്ചയിച്ച് 1988 ഫെബ്രുവരി 7 നു പുറ്റടി കുരിശുപള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. 1995 ല്‍ വണ്ടന്മേടു വികാരിയായി വന്ന പഴേപറമ്പില്‍ ബ. ജസ്റ്റിനച്ചന്‍ പള്ളിമുറിയും സിമിത്തേരിയും നിര്‍മിക്കാന്‍ നേതൃത്വം നല്കി. ഇടവകയാകുന്നതിനാവശ്യമായ സംവിധാനങ്ങളെല്ലാം ഉണ്ടായതോടെ 2000 ഫെബ്രുവരി 20 ന് പുറ്റടിപ്പള്ളി ഇടവകയായി ഉയര്‍ത്തപ്പെട്ടു.
നവീനദൈവാലയം
പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശില 2000 നവംബര്‍ 22 നു മാര്‍ മാത്യു വട്ടക്കുഴി സ്ഥാപിച്ചു. ദൈവാലയനിര്‍മാണം സാവധാനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ശുശ്രൂഷ ചെയ്ത ബഹുമാനപ്പെട്ട വൈദികന്മാര്
വണ്ടന്മേട്ടില് അജപാലനശുശ്രൂഷയ്ക്കെത്തിയ വൈദികന്മാര് തന്നെയാണ് പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇടവകയുടെ ആദ്യ വികാരി പഴേപറമ്പില്‍ ബ. ജസ്റ്റിന് അച്ചനാണ്.
വൈദികമന്ദിരം
വൈദികമന്ദിരത്തിന്റെ പണി 1995 സെപ്തംബറില്‍ ആരംഭിച്ചു. മാര്‍ മാത്യു വട്ടക്കുഴി 1996 ജൂണ്‍ 13 നു ശിലാസ്ഥാപനം നടത്തി. ഉദാരമതികളുടെ സഹായത്തിന്റെയും പഴേപറമ്പില്‍ ബ. ജസ്റ്റിനച്ചന്റെ ഉത്സാഹത്തിന്റെയും ഫലമായി വൈദികമന്ദിരം 1999 ല്‍ പണിതീര്‍ത്തു. വികാരി ജനറാള്‍ ഏറ്റം ബ. മാത്യു ഏറത്തേടത്തച്ചന് മേയ് 1 നു വൈദികമന്ദിരം ആശീര്‍വദിച്ചു.
സ്ഥലവിശദാംശം
ഇപ്പോള്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന ഒന്നര സെന്റ് സ്ഥലം പുത്തന്‍പുരയില്‍ ശ്രീ കുട്ടനും പ്രസ്തുത സ്ഥലത്തിനടുത്തുള്ള അര സെന്റ് സ്ഥലം മണിയമ്പ്രയില്‍ ശ്രീ ദേവസ്യായും ദാനമായി നല്‍കിയതാണ്. ഇതിന്റെകൂടെ ഒരു സെന്റ് സ്ഥലം മുളന്താനം ശ്രീ ജേക്കബിനോടു വിലയ്ക്കു വാങ്ങി. ഈറ്റോലില്‍ ബ. തോമസ് അച്ചന്റെ കാലത്ത് പടിഞ്ഞാറേപ്പറമ്പില്‍ ശ്രീ ഔസേപ്പ് ഏകദേശം അര ഏക്കര്‍ സ്ഥലം പള്ളിക്കു ദാനം ചെയ്തു. ഈ സ്ഥലം വിറ്റുകിട്ടിയ തുകയും ഇടവകാംഗങ്ങളുടെ സംഭാവനയും ചേര്‍ത്ത് പുറ്റടി ടൗണിനോടു ചേര്‍ന്ന് 56 സെന്റ് സ്ഥലവും മൂങ്ങാത്തോട്ടത്തില് ബ. പോളച്ചന് വികാരിയായിരിക്കെ 1994 ല്‍ ഒരേക്കര്‍ 67 സെന്റ് സ്ഥലവും വിലയ്ക്കുവാങ്ങി. പിന്നീട് ഇടവകാംഗങ്ങളുടെ സഹായത്തോടെ 1997 ല്‍ ഇരുപത്തഞ്ചര സെന്റ് സ്ഥലവും 1998 ല്‍ 80 സെന്റ് സ്ഥലവും വാങ്ങി. ഇപ്പോള്‍ ഇടവകയ്ക്ക് ആകെ 3 ഏക്കര്‍ 31 സെന്റ് സ്ഥലമുണ്ട്.
സ്ഥാപനങ്ങള്‍
ഈറ്റോലില്‍ ബ. തോമസച്ചന്റെ കാലത്ത് 1994 ഓഗസ്റ്റ് 15 നു കര്‍മലീത്താമഠം സ്ഥാപിതമായി. ഇവരുടെ മേല്‍നോട്ടത്തില്‍ എല്‍.പി.സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. 1972 ല്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂള്‍ സ്ഥാപിതമായി. ഗവണ്മെന്റ് ഹോസ്പിറ്റലും പഞ്ചായത്തു വായനശാലയും ഇടവകാതിര്‍ത്തിയിലെ സ്ഥാപനങ്ങളാണ്.
സ്ഥിതിവിവരം
കുടുംബക്കൂട്ടായ്മകള്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ഇടവകയാണിത്. എട്ടു കൂട്ടായ്മകള്‍ ഇടവകയുടെ വിവിധ പദ്ധതികളുമായി സഹകരിച്ചു മുന്നേറുന്നു. 154 കുടുംബങ്ങളും 733 കത്തോലിക്കരുമുണ്ട്. ഏഴു സന്യാസിനികള്‍ സേവനമനുഷ്ഠിക്കുന്നു. ഇടവകയുടെ പരിധിയില്‍പ്പെട്ട ഇതര കുടുംബങ്ങള്‍ : ലത്തീന്‍- 2, മലങ്കര- 31, സി.എസ്.ഐ.- 22, യാക്കോബായ- 86, ഹിന്ദു-768, മുസ്ലീം- 13.
കുരിശടി
1966 ല്‍ കണ്ടത്തിങ്കര ശ്രീ ചാക്കോച്ചന് രാജാക്കവലയില് സൗജന്യമായി തന്ന ഒരു സെന്റ് സ്ഥലത്ത് കുരിശടി സ്ഥാപിച്ചിട്ടുണ്ട്.