Ponkunnam – 686 506
04828 – 221368
Vicar: Rev. Fr. Johny Cheripuram
Cell: 944 713 5145
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പ്രാരംഭഘട്ടത്തില്‍ ചിറക്കടവ്, വാഴൂര്‍, ഇളമ്പള്ളി, ഇളങ്ങുളം, പനമറ്റം, തമ്പലക്കാട് മുതലായ കരകളിലെ സുറിയാനി ക്രിസ്ത്യാനികള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് കാഞ്ഞിരപ്പള്ളിയിലായിരുന്നു. ആധ്യാത്മികകാര്യങ്ങള്‍ സാധിക്കുന്നതിനു കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തു പള്ളി സ്ഥാപിക്കുവാന്‍ വീട്ടുവേലിക്കുന്നേല്‍ ശ്രീ കുഞ്ഞേപ്പ് തോമായുടെ ഭവനത്തില്‍ ഈ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികള്‍ ഒത്തുകൂടി ആലോചന നടത്തി. മധ്യസ്ഥലമായ പൊന്‍കുന്നത്തു പള്ളി സ്ഥാപിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതിനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ ശ്രീ കുഞ്ഞേപ്പ് തോമായെ (തൊമ്മിക്കുഞ്ഞ്) ചുമതലപ്പെടുത്തി.
ദൈവാലയസ്ഥാപനം
ഇപ്പോഴത്തെ പള്ളി സ്ഥിതി ചെയ്യുന്നതിനടുത്ത് വീട്ടുവേലിക്കുന്നേല്‍ ശ്രീ തൊമ്മിക്കുഞ്ഞിന്‍റെ സ്ഥലത്ത് 1887 മേയില്‍ ചെറിയ വണക്കമാസപ്പുര കെട്ടി വണക്കമാസാചരണമാരംഭിച്ചു. കോട്ടയം മിസത്തിന്‍റെ വികാരി അപ്പോസ്തോലിക് ആയിരുന്ന ചാള്‍സ് ലവീഞ്ഞ് മെത്രാന്‍ 1889 ല്‍ സ്ഥലം സന്ദര്‍ശിക്കുകയും വീട്ടുവേലിക്കുന്നേല്‍ വീടിന്‍റെ പടിപ്പുരമാളികയില്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. ഇത് പൊന്‍കുന്നം പള്ളിയുടെ നാമത്തിലുള്ള ആദ്യത്തെ ദിവ്യബലിയായിരുന്നു.
വീട്ടുവേലിക്കുന്നേല്‍ ശ്രീ തൊമ്മിക്കുഞ്ഞ് വണക്കമാസപ്പുരയിരുന്ന സ്ഥലം 1889 ഡിസംബര്‍ 25-ാം തീയതി പള്ളിക്കു ദാനം ചെയ്തു. ഇന്നു കാണുന്ന പള്ളിയും അതിനോടനുബന്ധിച്ചുള്ള സ്ഥലവും ആണ്ടുമഠം കുടുംബത്തില്‍നിന്നും മറ്റു പലരില്‍നിന്നുമായി വിലയ്ക്കു വാങ്ങിയതാണ്.
ചങ്ങനാശേരി മിസത്തിന്‍റെ വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍ മത്തായി മാക്കില്‍ തിരുമേനിയുടെ കല്പനപ്രകാരം 1890 ജനുവരിയില്‍ കാഞ്ഞിരപ്പള്ളി വികാരി മണ്ണനാല്‍ ബ. യാക്കോബച്ചന്‍ പള്ളിയുടെ താല്ക്കാലികകെട്ടിടത്തിന്‍റെ വെഞ്ചരിപ്പു നടത്തി ദിവ്യബലിയര്‍പ്പിച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ 1894 ഓഗസ്റ്റു 29 നു പള്ളി അനുവദിച്ചുകൊണ്ടു കല്പന നല്കി.
സേവനമനുഷ്ഠിച്ച ബ. വികാരിമാര്‍
ജേക്കബ് മണ്ണനാല്‍ (1889-1897), ജോസഫ് കുളങ്ങരപ്പമ്പില്‍ (1897-1913), മാണി മുണ്ടാട്ടുചുണ്ടയില്‍ (1913-14), തോമസ് കുഴുമ്പില്‍ (1914-15), കുര്യാക്കോസ് മണ്ണനാല്‍ (1915-22), ജോസഫ് ഏണേക്കാട്ട് (1922-23), അബ്രഹാം മുണ്ടിയാനിക്കല്‍ (1923-29), തോമസ് തൊട്ടിയില്‍ (1929-35), ജേക്കബ് കണ്ടങ്കരിയില്‍ (1935-38), ജോര്‍ജ് ഏലംകുന്നത്ത് (1938-41), ജോര്‍ജ് മുളങ്ങാട്ടില്‍ (1941-47), ലൂക്ക് ചിറ്റൂര്‍ (1947-51), ജോസഫ് ഓണംകുളത്ത് (1951-54), ജോസഫ് പാണംപറമ്പില്‍ (1954-57), തോമസ് വാളിപ്ലാക്കല്‍ (1958-61), ജേക്കബ് ഏര്‍ത്തയില്‍ (1961-64), മാത്യു കളപ്പുരയ്ക്കല്‍ (1964-71), സെബാസ്റ്റ്യന്‍ മണലേല്‍ (1971-72), തോമസ് ആയത്തമറ്റത്തില്‍ (1972-76), ജോസഫ് ഒളശയില്‍ (1976-77), സ്തനിസ്ലാവൂസ് ഞള്ളിയില്‍ (1977-82), ആന്‍റണി നിരപ്പേല്‍ (1982-85), ജോസഫ് നഗരൂര്‍ (1985-88), പോള്‍ വടക്കേത്ത് (1988-94), തോമസ് പള്ളിപ്പുറത്തുശേരി (1994-96), ജോസഫ് വാഴയില്‍ (1996-2000), ജോസ് പുത്തന്‍കടുപ്പില്‍ (2000- ).
ബഹുമാനപ്പെട്ട അസ്തേന്തിമാര്‍
ജോര്‍ജ് നെടുംതകിടിയില്‍, പോള്‍ പള്ളത്തുകുഴി, ജേക്കബ് കാട്ടൂര്‍, സെബാസ്റ്റ്യന്‍ ഒരിക്കൊമ്പില്‍, ജോണ്‍ തൊമ്മിത്താഴെ (1962 – 70), സേവ്യര്‍ കണ്ടംകരി, ജോസഫ് പാലക്കുന്നേല്‍, സേവ്യര്‍ പുതുപ്പറമ്പില്‍, ജോര്‍ജ് കോച്ചേരില്‍ , മാത്യു ഉപ്പാണിയില്‍, എബ്രഹാം പാലക്കുടിയില്‍ (1975 – 76), ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ (1977), ലോറന്‍സ് ചക്കുംകളം (1978 – 79), മാത്യു വാള്‍ട്ടര്‍ മഠത്തുംമുറിയില്‍ (1980), സേവ്യര്‍ കൊച്ചുപറമ്പില്‍ (1981 – 83), അബ്രഹാം കടിയക്കുഴി (1983), തോമസ് തൂമ്പയില്‍ പുത്തന്‍പുര, ജോസ് മഠത്തിക്കുന്നേല്‍, ജോസ് കൂട്ടുങ്കല്‍, ജോസഫ് വാഴപ്പനാടി (1986 – 87), മാത്യു അറയ്ക്കപ്പറമ്പില്‍ (1987 – 88), ജയിംസ് തെക്കേമുറി (1988-89), ജോസ് മണ്ണൂക്കുളം (1989-90), സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട് (1990-91), തോമസ് വാതല്ലൂക്കുന്നേല്‍ (1991-92), ആന്‍റണി മണിയങ്ങാട്ട് (1992- 93), തോമസ് വലിയപറമ്പില്‍ (1993-96), പോള്‍ നെല്ലിപ്പള്ളി (1996 – 97), ജോസ് മംഗലത്തില്‍ (1997-98), ഇമ്മാനുവല്‍ മങ്കന്താനം (1998-99), തോമസ് മുണ്ടിയാനിക്കല്‍ (1999), കുര്യാക്കോസ് അമ്പഴത്തിനാല്‍ (2001- ).
നവീനദൈവാലയം
പ്രാരംഭഘട്ടത്തിലുണ്ടായിരുന്ന ഷെഡ് പൊളിച്ചുമാറ്റി 1932 ല്‍ തൊട്ടിയില്‍ ബ. തോമസച്ചന്‍റെ കാലത്തു പുതിയ ദൈവാലയത്തിന്‍റെ പണി നടത്തി. 1948 ല്‍ ചിറ്റൂര്‍ ബ. ലൂക്ക് അച്ചന്‍റെ കാലത്ത് ഇന്നത്തെ ദൈവാലയത്തിന്‍റെ മുഖവാരവും അള്‍ത്താരയും പുതുക്കിപ്പണിതു.
പള്ളിമുറി
ആദ്യത്തെ പള്ളിമുറി 1890 ല്‍ മണ്ണനാല്‍ ബ. ജേക്കബച്ചന്‍ പണിയിപ്പിച്ചു. ഇപ്പോഴുള്ള പള്ളിമുറി 1974 ല്‍ ആയിത്തമറ്റത്തില്‍ ബ. തോമസച്ചന്‍റെ ശ്രമഫലമാണ്.
പൊന്‍കുന്നം ഫൊറോന
പൊന്‍കുന്നംപള്ളിയുടെ കാലാനുസൃതമായ പുരോഗതിയും അഭിവൃദ്ധിയും കണക്കിലെടുത്ത് രൂപതാധികാരികള്‍ 1998 ഡിസംബര്‍ 8-ാം തീയതി ഇതിനെ ഫൊറോനാപ്പള്ളിയായി ഉയര്‍ത്തി. ഫൊറോനായുടെ ആദ്യവികാരി വാഴയില്‍ ബ. ജോസഫച്ചനാണ്. ഇപ്പോള്‍ ഫൊറോനയുടെ കീഴില്‍ പത്തു പള്ളികളാണുള്ളത്.
സ്ഥാപനങ്ങള്‍
സ്കൂള്‍ : മണ്ണനാല്‍ ബ. കുര്യാക്കോസച്ചന്‍റെ കാലത്ത് 1920 ല്‍ എല്‍.പി. സ്കൂളും ഓണംകുളത്ത് ബ. ജോസഫച്ചന്‍റെ കാലത്തു യു.പി. സ്കൂളും ആരംഭിച്ചു.
ആരാധനമഠം : ഓണംകുളത്ത് ബ. ജോസഫച്ചന്‍റെ കാലത്ത് 1953 ല്‍ ആരാധനമഠം സ്ഥാപിക്കുകയും പള്ളിവക ഒരേക്കര്‍ സ്ഥലം മഠത്തിനു നല്‍കുകയും ചെയ്തു. ആരാധനമഠം വകയായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു വരുന്നു.
ആശാനിലയം : 1986 ല്‍ നഗരൂര്‍ ബ. ജോസഫച്ചന്‍റെ കാലത്തു പള്ളിയില്‍ നിന്നു ദാനം ചെയ്ത അര ഏക്കര്‍ സ്ഥലത്തു രൂപതയുടെ ആഭിമുഖ്യത്തില്‍ ആശാനിലയം സ്ഥാപിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ വിദ്യാഭ്യാസ ത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
പാരിഷ്ഹാള്‍ : ശതാബ്ദി സ്മാരകമായി വടക്കേത്ത് ബ. പോളച്ചന്‍റെ കാലത്ത് 1991 ല്‍ പാരിഷ്ഹാള്‍ പണിയാരംഭിച്ചു. 1995 ല്‍ പൂര്‍ത്തിയാക്കി; ജനുവരി 1 ന് ഉദ്ഘാടനം ചെയ്തു.
ഷോപ്പിംഗ് കോംപ്ലക്സ് : വാഴയില്‍ ബ. ജോസഫച്ചന്‍റെ കാലത്ത് 1996 ല്‍ പി. പി. റോഡ്സൈഡില്‍ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പണി ആരംഭിച്ചു. ആ വര്‍ഷംതന്നെ ഇതിന്‍റെ പത്തു മുറികളുടെ പണി പൂര്‍ത്തീകരിച്ചു. 14 മുറികളുടെ പണി 1999 ല്‍ ആരംഭിച്ച് 2000 മാര്‍ച്ച് 31 നു പൂര്‍ത്തിയാക്കി. വിവിധ വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
സി.വൈ.എം.എ. : മുളങ്ങാട്ടില്‍ ബ. ജോര്‍ജച്ചന്‍ 1945 ല്‍ വായനശാലയ്ക്കുവേണ്ടി പണിത കെട്ടിടമാണ് ഇന്ന് സി.വൈ. എം. എ. ഉപയോഗിക്കുന്നത്. സി. വൈ. എം. എ. ഇടവകക്കാര്യങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. സി. വൈ. എം. എ. പ്രഥമ പ്രസിഡന്‍റായ എം. കെ. ജോസഫ് മഠത്തിപ്പീടിക കേരളാ അസംബ്ലി എം. എല്‍. എ. ആയിരുന്നു.
കുരിശുപള്ളികള്‍ : 1924 ല്‍ മാന്തറ കുരിശുപള്ളിയും 1980 ല്‍ കോയിപ്പള്ളി കുരിശുപള്ളിയും 1988 ല്‍ 20-ാം മൈല്‍ കുരിശുപള്ളിയും സ്ഥാപിച്ചു. 1963 ല്‍ ഏര്‍ത്തയില്‍ ബ.ജേക്കബച്ചന്‍ ടൗണ്‍ കുരിശുപള്ളി പുതുക്കുപ്പണിതു.
ചെന്നാക്കുന്നു കുരിശുപള്ളി
ചെന്നാക്കുന്നു പ്രദേശത്ത് അരീക്കുന്നേല്‍ കുടുംബം സംഭാവന ചെയ്ത അഞ്ചു സെന്‍റ് സ്ഥലത്ത് വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ 1952 ഒക്ടോബര്‍ 12 നു കുരിശുപള്ളി സ്ഥാപിതമായി. കുരിശുപള്ളിയുടെ മുന്‍ഭാഗത്ത് 1972 ഒക്ടോബറില്‍ മോണ്ടളം നിര്‍മിച്ചു. പള്ളിപ്പുറത്തുശേരില്‍ ബ. തോമസച്ചന്‍റെ കാലത്തു ദൈവാലയനിര്‍മാണത്തെപ്പറ്റി ചിന്തിക്കുകയും ചെന്നാക്കുന്നിലെ കത്തോലിക്കരുടെ സഹായത്തോടെ കുരിശുപള്ളിയോടു ചേര്‍ന്നു കിടന്ന 40 സെന്‍റു സ്ഥലം വിലയ്ക്കു വാങ്ങുകയും ചെയ്തു.
1996 ഡിസംബര്‍ 4 ന് മാര്‍ മാത്യു വട്ടക്കുഴി ദൈവാലയത്തിനു ശില സ്ഥാപിക്കുകയും വാഴയില്‍ ബ. ജോസഫച്ചന്‍റെ നേതൃത്വത്തില്‍ പണിയാരംഭിക്കുകയും ചെയ്തു. പള്ളിയോടു ചേര്‍ന്നു നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ താമസിച്ചു ശുശ്രഷിച്ച് മുണ്ടിയാനിക്കല്‍ ബ. തോമസച്ചന്‍റെ നേതൃത്വത്തില്‍ ദൈവാലയനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സ്വയംപര്യാപ്തമായ ഒരു ഇടവക സ്ഥാപിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇടവകജനങ്ങള്‍.
കുടുംബങ്ങള്‍
മുപ്പത്തിരണ്ടു കുടുംബക്കൂട്ടായ്മകളിലായി 854 കുടുംബങ്ങളും 4050 ഇടവകാംഗങ്ങളുമുണ്ട്. ഇതര കത്തോലിക്കാ കുടുംബങ്ങള്‍: ലത്തീന്‍ – 39, മലങ്കര – 2, ക്നാനായ – 2. അക്രൈസ്തവ കുടുംബങ്ങള്‍ ഹൈന്ദവര്‍ – 996, മുസ്ലീങ്ങള്‍ – 215. യാക്കോബായ, സി.എസ്. ഐ. വിഭാഗത്തില്‍പ്പെട്ട 80 ഓളം കുടുംബങ്ങളും ഇടവകാപരിധിയിലുണ്ട്.
ദൈവവിളി
ഇടവകയില്‍ നിന്നുള്ള നാലു വൈദികന്മാര്‍ നിത്യസമ്മാനത്തിനു വിളിക്കപ്പെട്ടിട്ടുണ്ട്. 12 വൈദികന്മാര്‍ സേവനത്തിലേര്‍പ്പെട്ടിരിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതാ പ്രൊട്ടോസിഞ്ചെല്ലൂസായ തൊമ്മിത്താഴെ ഏറ്റം ബ. ജോണച്ചനും തക്കല രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മുട്ടത്തുകുന്നേല്‍ ഏറ്റം ബ. തോമസച്ചനും ഇടവകാംഗങ്ങളാണ്. 19 സന്യാസിനികള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നു. മൂന്നു പേര്‍ വൈദികപഠനം നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ ഒരു സന്യാസസഹോദരനുമുണ്ട്.
സംഘടനകള്‍ : സി. വൈ. എം. എ., സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സഖ്യം, മാതൃദീപ്തി, പിതൃവേദി, മിഷന്‍ലീഗ്, മദ്യവര്‍ജനസമിതി, എന്നീ സംഘടനകള്‍ വിവിധ രീതികളില്‍ സേവനം ചെയ്തു വരുന്നു.
ചിറക്കടവു പഞ്ചായത്തിലെ ജലക്ഷാമപരിഹാരത്തിനുവേണ്ടി പണിതീര്‍ത്തിരിക്കുന്ന ഓവര്‍ഹെഡ് ടാങ്കിനുവേണ്ടിയുള്ള മൂന്നു സെന്‍റ ു സ്ഥലം 1987 ല്‍ പൊന്‍കുന്നം പള്ളിയില്‍നിന്നു പഞ്ചായത്തിനു ദാനം ചെയ്തതാണ്.
മഹാജൂബിലിസ്മാരകമായി പുതുക്കിപ്പണിത സിമിത്തേരിചാപ്പല്‍ 2001 ജനുവരി 6 ന് മാര്‍ മാത്യു വട്ടക്കുഴി വെഞ്ചരിച്ചു.